സിദ്ധു ഗാവ്‌ഡെ സ്കൂളിൽ പോകാൻ തീരുമാനിച്ച സമയത്താണ് രക്ഷിതാക്കൾ അദ്ദേഹത്തെ 50 ചെമ്മരിയാടുകളെ മേയ്ക്കുന്ന ജോലി ഏൽപ്പിച്ചത്. മറ്റ് കുടുംബാംഗങ്ങളെയും സുഹൃത്തുക്കളെയുംപോലെ ഗാവ്ഡെയും വളരെ ചെറുപ്പത്തിൽത്തന്നെ കുടുംബത്തിന്റെ പരമ്പരാഗതതൊഴിലായ കാലി മേയ്ക്കലിലേയ്ക്ക് തിരിയണമെന്നായിരുന്നു അവരുടെ തീരുമാനം; ഗാവ്‌ഡെ പിന്നീട് ഒരിക്കലും സ്കൂളിൽ പോയില്ല.
മഹാരാഷ്ട്രയിൽ നാടോടിഗോത്രമായി പരിഗണിക്കപ്പെടുന്ന, ആടുകളെയും ചെമ്മരിയാടുകളെയും പരിപാലിക്കുന്ന ജോലിചെയ്യുന്ന ദംഗർ സമുദായത്തിലെ അംഗമാണ് ഗാവ്ഡെ. വർഷത്തിൽ ആറ് മാസമോ അതിലധികമോ സമയം, ഇക്കൂട്ടർ വീട്ടിൽനിന്ന് നൂറുകണക്കിന് കിലോമീറ്റർ അകലെ കാലികളെയുംകൊണ്ട് സഞ്ചരിക്കും.
ഒരിക്കൽ, ഗാവ്‌ഡെ വടക്കൻ കർണാടകയിലെ കാരഡ്ഗാ ഗ്രാമത്തിലുള്ള തന്റെ വീട്ടിൽനിന്ന് ഏകദേശം നൂറ് കിലോമീറ്റർ അകലെയുള്ള ഒരു പ്രദേശത്ത് ചെമ്മരിയാടുകളെ മേയ്ക്കുന്നതിനിടെയാണ് മറ്റൊരു ഇടയൻ നൂൽകൊണ്ട് വട്ടത്തിൽ വളയങ്ങളുണ്ടാക്കുന്നത് അദ്ദേഹത്തിന്റെ ശ്രദ്ധയിൽ പെട്ടത്. "എനിക്ക് അത് കണ്ടപ്പോൾ കൗതുകം തോന്നി." അന്ന് ആ മുതിർന്ന ദംഗർ (ഇടയൻ) പരുത്തിനൂലുകൾ മനോഹരമായി നെയ്ത് ഒരു ജാളി (വൃത്താകൃതിയിലുള്ള സഞ്ചി) ഉണ്ടാക്കിയതും നിർമ്മാണം പൂർത്തിയാകുന്നതനുസരിച്ച് അതിന്റെ നിറം പതിയെ വെള്ളയിൽനിന്ന് തവിട്ടുനിറമായതുമെല്ലാം ഗാവ്‌ഡെ ഓർത്തെടുക്കുന്നു.
യാദൃശ്ചികമായി നടന്ന ആ കൂടിക്കാഴ്ച ആ ആൺകുട്ടിയെ പുതിയൊരു കരകൗശല വിദ്യ അഭ്യസിക്കാൻ പ്രേരിപ്പിച്ചു. 74 വർഷങ്ങൾക്കിപ്പുറവും അദ്ദേഹം അത് ചെയ്തുപോരുന്നു.
പരുത്തിനൂലുകൾ കൈകൊണ്ട് തുല്യാനുപാതത്തിൽ നെയ്തുണ്ടാക്കുന്ന, തോളിന് ചുറ്റും കെട്ടിയിടുന്ന ഒരു തൂക്കുസഞ്ചിയാണ് ജാളി. "ഒട്ടുമിക്ക ദംഗറുകളും അവരുടെ ദീർഘയാത്രകളിൽ (കന്നുകാലികളെയും കൊണ്ടുള്ള) ഈ ജാളി കൊണ്ടുപോകും," സിദ്ധു പറയുന്നു. "ഒരു ജാളിയിൽ കുറഞ്ഞത് 10 ബാക്രികളും (റൊട്ടി) ഒരു ജോഡി വസ്ത്രവും കൊണ്ടുപോകാനാകും. പല ദംഗറുകളും വെറ്റിലയും അടയ്ക്കയും ചുണ്ണാമ്പുമെല്ലാം സഞ്ചിയിൽ സൂക്ഷിക്കാറുണ്ട്."
സ്‌കെയിലോ നീളം അളക്കാനുള്ള മറ്റു ഉപകരണങ്ങളോ ഒന്നും ഉപയോഗിക്കാതെയാണ് ഇടയന്മാർ നിശ്ചിത അനുപാതത്തിലുള്ള ജാളി നിർമ്മിക്കുന്നത് എന്നതിൽനിന്നുതന്നെ ഈ പ്രവൃത്തിയ്ക്ക് ആവശ്യമായ വൈദഗ്ധ്യം അനുമാനിക്കാവുന്നതാണ്. "കൈപ്പത്തിയും നാല് വിരലുകളും ചേർന്നുള്ള നീളമാണ് സഞ്ചിയ്ക്കുണ്ടാകേണ്ടത്," സിദ്ധു പറയുന്നു. അദ്ദേഹം ഉണ്ടാക്കുന്ന ഓരോ ജാളിയും കുറഞ്ഞത് 10 വർഷം ഈടുനിൽക്കും. "സഞ്ചി മഴയത്ത് നനയാൻ പാടില്ല. എലികൾ സഞ്ചി കരളാതിരിക്കാനും പ്രത്യേകം ശ്രദ്ധിക്കണം."


















