ഒരു സസ്യ ശാസ്ത്രജ്ഞൻ, ഒരു സൈനികൻ, ഒരു വീട്ടമ്മ, ഒരു ഭൂമിശാസ്ത്ര വിദ്യാർത്ഥി.
റാഞ്ചിയിലെ തിരക്കുള്ള ഒരു റോഡിൽനിന്ന് അകന്നുമാറി, ഇത്തരമൊരു അപൂർവ്വ സംഘം ആളുകൾ ഒരു വേനൽക്കാല ഉച്ചയ്ക്ക് ഒത്തുകൂടിയിരിക്കുകയാണ്. പർട്ടിക്കുലർളി വൾനെറബിൽ ട്രൈബൽ ഗ്രൂപ്പ്സ് (പി.വി.ടി.ജി – വളരെയധികം ദൌർബ്ബല്യങ്ങൾ നേരിടുന്ന ഗോത്രസംഘം) വിഭാഗത്തിൽപ്പെടുന്ന അവർ തലസ്ഥാന നഗരിയിലെ ജാർഘണ്ട് ട്രൈബൽ റിസർച്ച് ഇൻസ്റ്റിട്യൂറ്റിൽ (ടി.ആർ.ഐ) ഒരു എഴുത്ത് ശില്പശാലയിൽ പങ്കെടുക്കുകയായിരുന്നു.
“എന്റെ കുട്ടികൾ അവരുടെ മാതൃഭാഷയിൽ വായിക്കണമെന്ന് ഞാൻ ആഗ്രഹിക്കുന്നു,” മാവ്നോ ഭാഷ സംസാരിക്കുന്ന മാൽ പഹാഡിയ സമുദായത്തിലെ ജഗന്നാഥ് ഗിർഹി പറയുന്നു. ഇല്ലാതായിപ്പോകുന്ന തങ്ങളുടെ മാതൃഭാഷയായ മാവ്നോവിന്റെ വ്യാകരണം എഴുതുന്നതിനായി, 200 കിലോമീറ്റർ അകലെയുള്ള ദുംകയിലെ തന്റെ ഗ്രാമത്തിൽനിന്ന് റാഞ്ചിയിലെ ടി.ആർ.ഐ.യിലേക്ക് എത്തിയതായിരുന്നു 24 വയസ്സുള്ള അയാൾ.
മറ്റ് ചില പദ്ധതികളും അദ്ദേഹത്തിനുണ്ട്. “മാവ്നോവിൽ ഒരു പുസ്തകം പ്രസിദ്ധീകരിക്കണം,” ജഗന്നാഥ് പറയുന്നു. സ്വന്തം ഗ്രാമമായ ബലിയഖോഡയിലെ, ബയോളജിയിൽ എം.എസ്.സി ബിരുദം ലഭിച്ച – അതും ഹിന്ദി ഭാഷയിലൂടെ പഠിച്ച – ഒരേയൊരാളാണ് അയാൾ. “കൂടുതലാളുകൾ സംസാരിക്കുന്നതിനാൽ, സമുദായത്തിന്റെ ഭാഷയാണ് സർവ്വകലാശാലയിൽ പഠിപ്പിക്കുന്നത്. ജാർഘണ്ട് സ്റ്റാഫ് സെലക്ഷൻ കമ്മീഷന്റെ (ജെ.എസ്.എസ്.സി) സിലബസ് ആദിവാസി ഭാഷകളായ ഖോഡ്ത, സന്താളി എന്നിവയിൽ എളുപ്പത്തിൽ ലഭ്യമാണെങ്കിലും, ഞങ്ങളുടെ ഭാഷയിൽ (മാവ്നോ) ലഭ്യമല്ല,” അയാൾ ചൂണ്ടിക്കാട്ടുന്നു.
“ഇത്തരമൊരു അരികിലേക്കൊതുക്കൽ തുടരുകയാണെങ്കിൽ എന്റെ ഭാഷ പതുക്കെപ്പതുക്കെ ഇല്ലാതാകും.” മൽ പഹാഡിയ സംസാരിക്കുന്നവർ ജാർഘണ്ടിൽ 15 ശതമാനമാണ്. ബാക്കിയുള്ളവർ അയൽസംസ്ഥാനങ്ങളിലാണുള്ളത്.
