“വൈകുന്നേരം, എല്ലാ മൃഗങ്ങളും ഇവിടെ വിശ്രമിക്കാനെത്തുന്നു. ഇതൊരു ബനിയന്‍ മരമാണ്.”
താന്‍ വരച്ചുകൊണ്ടിരിക്കുന്ന, പോസ്റ്റര്‍ വലിപ്പത്തിലുള്ള, കടലാസിലേക്ക് നിറങ്ങളുപയോഗിച്ച് വളരെ വിദഗ്ദ്ധവും കൃത്യവുമായി വരകള്‍ പകര്‍ത്തിക്കൊണ്ട് സുരേഷ് ധുര്‍വെ സംസാരിക്കുകയായിരുന്നു.
“ഇതൊരു അരയാലാണ്, വളരെയധികം പക്ഷികള്‍ ഇതില്‍വന്ന് ഇരിക്കാറുണ്ട്”, പക്ഷികള്‍ക്ക് സ്വാഗതമരുളുന്ന വലിയ മരത്തിന് കൂടുതൽ ശിഖരങ്ങൾ വരച്ചുകൊണ്ട് അദ്ദേഹം പാരിയോടു പറഞ്ഞു.
മധ്യപ്രദേശിലെ ഭോപാലിലുള്ള തന്‍റെ വീടിന്‍റെ തറയിലിരിക്കുകയാണ് 49-കാരനായ ആ ഗോണ്ട് കലാകാരൻ. ഒരുമരത്തിലൂടെ അരിച്ചിറങ്ങിവരുന്ന വെളിച്ചം മുകളിലത്തെ നിലയിലെ മുറിയുടെ വാതിലിലൂടെയും ജനാലയിലൂടെയും കടന്നുവരുന്നുണ്ടായിരുന്നു. തറയിൽ അദ്ദേഹത്തിന് തൊട്ടടുത്ത് പച്ച നിറം കലക്കിയ ഒരു ചെറിയ പാത്രം ഇരിക്കുന്നു. അതിലേക്ക് അദ്ദേഹം തുടര്‍ച്ചയായി ബ്രഷ് ഇട്ടുകൊണ്ടിരിക്കുന്നു. “നേരത്തെ ഞങ്ങള്‍ മുളംതണ്ടുകളും (ബ്രഷ് എന്നനിലയില്‍) അണ്ണാന്‍റെ രോമവും ഉപയോഗിക്കുമായിരുന്നു. ഇപ്പോള്‍ അത് (അണ്ണാന്‍റെ രോമം ഉപയോഗിക്കുന്നത്) നിരോധിച്ചിരിക്കുന്നു, അത് നന്നായി. ഇപ്പോള്‍ ഞങ്ങള്‍ പ്ലാസ്റ്റിക് ബ്രഷാണ് ഉപയോഗിക്കുന്നത്”, അദ്ദേഹം പറഞ്ഞു.
തന്‍റെ ചിത്രങ്ങൾ കഥ പറയുന്നു എന്ന് സുരേഷ് പറഞ്ഞു. “ചിത്രം വരയ്ക്കുമ്പോള്‍ അതെങ്ങനെ ആയിരിക്കണമെന്നാലോചിക്കാമ് എനിക്കൊരുപാട് സമയം ആവശ്യമാണ്. ദീപാവലി വരുന്ന കാര്യം നമുക്കെടുക്കാം. ആഘോഷവുമായി ബന്ധപ്പെട്ടു നില്‍ക്കുന്ന പശുക്കളെയും ദീപങ്ങളെയും പോലെ എല്ലാത്തിനെയുംപ്പറ്റി എനിക്ക് ആലോചിക്കണം.” ജീവജാലങ്ങള്‍, കാട്, ആകാശം, ഐതിഹ്യങ്ങള്‍, നാടോടിക്കഥകൾ, കൃഷി, സാമൂഹിക ഇടപെടലുകള്‍ എന്നിവയെ ഗോണ്ട് കലാകാരർ തങ്ങളുടെ കലകളിലൂടെ ആവിഷ്ക്കരിക്കുന്നു.






