വലിയ ബഡ്ജറ്റൊന്നും സ്വന്തമായി ഇല്ലാത്തതുകൊണ്ട്, നാരായൺ കുണ്ടലിക് ഹജാരെക്ക് ആ വാക്ക് കേട്ടാൽ മനസ്സിലാകും.
“എന്റെ കൈയ്യിൽ അത്തരമൊരു ബഡ്ജറ്റില്ല,” വെറും നാലേ നാല് വാക്കുകളിൽ, നാരായൺ, 12 ലക്ഷം രൂപയുടെ നികുതിയിളവിനെക്കുറിച്ചുള്ള ഊതിവീർപ്പിച്ച ബഹളങ്ങൾ പൊട്ടിച്ചുകളഞ്ഞു.
കേന്ദ്ര ബഡ്ജറ്റിനെക്കുറിച്ചുള്ള ചോദിച്ചപ്പോൾ, കർഷകനും, പഴക്കച്ചവടക്കാരനുമായ ഈ 65 വയസ്സുകാരൻ കാര്യമായി ചിന്തിച്ച്, ഒടുവിൽ സംശയലേശമെന്യേ മറുപടി പറഞ്ഞു: “ഞാൻ ഒന്നും കേട്ടിട്ടില്ല. ഇക്കാലംവരെ.”
നാരായൺ കാക്ക (കാക്ക എന്നത് പ്രായമായവരെ അഭിസംബോധന ചെയ്യാൻ ഉപയോഗിക്കുന്ന വാക്കാണ്) അത് കേൾക്കാൻ സാധ്യതയുമില്ല. “എനിക്ക് മൊബൈൽ ഫോണില്ല. വീട്ടിൽ ടി.വി.യുമില്ല.” കുറച്ച് ദിവസങ്ങൾക്ക് മുമ്പ്, ഒരു സുഹൃത്ത് നാരായൺ കാക്കയ്ക്ക് ഒരു റേഡിയോ സമ്മാനിച്ചു. എന്നാൽ പൊതു പ്രക്ഷേപണ സേവനവിഭാഗം, വർഷം തോറും നടക്കുന്ന ഈ ചടങ്ങിനെക്കുറിച്ച് അദ്ദേഹത്തെ ഇതുവരെ ഒന്നും അറിയിച്ചിട്ടില്ല. “പഠിപ്പൊന്നുമില്ലാത്ത ഞങ്ങളെപ്പോലുള്ളവർക്ക് എന്തെങ്കിലും പിടിപാടുകളുണ്ടോ?” അദ്ദേഹം ചോദിക്കുന്നു. ‘കിസാൻ ക്രെഡിറ്റ് കാർഡ്’, ‘വർദ്ധിച്ച വായ്പാ പരിധി’ തുടങ്ങിയ വാക്കുകളൊക്കെ അദ്ദേഹത്തിന് അപരിചിതമാണ്.
![](/media/images/2-1738822924148-MK-I_just_dont_have_that_k.max-1400x1120.jpg)
മഹാരാഷ്ട്രയിലെ തുൽജാപുരിലെ കർഷകനും പഴക്കച്ചവടക്കാരനുമായ നാരായൺ ഹജാരെ ബഡ്ജറ്റിനെക്കുറിച്ച് ഒന്നും ഇതുവരെ കേട്ടിട്ടില്ല. ‘ഇത്രകാലം വരെ,’ ആ 65 വയസ്സുകാരൻ പറയുന്നു
മരംകൊണ്ടുള്ള ഉന്തുവണ്ടിയിൽ, എല്ലാത്തരം പഴവർഗ്ഗങ്ങളും നാരായൺ കാക്ക വിൽക്കുന്നുണ്ട്. “ഇത് ഈ സീസണിലെ അവസാനത്തെ പേരയ്ക്കകളാണ്. അടുത്ത ആഴ്ച മുതൽ നിങ്ങൾക്ക് മുന്തിരിയും മാങ്ങകളും കിട്ടും.” ധാരാശിവ് (പണ്ടത്തെ പേര് ഒസ്മാനബാദ്) ജില്ലയിലെ തുൽജാപുർ പട്ടണത്തിലെ ധാകത തുൽജാപുരിലാണ് (ധാകത് എന്നതിന് ചെറിയ സഹോദരൻ എന്നാണ് അർത്ഥം) കാകയുടെ വീട്. കഴിഞ്ഞ മൂന്ന് പതിറ്റാണ്ടായി പഴങ്ങൾ വിൽക്കുകയാണ് അദ്ദേഹം. നല്ല ദിവസമാണെങ്കിൽ, 8-10 മണിക്കൂർ റോഡിൽ സമയം ചിലവഴിച്ചാൽ, വണ്ടിയിലുള്ള 25-30 കിലോഗ്രാം പഴങ്ങൾ വിറ്റ് 300-400 രൂപ ഉണ്ടാക്കാൻ കഴിയും അദ്ദേഹത്തിന്.
എന്നാൽ ബഡ്ജറ്റിനെക്കുറിച്ച് ഒന്നോ രണ്ടോ കാര്യങ്ങൾ അദ്ദേഹത്തിന് അറിയുകയും ചെയ്യാം. “പൈസയെക്കുറിച്ച് വേവലാതിപ്പെടണ്ട. നിങ്ങൾക്ക് ആവശ്യമുള്ളത് വാങ്ങാം. പൈസ പിന്നെ തന്നാൽ മതി,” എന്നോട് പറഞ്ഞ്, അദ്ദേഹം വണ്ടിയുമുന്തി നീങ്ങാൻ തുടങ്ങി.
പരിഭാഷ: രാജീവ് ചേലനാട്ട്