ദ്രാവിഡ സ്വാധീനമുള്ള ഇന്തോ-ആര്യൻ ഭാഷയാണ് അവരുടെ മാവ്നോ ഭാഷ. 4,000-ത്തിൽത്താഴെ ആളുകൾ മാത്രം സംസാരിക്കുന്ന ഈ എൻഡേൻജേഡ് ഭാഷയ്ക്ക് ഔദ്യോഗിക പദവിയില്ല. ലിംഗ്വിസ്റ്റിക്ക് സർവേ ഓഫ് ഇന്ത്യ (എൽ.എസ്.ഐ) ജാർഘണ്ടിന്റെ കാഴ്ചപ്പാടിൽ, സ്കൂളുകളിലെ ബോധന മാധ്യമമായി മാവ്നോ ഉപയോഗിക്കപ്പെടുന്നില്ല. അതിന് പ്രത്യേകമായ ലിപിയുമില്ല.
ജാർഘണ്ടിലെ മൽ പഹാഡിയ സമുദായത്തിലെ അംഗങ്ങൾ നിലനിൽപ്പിനായി കൃഷിയേയും വനോത്പന്നങ്ങളേയുമാണ് ആശ്രയിക്കുന്നത്. ജാർഘണ്ടിലെ അവരെ പി.വി.ടി.ജി.യായി പട്ടികപ്പെടുത്തിയിരിക്കുന്നു. അവരിൽ ഭൂരിഭാഗവും ദുംക, ഗൊഡ്ഡ, സഹീബ്‌ഗഞ്ജ്, പാകുർ ജില്ലകളിലാണ് ജീവിക്കുന്നത്. വീട്ടിൽ മാത്രമേ അവർ മാവ്നോ ഭാഷ സംസാരിക്കുന്നുള്ളു. ഔദ്യോഗികമായ വിനിമയം മുഴുവൻ മറ്റ് പ്രമുഖ ഭാഷകളായ ഹിന്ദി, ബംഗാളി എന്നിവയിലാണ് നടക്കുന്നതിനാൽ, തങ്ങളുടെ ഭാഷ ക്രമേണ ഇല്ലാതാകുമെന്ന് അവർ ഭയപ്പെടുന്നു.
മാവ്നോ ഭാഷ സംസാരിക്കുന്ന മനോജ് കുമാർ ദെഹ്‌രി എന്ന മറ്റൊരാൾ, ജഗന്നാഥൻ പറഞ്ഞതിനോട് യോജിക്കുന്നു. ജ്യോഗ്രഫിയിൽ ബിരുദം നേടിയ, സഹർപുർ ഗ്രാമക്കാരനായ ഈ 23-കാരൻ പകുർ ജില്ലക്കാരനാണ്. “സംസ്ഥാനത്ത്, പഠന മാധ്യമമായി ഹിന്ദി, ബംഗാളി എന്നിവയ്ക്ക് പരിഗണന നൽകുന്നത് മാവ്നോ ഭാഷയ്ക്ക് ഗുണത്തേക്കാലേറെ ദോഷമാണുണ്ടാക്കുക.” ജാർഘണ്ടിലെ മിക്ക സ്കൂളുകളിലും കൊളേജുകളിലും പഠന മാധ്യമം ഹിന്ദിയാണ്. അദ്ധ്യാപകരും ഹിന്ദി സംസാരിക്കുന്നവരാണ്.
മുഖ്യഭാഷകൾക്ക് പുറമേ, ‘ചങ്ങലക്കണ്ണി’യായി പ്രവർത്തിക്കുന്ന ഭാഷകളുമുണ്ട് – മറ്റുള്ളവരുമായി ആശയവിനിമയം ചെയ്യാൻ ആദിവാസി സമൂഹങ്ങൾ ഉപയോഗിക്കുന്ന ഭാഷകൾ - പ്രദേശത്തെ മുഖ്യധാരാ ഭാഷകൾക്കും തനത് ഭാഷകൾക്കുമിടയിൽ പാലമായി പ്രവർത്തിക്കുന്നവയാണ് ഇവ.
“എല്ലാവർക്കും മനസ്സിലാവുന്ന ഇത്തരം പൊതുഭാഷയാണ് കുട്ടികളിൽനിന്ന് എല്ലാവരും പ്രതീക്ഷിക്കുന്നത്. ഇത് കുട്ടികളെ അവരുടെ മാതൃഭാഷയിൽനിന്ന് പിന്നെയും അകറ്റുന്നു,” പ്രമോദ് കുമാർ ശർമ്മ പറയുന്നു. പി.വി.ടി.ജി.കളെ സഹായിക്കാൻ ടി.ആർ.ഐ. നിയമിച്ച റിട്ടയേഡ് അദ്ധ്യാപകനാണ് അദ്ദേഹം.
