ആ വോട്ടിംഗ് ദിവസം – 1951-52-ൽ ഇന്ത്യയിലെ ആദ്യത്തെ തിരഞ്ഞെടുപ്പ് ദിവസം – താൻ ധരിച്ച കട്ടിയുള്ള വെളുത്ത കുർത്തപോലും ഖ്വാജ മൊയിനുദ്ദീന് ഇപ്പോഴും ഓർമ്മയുണ്ട്. 20 വയസ്സായിരുന്നു അന്ന് പ്രായം. തന്റെ ചെറിയ പട്ടണത്തിലൂടെ, പോളിംഗ് സ്റ്റേഷനിലേക്ക്, ആവേശത്തോടെയാണ് അയാൾ പോയിരുന്നത്. പുതുതായി സ്വാതന്ത്ര്യം കിട്ടിയ ജനാധിപത്യ രാജ്യത്തിന്റെ ആഘോഷാന്തരീക്ഷം ശ്വസിച്ചുകൊണ്ടുള്ള യാത്ര.
72 വർഷങ്ങൾക്കുശേഷം ഇന്ന് മൊയിനുദ്ദീൻ തന്റെ ജീവിതത്തിന്റെ പത്താമത്തെ ദശകത്തിലാണ്. 2024 മേയ് 13-ന് ഒരിക്കൽക്കൂടി, വെളുത്ത കുർത്തയണിഞ്ഞ്, പ്രഭാതത്തിൽ അദ്ദേഹം പുറത്തിറങ്ങി. എന്നാലിപ്പോൾ ഊന്നുവടിയുടെ സഹായത്തോടെയാണെന്ന് മാത്രം. നടത്തത്തിലെ കുതിപ്പ് അവസാനിച്ചിരുന്നു. അന്നത്തെ ആ വോട്ടിംഗ് ദിവസത്തിന്റെ ആഘോഷലഹരിയും.
“അന്ന് വോട്ട് ചെയ്തത്, രാഷ്ട്രത്തെ നിർമ്മിക്കാനായിരുന്നു. ഇന്ന്, അതിനെ രക്ഷിക്കാനും”, മഹാരാഷ്ട്രയിലെ ബീഡ് പട്ടണത്തിലെ വീട്ടിലിരുന്ന് പാരിയോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
ബീഡ് ജില്ലയിലെ ശിരൂർ കാസർ തെഹ്സിലിൽ 1932-ൽ ജനിച്ച മൊയീൻ തെഹ്സിൽ ഓഫീസിൽ കാവൽക്കാരനായിട്ടാണ് ജോലി ചെയ്തിരുന്നത്. എന്നാൽ 1948-ൽ 40 കിലോമീറ്റർ അകലെയുള്ള ബീഡിലേക്ക് ഓടിപ്പോകാൻ അദ്ദേഹം നിർബന്ധിതനായി. അന്നത്ത നാട്ടുരാജ്യമായ ഹൈദരബാദ് ഇന്ത്യൻ യൂണിയനിൽ ചേർന്നപ്പോഴുണ്ടായ അക്രമപരമ്പരകളിൽനിന്ന് രക്ഷപ്പെടാനായിരുന്നു അത്.
1947-ലെ രക്തരൂഷിതമായ വിഭജനത്തിനുശേഷം, മൂന്ന് നാട്ടുരാജ്യങ്ങൾ - ഹൈദരബാദ്, കശ്മീർ, തിരുവിതാംകൂർ - ഇന്ത്യൻ യൂണിയനിൽ ചേരാൻ വിസമ്മതിച്ചു. ഇന്ത്യയുടേയും പാകിസ്ഥാനിന്റേയും ഭാഗമല്ലാത്ത ഒരു സ്വതന്ത്ര രാജ്യമായി നിലനിർത്താനായിരുന്നു ഹൈദരബാദിലെ നിസാം ശ്രമിച്ചത്. മറാത്ത്‌വാഡയിലെ ആ കാർഷികമേഖല – ബീഡ് ഉൾപ്പെടുന്ന സ്ഥലം – ഹൈദരബാദ് എന്ന നാട്ടുരാജ്യത്തിന്റെ ഭാഗമായിരുന്നു അന്ന്.
1948 സെപ്റ്റംബറിൽ ഇന്ത്യൻ സേന ഹൈദരബാദിൽ പ്രവേശിക്കുകയും നാല് ദിവസത്തിനുള്ളിൽ കീഴടങ്ങാൻ നൈസാമിന് അന്ത്യശാസനം നൽകുകയും ചെയ്തു. എന്നാൽ, സൈന്യത്തിന്റെ കടന്നുകയറ്റക്കാലത്തും തൊട്ടുപിന്നാലെയുമായി, 27,000-ത്തിനും 40,000-ത്തിനുമിടയിൽ മുസ്ലിമുകൾക്ക് ജീവൻ നഷ്ടപ്പെട്ടതായി സുന്ദർലാൽ കമ്മിറ്റിയുടെ രഹസ്യ റിപ്പോർട്ട് - ദശകങ്ങൾക്കുശേഷമാണ് ആ റിപ്പോർട്ട് പരസ്യമാക്കിയത് – സൂചിപ്പിക്കുന്നുണ്ട്.









