“ഈ തൊഴിൽ അപ്രത്യക്ഷമായാൽ, മറ്റ് സംസ്ഥാനങ്ങളിലേക്ക് പോവുകയല്ലാതെ എനിക്ക് വേറെ മാർഗ്ഗമില്ല”, മുളനാരുകൾകൊണ്ട് കൊട്ടയുടെ അടിഭാഗത്ത് കെട്ടിക്കൊണ്ട്, അസമിലെ ദരാംഗ് ജില്ലയിലുള്ള നാ-മാതി ഗ്രാമത്തിൽ മുളങ്കുട്ട (കൊട്ട എന്നും പറയും) നെയ്ത്തുകാരി മജീദ ബീഗം പറയുന്നു.

കൈവേലക്കാരിയും ദിവസക്കൂലി ചെയ്യുന്ന ഒറ്റ രക്ഷിതാവുമായ 25 വയസ്സുള്ള ആ സ്ത്രീ പറയുന്നു. 10 വയസ്സുള്ള ഒരു മകന്റേയും അസുഖബാധിതയായ അമ്മയുടേയും ഒരേയൊരാശ്രയമാണ് അവർ. “ദിവസത്തിൽ 40 ഖാസകൾവരെ (കുട്ട) എനിക്കുണ്ടാക്കാൻ പറ്റും. എന്നാൽ ഇപ്പോൾ ഞാൻ 20 എണ്ണമേ ഉണ്ടാക്കുന്നുള്ളു”, പ്രാദേശികമായ മിയ നാട്ടുമൊഴിയിൽ അവർ പറഞ്ഞു. 20 കുട്ടകളുണ്ടാക്കുന്നതിന് മജീദയ്ക്ക് ലഭിക്കുന്നത് 160 രൂപ മാത്രമാണ്. സംസ്ഥാനത്തിലെ കുറഞ്ഞ വേതനമായി തിട്ടപ്പെടുത്തിയ ( റിപ്പോർട്ട് ഓൺ മിനിമം വേജസ് ആക്ട്, 1948 ഫോർ ദ് ഇയർ 2016 ) 241.92 രൂപയുടെ എത്രയോ താഴെയാണത്.

മുളയുടെ വർദ്ധിച്ച വിലയും, ചന്തകളിൽ അതിന്റെ ആവശ്യക്കാർ കുറഞ്ഞതും, മുളങ്കുട്ടകളിൽനിന്നുള്ള വരുമാനത്തെ സാരമായി ബാധിച്ചു. അസമിലെ വലിയ രണ്ട് ചന്തകൾ ദരാംഗിലാണുള്ളത്. ബെചിമാരിയും ബാലുഗാംവും. വടക്കുകിഴക്കൻ സംസ്ഥാനങ്ങളിലേക്കും ദില്ലിയിലേക്കുപോലും കാർഷികോത്പന്നങ്ങൾ വിതരണം ചെയ്യുന്നത് ഈ ചന്തകളിൽനിന്നാണ്.

കുടിയേറ്റത്തെക്കുറിച്ചുള്ള മജീദയുടെ ഭയം യഥാർത്ഥമാണ്. 80-100 കുടുംബങ്ങൾ ഇതിനകം‌തന്നെ കൂടുതൽ ‘മെച്ചപ്പെട്ട ജോലി തേടി’ പോയിട്ടുണ്ടെന്ന് സൂചിപ്പിച്ച 39 വയസ്സുള്ള ഹനീഫ് അലി, ഞങ്ങളെ ഒരു മദ്രസയുടെ സമീപത്തുള്ള വാർഡ്-എ ചുറ്റിനടന്ന് കാണിച്ചുതന്നു. ഏകദേശം 150 കുടുംബങ്ങൾ ഒരിക്കൽ ഇവിടെ മുളകൊണ്ടുള്ള സാധനങ്ങളുടെ നെയ്ത്തിൽ ഏർപ്പെട്ടിരുന്നുവെങ്കിലും ഇന്ന് പല വീടുകളും ഒഴിഞ്ഞുകിടക്കുകയാണ്. അതിൽ താമസിച്ചിരുന്ന, കരവേലക്കാരെല്ലാം കേരളത്തിലേയും കർണ്ണാടകയിലേയും കാപ്പിത്തോട്ടങ്ങളിലേക്ക് കുടിയേറിക്കഴിഞ്ഞിരുന്നു.