മാവ്നോവിന്റെ കാര്യത്തിലാണെങ്കിൽ, അധികമാളുകൾ സംസാരിക്കാത്ത മാവ്നോ ഭാഷയെ, ഇത്തരം പൊതുഭാഷകളായ ഖോർത്തയും ഖേത്രിയും വളരെയധികം സ്വാധീനിക്കുന്നുണ്ട്. “കൂടുതൽ ശക്തരായ സമുദായങ്ങളുടെ ഭാഷയുടെ സ്വാധീനത്താൽ, ഞങ്ങൾ മാതൃഭാഷ മറന്നുകൊണ്ടിരിക്കുന്നു,” മനോജ് കൂട്ടിച്ചേർത്തു.
രണ്ടുമാസം നീണ്ടുനിൽക്കുന്ന ശില്പശാലയ്ക്കൊടുവിൽ, ഇല്ലാതായിക്കൊണ്ടിരിക്കുന്ന ഭാഷകൾ സംസാരിക്കുന്ന ഓരോരുത്തരും അവരവരുടെ മാതൃഭാഷകൾക്ക് അനുയോജ്യമായ ഒരു അടിസ്ഥാന വ്യാകരണ രൂപരേഖയുമായി മുന്നോട്ട് വരും. ഭാഷാവിദഗ്ദ്ധരല്ലാത്ത, സമുദായത്തിലെ സ്വന്തം ആളുകൾ എഴുതുന്ന ആദ്യത്തെ പുസ്തകമായിരിക്കും അത്. തങ്ങളുടെ അദ്ധ്വാനം, സഹായകമാവുമെന്ന പ്രതീക്ഷയിലാണ് അവർ.
“മറ്റ് സമുദായക്കാർക്ക് (പി.വി.ടി.ജി അല്ലാത്തവർ) അവരുടെ ഭാഷയിലെഴുതിയ പുസ്തകങ്ങൾ ലഭ്യമാണ്. അവരുടെ ഭാഷയിൽ പഠിച്ചാൽ അവർക്ക് മെച്ചപ്പെട്ട തൊഴിലവസരങ്ങളും ലഭിക്കുന്നു,” ജഗന്നാഥ് സൂചിപ്പിക്കുന്നു. എന്നാൽ തന്റെ സമുദായാംഗങ്ങൾ അവരുടെ ഭാഷയിൽ സംസാരിക്കാൻ തുടങ്ങിയാലേ സ്വന്തം സമുദായത്തിൽ ഇത് സംഭവിക്കൂ. “ഇപ്പോൾ, എന്റെ മുത്തച്ഛനും മുത്തശ്ശിക്കും മാത്രമേ മാവ്നോയിൽ ഒഴുക്കോടെ സംസാരിക്കാൻ അറിയൂ. ഞങ്ങളുടെ കുട്ടികൾക്ക് ഈ ഭാഷ വീട്ടിലിരുന്ന് പഠിക്കാൻ കഴിഞ്ഞാലേ, അവർക്കത് സംസാരിക്കാൻ സാധിക്കൂ.”
*****
ഇന്ത്യയിൽ 19,000 വ്യത്യസ്ത മാതൃഭാഷകളുണ്ടെന്ന് 2011-ലെ സെൻസസ് ചൂണ്ടിക്കാണിക്കുന്നു. അവയിൽ 22 ഭാഷകൾ മാത്രമേ, ഷെഡ്യൂൾ 8 പ്രകാരം ഔദ്യോഗികമായി അംഗീകരിച്ചിട്ടുള്ളു. ആളുകൾ കുറയുന്നത് മൂലവും, ലിപികളില്ലാത്തതുമൂലവും ധാരാളം
സംസ്ഥാനത്തെ 31 -ലധികം മാതൃഭാഷകൾക്ക് ഔദ്യോഗിക ഭാഷാ പദവിയില്ലാത്തതിനാൽ, രണ്ട് ഷെഡ്യൂൾ 8 ഭാഷകൾ - ഹിന്ദിയും ബംഗാളിയും – ജാർഘണ്ടിലെ മുഖ്യഭാഷകളായി തുടരുകയും, സ്കൂളുകളിൾ പഠിപ്പിക്കപ്പെടുകയും ഔദ്യോഗിക വിനിമയങ്ങളിൽ ഉപയോഗിക്കപ്പെടുകയും ചെയ്യുന്നു. സന്താളി എന്ന ഒരേയൊരു ആദിവാസി ഭാഷ മാത്രമേ ജാർഘണ്ടിലെ ഷെഡ്യൂൾ 8 ഭാഷയായി പട്ടികപ്പെടുത്തിയിട്ടുള്ളു.
