“ഞങ്ങൾക്ക് വേനൽക്കാലം നഷ്ടമാവുകയാണ്! ഇതാണ് മൺപാത്രങ്ങൾ ഏറ്റവും കൂടുതൽ വിൽക്കുന്ന കാലം, പക്ഷേ ഈ വർഷം നമുക്ക് അധികം വിൽക്കാനായിട്ടില്ല,” എന്ന് രേഖ കുംഭ്കർ പറഞ്ഞു. വീട്ടിന് പുറത്ത് അടുപ്പിൽ കലം ചുടുന്നതിന് മുമ്പ്, അതിന് നിറം പകരുകയായിരുന്നു അവർ. ലോക്ക്ഡൗൺ സമയത്ത്, കഴിയുന്നതും വീടിനുള്ളിൽത്തന്നെയിരുന്ന് പാത്രങ്ങൾ ഉണ്ടാക്കുകയായിരുന്നു അവർ.  അപൂർവ്വമായേ പുറത്ത് പോയിരുന്നുള്ളു.

ചത്തീസ്ഗഡിലെ ധംതാരി പട്ടണത്തിലെ കുംഹാർപാറ കോളണിയിലെ വീടുകൾക്ക് പുറത്ത്, സാധാരണയായി മാർച്ച് മുതൽ മേയ് വരെ മാർക്കറ്റിൽ വിൽക്കേണ്ട ചുവന്ന കുടങ്ങൾ പരന്നുകിടക്കുന്നു. “ചന്തയിലെ പച്ചക്കറിക്കച്ചവടക്കാർക്ക് രാവിലെ 7 മുതൽ ഉച്ചയ്ക്ക് 12 വരെ വിൽക്കാൻ അനുമതിയുള്ളതുപോലെ, കുടം വിൽക്കാൻ ഞങ്ങളെയും അനുവദിക്കണം, അല്ലാത്തപക്ഷം ഞങ്ങൾ കുഴപ്പത്തിലാകും,” രേഖ പറഞ്ഞു.

അപ്പോഴാണ് ഭുഭനേശ്വരി കുംഭകർ തലയിൽ ഒഴിഞ്ഞ മുളംകൊട്ടയുമായി കുംഹാർപാറയിലേക്ക് മടങ്ങിയത്. അവരുടെ വാക്കുകളിൽ, “ഞാൻ അതിരാവിലെ മുതൽ മൺപാത്രങ്ങൾ വിൽക്കാൻ പട്ടണത്തിലെ വിവിധ കോളനികളിൽ പോയിരുന്നു. എട്ടെണ്ണം വിറ്റ് വീണ്ടും എട്ടെണ്ണവുമായി തെരുവിലിറങ്ങി. എന്നാൽ ലോക്ക്ഡൗൺ ഉച്ചയോടെ പുനരാരംഭിക്കുന്നതിനാൽ എനിക്ക് ഉടൻ മടങ്ങണം. മാർക്കറ്റിൽ പോകാൻ അനുവദിക്കാത്തതിനാൽ അധികം വിൽക്കാൻ പറ്റാത്ത അവസ്ഥയാണ്. സർക്കാർ നൽകുന്ന അരിയും 500 രൂപയും കൊണ്ട് ഒരു കുടുംബം എങ്ങനെ ജീവിക്കും?"