PHOTO • Mahibul Hoque
PHOTO • Mahibul Hoque

ഇടത്ത്: അസമിലെ ദരാംഗ് ജില്ലയിലെ നാ-മാതി ഗ്രാ‍മത്തിലെ മജീദാ ബീഗത്തിന് ദിവസവും 40 കൊട്ടകളുണ്ടാക്കാൻ സാധിക്കുമെങ്കിലും, ആവശ്യക്കാർ കുറവായതിനാൽ അതിന്റെ പകുതി മാത്രമേ ഇപ്പോൾ നിർമ്മിക്കുന്നുള്ളു. വലത്ത്: കൊട്ടനെയ്ത്തിലെ ആദ്യഘട്ടമായ, അതിന്റെ അടിഭാഗമുണ്ടാക്കുന്ന പ്രക്രിയ ഹനീഫ് അലി കാണിച്ചുതരുന്നു

PHOTO • Mahibul Hoque
PHOTO • Mahibul Hoque

ഇടത്ത്: തങ്ങളുടെ മുളങ്കൊട്ടകൾക്ക് ആവശ്യക്കാർ കുറഞ്ഞതിന്റെ പ്രധാന കാരണം പ്ലാസ്റ്റിക്ക് കൊട്ടകളുടെ വരാവാണെന്ന്, മുളങ്കൊട്ട നെയ്യുന്ന വ്യാപാരം നടത്തുന്ന സിറാജ് അലി പറയുന്നു. വലത്ത്: രണ്ട് മക്കളും ഗ്രാമത്തിലെ ഒരു സ്കൂളിൽ പഠിക്കുന്നതുകൊണ്ട്, ജമീല ഖാത്തൂന് മറ്റ് സംസ്ഥാനങ്ങളിലേക്ക് കുടിയേറാൻ ആവുന്നില്ല

കോവിഡ്-19-നുശേഷം വില്പനകൾ ഗണ്യമായി കുറഞ്ഞു. “മുമ്പൊക്കെ, ഞങ്ങൾ 400 മുതൽ 500 കൊട്ടകൾവരെ എല്ലാ ആഴ്ചയും വിറ്റിരുന്നു. എന്നാലിന്ന് 100-150-ൽക്കൂടുതൽ വിൽക്കാൻ പറ്റുന്നില്ല”, കുടുംബത്തിന്റെ മുളങ്കൊട്ട വ്യാപാരം ഏറ്റെടുത്ത് നടത്തുന്ന 28 വയസ്സുള്ള സിറാജ് അലി പറയുന്നു. “മഹാവ്യാധിയുടെ കാലത്ത്, പച്ചക്കറി വ്യാപാരികൾ സാധനങ്ങൾ സൂക്ഷിക്കാൻ പ്ലാസ്റ്റിക്ക് ട്രേകളും ചാക്കുകളും ഉപയോഗിക്കാൻ തുടങ്ങി. ഞങ്ങളുടെ ചെറിയ കൊട്ടകൾ വിൽക്കാൻ ഞങ്ങൾക്ക് കഴിഞ്ഞില്ല”, അയാൾ തുടർന്നു.