സംസ്ഥാനത്തെ, മറ്റ് 31 ഭാഷകൾ സംസാരിക്കുന്നവർക്കും, പ്രത്യേകിച്ചും, പി.വി.ടി.ജി. വിഭാഗക്കാരുടെ ഭാഷ സംസാരിക്കുന്നവർക്കും, തങ്ങളുടെ ഭാഷകൾ ഇല്ലാതായേക്കാം.
“ഞങ്ങളുടെ മാതൃഭാഷകൾ കൂടിക്കലരുകയാണ്,” സബർ സമുദായത്തെ പ്രതിനിധീകരിക്കുന്ന സൈനികൻ മഹാദേവ് (ശരിക്കുള്ള പേരല്ല) ചൂണ്ടിക്കാണിക്കുന്നു.
ജാർഘണ്ടിൽ, മറ്റ് 31 വ്യത്യസ്ത ഭാഷകളുണ്ടായിട്ടും, ഷെഡ്യൂൾ 8-ൽ ഉൾപ്പെടുത്തിയിരിക്കുന്നത് സന്താളിയെ മാത്രമാണ്. ഹിന്ദിയും ബംഗാളിയും ഇപ്പോഴും സംസ്ഥാനത്തെ പ്രമുഖ ഭാഷകളായി തുടരുകയും ചെയ്യുന്നു
ഭാഷയിലെ അരികുവത്കരണം, ഗ്രാമപഞ്ചായത്തുപോലുള്ള ഇടങ്ങളിൽ സമുദായത്തിന് കിട്ടുന്ന പ്രാതിനിധ്യത്തിലും പ്രതിഫലിക്കുന്നുണ്ടെന്ന് അദ്ദേഹം പറയുന്നു. “സബാറുകൾ ചിതറിക്കിടക്കുന്നവരാണ്. ഞങ്ങൾ ഗ്രാമത്തിൽ (ജാംഷെഡ്പുരിനടുത്ത്) 8-10 വീടുകളിൽ മാത്രമേ ഞങ്ങളുടെ ആളുകളുള്ളൂ.” ബാക്കിയുള്ളവർ മറ്റ് ആദിവാസി വിഭാഗത്തിൽപ്പെടുന്നവരാണ്. ആദിവാസികളല്ലാത്തവർപോലും അവിടെയുണ്ട്. “എന്റെ ഭാഷ മരിക്കുന്നത് കാണുമ്പോൾ വേദനയാണ്,” അയാൾ പാരിയോട് പറയുന്നു.
സബർ എന്ന തന്റെ മാതൃഭാഷയെ, ഭാഷയായിട്ടുപോലും കണക്കാക്കുന്നിലെന്ന് മഹാദേവ് ചൂണ്ടിക്കാണിക്കുന്നു. “എഴുത്തുരൂപത്തിലുള്ള ഭാഷയുടെ ശബ്ദമാണ് എപ്പോഴും ആദ്യം കേൾക്കാൻ കഴിയുക.”
*****
‘ഗോത്രസമുദായങ്ങളെ മറ്റ് സമുദായങ്ങളുമായി ബന്ധിപ്പിക്കുക എന്ന ലക്ഷ്യത്തോടെ”യാണ് 1953-ൽ ടി.ആർ.ഐ. സ്ഥാപിച്ചത്. ഗോത്ര സമുദായങ്ങളുടെ സാമൂഹികവും, സാമ്പത്തികവും, സാംസ്കാരികവും, ചരിത്രപരവുമായ ഘടകങ്ങളെക്കുറിച്ച് പഠിച്ചുകൊണ്ടാണ് ഇത് നടപ്പാക്കുന്നത്.
