എന്റെ അമ്മ എപ്പോഴും പറയും, “കുമാർ, ആ മീൻകൊട്ട ഞാൻ എടുത്തില്ലായിരുന്നുവെങ്കിൽ നമ്മൾ ഇതുവരെ എത്തുകയില്ലായിരുന്നു”. എന്നെ പ്രസവിച്ചതിന്റെ പിറ്റേ വർഷം മുതലാണ് അമ്മ മീൻ വിൽക്കാൻ തുടങ്ങിയത്. അതിനുശേഷം എന്നും എന്റെ ജീവിതത്തിൽ മീനുകളുണ്ടായിരുന്നു.
വീട്ടിൽ മുഴുവൻ മീനിന്റെ മണമായിരുന്നു. വീടിന്റെ ഒരു മൂലയ്ക്കൽ എപ്പോഴും ഒരു ചാക്ക് ഉണക്കമത്സ്യം തൂക്കിയിട്ടിരുന്നു. ആദ്യത്തെ മഴ കാർപ്പ് മത്സ്യത്തെയുംകൊണ്ടാവും വരിക. അമ്മ അതിനെ പാചകം ചെയ്യും. നല്ല സ്വാദുള്ള വിഭവമാണ് അത്. തണുപ്പിനെ അകറ്റാൻ ഉത്തമം. മുഴു മത്സ്യവും സേലാപ്പിയുംകൊണ്ട് കറി വെച്ചാൽ വീട്ടിൽ മുഴുവൻ സുഗന്ധം നിറയും.
കുട്ടിയായിരുന്നപ്പോൾ, മീൻ പിടിക്കാൻവേണ്ടി ഞാൻ ഇടയ്ക്കിടയ്ക്ക് സ്കൂൾ പോക്ക് മുടക്കും. എല്ലായിടത്തും വെള്ളമുണ്ടായിരുന്ന കാലമായിരുന്നു അത്. മധുരൈയിലെ ജവർഹർലാൽപുരത്ത് ഞങ്ങൾക്ക് കിണറുകളും പുഴകളും തടാകങ്ങളും കുളങ്ങളുമൊക്കെയുണ്ടായിരുന്നു. ജില്ലയിലാകമാനം. എന്റെ മുത്തച്ഛന്റെ കൂടെ ഞാൻ എല്ലാ കുളങ്ങളിലേക്കും പോകും. കൈയ്യിലൊരു തൂക്കുകൊട്ടയുമുണ്ടാകും. മീനിനെ വെള്ളത്തോടൊപ്പം അതിൽ പിടിക്കും. അരുവികളിൽ പോയി ചൂണ്ടയിടുകയും ചെയ്യും ഞങ്ങൾ.
അരുവികളിലേക്ക് പോകാതിരിക്കാനായി അമ്മ പ്രേതകഥകൾ പറഞ്ഞ് ഞങ്ങളെ പേടിപ്പിക്കും. എന്നാൽ തടാകങ്ങളിൽ എപ്പോഴും വെള്ളമുണ്ടായിരുന്നു. ഞങ്ങൾ സദാസമയവും അതിനെ ചുറ്റുപ്പറ്റിയാവും കഴിയുന്നുണ്ടാവുക. ഗ്രാമത്തിലെ മറ്റ് ആൺകുട്ടികളോടൊപ്പം ഞാൻ മീൻ പിടിക്കാൻ പോയിരുനു. 10-ആം ക്ലാസ്സ് പാസ്സായ വർഷം, വെള്ളം കുറഞ്ഞുതുടങ്ങി. തടാകത്തിലെ വെള്ളത്തിന്റെ അളവ് കുറഞ്ഞുതുടങ്ങി. കൃഷിയേയും അത് ബാധിച്ചു.
ജവഹർലാൽപുരം എന്ന ഞങ്ങളുടെ ഗ്രാമത്തിൽ മൂന്ന് തടാകങ്ങളുണ്ടായിരുന്നു. ഒരു വലിയതും, ഒരു ചെറുതും പിന്നെ മരുതങ്കുളം എന്ന മറ്റൊന്നും. എന്റെ വീടിനടുത്തുള്ള വലുതും ചെറുതുമായ തടാകങ്ങൾ ലേലം ചെയ്ത് ഗ്രാമത്തിലെ ആളുകൾക്ക് പാട്ടത്തിന് കൊടുത്തിരുന്നു. അവരതിൽ മീനിനെ വളർത്തും. അതായിരുന്നു അവരുടെ ഉപജീവനം. തൈമാസത്തിൽ (ജനുവരി പകുതി മുതൽ ഫെബ്രുവരി പകുതിവരെ) രണ്ട് തടാകങ്ങളിലേയും മീനുകളെ വിരിയിച്ചെടുക്കുക. മീനിന്റെ സീസണായിട്ടാന് അതിനെ കണക്കാക്കുന്നത്.
തടാകത്തിൽനിന്ന് മീൻ വാങ്ങാൻ അച്ഛൻ പോകുമ്പോൾ ഞാനും കൂടെ പോവും. സൈക്കിളിന്റെ പിന്നിൽ ഒരു പെട്ടി കെട്ടിവെക്കും. 20-30 കിലോമീറ്റർ ദൂരെയുള്ള ഗ്രാമങ്ങളിൽവരെ ഞങ്ങൾ പോവും. മീൻ വാങ്ങാൻ.


































