ഒരു ചെറുപ്പക്കാരൻ താത്ക്കാലിക സ്റ്റേജിലേക്ക് ചാടിക്കയറി, നൃത്തം ചെയ്തുകൊണ്ടിരുന്ന 10 വയസ്സുകാരി മുസ്കാന്റെ കൈയ്യിൽ കയറിപ്പിടിച്ചു. “നിന്നെ ഞാനിപ്പോൾ കാച്ചിയാൽ നീ നൃത്തം ചെയ്യാൻ തുടങ്ങും”.
അവൻ മുസ്കാനെ ഭീഷണിപ്പെടുത്തിയപ്പോൾ ബാക്കിയുള്ള സദസ്സ് ആർത്തുവിളിച്ചു. ബിഹാറിലെ കിഴക്കൻ ചമ്പാരൻ ജില്ലയിൽ കൂടിയിരിക്കുന്ന ആർത്തുവിളിക്കുന്ന ആൾക്കൂട്ടത്തിനിടയിൽവെച്ച്, ഒരു അശ്ലീല ഭോജ്പുരി ഗാനത്തിനൊപ്പം നൃത്തം ചെയ്യാൻ വിസമ്മതിക്കുക മാത്രമാണ് അവൾ ചെയ്ത ഒരേയൊരു കുറ്റം.
റുണാലി ഓർക്കസ്ട്രാ ഗ്രൂപ്പിലെ അംഗമാണ് അവൾ. നാട്ടിൽ ഓർക്കസ്ട്ര എന്നുമാത്രം അറിയപ്പെടുന്ന ഒരു ഗാന-നൃത്ത സംഘത്തിലെ ഏഴ് നർത്തകരിൽ ഒരാളായിരുന്നു മുസ്കാൻ. ചിരയ്യ ബ്ലോക്കിലെ ദുർഗാ പൂജ ഉത്സവത്തിന്റെ ഭാഗമായി സംഘടിപ്പിക്കപ്പെട്ട ഒരു പരിപാടിയായിരുന്നു അത്.
“ഇത്തരം ഭീഷണികളൊക്കെ ഞങ്ങൾക്ക് പതിവാണ്”, ഏകദേശം മൂന്ന് വർഷമായി ഈ ഓർക്കസ്ട്രയിൽ ജോലി ചെയ്യുന്ന മുസ്കാൻ പറയുന്നു.
എന്നാൽ ചിലപ്പോൾ ഭീഷണി പിന്നെ ലൈംഗികാതിക്രമമായും മാറുകയും ചെയ്യും. “പുരുഷന്മാർ അരയിൽ ചുറ്റിപ്പിടിക്കുകയോ, കൈകൾ ബ്ലൌസിനകത്തേക്ക് കടത്തുകയോ ഒക്കെ ചെയ്യും. ഇത് ഇവിടെ ദിവസവും നടക്കുന്നതാണ്”, രാധ എന്ന ഒരു നർത്തകി പറയുന്നു.
ബിഹാറിലുടനീളം, ഉത്സവങ്ങൾക്കും, സ്വകാര്യ പാർട്ടികൾക്കും വിവാഹങ്ങൾക്കും ഓർക്കസ്ട്ര പരിപാടി പതിവാണ്. ഒരു നൃത്തത്തിന് ഇത്ര രൂപ എന്ന നിരക്കിലാണ് നർത്തകികൾക്ക് പ്രതിഫലം കൊടുക്കുക. 1,500-നും 2,000 രൂപയ്ക്കും ഇടയിലാവും അത്. ഏറ്റവും പരിചയസമ്പന്നയായ കലാകാരിക്കുപോലും ഒരവതരണത്തിന് 5,000 രൂപയിൽക്കൂടുതൽ കിട്ടാറില്ല. കൂടുതൽ അവസരങ്ങൾ കിട്ടാനായി, നർത്തകർ പലപ്പോഴും ഒന്നിൽക്കൂടുതൽ ഓർക്കസ്ട്ര സംഘാടകരുമായി ബന്ധപ്പെടുന്നതും പതിവാണ്.
