“അമ്മയുടെ പാട്ടിൽനിന്ന് രണ്ടോ മൂന്നോ വാക്കുകളാണ് ഞാൻ ഓർക്കുന്നത്”, ഹൌസാബായ് ഡിഗ് പറയുന്നു. വർഷം 1995. ഹേമ രൈർകറിനോടും ഗയ് പൊയ്ടെവിനോടും സംസാരിക്കുകയായിരുന്നു അവർ. 1980-കളുടെ അവസാനം ഗ്രൈൻഡ്മിൽ സോംഗ്സ് പ്രൊജക്ടിന് ആരംഭം കുറിച്ച പുണെയിലെ സാമൂഹികശാസ്ത്രജ്ഞരും സാമൂഹികപ്രവർത്തകരുമായ അവർ ഈ പാട്ടുകൾ പാടുന്ന സ്ത്രീ കലാകാരികളുമായി സംസാരിക്കാൻ തങ്ങളുടെ സംഘത്തോടൊപ്പം എത്തിയതായിരുന്നു മുത്ഷി താലൂക്കിലെ ഭാംബാർദെ ഗ്രാമത്തിൽ.
“പാടത്തെ അദ്ധ്വാനം കഴിഞ്ഞ് തിരിച്ചുവരുമ്പോൾ, ധാന്യമൊന്നുമില്ലെന്ന് കണ്ടാൽ, ഞാൻ അരകല്ലിന്റെയടുത്തുവന്ന് ഇരിക്കും. അവിടെയിരുന്ന് ധാന്യം പൊടിച്ചുകൊണ്ട് പാട്ടുപാടും. ഞാൻ മരിക്കുമ്പോഴേ ഈ പാട്ടുകൾ നിൽക്കൂ. അതുവരെ അവ ഞാൻ ഓർമ്മിക്കും”, ഹൌസാബായി കൂട്ടിച്ചേർക്കുന്നു. കൃഷിക്കാരും, കർഷകത്തൊഴിലാളികളും, മുക്കുവരും, പാത്രനിർമ്മാതാക്കളും തോട്ടക്കാരികളുമായ നൂറുകണക്കിന് ഗ്രാമീണ സ്ത്രീകളുടെ ഭാഗത്തുനിന്നുകൊണ്ടാണ് അവർ സംസാരിക്കുന്നത്. സൂര്യോദയത്തിനുമുമ്പേ എഴുന്നേൽക്കുന്ന അവർ വീട്ടുജോലികളും പാടത്തെ ജോലികളുമായി എത്രയോ മണിക്കൂറുകളാണ് എല്ലാ ദിവസവും ചിലവിടുന്നത്.
മിക്കപ്പോഴും ദിവസത്തെ ആദ്യത്തെ ജോലി ധാന്യം പൊടിക്കലായിരിക്കും. അത് ചെയ്യുമ്പോൾ അവർ പാട്ടുപാടുന്നുണ്ടാവും. അടുക്കളയുടേയോ വരാന്തയുടേയോ മൂലയിലാണ് അവർ ആശ്വാസം കണ്ടെത്തുന്നത്. തങ്ങളുടെ സംഘർഷങ്ങളും സന്തോഷങ്ങളും സങ്കടങ്ങളും വിജയങ്ങളും പരസ്പരം പങ്കുവെക്കാനുള്ള സ്വകാര്യമായ ഇടങ്ങളാണ് അവർക്കത്.
അത് ചെയ്യുമ്പോൾത്തന്നെ, ലോകത്തെക്കുറിച്ചുള്ള തങ്ങളുടെ വീക്ഷണവും, ഗ്രാമത്തിലെയും സമുദായത്തിലെയും ജീവിതവും, കുടുംബബന്ധങ്ങളും, മതവും തീർത്ഥാടനവും, ജാതീയമായ അടിച്ചമർത്തലുകളും പുരുഷകേന്ദ്രീകൃതവ്യവസ്ഥയും, ബാബാസാഹേബ് അംബേദ്ക്കറിന്റെ പ്രവർത്തനവും മറ്റും മറ്റും ആ പാട്ടുകളിൽ പ്രവേശിക്കും. ഈ വീഡിയോയിൽ, പുണെയിലെ മുൽഷി താലൂക്കിലെ ഖഡക്‌വാഡി കോളനിയിലെ താരാബായ് ഉഭേ അതിനെക്കുറിച്ചെല്ലാം സംസാരിക്കുന്നു.
ഈ പാട്ടുകൾ റിക്കാർഡ് ചെയ്യുകയും ഗ്രൈൻഡ്മിൽ പാട്ടുകളുടെ ശേഖരം നിർമ്മിക്കുകയും ചെയ്ത സംഗീതവിദഗ്ദ്ധനും സാങ്കേതികജ്ഞനുമായ ബെർനാർഡ് ബേൽ, ഈ പാട്ടുകൾ മറാത്തിയിൽ എഴുതിയെടുത്ത ജിതേന്ദ്ര മെയ്ഡ് എന്ന ഗവേഷകൻ, മറാത്തിയിൽനിന്ന് ഈ പാട്ടുകൾ ഇംഗ്ലീഷിലേക്ക് മൊഴിമാറ്റിയ ആശ ഒഗാലെ, എന്നിവരെ ഈ ഡോക്യുമെന്ററിയിൽ പാരി അഭിമുഖം ചെയ്യുന്നുണ്ട്.