കുടുംബത്തിലെ അഞ്ചുപേരോടൊപ്പം സിറാജ് വാർഡ് എ-യിലാണ് താമസം. “എല്ലാ‍വരും ഒരുമിച്ച് ജോലി ചെയ്തിട്ടും, ആഴ്ചയിൽ ഞങ്ങൾക്ക് 3,000-4,000 രൂപ മാത്രമേ ഉണ്ടാക്കാൻ കഴിയുന്നുള്ളു. പണിക്കാർക്കുള്ള കൂലിയും, മുള വാങ്ങാൻ ചിലവായ തുകയും കഴിഞ്ഞാൽ എന്റെ കുടുംബത്തിന് ദിവസവും കൈയ്യിൽ കിട്ടുന്നത് 250-300 രൂപയാണ്”. അതിനാൽ കുടുംബത്തിലെ മറ്റ് പല ബന്ധുക്കളും കർണ്ണാടകയിൽ കാപ്പി എസ്റ്റേറ്റുകളിലേക്ക് ജോലി ചെയ്യാൻ പോയി. “ഇതുപോലെത്തന്നെ സ്ഥിതിഗതികൾ തുടർന്നാൽ, എനിക്കും പോകേണ്ടിവരും”, അയാൾ പറഞ്ഞു.

എന്നാൽ എല്ലാവർക്കും അങ്ങിനെ പോകാനാവില്ല. “എന്റെ രണ്ട് കുട്ടികൾ ഇവിടെ ഒരു സ്കൂളിൽ പഠിക്കുന്നതുകൊണ്ട്, എനിക്ക് കേരളത്തിലേക്ക് (കുടിയേറി) പോകാനാവില്ല” എന്ന് പറയുകയാണ്, മറ്റൊരു കുട്ടനിർമ്മാതാവായ 35 വയസ്സുള്ള ജമീല ഖാത്തൂൻ. ഗ്രാമത്തിലെ മറ്റ് വീടുകളെപ്പോലെപ്പോലെത്തന്നെ, അവരുടെ വീട്ടിലും കക്കൂസോ, അടുക്കളയിൽ ഗ്യാസ് കണക്ഷനോ ഒന്നുമില്ല. “ഞങ്ങൾക്ക് സ്വകാര്യ സ്കൂളുകൾ താങ്ങാനാവില്ല. മറ്റ് സംസ്ഥാനങ്ങളിലേക്ക് പോയാൽ, കുട്ടികളുടെ പഠനം തകരാറിലാവും”, നാ-മാതിയിലെ ഈ താമസക്കാരി, തന്റെ വീടിന്റെ മുമ്പിലിരുന്നുകൊണ്ട് പറഞ്ഞു.

ഇന്നത്തെ ബംഗ്ലാദേശിലെ മൈമൻസിംഗ് എന്ന ഗ്രാമം, കൊളോണിയൽ കാലഘട്ടത്തിലെ അവിഭാജിത ബംഗ്ലാദേശിന്റെ ഭാഗമായിരുന്ന കാലത്ത് അവിടെനിന്ന് ഇങ്ങോട്ട് കുടിയേറിയവരുടെ പിന്മുറക്കാരാണ് ഈ ഗ്രാമത്തിലെ മുളങ്കൊട്ട നിർമ്മാതാക്കൾ. ‘മിയ’ എന്ന വാക്കിന്റെ ശരിയായ അർത്ഥം ‘മാന്യൻ’ എന്നാണെങ്കിലും, സംസ്ഥാനത്തിലെ, ബംഗ്ലാ ഭാഷ സംസാരിക്കുന്ന ‘അനധികൃത കുടിയേറ്റ“ക്കാരെ അധിക്ഷേപിക്കാൻ അസമിലെ ദേശീയ സ്വത്വവാദികൾ ഉപയോഗിക്കുന്ന വാക്കായി അത് പരിണമിച്ചിരിക്കുന്നു.