2018 മുതൽ അസുർ, ബിർജിയ തുടങ്ങി അവശത അനുഭവിക്കുന്ന വിവിധ ആദിവാസി സമൂഹങ്ങളുടെ ബാലപാഠങ്ങൾ ടി.ആർ.ഐ. പ്രസിദ്ധീകരിച്ചിട്ടുണ്ട്. ആ ഭാഷകളിലെ കവിതകൾ, നാടോടിക്കഥകൾ, പഴഞ്ചൊല്ലുകൾ, പ്രയോഗങ്ങൾ എന്നിവയും ഈ പുസ്തകശൃംഖലയിൽ ഉൾപ്പെടുന്നു
സമുദായംതന്നെ രൂപകല്പന ചെയ്ത അത്തരം ബാലപാഠങ്ങൾ ഈ സംരംഭം പ്രസിദ്ധീകരിച്ചിട്ടുണ്ടെങ്കിലും അവയൊന്നും അധികം വിജയിച്ചിട്ടില്ല. “ടി.ആർ.ഐ.യുടെ ഷെൽഫുകളിൽനിന്ന് ഈ പുസ്തകങ്ങൾ സ്കൂളുകളിലെത്തിയാൽ മാത്രമേ ഞങ്ങളുടെ കുട്ടികൾക്ക് അവരുടെ മാതൃഭാഷയിൽ വായിക്കാൻ സാധിക്കൂ,” എന്ന് പറയുന്നു ജഗന്നാഥ്.
ഈ ബാലപാഠങ്ങൾ പ്രസിദ്ധീകരിക്കാൻ മുന്നിട്ടിറങ്ങിയത്, ടി.ആർ.ഐ.യുടെ മുൻ ഡയറക്ടർ റാണേന്ദ്ര കുമാറായിരുന്നുവെങ്കിലും, “പി.വി.ടി.ജി. ഗ്രൂപ്പിലുള്ള കുട്ടികൾ പഠിക്കുന്ന സ്കൂളുകളിൽ ഈ പുസ്തകങ്ങൾ എത്തിയാൽ മാത്രമേ നടപ്പാക്കിയ ഈ സംരംഭത്തിന്റെ യഥാർത്ഥ ലക്ഷ്യം പൂർത്തീകരിക്കപ്പെടുകയുള്ളൂ” എന്ന് അദ്ദേഹവും സമ്മതിക്കുന്നുണ്ട്.
ഈ ഭാഷകൾ അനായാസമായി സംസാരിക്കുന്നവരെ കണ്ടെത്തുക എന്നതാണ് ഏറ്റവും വലിയ വെല്ലുവിളി. “മാതൃഭാഷ നന്നായി സംസാരിക്കുന്ന ആളുകൾക്ക് പലപ്പോഴും എഴുതാൻ അറിയില്ല.”
“ഭാഷയിൽ പാണ്ഡിത്യമുള്ള ആളായിരിക്കണമെന്ന ഉപാധിയൊന്നും ഞങ്ങൾ വെച്ചിട്ടില്ല.” ഭാഷ അറിഞ്ഞിരിക്കണമെന്ന് മാത്രം. “സംസാരഭാഷയിൽ വ്യാകരണം തയ്യാറാക്കിയാൽ കൂടുതൽ പ്രയോജനകരമാവുമെന്ന് ഞങ്ങൾ വിശ്വസിക്കുന്നു,” ജാർഘണ്ട് എഡ്യൂക്കേഷണൽ റിസർച്ച് കൌൺസിലിലെ (ജെ.ഇ.ആർ.സി) മുൻ ഫാക്കൽറ്റി അംഗമായ പ്രമോദ് പറയുന്നു.
പി.വി.ടി.ജികളുടെ ഭാഷാ ബാലപാഠങ്ങളും, വ്യാകരണ പുസ്തകങ്ങളും, സ്രോതസ്സുകളുമൊക്കെ ഉപയോഗിക്കുന്നത് ദേവനാഗരി ലിപിയാണെന്നതാണ് ഇതിലെ വിരോധാഭാസം. ഒരു ഭാഷയിലെ അക്ഷരമോ ശബ്ദമോ, ആ ഭാഷയിലായിരിക്കുന്നതിന് പകരം ഹിന്ദിയിലാവുമ്പോൾ, ആ പ്രത്യേക ഭാഷയുടെ അക്ഷരമാലയിൽനിന്ന് ആ ശബ്ദം മാറ്റിനിർത്തപ്പെടുകയാവും ഫലം. ‘ണ’ എന്ന അക്ഷരം മാവ്നോ ഭാഷയിലുണ്ടെങ്കിലും സാബറിൽ ഇല്ല
അതുകൊണ്ട്, സാബറിൽ ‘ണ’ എന്ന് എഴുതുന്നില്ലെന്നും, ‘ന’ എന്നുമാത്രമേ എഴുതുന്നുള്ളൂവെന്നും ഞങ്ങൾ ഉറപ്പുവരുത്തുന്നു എന്ന് പ്രമോദ് അതിനെ വിശദീകരിച്ചു. അതുപോലെത്തന്നെ, ഒരു അക്ഷരമോ ശബ്ദമോ ഹിന്ദിയിലില്ലാതിരിക്കുകയും, രേഖപ്പെടുത്തുന്ന ആദിവാസി ഭാഷയുടെ സവിശേഷതയായിരിക്കുകയും ചെയ്യുമ്പോൾ, ആ അക്ഷരത്തെ പരിചയപ്പെടുത്തി, അതിനെ അവർ വിശദീകരിക്കുന്നു.