കുംഹാർപാറയിലെ മൺപാത്ര നിർമാതാക്കൾ - ഇവിടെയുള്ള എല്ലാ കുടുംബങ്ങളും മറ്റ് പിന്നാക്കവിഭാഗത്തിൽ‌പ്പെട്ട (ഒ.ബി.സി) കുംഹാർ സമുദായക്കാരാണ് - വലിയ കുടങ്ങൾ 50-70 രൂപയ്ക്ക് വിൽക്കുന്നു.  വില്പനകാലത്തിന്റെ മൂർദ്ധന്യമായ മാർച്ച് മുതൽ മേയ് വരെയുള്ള മാസങ്ങളിൽ  ആളുകൾ വെള്ളം തണുപ്പിച്ച് സംഭരിക്കാൻ കുടങ്ങൾ വാങ്ങും . ഈ വില്പന സമയത്ത് ഓരോ കുടുംബവും 200 മുതൽ 700 കുടങ്ങൾവരെ നിർമ്മിക്കും. നിർമാണപ്രക്രിയയിൽ എത്ര കുടുംബ അംഗങ്ങൾ സഹായിക്കും എന്നതനുസരിച്ചിരിക്കും നിർമിക്കുന്ന കുടങ്ങളുടെ എണ്ണം. മറ്റ് കാലങ്ങളിൽ, ഇവർ ഉത്സവങ്ങൾക്ക് ചെറിയ വിഗ്രഹങ്ങൾ, ദീപാവലി സമയത്ത് ദീപങ്ങൾ, വിവാഹ ചടങ്ങുകൾക്ക് ചെറിയ പാത്രങ്ങൾ തുടങ്ങിയവ നിർമ്മിക്കുന്നു.

ജൂൺ പകുതിമുതൽ സെപ്റ്റംബർ അവസാനംവരെ നീളുന്ന മഴക്കാലത്ത്, നനഞ്ഞ കളിമണ്ണ് ഉണങ്ങാത്തതിനാലും , വീടിന് വെളിയിൽ ജോലി ചെയ്യുന്നത് പ്രായോഗികമല്ലാത്തതിനാലും, തൊഴിലുണ്ടാവാറില്ല. സ്വന്തമായി കൃഷി ഭൂമിയില്ലാത്തതിനാൽ ഈ കാലങ്ങളിൽ ഇവർ കർഷകത്തൊഴിലാളികളായി ജോലി ചെയ്ത് മാസം 150-200 രൂപവരെ സമ്പാദിക്കുന്നു.

PHOTO • Purusottam Thakur

ഭുഭനേശ്വരി കുംഭകർ (മുകൾ നിര) ലോക്ക്ഡൗൺ സമയം പുനരാരംഭിക്കുന്നതിന് മുൻപ് പാത്രങ്ങൾ വിൽക്കാൻ തിടുക്കം കൂട്ടുന്നു. ‘ലോക്ക്ഡൗൺ കാരണം ഞങ്ങളുടെ ജോലി നിലച്ചു,’ സൂരജ് കുംഭകർ (താഴെ ഇടത്) പറഞ്ഞു. രേഖ കുംഭ്കർ (താഴെ വലത്) പാത്രങ്ങൾ അടുപ്പിൽ ചുടുന്നതിനു മുൻപ് , നിറം പകരുകയായിരുന്നു

ചത്തീസ്ഗഢിലെ പൊതുവിതരണ സമ്പ്രദായത്തിൽ (പിഡിഎസ്) ഓരോ വ്യക്തിക്കും പ്രതിമാസം 7 കിലോ അരിക്ക് അർഹതയുണ്ട്. ലോക്ക്ഡൗണിന്റെ ആദ്യഘട്ടത്തിൽ, കുടുംബങ്ങൾക്ക് 5 കിലോ അധികമായി എടുക്കാം, കൂടാതെ രണ്ടുമാസത്തെ ധാന്യങ്ങളും ഒരു ലോട്ടിൽ എടുക്കാം - ഭുഭനേശ്വരിയുടെ കുടുംബത്തിന് മാർച്ച് അവസാനം (രണ്ടുമാസത്തേക്ക്) 70 കിലോ അരിയും പിന്നീട് മേയ് മാസത്തിൽ വീണ്ടും 35 കിലോയും ലഭിച്ചു. കുംഹാർപാറ നിവാസികൾക്ക് മാർച്ച് മുതൽ മേയ് മാസംവരെ ഓരോ മാസവും 500 രൂപ വീതം ലഭിച്ചു. “എന്നാൽ 500 രൂപകൊണ്ട് നമുക്ക് എന്ത് ചെയ്യാൻ കഴിയും?"  ഭുഭനേശ്വരി ചോദിക്കുന്നു. “അതിനാൽ വീട്ടുചെലവുകൾ വഹിക്കാൻ തെരുവിൽ കുടം വിൽക്കാൻ ഞാൻ നിർബന്ധിതയാകുന്നു.”