PHOTO • Mahibul Hoque
PHOTO • Mahibul Hoque

ഇടത്ത്: നാ-മാതി ഗ്രാമം, മുളങ്കൊട്ട നെയ്ത്തുകാരുടെ കേന്ദ്രമാണ്. അവരിൽ മിക്കവരും മിയ സമുദായക്കാരാണ്. ചെറുപ്പം മുതലേ മുളങ്കൊട്ട നെയ്യുന്നയാളാണ് മിയാരുദ്ദീൻ. മുളങ്കൊട്ട വിറ്റ്, അഞ്ചംഗങ്ങളുള്ള കുടുംബത്തെയാണ് അയാൾ പോറ്റുന്നത്

PHOTO • Mahibul Hoque
PHOTO • Mahibul Hoque

അടിഭാഗമാണ് (ഇടത്ത്) കുട്ടയുടെ വലിപ്പം നിർണ്ണയിക്കുന്നത്. അടിഭാഗം ഉണ്ടാക്കിക്കഴിഞ്ഞാൽ, സ്ത്രീകൾ മുളയുടെ മെലിഞ്ഞ ചീന്തുകൾ അതിൽ നെയ്തുപിടിപ്പിക്കും (വലത്ത്)

ഗുവഹത്തിയിൽനിന്ന് 110 കിലോമീറ്റർ അകലെ സ്ഥിതി ചെയ്യുന്ന നാ-മാതി ഗ്രാമം ദരാംഗ് ജില്ലയിലെ പരമ്പരാഗത മുളങ്കൊട്ട നെയ്ത്തിന്റെ കേന്ദ്രമാണ്. ഖാസ എന്നാണ് ആ കുട്ടകൾ അറിയപ്പെടുന്നത്. മൺപാതകളും ഇടവഴികളും കടന്നുവേണം, ഏകദേശം 50 കുടുംബങ്ങൾ രണ്ട് ഭാഗങ്ങളിലായി താ‍മസിക്കുന്ന ആ ഗ്രാമത്തിലെത്താൻ. മുളങ്കൊണ്ടുള്ളതോ, തകരം മേഞ്ഞതോ ആയ വീടുകൾ തിങ്ങിപ്പാർക്കുന്ന സ്ഥലത്താണ് ബംഗാളി സംസാരിക്കുന്ന ഈ മുസ്ലിം കുടുംബങ്ങൾ ജീവിക്കുന്നത്. ചുരുക്കം ചില കൊൺക്രീറ്റ് വീടുകളും കാണാം. തംഗ്നി നദിയുടെ വെള്ളപ്പൊക്ക സമതലത്തിലാണ് ആ ഗ്രാമം.

പ്രദേശത്തിന്റെ പേര് – ഖാസ്പാട്ടി എന്നതിന്റെ അർത്ഥം, ‘മുളങ്കൊട്ട അയൽ‌വക്കം’ എന്നാണ്. മിക്ക വീടുകളുടേയും ചുറ്റിലുമായി മുളങ്കൊട്ടകൾ കാണാം. “ഞാൻ ജനിക്കുന്നതിനുമുന്നേ, ഈ ഭാഗത്തെ ആളുകൾ, ലാല്പൂൽ, ബെച്ചിമാരി, ബാലുഗാംവ് എന്നിവിടങ്ങളിലെ ദിവസ-ആഴ്ച ചന്തക്കാർക്കും മുളങ്കൊട്ടകൾ വിറ്റിരുന്നു“, ചപ്പോരി ഭാഗത്തെ തന്റെ വീടിന്റെ പുറത്തിരുന്ന് മുളങ്കൊട്ടകൾ നെയ്തിരുന്ന 30 വയസ്സുള്ള മൂർഷിദ ബീഗം പറയുന്നു.

ഹനീഫിന്റെ കുടുംബത്തിലെ മൂന്ന് തലമുറ ഈ വ്യാപാരത്തിലായിരുന്നു. “ഖാസ്പട്ടി എന്ന് സൂചിപ്പിച്ചാൽത്തന്നെ, ആളുകൾക്കറിയാം നിങ്ങൾ ഏത് ഗ്രാമത്തെക്കുറിച്ചാണ് പറയുന്നതെന്ന്. എല്ലാവരും ഈ തൊഴിലിലല്ലെങ്കിലും, ഖാസ നെയ്ത്തുകാരുടെ ആദ്യത്തെ തലമുറ ഇവിടെനിന്നാണ് ജോലി തുടങ്ങിയത്.

