മുംബൈയുടെ എല്ലാ മൂലകളും മെട്രോ-എക്സ്പ്രസ്സ് പാതകള്‍ മുഖേന ബന്ധിപ്പിക്കപ്പെടുമ്പോഴും ദാമുനഗർ നിവാസികൾ ബുദ്ധിമുട്ടുകള്‍ നേരിടുകയാണ് - അവരുടെ ചെറിയ ദൂരംപോലും ബുദ്ധിമുട്ടുകള്‍ നിറഞ്ഞതാണ്. അതായത് തുറസായ സ്ഥലത്ത് അവർ ഇപ്പോഴും മല വിസർജ്ജനം നടത്തുന്ന സ്ഥലത്തെത്താൻ. അതിനായി, തദ്ദേശവാസികൾ പറയുന്നതനുസരിച്ച്, ഒരടി ഉയരമുള്ള മതിൽ കടന്ന് അന്തരീക്ഷത്തിൽ മലത്തിന്‍റെ ദുർഗ്ഗന്ധം നിറഞ്ഞുനിൽക്കുന്ന സ്ഥലത്തുകൂടെ മാലിന്യ കൂമ്പാരങ്ങളിലൂടെ നടക്കണം.
ഇല്ല. “സ്വകാര്യത എന്നൊന്ന് ഇവിടില്ല”, വളരെക്കാലമായി ദാമുനഗറിൽ താമസിക്കുന്ന 51-കാരിയായ മീരാ യേഡെ പറയുന്നു. “സ്ത്രീകളായ ഞങ്ങൾ എന്തെങ്കിലും നടപ്പ് ശബ്ദം കേട്ടാൽ എഴുന്നേറ്റു നിൽക്കണം”. ഈ സ്ഥലം വർഷങ്ങളായി സ്ത്രീകൾക്കും പുരുഷന്മാർക്കും വേണ്ടി യഥാക്രമം ഇടതും വലതുമായി തിരിച്ചിരിക്കുന്നു. “പക്ഷെ, ഇത് ചെറിയൊരു ദൂരമാണ്: ഒരുപക്ഷെ ഏതാനും മീറ്ററുകൾ മാത്രം. ആരെങ്കിലും ഇത് അളന്നിട്ടുണ്ടോ?” രണ്ട് ഭാഗങ്ങളേയും വേർതിരിക്കുന്ന പ്രത്യക്ഷമായ എന്തെങ്കിലും വേലിയോ മതിലോ ഇവിടില്ല.
കൂടുതലാളുകളും ഒന്നാം തലമുറയിലോ രണ്ടാം തലമുറയിലോ പെട്ട ഗ്രാമീണ കുടിയേറ്റക്കാരായ ദാമുനഗറിലെ താമസക്കാരെ സംബന്ധിച്ചിടത്തോളം, ഉത്തര മുംബൈ നിയോജക മണ്ഡലത്തിന്‍റെ ഈ ഭാഗത്തും നടക്കുന്ന തിരഞ്ഞെടുപ്പിനും അപ്പുറം നിൽക്കുന്ന ഒരു പ്രശ്നമാണിത്. പതിനെട്ടാം ലോക്സഭയിലേക്കുള്ള 543 പാർലമെന്‍റ് അംഗങ്ങളെ പല ഘട്ടങ്ങളായി വോട്ടെടുപ്പിലൂടെ തിരഞ്ഞെടുക്കുന്നത് രാജ്യം കാണുമ്പോഴും അവരെ അലട്ടുന്ന ഒന്നാണിത്. എന്നിരിക്കിലും “രാജ്യത്ത് നടക്കുന്നതെല്ലാം നല്ലതാണ് എന്നൊരു കഥ ഇന്ന് സൃഷ്ടിക്കപ്പെട്ടിരിക്കുന്നു”, മീരയുടെ മകനായ പ്രകാശ് യേഡെ പറയുന്നു. ലോഹ ഷീറ്റ് മേൽക്കൂരയുള്ള തന്‍റെ വീടിന്‍റെ ഉമ്മറപ്പടിയിലിരുന്ന് പ്രകാശ് ഞങ്ങളോട് സംസാരിക്കുകയാണ്. കുറഞ്ഞ ചൂടുള്ളപ്പോൾ പോലും ലോഹ ഷീറ്റ് മൂലം അകത്ത് ചൂട് കൂടാനുള്ള സാദ്ധ്യതയുണ്ട്.
