എൽ.ജി.ബി.ടി.ക്യൂ.ഐ.എ പ്ലസ് സമൂഹത്തിലെ അംഗങ്ങൾക്ക് പലപ്പോഴും വീട്ടുതടങ്കൽ, നിർബന്ധിത വിവാഹം, ലൈംഗികവും ശാരീരികവുമായ പീഡനം, 'കറക്ടീവ്' തെറാപ്പികൾ തുടങ്ങിയ ഭീഷണികളും ദുരനുഭവങ്ങളും നേരിടേണ്ടിവരുന്നുവെന്ന് ഇന്റർനാഷണൽ കമ്മീഷൻ ഓഫ് ജൂറിസ്റ്റ്സ് 2019-ൽ പ്രസിദ്ധീകരിച്ച ലിവിങ് വിത്ത് ഡിഗ്നിറ്റി റിപ്പോർട്ട് പറയുന്നു.
വിധിയുടെയും ആരുഷിന്റെയും (പേരുകൾ മാറ്റിയിരിക്കുന്നു) കാര്യം തന്നെയെടുക്കാം. ഒരുമിച്ച് ജീവിക്കുന്നതിനായി ഇരുവർക്കും മഹാരാഷ്ട്രയിലെ താനെ, പാൽഘർ ജില്ലകളിലുള്ള തങ്ങളുടെ വീടുപേക്ഷിച്ച് മുംബൈയിലേക്ക് വരേണ്ടിവന്നു. വിധിയും ആരുഷും (ട്രാൻസ് പുരുഷനായി സ്വയം കരുതുന്ന ആൾ) നഗരത്തിൽ ഒരു മുറി വാടകയ്ക്കെടുത്താണ് താമസിക്കുന്നത്. "വീട്ടുടമയ്ക്ക് ഞങ്ങളുടെ ബന്ധത്തെക്കുറിച്ച് അറിയില്ല. അത് ഞങ്ങൾ മറച്ചുവച്ചേ മതിയാകൂ. അല്ലെങ്കിൽ ഞങ്ങൾക്ക് ഈ മുറി ഒഴിയേണ്ടിവരും," ആരുഷ് പറയുന്നു.
എൽ.ജി.ബി.ടി.ക്യൂ.ഐ.എ പ്ലസ് വ്യക്തികൾക്ക് മിക്കപ്പോഴും താമസസൗകര്യം നിഷേധിക്കപ്പെടുകയും താമസസ്ഥലങ്ങളിൽനിന്ന് ബലമായി കുടിയൊഴിക്കപ്പെടുകയും ചെയ്യുന്ന സാഹചര്യമാണ് ഇന്നുള്ളത്. ഇതിനുപുറമേ, അവരുടെതന്നെ കുടുംബങ്ങളും വീട്ടുടമകളും അയൽക്കാരും പോലീസുമെല്ലാം അവരെ നിരന്തരം ഉപദ്രവിക്കുകയും ചെയ്യുന്നു. ഇത്തരത്തിൽ നിരവധി ഭിന്നലിംഗ വ്യക്തികൾ വീടില്ലാതെ തെരുവിൽ കഴിയുകയാണെന്ന് ലിവിങ് വിത്ത് ഡിഗ്നിറ്റി റിപ്പോർട്ട് പറയുന്നു.
അപമാനവും ചുറ്റുമുള്ളവരിൽനിന്നുള്ള ഉപദ്രവവും മൂലം നിരവധി ഭിന്നലിംഗക്കാർ, പ്രത്യേകിച്ചും ഗ്രാമപ്രദേശങ്ങളിൽനിന്നുള്ളവർ, വീടുപേക്ഷിച്ച് സുരക്ഷിത സ്ഥാനങ്ങൾ തേടാൻ നിർബന്ധിതരാകുന്നു. 2021-ൽ ദേശീയ മനുഷ്യാവകാശ കമ്മീഷൻ പശ്ചിമ ബംഗാളിലെ ഭിന്നലിംഗക്കാർക്കിടയിൽ നടത്തിയ പഠനത്തിൽ, "കുടുംബത്തിൽനിന്നുള്ള സമ്മർദം മൂലം അവർ തങ്ങളുടെ ലിംഗ വ്യക്തിത്വം മറച്ചുവെക്കാൻ നിർബന്ധിതരാകുന്നു" എന്ന് കണ്ടെത്തിയിരുന്നു. ഇതുകൂടാതെ, അവരിൽ പകുതിയോളം പേർ കുടുംബം, സുഹൃത്തുക്കൾ, സമൂഹം എന്നിവരിൽനിന്നുണ്ടാകുന്ന വിവേചനപരമായ പെരുമാറ്റം കാരണം വീടുപേക്ഷിച്ചുവെന്നും പഠനത്തിൽ കണ്ടെത്തുകയുണ്ടായി.
"ഞങ്ങൾ ഭിന്നലിംഗക്കാർ ആയതുകൊണ്ട് ഞങ്ങളെ ബഹുമാനിക്കില്ലെന്നാണോ?" സ്കൂളിലും ജോലിയിടത്തും തെരുവിലും എന്നിങ്ങനെ എല്ലായിടത്തും വർഷങ്ങളായി നേരിടുന്ന ദുരനുഭവങ്ങളുടെ പശ്ചാത്തലത്തിൽ ശീതൾ എന്ന ട്രാൻസ് സ്ത്രീ ചോദിക്കുന്നു. "എന്തുകൊണ്ടാണ് എല്ലാവരും ഞങ്ങളോട് അവജ്ഞയോടെ പെരുമാറുന്നത്?”, People stare at us as if we are evil spirits’ എന്ന ലേഖനത്തിൽ ശീതൾ ചോദിക്കുന്നു.