ഈ കരവേലയെ നിലനിർത്തുന്നതിന് സർക്കാരിന്റെ സഹായം ലഭിക്കുന്നതിനായി, ഒരു സ്വയം സഹായ സംഘം (എസ്.എച്ച്.ജി – സെൽ‌ഫ് ഹെൽ‌പ്പ് ഗ്രൂപ്പ്) രജിസ്റ്റർ ചെയ്യാനുള്ള ശ്രമത്തിലാണ് ഹനീഫ്. “സർക്കാർ ഞങ്ങൾക്ക്, ഒരു വർക്ക്ഷോപ്പ് സ്ഥാപിക്കാനുള്ള സാങ്കേതികവും സാമ്പത്തികവുമായ സഹായം നൽകുകയാണെങ്കിൽ ഈ കരവേല നിലനിൽക്കും”, അദ്ദേഹം പ്രതീക്ഷ പ്രകടിപ്പിക്കുന്നു.

ഈ കരവേലയിൽ ഏർപ്പെട്ടിരിക്കുന്ന മുസ്ലിം സമുദായം പറയുന്നത്, “ഭൂരഹിതരായതിനാൽ, കൃഷി ചെയ്യാൻ സാധിക്കാതിരുന്നതുകൊണ്ടാണ് ഈ തൊഴിലിൽ എത്തിച്ചേർന്നത്” എന്നാണ്. “ഈ പ്രദേശം മുഖ്യമായും കൃഷിയെ ആശ്രയിക്കുന്നതിനാൽ, പച്ചക്കറി വ്യാപാരത്തിന്റെ അനിവാര്യഘടകമായി കൊട്ട നെയ്ത്ത് മാറി”, വാർഡ് എ-യിലെ സാമൂഹികപ്രവർത്തകനും, കുട്ടനെയ്ത്തുകാരനുമായ 61 വയസ്സുള്ള അബ്ദുൾ ജലീൽ പറയുന്നു.

“നാട്ടുകാർക്ക്, അവരുടെ ഉത്പന്നങ്ങൾ ചന്തയിലേക്ക് കൊണ്ടുപോകാൻ തുക്രികൾ ആവശ്യമായിരുന്നു. പച്ചക്കറികൾ പൊതിഞ്ഞ് കൊണ്ടുപോകാൻ കച്ചവടക്കാർക്കും ഇത് വേണ്ടിവന്നു. അതിനാൽ, തലമുറകളായി ഞങ്ങളീ കൊട്ടകൾ നെയ്യുന്നു”, അദ്ദേഹം വിശദീകരിച്ചു.


PHOTO • Mahibul Hoque
PHOTO • Mahibul Hoque

ഇടത്ത്: മൂർഷിദാ ബീഗത്തിന്റെ പ്രദേശത്തെ ധാരാളം കുടുംബങ്ങൾ കർണ്ണാടക, കേരളം തുടങ്ങിയ സംസ്ഥാനങ്ങളിലേക്ക് പോയിക്കഴിഞ്ഞു. വലത്ത്: ‘ഞങ്ങൾ ഈ തൊഴിലിൽ ഞങ്ങളുടെ വിയർപ്പും രക്തവും ചിലവഴിക്കുന്നു.  എന്നാൽ ന്യായമായ വില കിട്ടുന്നില്ല’, സാമൂഹിക പ്രവർത്തകനും കുട്ടനെയ്ത്തുകാരനുമായ അബ്ദുൾ ജലീൽ പറയുന്നു

PHOTO • Mahibul Hoque
PHOTO • Mahibul Hoque

ഇടത്ത്: രണ്ട് പതിറ്റാണ്ടിലേറെയായി, കുട്ടനെയ്ത്തുകാർക്ക് മുള വിൽക്കുകയാണ് മുൻസെർ അലി. വലത്ത്: വില്പനയിലെ കുറവുമൂലം, നെയ്ത്തുകാരുടെ വീടിന്റെ ചുറ്റും കൊട്ടകൾ കെട്ടിക്കിടക്കുന്നു