"ഞാൻ ജോലി വൈകിയാണ് ആരംഭിച്ചത്. (നമ്മൾ കണ്ടുമുട്ടുന്നതിന് ഒരുദിവസം മുമ്പ് മുതൽ)," എന്റെ ഭാര്യ അശ്വനി, ധംതാരിയിലെ ഒരു സ്വകാര്യ ആശുപത്രിയിൽ ഗർഭാശയം നീക്കാനായി ശസ്ത്രക്രിയയ്ക്ക് വിധേയയായിരുന്നു (ശസ്ത്രക്രിയയ്ക്ക് വായ്പ എടുത്തിട്ടുണ്ട്). മൺപാത്രനിർമ്മാണം ഞങ്ങളുടെ കുടുംബ തൊഴിലാണ്, ഈ ജോലി ചെയ്യാൻ ഒന്നിലധികം ആളുകൾ വേണം." സൂരജ് കുംഭ്കർ പറഞ്ഞു," സൂരജിനും അശ്വനിക്കും 10-നും 16-നും ഇടയിൽ പ്രായമുള്ള രണ്ടാണ്മക്കളും രണ്ട് പെൺമക്കളുമുണ്ട്. "ലോക്ക്ഡൗൺ കാരണം ഞങ്ങളുടെ ജോലി നിർത്തിവച്ചു. ദീപാവലിമുതൽ കാലാവസ്ഥ മോശമായതിനാൽ, കുടങ്ങൾ നിർമ്മിക്കുന്നത് ബുദ്ധിമുട്ടായിരുന്നു," സൂരജ് കൂട്ടിച്ചേർത്തു. "ഉച്ച കഴിഞ്ഞാൽ പൊലീസ് വരും. പുറത്തെ ജോലി നിർത്തിക്കാൻ. ഇത് ഞങ്ങളുടെ ഉപജീവനമാർഗത്തെ മോശമായി ബാധിച്ചു."

ഞങ്ങൾ സൂരജിനെ കണ്ടുമുട്ടിയപ്പോൾ അയാൾ വലിയ ദീപങ്ങൾ ഉണ്ടാക്കുകയായിരുന്നു.  ദീപാവലി സമയത്ത് ഇവയോരോന്നും 30-40 രൂപയ്ക്ക് വിൽക്കും ചെറിയ ദീപങ്ങൾ വലുപ്പമനുസരിച്ച് 1 രൂപ മുതൽ 20 രൂപയ്ക്കുവരെ വിൽക്കും. ദുർഗ്ഗാപൂജ, ഗണേശ ചതുർത്ഥി, മറ്റുത്സവങ്ങൾ എന്നിവയ്ക്കായി കുടുംബം കളിമൺ വിഗ്രഹങ്ങളും നിർമ്മിക്കുന്നു.

കുംഹാർപാറയിലെ ഏകദേശം 120 കുടുംബങ്ങളിൽ 90-ഓളം കുടുംബങ്ങൾ ഇപ്പോഴും കളിമൺ കുടങ്ങളും മറ്റ് വസ്തുക്കളും നിർമ്മിക്കുന്നതിലൂടെ വരുമാനം നേടുന്നുണ്ടെന്നും ബാക്കിയുള്ളവർ കൃഷി, സർക്കാർ ജോലികൾ, മറ്റ് ഉപജീവനമാർഗങ്ങൾ എന്നിവയിലേക്ക് മാറിയെന്നും സൂരജ് സൂചിപ്പിച്ചു.

