"എങ്ങനെയാണ് ഞാൻ എന്റെ ഭയം വിവരിക്കുക? പേടിച്ചിട്ട് ഹൃദയം പടാപടാന്ന് മിടിക്കും. എപ്പോഴാണ് രക്ഷപ്പെട്ട് തുറസ്സായ സ്ഥലത്തെത്തുക എന്ന ആലോചനമാത്രമാണ് മനസ്സിലുണ്ടാകുക,", സുന്ദർബൻസിലെ ഇടതിങ്ങിയ കണ്ടൽക്കാടുകൾക്കിടയിൽ ഞണ്ടുകളെ പിടിക്കാൻ പോകുന്ന ദിവസങ്ങളിൽ അനുഭവപ്പെടുന്ന കടുത്ത ഭയത്തെക്കുറിച്ച് മീൻപിടുത്തക്കാരിയും ഞണ്ടുവേട്ടക്കാരിയുമായ 41 വയസ്സുകാരി പാറുൾ ഹൽദാർ പറയുന്നു. ഞണ്ടിനെ പിടിക്കുന്ന സീസണിൽ, കണ്ടൽക്കാടുകൾ പറ്റി ഒഴുകുന്ന ചെറുനദികളിലൂടെയും അരുവികളിലൂടെയും തലങ്ങും വിലങ്ങും തോണി തുഴയുമ്പോഴും, പതിയിരിക്കുന്ന കടുവകൾ ഏതുസമയവും അക്രമിച്ചേക്കാം എന്ന ഭയത്തിൽ സദാ ജാഗരൂകയായാണ് അവർ നീങ്ങുന്നത്.
തടി കൊണ്ടുണ്ടാക്കിയ വഞ്ചി ഗോറുൽനദിയിലൂടെ തുഴയുന്നതിനിടെ, ലക്സ്ബഗാൻ ഗ്രാമത്തിലെ താമസക്കാരിയായ പാറുൾ ദൂരെ കമ്പിവേലികൾക്കപ്പുറമുള്ള മോറിജാപ്പി വനത്തിലേക്ക് പാളിനോക്കുന്നു. 24 തെക്കൻ പർഗനാസ് ജില്ലയിലെ ഗോസാബാ ബ്ളോക്കിലുള്ള, പാറുളിന്റെ ഗ്രാമത്തിന് സമീപത്തെ ഈ കാട്ടിൽവെച്ചാണ് ഏഴുവർഷം മുൻപ് അവരുടെ ഭർത്താവ്, ഇഷർ റോനോജിത്ത് ഹൽദാർ കടുവയുടെ ആക്രമണത്തിൽ കൊല്ലപ്പെട്ടത്.
പാറുൾ വഞ്ചിയുടെ വശങ്ങളിലേയ്ക്ക് തുഴകൾ ചാരിവെക്കുന്നു. ചുട്ടുപൊള്ളുന്ന ആ വേനൽദിനത്തിൽ, പാറുളിനൊപ്പം വഞ്ചിയിൽ കൂട്ടായുള്ളത് അമ്മ 56 വയസ്സുകാരിയായ ലോഖി മോണ്ഡലാണ്. മകളെപ്പോലെ ലോഖിയും മീൻപിടുത്തക്കാരിയാണ്.
പാറുളിന് വെറും 13 വയസ്സുള്ളപ്പോഴാണ് അവർ ഇഷറിനെ വിവാഹം കഴിച്ചത്. ഇഷറിന്റെ കുടുംബം ദരിദ്രപശ്ചാത്തലത്തിൽനിന്നുള്ളവരായിരുന്നെങ്കിലും അവരൊരിക്കലും മീൻ പിടിക്കാനോ ഞണ്ടുകളെ വേട്ടയാടാനോ കാട്ടിലേക്ക് പോയിട്ടുണ്ടായിരുന്നില്ല. "ഞാനാണ് അദ്ദേഹത്തെ പറഞ്ഞ് സമ്മതിപ്പിച്ച് കാട്ടിലേക്ക് കൊണ്ടുവന്നത്," അവർ ഓർക്കുന്നു. "പതിനേഴ് കൊല്ലത്തിനുശേഷം ആ കാട്ടിൽവെച്ചുതന്നെ അദ്ദേഹം കൊല്ലപ്പെട്ടു."
ഭർത്താവിന്റെ ഓർമ്മയിൽ പാറുൾ മൗനത്തിലാഴുന്നു. 45-ആം വയസ്സിലാണ് ഇഷർ മരിക്കുന്നത്. അതോടെ, നാല് പെണ്മക്കളെ വളർത്തേണ്ട ചുമതല പാറുളിനായി.
ഭാരമേറിയ തുഴകൾ വീണ്ടും ആഞ്ഞുവലിക്കവേ പാറുളും ലോഖിയും വിയർപ്പിൽ മുങ്ങി. നിലവിൽ മത്സ്യബന്ധനം നിരോധിച്ചിട്ടുള്ള കണ്ടൽക്കാടുകൾക്ക് സമീപത്തുനിന്ന് സുരക്ഷിതമായ അകലത്തിലേയ്ക്ക് വഞ്ചി തുഴഞ്ഞുമാറ്റുകയാണ് ഇരുവരും. ഏപ്രിൽമുതൽ ജൂൺവരെയുള്ള മൂന്ന് മാസങ്ങളിൽ, മീനുകളുടെ പ്രജനനം തടസ്സം കൂടാതെ നടക്കാൻ കണ്ടൽക്കാടുകളിൽ മത്സ്യബന്ധനം നിരോധിക്കും. ആ കാലയളവിൽ, തന്റെ കുളത്തിൽനിന്ന് പിടിക്കുന്ന മത്സ്യം വിറ്റാണ് പാറുൾ ഉപജീവനം കണ്ടെത്തുന്നത്.