അസംസ്കൃത പദാർത്ഥങ്ങൾ കിട്ടാനുള്ള അമിതമായ ചിലവുമൂലമാണ് മുളങ്കൊട്ടകൾക്ക് വില കൂടാനുള്ള കാരണമെന്ന് തൊഴിലാളികൾ പറയുന്നു. 50 രൂപ വിലയുള്ള ഓരോ കുട്ടയും നിർമ്മിക്കാൻ മുളയ്ക്കും നാരിനും നെയ്ത്തുകാരുടെ കൂലിക്കും കടത്തുകൂലിക്കുമായി  40രൂപ ചിലവുണ്ടെന്ന് മുളവേലക്കാരനായ 43 വയസ്സുള്ള അഫാജുദ്ദീൻ പറയുന്നു.

വിവിധ സ്ഥലങ്ങളിൽനിന്ന് മുളകൾ വാങ്ങി ബെചിമാരി ബാസാറിൽ വിൽക്കുകയാണ്, കഴിഞ്ഞ രണ്ട് പതിറ്റാണ്ടായി മുൻസെർ അലി. ഗതാഗതമാന് ഏറ്റവും ബുദ്ധിമുട്ടെന്ന് 43 വയസ്സുള്ള അയാൾ പറയുന്നു. വാഹനത്തിൽ അധികഭാരം കയറ്റിയാൽ മോട്ടോർ വെഹിക്കിൾസ് (അമെന്റ്മെന്റ്) ആക്ട് 2019 അനുസരിച്ച് 20,000 രൂപ പിഴയടയ്ക്കണം. ഓരോ അധിക ടണ്ണിനും 2,000 രൂപ വേറെയും പിഴ അടയ്ക്കണം.

എന്നാൽ, മുളകൾ കണ്ടെത്തേണ്ട ബാധ്യത സംസ്ഥാന ബാംബൂ മിഷനും വനംവകുപ്പിന്റേയും പഞ്ചായത്തുകളുടേയും വിവിധ ഏജൻസികൾക്കുമാണെന്ന് ഹാൻഡിക്രാഫ്റ്റ് പോളിസി ഓഫ് അസം ( 2022 ) ചൂണ്ടിക്കാട്ടുന്നുമുണ്ട്.

വിലയിലെ വർദ്ധനവുമൂലം മുൻസെർ അലിക്ക് തന്റെ മുഖ്യ ഉപഭോക്താക്കളെ – മുളങ്കൊട്ട നെയ്ത്തുകാരെ – നഷ്ടമായി. “ഒരു മുളങ്കമ്പ് വാങ്ങാൻ അവർ 130-150 രൂപ കൊടുക്കണം. 100 രൂപയ്ക്ക് വിൽക്കേണ്ടിവന്നാൽ പിന്നെ എന്താണ് മിച്ചം?” അദ്ദേഹം ചോദിക്കുന്നു.

*****

ഖാസ നെയ്യുന്ന നീണ്ട പ്രക്രിയ ആരംഭിക്കുന്നത്, മുളകൾ കണ്ടെത്തുന്നതിലൂടെയാണെന്ന്, അബ്ദുൾ ജലീൽ പറയുന്നു. “20, 30 വർഷങ്ങൾക്ക് മുമ്പ് ഞങ്ങൾ ദരാംഗിലെ ഗ്രാമങ്ങളിൽ മുളകൾ ശേഖരിക്കാൻ പോയിരുന്നു. എന്നാൽ മുളന്തോട്ടങ്ങൾ ക്ഷയിച്ചതോടെ, അത് കിട്ടാൻ ബുദ്ധിമുട്ടായി. കർബി അംഗ്‌ലോഗ്, ലഖിം‌‌പുർ ജില്ലകൾ, അരുണാചൽ പ്രദേശ്, മറ്റ് മലമ്പ്രദേശങ്ങൾ എന്നിവിടങ്ങളിൽനിന്ന് വ്യാപാരികൾ അത് കൊണ്ടുവരാൻ തുടങ്ങി”.