PHOTO • Purusottam Thakur

പൂരബ് കുംഭ്കർ (മുകളിൽ ഇടത്ത്) ഈ അക്ഷയ തൃതീയയിൽ വളരെ കുറച്ച് ദമ്പതീ വിഗ്രഹങ്ങൾ മാത്രമേ വിറ്റിട്ടുള്ളു. ലോക്ക്ഡൗൺ കാരണം കുംഹാർപാറയിലെ പല കളിമൺ കുടം നിർമ്മാതാക്കളും ഈ വേനൽക്കാലത്ത് കലങ്ങൾ വിറ്റിട്ടില്ല

ഏപ്രിൽ അവസാനം, രാവിലെ 7 മുതൽ ഉച്ചക്ക് 1 വരെ ധംതാരി ജില്ലാ ഭരണകൂടം പഴയ ചന്തയിൽ താൽക്കാലികമായി സംഘടിപ്പിച്ച ഒരു പച്ചക്കറി ഞങ്ങൾ സന്ദർശിച്ചിരുന്നു. കുറച്ച് മൺകുടങ്ങൾക്കൊപ്പം കളിമൺ കളിപ്പാട്ടങ്ങൾ (കൂടുതലും ദമ്പതീ രൂപങ്ങൾ) വിൽക്കുന്ന കുറച്ച് മൺപാത്ര നിർമ്മാതാക്കളെ കണ്ടപ്പോൾ ഞങ്ങൾക്ക് സന്തോഷം തോന്നി. ലോക്കഡൗണിന്റെ ആദ്യ ആഴ്ചകളിൽ, ഇവരെ ഇവിടെ കച്ചവടം ചെയ്യാൻ അനുവദിച്ചിരുന്നില്ല - പച്ചക്കറികൾപോലുള്ള അവശ്യവസ്തുക്കൾ വിൽക്കാനേ അനുവാദമുണ്ടായിരുന്നുള്ളൂ.

ഹിന്ദു പഞ്ചാംഗത്തിലെ ശുഭദിനമായി കണക്കാക്കപ്പെടുന്ന അക്ഷയ തൃതീയയുടെ സമയത്താണ്, ഇന്ത്യയുടെ പല ഭാഗങ്ങളിലും കർഷകർ കൃഷി ആരംഭിക്കുകയും ചത്തീസ്ഗഢിൽ പലരും ‘ദമ്പതീ’ വിഗ്രഹങ്ങളുടെ പരമ്പരാഗത (പുത്ര, പുത്രി) വിവാഹച്ചടങ്ങ് ആഘോഷിക്കുകയും ചെയ്യുന്നത്. "എനിക്ക് 400 ജോഡി ഉണ്ട്, എന്നാൽ ഇതുവരെ 50 എണ്ണം മാത്രമേ വിറ്റിട്ടുള്ളൂ", ഓരോ ജോഡിയും 40 രൂപമുതൽ 50 രൂപയ്ക്കുവരെ വിൽക്കുന്ന പുരബ് കുംഭ്കർ പറഞ്ഞു. "കഴിഞ്ഞ വർഷം, ഈ സമയമായപ്പോഴേക്കും ഞാൻ 15,000 രൂപ വിലമതിക്കുന്ന സാധനങ്ങൾ വിറ്റിരുന്നു, എന്നാൽ ഈ വർഷം വെറും 2,000 രൂപയ്ക്കുള്ള സാധനങ്ങളാണ് വിറ്റത്. നമുക്ക് നോക്കാം, രണ്ട് ദിവസംകൂടി ഉണ്ട്... [ഉത്സവസമയം) സർ, ലോക്ക്ഡൗൺ കാരണം ഞങ്ങൾക്ക് വലിയ നഷ്ടമാണ് സംഭവിക്കുന്നത്."

കുംഹാർപാറയിലെ മിക്ക കുടുംബങ്ങളിലേയും കുട്ടികൾ സ്കൂൾ കോളേജ് പ്രായക്കാരാണ് - അതായത് ഫീസ്, പുസ്തകങ്ങൾ, യൂണിഫോം തുടങ്ങിയ ചിലവുകളുണ്ടെന്നർത്ഥം. കുടം നിർമ്മാണത്തിൽ ഏർപ്പെടുന്നവർക്ക് കുറച്ചധികം പണം സമ്പാദിക്കാനും, വർഷത്തിലുടനീളം അതിൽനിന്ന് മിച്ചം വരുന്ന തുക ലാഭിക്കാനുമുള്ള ഒരു പ്രധാനസമയമാണ് വേനൽക്കാലം.