“ഇന്ത്യയുടെ വിവിധഭാഗങ്ങളിൽനിന്നും നേപ്പാളിൽനിന്നുമുള്ള 200-നടുത്ത് പെൺകുട്ടികൾ സോണേപ്പുർ മേളയിൽ നൃത്തം അവതരിപ്പിക്കാൻ ഓർക്കസ്ട്ര സംഘങ്ങളിൽ വരാറുണ്ട്. ബിഹാറിലെ സരൺ ജില്ലയിൽ വർഷാവർഷം നടക്കുന്ന സോണേപ്പുർ മേളയിലെ ഒരു സംഘാടകനുമായുള്ള പരിചയത്തിലൂടെയാണ് മുസ്കാൻ നർത്തകിയായി സംഘത്തിൽ ചേർന്നത്. പതുക്കെപ്പതുക്കെ അവർ നൃത്തകലയിൽ വൈദഗ്ദ്ധ്യം നേടിയെടുത്തു.
ഇത്തരം പരിപാടികളിൽ 15-നും 35-നും ഇടയിൽ പ്രായമുള്ള പെൺകുട്ടികളെയാണ് സംഘാടകർ തിരഞ്ഞെടുക്കുക. “ചില പെൺകുട്ടികൾ ഇപ്പോഴും അവരുടെ കുടുംബങ്ങളുമായി ബന്ധം പുലർത്താറുണ്ട്. വർഷത്തിൽ ഒന്നോ രണ്ടോ തവണ അവർ സ്വന്തം വീടുകളിലേക്ക് പോകാറുമുണ്ട്”, മുസ്കാൻ പറയുന്നു. “അവർ ചെയ്യുന്ന ജോലിയെക്കുറിച്ചൊക്കെ അവരുടെ കുടുംബങ്ങൾക്കും അറിയാം. അവർക്കും പണം ആവശ്യമാണ്. ഈ തൊഴിലുകൊണ്ടാണ് കുടുംബവും പുലരുന്നത്”, കുടുംബങ്ങൾ ഇതിനെ എതിർക്കാത്തതിന്റെ കാരണം വിശദീകരിക്കുകയായിരുന്നു അവർ.
അപമാനങ്ങൾ നേരിടേണ്ടിവരാറുണ്ടെങ്കിലും ഓർക്കസ്ട്രകളിൽ നൃത്തം ചെയ്യുന്നത്, ജീവിക്കാൻ മുസ്കാനെ സഹായിക്കുന്നു. അതുകൊണ്ടുമാത്രമാണ് അവരതിൽ തുടരുന്നതും. 13 വയസ്സുള്ളപ്പോൾ കൊൽക്കൊത്തയിൽനിന്നുള്ള ഒരു 29 വയസ്സുകാരനുമായി അവരുടെ വിവാഹം കഴിഞ്ഞതാണ്. ഭർത്തൃവീട്ടിൽനിന്നുള്ള ഉപദ്രവങ്ങൾ സഹിക്കാൻ പറ്റാതെ, മൂന്ന് വർഷത്തിനുശേഷം അവർ അവിടെനിന്ന് ഇറങ്ങിപ്പോന്നു.
“ഞാൻ ഒരു പെൺകുട്ടിയെ പ്രസവിച്ചത് അയാൾക്ക് (ഭർത്താവിന്) ഇഷ്ടപ്പെട്ടില്ല. അയാൾക്ക് അതിനെ വിൽക്കാനായിരുന്നു ആഗ്രഹം”, മുസ്കാൻ പറയുന്നു. ഒരുവയസ്സുള്ള മകളുമായി ബിഹാറിലേക്ക് മടങ്ങിയത് അവർ ഓർത്തെടുത്തു. അതിനുശേഷമാണ് സോണേപ്പുർ മേളയിൽ അവർ ജോലി കണ്ടെത്തിയത്.