അസമിലെ അപ്രത്യക്ഷരാവുന്ന മുളങ്കൊട്ട നെയ്ത്തുകാർ

നാ-മാതിയിലെ വിവിധ കുടുംബങ്ങൾ മുളകൊണ്ടുള്ള പണികളിൽ പങ്കെടുക്കുന്നു. എന്നാലിന്ന്, ആ പണിക്കാർ കേരളത്തിലേയും കർണ്ണാടകയിലേയും കാപ്പിത്തോട്ടങ്ങളിലേക്ക് തൊഴിൽ തേടി പോയതിനാൽ അവരുടെ വീടുകൾ ഒഴിഞ്ഞുകിടക്കുന്നു

ഒരു മുളമരം നെയ്ത്തുകാരന്റെ വീട്ടിലെത്തിയാൽ, കുടുംബത്തിലെ പുരുഷന്മാർ ചേർന്ന്, അതിന്റെ അടിഭാഗത്തുനിന്ന് 3.5 അടിമുതൽ 4.5 അടിവരെയുള്ള വിവിധ വലിപ്പങ്ങളിൽ നാരുകൾ മുറിക്കുന്നു. കുട്ടയുടെ അടിവശം ഉണ്ടാക്കാൻ. കൊട്ട ബന്ധിക്കാനായി, എട്ട്, 12, അല്ലെങ്കിൽ 16 അടിയുള്ള നാരുകൾ, മുളയുടെ നടുഭാഗത്തുനിന്ന് മുറിക്കും. കൊട്ടയുടെ മുകൾഭാഗമുണ്ടാക്കാനാണ് മുളയുടെ മുകളറ്റത്തെ നാരുകൾ ഉപയോഗിക്കുന്നത്.

പ്രായേണ കട്ടിയുള്ള നാരുകളാണ് കൊട്ടയുടെ അടിഭാഗം കെട്ടാനായി ഉപയോഗിക്കുന്നത്. “അടിഭാഗമാണ് കൊട്ടയുടെ വലിപ്പം നിർണ്ണയിക്കുന്നത്. അടിഭാഗമുണ്ടാക്കിക്കഴിഞ്ഞാൽ, സ്ത്രീകളും കുട്ടികളും ചേർന്ന് നടുഭാഗത്തുനിന്നുള്ള ചെറിയ നാരുകളെടുത്ത് നെയ്യും. പെച്നീബീട്ടീ എന്നാണ് ഈ നാരുകളെ വിളിക്കുക” ജലീൽ വിശദീകരിക്കുന്നു.

“മുകൾഭാഗത്ത്, കട്ടിയുള്ള മുളനാരിന്റെ രണ്ടോ മൂന്നോ പാളികൾ ഉപയോഗിച്ചുകഴിഞ്ഞാൽ നെയ്ത്തിന്റെ പ്രക്രിയ അവസാനിക്കുന്നു. പീച്ച്നി എന്നാണ് അതിന് പറയുക. കൊട്ട പൂർത്തിയാക്കാൻ, അടിവശത്തെ ബാക്കിയാവുന്ന അറ്റങ്ങൾ പൊട്ടിച്ച്, നെയ്തുകഴിഞ്ഞ മുളനാരുകളിലേക്ക് ഇറക്കിവെക്കുന്നു. മുരിഭംഗ എന്നാണ് ഞങ്ങളതിനെ വിളിക്കുക”, അദ്ദേഹം കൂട്ടിച്ചേർത്തു.

