2022-ൽ വാങ്ങിയ ഒരു
ചുവന്ന ട്രാക്ടറാണ് ഗണേഷ് ഷിൻഡെയുടെ വിലപ്പെട്ട സ്വത്ത്. മഹാരാഷ്ട്രയിലെ പർഭാനി ജില്ലയിലെ
ഖാലി ഗ്രാമത്തിലുള്ള ഈ പരുത്തി കർഷകൻ, സ്വന്തമായുള്ള രണ്ടേക്കർ ഭൂമിയിലാണ് കൃഷി ചെയ്യുന്നത്.
എന്നാൽ, സമീപകാലത്ത്, പരുത്തിയുടെ വില കുത്തനെ ഇടിഞ്ഞതുമൂലം, മറ്റ് മാർഗ്ഗങ്ങൾ തേടാൻ
നിർബന്ധിതനായിരിക്കുകയാണ് അയാൾ. അങ്ങിനെയാണ് ഒരു പൊതുമേഖലാ ബാങ്കിൽനിന്ന് 8 ലക്ഷം രൂപ
വായ്പയെടുത്ത് ട്രാക്ടർ വാങ്ങിയത്.
“ഞാൻ ട്രാക്ടറോടിച്ച് വീട്ടിൽനിന്ന് 10 കിലോമീറ്റർ അകലെയുള്ള ഗംഗാഖേദ് പട്ടണത്തിലെ കവലയിൽ കാത്തുനിൽക്കും,” 44 വയസ്സുള്ള ആ കർഷകൻ പറയുന്നു. “ആളുകൾ അത് അടുത്തുള്ള ഏതെങ്കിലും നിർമ്മാണസൈറ്റിലേക്കോ, മണ്ണും മറ്റും കൊണ്ടുവരാനോ വാടകയ്ക്കെടുക്കും. ദിവസത്തിൽ 500-800 രൂപ ആ വഴിയ്ക്ക് എനിക്ക് കിട്ടും.” രാവിലെ ഗംഗാഘേദിലേക്ക് പോകുന്നതിനുമുൻപ്, ചുരുങ്ങിയത് രണ്ട് മണിക്കൂർ അയാൾ സ്വന്തം പാടത്ത് കൃഷിയും നോക്കാറുണ്ട്.
2025-ലെ ബഡ്ജറ്റ് അയാൾ മനസ്സിലാക്കിയിരുന്നു. അതിൽനിന്ന് എന്തെങ്കിലും വലിയ പ്രതീക്ഷിച്ചിട്ടൊന്നുമല്ല, മറിച്ച്, ആളുകൾ ട്രാക്ടർ വാടകയ്ക്കെടുക്കാൻ വരുന്നതുവരെ എന്തെങ്കിലും ചെയ്യണമല്ലോ എന്ന് കരുതി അത് മനസ്സിലാക്കാൻ മിനക്കെട്ടതാണ്. “എം.എൻ.ആർ.ഇ.ജി.എ-യിലേക്കുള്ള നീക്കിയിരിപ്പിൽ (മഹാത്മാ ഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി) ഒരു മാറ്റവുമുണ്ടായിട്ടില്ല,” അയാൾ പറയുന്നു. എം.എൻ.ആർ.ഇ.ജി.എ.യെക്കൊണ്ട് പ്രത്യക്ഷത്തിൽ ഒരു വ്യത്യാസവുമുണ്ടാക്കാനായിട്ടില്ലെന്ന്, ഖാലിയിലെ മുൻ സർപാഞ്ചായ ഷിൻഡെ പറയുന്നു. “തൊഴിൽ ഉത്പാദിപ്പിക്കാൻ ആ പണം ഉപയോഗിക്കുന്നില്ല. എല്ലാം കടലാസ്സിൽ മാത്രമേയുള്ളു.”
![](/media/images/02-IMG20250203141745-PMN-How_do_you_expect.max-1400x1120.jpg)
തന്റെ ട്രാക്ടർ വാടകയ്ക്കെടുക്കാൻ വരുന്നവരെ കാത്ത്, ഷിൻഡെ ഗംഗാഖേദിൽ ഇരിക്കുന്നു
പരുത്തിയുടെ വില കുത്തനെ ഇടിയുന്നത്, ഷിൻഡെയെപ്പോലെയുള്ള കർഷകരുടെ ജീവിതത്തെ ബുദ്ധിമുട്ടിക്കുന്നുണ്ട്. 2022-ൽ ഒരു ക്വിന്റൽ പരുത്തിക്ക് 12,000 രൂപ കിട്ടിയിരുന്നത്, 2024-ൽ മഹാരാഷ്ട്രയിലെ ചില സ്ഥലങ്ങളിൽ 4,000 രൂപവരെയായി ഇടിഞ്ഞു.
പുതിയ ബഡ്ജറ്റിൽ, ധനകാര്യ മന്ത്രി നിർമ്മല സീതാരാമൻ അഞ്ചുവർഷം നീളുന്ന ഒരു ‘പരുത്തി ഉത്പാദനക്ഷമതാ ദൌതും നിർദ്ദേശിച്ചിട്ടുണ്ട്. അതിനായി, ടെക്സ്റ്റൈൽ മന്ത്രാലയത്തിന് 5,272 കോടി രൂപയും വകയിരുത്താൻ ഉദ്ദേശിക്കുന്നുണ്ടത്രെ. “കർഷകരുടെ വരുമാനം വർദ്ധിപ്പിക്കാനും, ഗുണമേന്മയുള്ള പരുത്തിയുടെ സ്ഥിരമായ വിതരണം ഉറപ്പുവരുത്താനും” ഇത് സഹായിക്കുമെന്നാണ് അവർ അവകാശപ്പെട്ടത്.
“പാവപ്പെട്ടവരെ സഹായിക്കാനുള്ള ബഡ്ജറ്റ് എന്നൊക്കെയാണ് അവകാശവാദമെങ്കിലും, ഇത് പണക്കാരെ മാത്രമേ സഹായിക്കൂ,” നിർദ്ദേശിക്കപ്പെട്ട ദൌത്യത്തെക്കുറിച്ച് ശുഭപ്രതീക്ഷ വെച്ചുപുലർത്താത്ത ഷിൻഡെ പറയുന്നു. “ഇന്ധനത്തിന് വില കൂടുകയാണ്. ഞങ്ങളുടെ വരുമാനമാകട്ടെ, പഴയതുപോലെ നിൽക്കുകയോ ചിലപ്പോൾ കുറയുകയോ ആണ് ചെയ്യുന്നത്. ഞങ്ങൾ കൃഷിക്കാർ എങ്ങിനെ ജീവിക്കുമെന്നാണ് നിങ്ങൾ പ്രതീക്ഷിക്കുന്നത്?”
പരിഭാഷ: രാജീവ് ചേലനാട്ട്