അശോക് ജാദവ് മരിച്ചുജീവിക്കുകയാണ്.
ആ 45 വയസ്സുകാരൻ മറ്റേതൊരാളെയുംപോലെ രാവിലെ എഴുന്നേൽക്കും. ജോലിയ്ക്ക് പോവും, മറ്റുള്ളവരുടെ കൃഷിയിടങ്ങളിൽ കഠിനാധ്വാനം ചെയ്യും. മറ്റെല്ലാ ജോലിക്കാരെപ്പോലെത്തന്നെ വൈകീട്ട് ജോലി അവസാനിപ്പിച്ച് വീട്ടിലേയ്ക്ക് മടങ്ങുകയും ചെയ്യും. അദ്ദേഹവും ബാക്കിയുള്ളവരും തമ്മിൽ ഒരേയൊരു വ്യത്യാസമേയുള്ളു. ഔദ്യോഗികമായി മരണപ്പെട്ട ആളാണ് അശോക്.
കോർഘർ നിവാസിയായ അശോക്, 2023 ജൂലൈയിലാണ്, കഴിഞ്ഞ രണ്ടുവർഷമായി തനിക്ക് പ്രധാനമന്ത്രി കിസാൻ സമ്മാൻ നിധിയ്ക്ക് കീഴിൽ വർഷംതോറും ലഭിക്കേണ്ട 6,000 രൂപ ലഭിച്ചിട്ടില്ലെന്ന് തിരിച്ചറിയുന്നത്. കേന്ദ്രസർക്കാർ 2019-ൽ പ്രഖ്യാപിച്ച ഈ പദ്ധതിയ്ക്ക് കീഴിൽ, കർഷകർക്ക് വരുമാനം മെച്ചപ്പെടുത്താനായി 6,000 രൂപവരെ ധനസഹായം ലഭിക്കാൻ അർഹതയുണ്ട്.
ആദ്യത്തെ ഒന്നുരണ്ട് വർഷം പണം കൃത്യമായി അശോകിന്റെ അക്കൗണ്ടിൽ വന്നിരുന്നു. പൊടുന്നനെ അത് നിലച്ചു. എന്തെങ്കിലും സാങ്കേതികത്തകരാർമൂലമാകും തനിക്ക് പണം വരാൻ വൈകുന്നതെന്നും ക്രമേണ അത് ശരിയാകുമെന്നുമുള്ള ധാരണയിലായിരുന്നു അശോക്. കരുതിയതുപോലെ സാങ്കേതികത്തകരാർതന്നെയായിരുന്നു പ്രശ്നം; എന്നാൽ അദ്ദേഹം വിചാരിച്ചിരുന്നതുപോലെയുള്ള ഒന്നായിരുന്നില്ലെന്നുമാത്രം.
തുക അക്കൗണ്ടിൽ വരുന്നത് നിലച്ചതിനുള്ള കാരണം തേടി അശോക് ജില്ലാ കലക്ടറേറ്റിൽ ചെന്നപ്പോൾ, അവിടത്തെ ഉദ്യോഗസ്ഥൻ കമ്പ്യൂട്ടറിൽ വിവരങ്ങൾ പരിശോധിച്ചശേഷം തികഞ്ഞ ശാന്തതയോടെ അശോകിനെ അറിയിച്ചു, അയാൾ 2021-ൽ കോവിഡ്-19 മഹാമാരി ബാധിച്ച് മരിച്ചുവെന്ന്. കരയണോ ചിരിക്കണോ എന്നറിയാത്ത ഭാവത്തിൽ അശോക് പറയുന്നു, "എനിക്ക് എന്ത് പറയണമെന്ന് അറിയാതെയായി."