2016-ലാണ് പാരിക്ക് ജി.എസ്.പി.കൾ ലഭിക്കുന്നത്, 2017 മാർച്ച് 6 മുതൽ ഞങ്ങൾ അവ പ്രസിദ്ധീകരിക്കാൻ തുടങ്ങി. വായിക്കുക.: ഗ്രൈൻഡ്മിൽ ഗാനങ്ങൾ: ദേശീയ നിധി സംരക്ഷിക്കുമ്പോൾ
ഏഴുവർഷങ്ങൾക്കിപ്പുറവും പാരി ഗ്രാമങ്ങളിൽ പോയി ഇത്തരം ഗായികമാരെ സന്ദർശിക്കുകയും അവരുടെ കഥകളും പാട്ടുകളും പ്രസിദ്ധീകരിക്കുകയും ചെയ്യുന്നു. ഞങ്ങളുടെ ആ ശേഖരം നിങ്ങൾക്ക് ഇവിടെ കാണാം. ഗ്രൈൻഡ്മിൽ സോംഗ്സ് പ്രോജക്ട്: ഓൾ സ്റ്റോറീസ് സോ ഫാർ
ഇത്തരത്തിലുള്ള 110,000 അരകൽ പാട്ടുകൾ, അഥവാ ജാത്യവർച്യോവ്യ ഗാനങ്ങൾ സംഭാവന ചെയ്ത മഹാരാഷ്ട്രയിലെ 1,107 ഗ്രാമങ്ങളിൽനിന്നും കർണ്ണാടകയിലെ 11 ഗ്രാമങ്ങളിൽനിന്നുമുള്ള 3,302 കലാകാരികളിൽനിന്ന് ഏതാനും ചിലർ മാത്രമാണ് ഈ ഡോക്യുമെന്ററിയിൽ പ്രത്യക്ഷപ്പെടുന്നത്.
ഈ പാട്ടുകൾ പകർത്തിയെഴുതേണ്ട ഭീമമായ ചുമതല ജിതേന്ദ്ര മേയ്ഡിന്റേയും മറ്റ് ചിലരുടേയും ചുമലിലാണ് വീണത്. മറാത്തിയിൽ പകർത്തിയെഴുതിയ പാട്ടുകളെ രജനി ഖൽഡ്കർ വലുതായിക്കൊണ്ടിരിക്കുന്ന ഈ പാട്ടുശേഖരത്തിലേക്ക് ഉൾച്ചേർത്തു. ചില പാട്ടുകൾ പരിഭാഷപ്പെടുത്തിയത് ഹേമ രൈർകറാണ്. മേയ്‌ഡിനോടൊപ്പം ആശ ഒഗാലെയും ഈ പാട്ടുകളുടെ പരിഭാഷയിൽ ഏർപ്പെട്ടിരിക്കുന്നു. ഇനിയും 30,000-ത്തോളം പാട്ടുകൾ ബാക്കിയാണ്.
ഈ പദ്ധതിയെ പരിചയപ്പെടുത്തുന്ന ഒരു ഹ്രസ്വചിത്രമാണ് ഇത്. പ്രസിദ്ധ സംഗീതശാസ്ത്രവിദഗ്ദ്ധനും സാങ്കേതികജ്ഞനുമായ ബെർനാർഡ് ബെലും അദ്ദേഹത്തെ അനുഗമിക്കുന്ന ഗവേഷകരുടേയും സാമൂഹികപ്രവർത്തകരുടേയും സംഘവും എടുത്ത 1990-കളിലെ ഒരു വീഡിയോയുടെ ഭാഗവും ഇതിൽ കാണാം.