ആദ്യാവസാനം, ഈ പണി, കൈകൊണ്ടാണ് ചെയ്യുന്നതെന്ന് മൂർഷിദ പറയുന്നു. “മുളയെ, ആവശ്യമുള്ള വലിപ്പത്തിൽ മുറിക്കാൻ ഞങ്ങൾ ഒരു അരകത്തി ഉപയോഗിക്കുന്നു. മുളയുടെ തണ്ട് കഷണങ്ങളാക്കാൻ ഒരു അരിവാളോ, മഴുവോ ഉപയോഗിക്കുന്നു. മുളനാരുകളുണ്ടാക്കാൻ മൂർച്ചയുള്ള അരിവാളുകളാണ് ഞങ്ങൾ ഉപയോഗിക്കുക. കൊട്ടയുടെ മുകളറ്റങ്ങൾ കൂട്ടിക്കെട്ടാൻ, ഉളിയുടെ ആകൃതിയുള്ള ഒരു ഉപകരണം ഉപയോഗിക്കാറുണ്ട്. തോലിർബീട്ടി, പീച്ച്നിബീട്ടി യിലേക്ക് ഇറക്കാൻ.

ഓരോ കൊട്ടയും നെയ്യാൻ 20-25 മിനിറ്റെടുക്കും; മൂരിഭംഗ, ടോലിഭംഗ പ്രക്രിയകൾ ഒഴിച്ചുള്ള പണിക്ക്. ആഴ്ചച്ചന്തയുടെ തലേന്ന്, സ്ത്രീകൾ ചിലപ്പോൾ രാത്രിയും ഏറെ നേരമിരുന്ന് ആവുന്നത്ര കൊട്ടകൾ തീർക്കും. ഇത് അവരുടെ ആരോഗ്യത്തെയും ബാധിക്കുന്നുണ്ട്.

“പുറം‌വേദന, കൈകളിൽ മുറിവുകൾ, മുളയുടെ അറ്റം‌കൊണ്ടുണ്ടാവുന്ന പരിക്കുകൾ, ഇതൊക്കെ അനുഭവിക്കേണ്ടിവരും”, മൂർഷിദ പറയുന്നു.  “ചിലപ്പോൾ, മുളയുടെ സൂചിപോലുള്ള ഭാഗങ്ങൾ തൊലിയിൽ കുത്തിക്കയറും, നല്ല വേദനയാണ്. ആഴ്ചച്ചന്തയ്ക്ക് മുമ്പ്, ഞങ്ങൾ രാത്രിയും പിറ്റേന്ന് പകലുമിരുന്ന് പണിയെടുക്കും. അതിന്റെ പിറ്റേന്ന്, വേദനകൊണ്ട് ഉറങ്ങാൻ പറ്റാറില്ല”.

മൃണാളിനി മുഖർജി ഫൗണ്ടേഷൻ (എം.എം.എഫ്) നൽകിയ ഫെല്ലോഷിപ്പിന്റെ സഹായത്തോടെയാണ് ഈ ലേഖനം പൂർത്തിയാക്കിയിട്ടുള്ളത്.

പരിഭാഷ: രാജീവ് ചേലനാട്ട്

Mahibul Hoque

ਮਹੀਬੁਲ ਹੱਕ ਅਸਾਮ ਅਧਾਰਤ ਮਲਟੀਮੀਡੀਆ ਪੱਤਰਕਾਰ ਅਤੇ ਖੋਜਕਰਤਾ ਹਨ। ਉਹ ਸਾਲ 2023 ਲਈ ਪਾਰੀ-ਐੱਮਐੱਮਐੱਫ ਫੈਲੋ ਹੈ।

Other stories by Mahibul Hoque
Editor : Shaoni Sarkar

ਸ਼ਾਓਨੀ ਸਰਕਾਰ ਕੋਲਕਾਤਾ ਅਧਾਰਤ ਸੁਤੰਤਰ ਪੱਤਰਕਾਰ ਹਨ।

Other stories by Shaoni Sarkar
Translator : Rajeeve Chelanat

Rajeeve Chelanat is based out of Palakkad, Kerala. After spending 25 years of professional life in the Gulf and Iraq, he returned home to work as a proof reader in the daily, Mathrubhumi. Presently, he is working as a Malayalam translator.

Other stories by Rajeeve Chelanat