സാധാരണ വലിപ്പമുള്ള ഒരു പാഷ്മിന ഷോളിനാവശ്യമായ നൂൽ നൂൽക്കാൻ ഫഹ്മിദാ ബാനോവിന് ഒരു മാസം വേണം. ചങ്ങ്താങ്ങി ആടുകളുടെ നനുനനുത്ത കമ്പിളിരോമങ്ങൾ വേർതിരിച്ച് നൂലാക്കുന്നത്, ശ്രദ്ധയും കഠിനാദ്ധ്വാനവും ആവശ്യമുള്ള തൊഴിലാണ്. ഏറെ നേരം ജോലി ചെയ്താലും മാസത്തിൽ പ്രതീക്ഷിക്കാവുന്നത് കേവലം 1,000 രൂപയോളമാണെന്ന് 50 വയസ്സുള്ള ഈ കരകൌശലവിദഗ്ദ്ധ പറയുന്നു. “തുടർച്ചയായി ജോലി ചെയ്താൽ, ദിവസത്തിൽ 60 രൂപ ലഭിക്കും”, പണി ഇടയ്ക്കുവെച്ച് നിർത്തി അവർ പറഞ്ഞു.
ആ ഷോളുകൾക്ക് കമ്പോളത്തിൽ ലഭിക്കുന്ന പൊന്നുംവിലയുടെ – 8,000 മുതൽ 10,000 രൂപവരെ - അഗണ്യമായ ഒരു ഭാഗം മാത്രമാണ് ആ തുച്ഛമായ കൂലി. അലങ്കാരത്തുന്നൽപ്പണികളും രൂപകല്പനയും സങ്കീർണ്ണതയുമനുസരിച്ചാണ് അവയുടെ വില നിശ്ചയിക്കുന്നത്.
കൈകൊണ്ടുള്ള, പരമ്പരാഗതമായ ഈ പാഷ്മിന നൂൽ നൂൽപ്പ് സ്ത്രീകൾ ചെയ്യുന്നത്, വീട്ടുപണികൾക്കിടയ്ക്കാണ്. ഫഹ്മീദയെപ്പോലെയുള്ള സ്ത്രീകൾക്ക് കിട്ടുന്ന തുച്ഛമായ വേതനം മൂലം കരകൌശലക്കാർ ഈ പണിയിലേക്ക് ഇപ്പോൾ അധികം വരുന്നില്ല.
വിവാഹം കഴിച്ച്, കുടുംബവും വീട്ടുജോലിയുമൊക്കെയായി തിരക്കാവുന്നതിന് മുമ്പാണ് ഫിർദൌസ എന്ന മറ്റൊരു ശ്രീനഗർ സ്വദേശി ഈ പണി ചെയ്തിരുന്നത്. തന്റെ ചെറുപ്പകാലമോർത്തുകൊണ്ട് അവർ പറഞ്ഞു, “വീട്ടിലെ മുതിർന്നവർ ഈ ജോലി ചെയ്യാൻ ഞങ്ങളെ നിർബന്ധിക്കും. വെറുതെയിരുന്ന് പരദൂഷണം പറയുന്നതിനുപകരം, മനസ്സ് ഏകാഗ്രമാക്കാൻ ഇത് സഹായിക്കുമെന്നാണ് അവരുടെ അഭിപ്രായം”. പക്ഷേ ഫിർദൌസിന്റെ കൌമാരപ്രായക്കാരായ രണ്ട് പെണ്മക്കളും ഈ തൊഴിലിൽ ഏർപ്പെടുന്നില്ല. പഠനത്തിരക്കുകൾക്കും വീട്ടുജോലികൾക്കുമിടയിൽ അവർക്കതിന് സമയം കിട്ടുന്നില്ല. മാത്രമല്ല, മോശം പ്രതിഫലവും ഒരു കാരണമാണ്.
നൂൽ നൂൽപ്പ് കശ്മീരി സംസ്കാരത്തിന്റെ ഭാഗമാണെന്ന് പറയുന്ന ഫിർദൌസ്, ഈ തൊഴിലിനെ, പ്രദേശത്ത് കിട്ടുന്ന മറ്റൊരു വിശേഷപ്പെട്ട ഉത്പന്നവുമായി – താമരത്തണ്ടുകളുമായി – താരതമ്യം ചെയ്യുന്നു. “താമരത്തണ്ടുപോലെ മൃദുലമായ നൂൽ നൂൽക്കാൻ പണ്ടൊക്കെ ഇവിടുത്തെ സ്ത്രീകൾ പരസ്പരം മത്സരിച്ചിരുന്നു”.