“പക്ഷേ ലിപി മാത്രമേ ഞങ്ങൾ കടമെടുക്കുന്നുള്ളു, അക്ഷരങ്ങളും വാക്കുകളും, തനത് ഭാഷയിലെ അതേ ഉച്ചാരണത്തോടെയാണ് ഞങ്ങൾ എഴുതുന്നത്” എന്ന്, 60 വയസ്സുള്ള പ്രമോദ് വിശദീകരിക്കുന്നു.
*****
വൈകുന്നേരമായപ്പോൾ, മൊറാബാദി ചൌക്കിൽനിന്ന് വേഗത്തിൽ ഒരു ചായ കുടിക്കാൻ ജഗന്നാഥും, മനോജും, മഹാദേവും പുറത്തിറങ്ങി. സ്വന്തം മാതൃഭാഷ സംസാരിക്കാൻ തോന്നുന്ന വൈമുഖ്യത്തെക്കുറിച്ചായി പിന്നത്തെ ചർച്ച.
സ്വന്തം മാതൃഭാഷ സംസാരിക്കുമ്പോൾപ്പോലും അവരെ മുഴുവനായി മനസ്സിലാക്കാൻ പലർക്കും കഴിയുന്നില്ലെന്നാണ് 8-ആം ക്ലാസ്സിൽവെച്ച് പഠനം നിർത്തിയ പരാഹിയ സമുദായക്കാരിയായ റിംപു കുമാരിയുടെ അനുഭവം. ദിവസം മുഴുവൻ നിശ്ശബ്ദയായിരുന്ന അവർ ഒടുവിൽ വായ തുറന്നു. “ഞാൻ പരാഹിയയിൽ സംസാരിക്കുമ്പോൾ, ആളുകൾ ചിരിക്കുന്നു. എന്റെ സ്വന്തം ഭർത്തൃവീട്ടുകാർ എന്നെ കളിയാക്കുമ്പോൾ ഞാൻ ലോകത്തെ എങ്ങിനെ എന്റെ ഭാഷ മനസ്സിലാക്കിക്കാനാണ്?”, സമുദായത്തിന് പുറത്തേക്ക് വിവാഹം കഴിച്ച ആ 25 വയസ്സുകാരി ചോദിക്കുന്നു.
മാതൃഭാഷയിൽ സംസാരിക്കുമ്പോൾ താനും മറ്റുള്ളവരും അനുഭവിക്കുന്ന ‘നാണക്കേട്’ ഇല്ലാതാവണമെന്ന് ആഗ്രഹിക്കുകയാണ് അവർ. “ഇവിടെ അതിനെക്കുറിച്ച് സംസാരിക്കാൻ ഞാൻ ആഗ്രഹിക്കുന്നില്ല. കൂടുതൽ അറിയണമെന്നുണ്ടെങ്കിൽ, എന്റെ ഗ്രാമത്തിലേക്ക് വരൂ.”
ഈ കഥ എഴുതാൻ സഹായിച്ച റാണേന്ദ്ര കുമാറിനോട് റിപ്പോർട്ടർ നന്ദി പറയുന്നു.
ഇന്ത്യയിലെ നാശത്തിന്റെ വക്കിലെത്തിനിൽക്കുന്ന ഭാഷകളെ , ആ ഭാഷ സംസാരിക്കുന്നവരുടെ ശബ്ദത്തിലൂടെയും ജീവിതാനുഭവങ്ങളിലൂടെയും രേഖപ്പെടുത്തിവെക്കുന്ന പാരിയുടെ പ്രൊജക്ടാണ് എൻ ഡേൻ ജേഡ് ലാംഗ്വേജസ് പ്രോജക്ട് ( ഇ . എൽ . പി .)
പരിഭാഷ: രാജീവ് ചേലനാട്ട്