1995 മുതൽ 2003 വരെയായി, 4,500-ഓളം പാട്ടുകൾ ബെൽ റിക്കാർഡ് ചെയ്തു. എന്നാൽ ഇതിന്റ് പ്രാരംഭപ്രവർത്തനങ്ങൾ അതിനും എത്രയോ മുൻപേ തുടങ്ങിയിരുന്നു. 1980-കളിലായിരുന്നു അത്. അക്കാലത്താണ് ഗീ ബാബയും ഹേമത്തായിയും – ഈ പ്രോജക്ടിന്റെ സ്ഥാപകരെ പാട്ടുകാരികൾ ബഹുമാനത്തോടെയും സ്നേഹത്തോടെയും അങ്ങിനെയാണ് അഭിസംബോധന ചെയ്തിരുന്നത് - പൂണെ ജില്ലയിലെ ചില ഗ്രാമങ്ങളിലൂടെ യാത്ര നടത്തിയത്. സ്ത്രീകളോടൊപ്പം പ്രവർത്തിക്കുന്നതിനും, കുടിവെള്ളംപോലുള്ള അടിസ്ഥാനസൌകര്യങ്ങൾ ലഭ്യമാക്കാനും സ്ത്രീധം, ഗാർഹികപീഡനം തുടങ്ങിയ സാമൂഹികതിന്മകൾ അവസാനിപ്പിക്കാനും ആ സ്ത്രീകൾ നടത്തുന്ന പോരാട്ടങ്ങൾക്ക് പിന്തുണ നൽകുക എന്നതായിരുന്നു അവരുടെ യാത്രയുടെ ലക്ഷ്യം. അപ്പോഴാണ് ഈ സ്ത്രീകൾ തങ്ങളുടെ ചിന്തകളും ജീവിതകഥകളും ഈ പാട്ടുകളിലൂടെ പങ്കുവെച്ചത്. ഈ ഭാഗത്തെ ഗ്രാമങ്ങളിലെ സ്ത്രീകളുടെ പോരാട്ടങ്ങളുടേയും ആനന്ദങ്ങളുടേയും നേർസാക്ഷ്യങ്ങളാണ് ഈ പാട്ടുകൾ.
ജി.എസ്.പി.യുടെ സംഗീതവും കവിതകളും വിദൂരങ്ങളിലേക്കുപോലും ചെന്നെത്തിയിട്ടുണ്ട്. 2021-ൽ ദക്ഷിണ കൊറിയയിലെ 13-ആമത് ഗ്വാംഗ്ജു ബിനാലെയുടെ ഭാഗമായിരുന്നു ഇവ. 2022-ൽ ബെർലിനിലെ ഗ്രോപ്പിയസ് ബാവ് മ്യൂസിയത്തിന്റെ പ്രദർശനത്തിലും ഇത് അവതരിപ്പിക്കപ്പെട്ടു. 2023-ലെ ലണ്ടൻ ബാർബികനിലും. ഇന്ത്യൻ എക്സ്പ്രസ്, സ്ക്രോൾ.ഇൻ., ദ് ഹിന്ദു ബിസിനസ് ലൈൻ തുടങ്ങി വിവിധ മാധ്യമങ്ങളിലും ഈ പ്രോജക്ടിനെക്കുറിച്ച് ധാരാളം ലേഖനങ്ങൾ പ്രത്യക്ഷപ്പെട്ടു.
നാസിക്കിലെ ഒരു ഗവേഷകൻ ബാബാസാഹേബ് അംബേദ്ക്കറെക്കുറിച്ചുള്ള പ്രബന്ധത്തിൽ ഈ ഗ്രൈൻഡ്മിൽ പാട്ടുകളെ ഉപയോഗിക്കുന്നുണ്ട്. ബോറി (ജുജൂബ്), ബാഭുൽ (അക്കേഷ്യ), ഖയെർ (കാടെച്ചു) തുടങ്ങിയ മുള്ളുമരങ്ങളുടെ പ്രകൃതിഗുണങ്ങളെക്കുറിച്ച് പരാമർശിക്കുന്ന ജി.എസ്.പി.യിലെയും മറ്റ് നാടോടിഗാനങ്ങളിലേയും ചില ഈരടികൾ ഒരു അമേരിക്കൻ സർവ്വകലാശാലയിലെ ശാസ്ത്രജ്ഞൻ ഉപയോഗിച്ചിട്ടുണ്ട്. എല്ലാ വർഷവും, നിരവധി വിദ്യാർത്ഥികളും ഗവേഷകരും പാരിയുടെ ഈ ശേഖരത്തെ ആശ്രയിക്കുകയും ചെയ്യുന്നു.
പൊതുജനങ്ങൾക്കും, നാടോടിപ്പാട്ടുകളേയും കവിതകളേയും സ്നേഹിക്കുന്നവർക്കും വഴികാട്ടുകയും ചെയ്യുന്ന ഈ ബൃഹത്തായ പ്രോജക്ട് കാണുക.
ബെർനാർഡ് ബെ ലിന്റെ ‘ അൺ ഫെറ്റേർഡ് വോയ്സസ് ’ ( വിലക്കുകളില്ലാത്ത ശബ്ദങ്ങൾ ) എന്ന ആർക്കൈവൽ വീഡിയോയിൽനിന്നുള്ള ചില ഭാഗങ്ങളും 2017 മുതൽ ഇന്നോളം പാരി പ്രസിദ്ധീകരിച്ച ജി . എസ് . പി . കഥകളിൽനിന്നുള്ള ചില ക്ലിപ്പുകളും ഫോട്ടോകളും ഇതിൽ ഉപയോഗിച്ചിട്ടുണ്ട് .
പരിഭാഷ: രാജീവ് ചേലനാട്ട്