"എന്നാൽ ഇടയ്ക്കിടയ്ക്കുള്ള മഴ കാരണം കലങ്ങൾ വിൽക്കാനാവുന്നില്ല," പുരബ് കൂട്ടിച്ചേർത്തു. "വേനൽക്കാലത്ത് ചൂടുള്ള കാലാവസ്ഥയിൽ ആളുകൾക്ക് കുടങ്ങൾ ആവശ്യമാണ്. കാലാവസ്ഥയും ലോക്ക്ഡൗണും ചേർന്ന് ഞങ്ങളുടെ ജീവിതം ദുഷ്കരമാക്കി."

മേയ് പകുതിയോടെ, ചത്തീസ്ഗഢിൽ ലോക്ക്ഡൗൺ നിയന്ത്രണങ്ങൾ പതുക്കെ ലഘൂകരിച്ചു. തന്മൂലം, കലമുണ്ടാക്കുന്നവർക്ക് മാർക്കറ്റിലേക്കും ധംതാരിയിലെ വലിയ ഞായറാഴ്ച മാർക്കറ്റിലേക്കും (ഇറ്റ്വാരി ബസാർ) വില്പനയ്ക്ക് പോകാൻ കഴിഞ്ഞു. സാധാരണ മാർക്കറ്റുകൾ ഇപ്പോൾ രാവിലെ 7 മുതൽ രാത്രി 7 വരെ തുറന്നിരിക്കും. എന്നാൽ മേയ് പകുതിയോടെ, ഇവരുടെ ഏറ്റവും ഉയർന്ന വിൽപ്പന സീസണും, വേനൽക്കാലവും ഒരുപോലെ അവസാനിച്ചു. കൊല്ലത്തിന്റെ ബാക്കിയുള്ള ദിവസങ്ങളിൽ ഈ നഷ്ടം കുംഹാർ കുടുംബങ്ങൾക്കിടയിൽ പ്രതിധ്വനിക്കും.

പരിഭാഷ: വിക്ടർ പ്രിൻസ് എൻ. ജെ

Purusottam Thakur

ਪੁਰਸ਼ੋਤਮ ਠਾਕੁਰ 2015 ਤੋਂ ਪਾਰੀ ਫੈਲੋ ਹਨ। ਉਹ ਪੱਤਰਕਾਰ ਤੇ ਡਾਕਿਊਮੈਂਟਰੀ ਮੇਕਰ ਹਨ। ਮੌਜੂਦਾ ਸਮੇਂ, ਉਹ ਅਜ਼ੀਮ ਪ੍ਰੇਮਜੀ ਫਾਊਂਡੇਸ਼ਨ ਨਾਲ਼ ਜੁੜ ਕੇ ਕੰਮ ਕਰ ਰਹੇ ਹਨ ਤੇ ਸਮਾਜਿਕ ਬਦਲਾਅ ਦੇ ਮੁੱਦਿਆਂ 'ਤੇ ਕਹਾਣੀਆਂ ਲਿਖ ਰਹੇ ਹਨ।

Other stories by Purusottam Thakur
Editor : Sharmila Joshi

ਸ਼ਰਮਿਲਾ ਜੋਸ਼ੀ ਪੀਪਲਸ ਆਰਕਾਈਵ ਆਫ਼ ਰੂਰਲ ਇੰਡੀਆ ਦੀ ਸਾਬਕਾ ਸੰਪਾਦਕ ਹਨ ਅਤੇ ਕਦੇ ਕਦਾਈਂ ਲੇਖਣੀ ਅਤੇ ਪੜ੍ਹਾਉਣ ਦਾ ਕੰਮ ਵੀ ਕਰਦੀ ਹਨ।

Other stories by Sharmila Joshi
Translator : Victor Prince N.J.

Victor Prince N. J. is a student studying sociology with an interest in art, culture, and linguistics.

Other stories by Victor Prince N.J.