പഞ്ചാബിലെ തന്റെ ഗ്രാമത്തിലെ ആ ട്രാവൽ ഏജന്റിനെ സിംഗ് ഇപ്പോഴും പേടിസ്വപ്നം കാണാറുണ്ട്.
ഏജന്റിന് നൽകാൻവേണ്ടി, സിംഗ് (യഥാർത്ഥ നാമമല്ല) തന്റെ കുടുംബത്തിന്റെ ഒന്നരയേക്കർ കൃഷിസ്ഥലം വിറ്റു. അതിനുപകരമായി, സെർബിയ വഴി സുരക്ഷിതമായി പോർച്ചുഗലിലെത്താനുള്ള ‘നിയമാനുസൃത രേഖകൾ‘ നൽകാമെന്ന് ജതീന്ദർ എന്ന ഏജന്റ് വാക്കും കൊടുത്തു.
എന്നാൽ, ജതീന്ദർ തന്നെ സൂത്രത്തിൽ കുടുക്കി, അന്തരാഷ്ട്ര അതിർത്തികളിലൂടെ കടത്തുകയായിരുന്നുവെന്ന് വലിയ താമസമില്ലാതെ സിംഗിന് മനസ്സിലായി. തന്റെ അവസ്ഥയെക്കുറിച്ച് ഗ്രാമത്തിലെ കുടുംബത്തിനെ അറിയിക്കാൻ സിംഗിന് താത്പര്യമുണ്ടായിരുന്നില്ല.
കൊടും വനങ്ങൾ കടന്ന്, അഴുക്കുചാലുകളിലൂടെ നടന്ന്, പർവ്വതങ്ങൾ കയറിയിറങ്ങി യൂറോപ്പിലൂടെയുള്ള തന്റെ യാത്രയിൽ അയാൾക്കും മറ്റുള്ളവർക്കും, അഴുക്കുജലം കുടിച്ചും, ബ്രെഡ് മാത്രം കഴിച്ചും ജീവൻ നിലനിർത്തേണ്ടിവന്നു. ബ്രെഡ് എന്ന ഭക്ഷണത്തിനോടുപോലും അയാൾക്ക് വെറുപ്പായി.
“എന്റെ അച്ഛൻ ഒരു ഹൃദ്രോഗിയായിരുന്നു. അദ്ദേഹത്തിന് ഈ സമ്മർദ്ദമൊന്നും താങ്ങാനാവില്ല. എല്ലാം വിറ്റ് തുലച്ചതിനാൽ, എനിക്ക് വീട്ടിലേക്ക് തിരിച്ചുപോകാനും കഴിയുമായിരുന്നില്ല”, എന്ന് പറയുന്നു 25 വയസ്സുള്ള സിംഗ്. മറ്റ് അഞ്ചുപേരോടൊപ്പം പങ്കിടുന്ന പോർച്ചുഗലിലെ ഒരു ഇരുമുറിവീട്ടിലിരുന്നുകൊണ്ട് പഞ്ചാബിയിൽ സംസാരിക്കുകയായിരുന്നു സിംഗ്.
ഇന്ത്യ, നേപ്പാൾ, ബംഗ്ലാദേശ്, പാകിസ്താൻ, ശ്രീലങ്ക തുടങ്ങിയ ദക്ഷിണേഷ്യൻ രാജ്യങ്ങളിൽനിന്നുള്ള തൊഴിലാളികളുടെ പ്രിയപ്പെട്ട ലക്ഷ്യകേന്ദ്രമായി പോർച്ചുഗൽ മാറിയിട്ട് കുറച്ച് വർഷങ്ങളായി.








