അനോപ്‌റാം ഒരിക്കലും ഒരു സംഗീതോപകരണം വായിച്ചിട്ടില്ല. എങ്കിലും ഏത് മരമാണ് നല്ല ശ്രുതി നൽകുക എന്ന് അയാൾക്കറിയാം. “ഒരു കഷണം മരം തരൂ, ഞാൻ പറയാം, അതിൽനിന്ന് നല്ലൊരു സംഗീതോപകരണം ഉണ്ടാക്കാൻ പറ്റുമോ എന്ന്” ഖർതാൽ നിർമ്മാതാക്കളുടെ എട്ടാമത്തെ തലമുറയിൽപ്പെട്ട അദ്ദേഹം പറയുന്നു.
രാജസ്ഥാനിലെ നാടോടിഗാനങ്ങൾക്കും, ഭക്തിഗാനങ്ങൾക്കും വായിക്കുന്ന ഖർതാൽ എന്ന താളവാദ്യത്തിന് നാല് ഭാഗങ്ങളുണ്ട്. ഓരോ കൈയ്യിലും രണ്ട് ഭാഗങ്ങളുണ്ടാവും. ഒന്ന് തള്ളവിരലുകൊണ്ടും മറ്റേത് ബാക്കിയുള്ള നാല് വിരലുകൾകൊണ്ടും. ഒരുമിച്ച് അവ കൊട്ടുമ്പോൾ ഒരു കിലുങ്ങുന്ന ശബ്ദമുണ്ടാവും രണ്ട് സ്വരം മാത്രമേ ഈ ഉപകരണത്തിൽ ഉപയോഗിക്കുന്നുള്ളു. ‘ത’ എന്നും ‘ക’ എന്നും. “കലാകാരന്മാർ ഖർതാൽ ഉണ്ടാക്കിക്കുകയാണ് ചെയ്യുന്നത്” എന്ന് 57 വയസ്സുള്ള അദ്ദേഹം പറയുന്നു.
മഞ്ജീര, കരതാള എന്നിവയിൽനിന്ന് വ്യത്യസ്തമായി രാജസ്ഥാനിലെ ഖർതാലിൽ മണികൾ കെട്ടിവെക്കാറില്ല.
ഒരു മരപ്പണിക്കാരന് വെറും രണ്ട് മണിക്കൂറിനുള്ളിൽ നാല് ഭാഗങ്ങളുള്ള ഒരു സെറ്റ് ഉണ്ടാക്കാനാവും. “മുമ്പ്, ഞാൻ ദിവസം മുഴുവൻ (എട്ട് മണിക്കൂർ) എടുത്തിരുന്നു,” ആദ്യകാലത്തെക്കുറിച്ച് ഓർമ്മിച്ചുകൊണ്ട് അദ്ദേഹം പറയുന്നു. അനോപ്റാമിന്റെ സുതർ കുടുംബം രണ്ട് നൂറ്റാണ്ടായി ഇതുണ്ടാക്കിവരുന്നു. “കുട്ടിക്കാലം തൊട്ട് ഇതായിരുന്നു ഞങ്ങളുടെ ജോലി’.
അദ്ദേഹത്തിന്റെ അച്ഛൻ, മരിച്ചുപോയ ഉസ്‌ലാറാം ക്ഷമയും സ്നേഹവുമുള്ള ഗുരുവായിരുന്നു എന്ന് അനോപ്റാം സൂചിപ്പിച്ചു. “ഞാൻ ധാരാളം തെറ്റ് വരുത്താറുണ്ടായിരുന്നു. എന്നാലും അദ്ദേഹം ഒരിക്കലും ഒച്ചവെക്കുകയോ ചീത്ത പറയുകയോ ചെയ്തിരുന്നില്ല.” സുതർ സമുദായത്തിൽ ആണുങ്ങൾ മാത്രമാണ് ഖർതാൽ ഉണ്ടാക്കുന്നത്.