ഓർക്കസ്ട്രയിലെ നർത്തകർക്കെതിരേ വലിയ വിവേചനമാണ് നടക്കുന്നത്. അവരുടെ അടിസ്ഥാന ആവശ്യങ്ങളെപ്പോലും ബാധിക്കുന്ന വിവേചനം. “വീട് കണ്ടെത്താൻ ഞങ്ങൾ ബുദ്ധിമുട്ടുന്നു”, മസ്കനും മകളും പാറ്റ്നയുടെ വെളിയിലുള്ള ദിഘ എന്ന സ്ഥലത്ത് ഒരു വാടകവീട്ടിലാണ് താമസം. നർത്തകിമാരായി ജോലിചെയ്യുന്ന മറ്റ് ആറ് സ്ത്രീകളാണ് ആ ഇരുമുറി വീട്ടിൽ അവരുടെ കൂടെ താമസിക്കുന്നത്. “ഇവിടെ ഇവരോടൊപ്പം താമസിക്കാനാണ് എനിക്കിഷ്ടം. വാടക കുറവാണ്. എല്ലാ ചിലവുകളും ഞങ്ങൾ പങ്കിട്ടെടുക്കുന്നു”, മുസ്കാൻ പറയുന്നു.
ഉപദ്രവങ്ങളും വിവേചനങ്ങളും നേരിടേണ്ടിവരുന്നുണ്ടെങ്കിലും, ശാരീരികമായി ഉപദ്രവിക്കുന്ന ഭർത്താവിന്റെ കൂടെ ജീവിക്കുന്നതിനേക്കാൾ ഇതാണ് ഭേദമെന്ന് അവർ പറയുന്നു. “ഇവിടെ അവർ വന്ന് ദേഹത്തൊക്കെ തൊട്ട് പൊയ്ക്കോളും. ദിവസേന ബലാത്ക്കാരം അനുഭവിക്കുന്നതിനേക്കാൾ ഭേദമല്ലേ ഇത്?”, അവർ ചോദിക്കുന്നു.
ഓർക്കസ്ട്രയിലെ ജീവിതത്തിൽനിന്ന് പീഡനങ്ങൾ സഹിക്കേണ്ടിവന്നതുകൊണ്ട്, തന്റെ മകൾ ഒരിക്കലും ഈ തൊഴിൽ തിരഞ്ഞെടുക്കരുതെന്നാണ് മുസ്കാൻ ആഗ്രഹിക്കുന്നത്. അവൾ പഠിച്ച്, ‘അന്തസ്സുള്ള ഒരു ജീവിതം’ നയിക്കണമെന്ന് അവർ പറയുന്നു. മസ്കൻ പ്രാഥമിക വിദ്യാഭ്യാസം പൂർത്തിയാക്കിയിട്ടുണ്ട്. അതിനുശേഷമായിരുന്നു അവരുടെ വിവാഹം.
“പക്ഷേ ഇവിടെ ഞങ്ങൾ പലർക്കും ഐ.ഡി (തിരിച്ചറിയൽ രേഖ) ഇല്ല”. മുസ്കാൻ പറയുന്നു. അത് സ്കൂൾ പ്രവേശനത്തിന് തടസ്സമാണ്. ഈ രേഖകളില്ലാതെ അവളെ എങ്ങിനെ സ്കൂളിലേക്കയയ്ക്കുമെന്ന് എനിക്കറിയില്ല. എനിക്ക് സഹായം ആവശ്യമാണ്. പക്ഷേ എവിടെനിന്ന് കിട്ടുമെന്ന് അറിയില്ല”, മസ്കൻ പറയുന്നു.
ഓർക്കസ്ട്രയുടെ പരിപാടിക്കായി പാറ്റ്നയിലെത്തുമ്പോൾ മുസ്കാന്റെ കൂടെ താമസിക്കുന്ന പ്രിയ ഒരു ഡ്യുവറ്റ് (രണ്ടുപേർ ഒരുമിച്ച് അവതരിപ്പിക്കുന്നത്) നർത്തകിയാണ്. 16 വയസ്സുമുതൽ ഭർത്താവിന്റെ കൂടെ നർത്തകിയായി പരിപാടികൾ അവതരിപ്പിക്കുകയാണ് അവർ.
“എനിക്കിത് തുടർന്നുപോകാൻ ആവില്ല”, ഇപ്പോൾ 20 വയസ്സായ പ്രിയ പറയുന്നു. ഭർത്താവിനോടൊപ്പം ഒരു പലചരക്കുകട തുടങ്ങാനാണ് അവരുടെ ആഗ്രഹം. “അടുത്തുതന്നെ പ്രസവമുണ്ടായേക്കും. ഞങ്ങളുടെ കുട്ടിക്ക് ഈ ഓർക്കസ്ട്ര മേഖലയുമായി ഒരു ബന്ധവുമുണ്ടാവരുതെന്നാണ് ഞങ്ങൾ ആഗ്രഹിക്കുന്നത്”.
