सूखा
रोज़ बरसता नैनों का जल
रोज़ उठा सरका देता हल
रूठ गए जब सूखे बादल
क्या जोते क्या बोवे पागल
सागर ताल बला से सूखे
हार न जीते प्यासे सूखे
दान दिया परसाद चढ़ाया
फिर काहे चौमासे सूखे
धूप ताप से बर गई धरती
अबके सूखे मर गई धरती
एक बाल ना एक कनूका
आग लगी परती की परती
भूखी आंखें मोटी मोटी
हाड़ से चिपकी सूखी बोटी
सूखी साखी उंगलियों में
सूखी चमड़ी सूखी रोटी
सूख गई है अमराई भी
सूख गई है अंगनाई भी
तीर सी लगती है छाती में
सूख गई है पुरवाई भी
गड्डे गिर्री डोरी सूखी
गगरी मटकी मोरी सूखी
पनघट पर क्या लेने जाए
इंतज़ार में गोरी सूखी
मावर लाली बिंदिया सूखी
धीरे धीरे निंदिया सूखी
आंचल में पलने वाली फिर
आशा चिंदिया चिंदिया सूखी
सूख चुके सब ज्वारों के तन
सूख चुके सब गायों के थन
काहे का घी कैसा मक्खन
सूख चुके सब हांडी बर्तन
फूलों के परखच्चे सूखे
पके नहीं फल कच्चे सूखे
जो बिरवान नहीं सूखे थे
सूखे अच्छे अच्छे सूखे
जातें, मेले, झांकी सूखी
दीवाली बैसाखी सूखी
चौथ मनी ना होली भीगी
चन्दन रोली राखी सूखी
बस कोयल की कूक न सूखी
घड़ी घड़ी की हूक न सूखी
सूखे चेहरे सूखे पंजर
लेकिन पेट की भूक न सूखी
വരൾച്ച
ദുരിതമഴ പെയ്യുന്നു ദിവസവും
ഈ കണ്ണുകളിൽനിന്ന്;
കൈകളിൽനിന്ന് വഴുതിവീഴുന്നു കലപ്പയും
നാൾക്കുനാൾ വരണ്ട്, രോഷം കൊള്ളുന്ന
മേഘങ്ങൾ,
എന്നിട്ടും വിഡ്ഢീ,
ഉഴവുകയാണോ,
വിതയ്ക്കുകയാണോ നീയീ മണ്ണിൽ?
കടലുകൾ വറ്റിപ്പോയ്, ജലാശയങ്ങളും
ഉണങ്ങിവരണ്ട പാടങ്ങളും മരിച്ചുപോയി
വഴിപാടുകൾ നേർന്നിട്ടുമെന്തേ
മഴ വരുന്നീല?
ഭൂമി വരണ്ടുപോയെന്ന് കുറ്റപ്പെടുത്തുന്നു പകലോൻ,
ഇനി ഈ ഭൂമിക്ക് ആയുസ്സില്ല, ഇത് വരൾച്ചയാണ്,
ഒരു ചോളത്തരിപോലുമില്ല, ഒരു ധാന്യമണിപോലും.
ശപിക്കപ്പെട്ട വന്ധ്യയായ ഭൂമി.
പുറത്തേക്കുന്തിയ വിശന്ന കണ്ണുകൾ
അസ്ഥിയിൽനിന്നുന്തിനിൽക്കുന്ന വരണ്ട മാംസം
ജലം വറ്റിപ്പോയ ചർമ്മം,
ഹാ, വരൾച്ച,
ഉണങ്ങിയ റൊട്ടി പിച്ചിച്ചീന്തുന്ന
ശുഷ്കമായ വിരലുകൾ
തോട്ടങ്ങളുണങ്ങി,
വരണ്ടുപോയീ മുറ്റവും,
നെഞ്ചിൽത്തറച്ചൊരമ്പുപോലെ
വായുവും വറ്റിപ്പോയി.
ഉണങ്ങിയ കുടങ്ങൾ, പാത്രങ്ങൾ
ഉണങ്ങിയ കപ്പിയും കയറും മരക്കുറ്റികളും
വെള്ളത്തിനായെങ്ങുപോവേണ്ടൂ
ആശയറ്റവൾ ഞാൻ കാത്തുകാത്തിരിക്കുന്നു
ആദ്യം ആ പാടലവർണ്ണമുള്ള കവിളുകൾ,
പിന്നെ, മൂർദ്ധാവിലെ കുങ്കുമം,
പിന്നെ, പതുക്കെ, ഉറക്കവും,
എല്ലാം വരൾച്ചയിൽ നഷ്ടമായി
ഒടുവിൽ, മടിയിൽ പൂത്തുനിന്ന പ്രതീക്ഷ
ഓരോരോ തുള്ളിയായി അതും ഒലിച്ചുപോയി
ശുഷ്കിച്ചുപോയ കാളകൾ
അകിടുകൾ വറ്റിയ ഗോക്കൾ
ഇനിയെങ്ങ് നെയ്യ്? വെണ്ണ?
വീട്ടിലെ പാത്രങ്ങളും വറ്റി
സമയമെത്തും മുമ്പേ ഉണങ്ങിപ്പോയ പഴങ്ങൾ,
പൂക്കളുടെ ഇതളുകൾ,
ഒരിക്കൽ പച്ചയായിരുന്ന മരങ്ങൾ,
ദിവസങ്ങൾ, മണിക്കൂറുകൾ,
എല്ലാം വറ്റിവരണ്ടു
ഉത്സവങ്ങൾ, മേളകൾ, ഘോഷയാത്രകൾ,
ദീപാവലി, ബൈശാഖി, ചൌത്ത്, ഹോളി
ചന്ദനക്കുറികൾ, കുങ്കുമം,
ഇക്കൊല്ലത്തെ രാഖിപോലും ഉണങ്ങിപ്പോയി
എന്നിട്ടും കുയിലുകളുടെ പാട്ടിൽ ഇപ്പോഴും
ജീവൻ തുടിക്കുന്നു,
ഹൃദയത്തിലെ ആധികളും ഈറ്റുനോവുകളും ബാക്കിയാവുന്നു
നിർജ്ജീവമായ മുഖങ്ങൾക്കും അസ്ഥികൂടങ്ങൾക്കും പിന്നിലെ
ചൂളയിൽ,
വിശപ്പിന്റെ തീ മാത്രം ആളിക്കത്തുന്നു