മറ്റൊരു നർത്തകിയായ മനീഷ, 10-ആം ക്ലാസ് പൂർത്തിയാക്കിയതിന് ശേഷമാണ് ഓർക്കസ്ട്രയിൽ നൃത്തം അവതരിപ്പിക്കാൻ തുടങ്ങിയത്. അച്ഛൻ മരിച്ചുപോയിരുന്നു. വീട്ടുജോലിക്കാരിയായ അമ്മയുടെ ശമ്പളംകൊണ്ട് ജീവിക്കാൻ കഴിയുമായിരുന്നില്ല. “ഇത് താത്ക്കാലികമായ ജോലിയാണ്. ഇവിടെ ഞാൻ അധികകാലം നിൽക്കില്ല. ആവശ്യത്തിന് പൈസ സമ്പാദിച്ചുകഴിഞ്ഞാൽ ഞാൻ വീട്ടിൽ തിരിച്ചുപോയി നല്ലൊരാളെ വിവാഹവും കഴിച്ച് ജീവിക്കും”, അവർ പറയുന്നു.
ബിഹാറിന്റെ സരൺ ജില്ലയിലെ ചപ്ട പട്ടണത്തിനടുത്തുള്ള ജൻത ബാസാർ എന്ന പ്രദേശിക മാർക്കറ്റിനടുത്തുള്ള തെരുവുകളിൽ, ഓർക്കസ്ട്ര സംഘാടകരുടെ ഓഫീസുകൾ നിരനിരയായി കാണാം. ഒരു ഓർക്കസ്ട്ര സംഘത്തിന്റെ സംഘാടകനായ വിക്കി പറയുന്നു, “ഓർക്കസ്ട്ര നർത്തകരുടെ മൊത്ത കമ്പോളം പോലെയാണ് ജൻത ബാസാർ”.
നർത്തകിമാർ അനുഭവിക്കുന്ന പീഡനങ്ങളെക്കുറിച്ച് വിക്കി പറയുന്നു, “നർത്തകിമാരെ പൊതുവെ ‘മോശം സ്ത്രീകളായിട്ടാണ് കാണുകയും പെരുമാറുകയും ചെയ്യുന്നത്. എന്നാൽ എന്നാൽ അവരെ ഉപദ്രവിക്കുന്ന പുരുഷന്മാരെക്കുറിച്ച് ആരും ഒന്നും പറയുന്നില്ല”, വിക്കി പറയുന്നു. “ഞാൻ വിവാഹിതനാണ്. കുടുംബവുമുണ്ട്. ഞാൻ എന്റെ നർത്തകിമാരെ എന്റെ സ്വന്തം കുടുംബമായിട്ടാണ് കാണുന്നത്” എന്ന് കൂട്ടിച്ചേർക്കാനും അയാൾ മറന്നില്ല. വലിയ പരിപാടികളൊക്കെ സംഘടിപ്പിക്കേണ്ടിവരുമ്പോൾ സുരക്ഷാജീവനക്കാരെ വാടകയ്ക്കെടുക്കേണ്ടിവരാറുണ്ടെന്ന് വിക്കി സൂചിപ്പിക്കുന്നു.
“പി.പി.യിലാണ് പീഡനങ്ങൾ അധികവും നടക്കുക”, വിക്കി വിശദീകരിച്ചു. ‘പി.പി.’ എന്നതുകൊണ്ട്, പ്രൈവറ്റ് പാർട്ടി (സ്വകാര്യ ചടങ്ങുകൾ) എന്നാണ് അയാൾ അർത്ഥമാക്കിയത്. സമൂഹത്തിലെ ഉന്നതർ നടത്തുന്ന ചടങ്ങുകളാണത്. “പൊലീസുകാരുടെ മുമ്പിൽവെച്ചുപോലും നർത്തകിമാർ പലപ്പോഴും അപമാനിക്കപ്പെടാറുണ്ട്”, മറ്റൊരു സംഘാടകനായ രാജു പറയുന്നു.
ഈ റിപ്പോർട്ടിലെ പേരുകൾ യഥാർത്ഥമല്ല.
പരിഭാഷ: രാജീവ് ചേലനാട്ട്