“രാജ്യത്തിന്‍റെ ഈ പ്രദേശത്തെ യഥാർത്ഥ പ്രശ്നങ്ങൾ ആർക്കും പറയേണ്ട”, മുപ്പതുകാരനായ പ്രകാശ് പറയുന്നു. ദാമുനഗറിലെ പതിനോരായിരത്തിലധികം നിവാസികൾ കക്കൂസ്, വെള്ളം, വൈദ്യുതി എന്നിവയുടെ അഭാവത്താൽ എങ്ങിനെയാണ് ബുദ്ധിമുട്ടുകളും അപകട സാദ്ധ്യതകളും നേരിടുന്നത് എന്നതിലേക്ക് അദ്ദേഹം ശ്രദ്ധ ക്ഷണിക്കുകയാണ്. സെൻസസ് രേഖകളിൽ ഭീംനഗർ എന്നും അറിയപ്പെടുന്ന, ദാമുനഗർ എന്ന ചേരിയിൽ ഉറപ്പില്ലാത്ത ഭിത്തികളോടും ടാർപോളിൻ, ഷീറ്റിട്ട മേൽക്കൂര എന്നിവകളോടും കൂടിയ രണ്ടായിരത്തിമുന്നൂറിധികം വീടുകളുണ്ട്. സഞ്ജയ് ഗാന്ധി നാഷണൽ പാർക്കിലെ ഒരുയര്‍ന്ന പ്രദേശത്ത് ഇവയെല്ലാം ഉയർന്നുനിൽക്കുന്നു. ഇടുങ്ങിയതും നിരപ്പല്ലാത്തതും കല്ലുകൾ നിറഞ്ഞതുമായ പാതകളിലൂടെ ഒഴുകുന്ന മലിനജലത്തിൽ ചവിട്ടാതെ വേണം നിങ്ങൾക്ക് ഈ വീടുകളിൽ എത്താന്‍.
എന്നിരിക്കലും, കഴിഞ്ഞ തിരഞ്ഞെടുപ്പുകളിലേതു പോലെ, ഇവിടുത്തെ ആളുകളുടെ വോട്ടുകൾ അടിസ്ഥാന സൗകര്യങ്ങളുടെ അഭാവവുമായി മാത്രമല്ല ബന്ധപ്പെടുന്നത്.
“ഇതെല്ലാം വാർത്തകളെ സംബന്ധിക്കുന്നതാണ്. വാർത്തകൾ സത്യസന്ധമായിരിക്കണം. ഞങ്ങളെപ്പോലുള്ള ആളുകളെക്കുറിച്ച് മാധ്യമങ്ങൾ സത്യം പറയുന്നില്ല”, പ്രകാശ് യേഡെ പറയുന്നു. തെറ്റായ വിവരങ്ങളെക്കുറിച്ചും വ്യാജവും പക്ഷപാതപരവുമായ വാർത്തകളെക്കുറിച്ചും അദ്ദേഹം പിറുപിറുത്തു. “എന്താണ് കാണുന്നത് കേൾക്കുന്നത് എന്നതിന്‍റെ അടിസ്ഥാനത്തിലാണ് ആളുകൾ വോട്ട് ചെയ്യുന്നത്. അവർ കാണുന്നതും കേൾക്കുന്നതും എല്ലാം പ്രധാനമന്ത്രി നരേന്ദ്രമോദിയെക്കുറിച്ചുള്ള സ്തുതികളാണ്.”
പരസ്യങ്ങളില്ലാത്ത, സ്വതന്ത്രങ്ങളായ മാധ്യമ വേദികളാണ് പ്രകാശിന് ലഭിക്കുന്ന വിവരങ്ങളുടെ പ്രധാന സ്രോതസ്സ്. “ഇവിടെ എന്‍റെ പ്രായത്തിലുള്ള നിരവധി പേർക്കും ജോലിയില്ല. വീട്ടുകാര്യങ്ങളിലും കായിക തൊഴിലുകളിലുമാണ് അവർ ഏർപ്പെട്ടിരിക്കുന്നത്. 12-ാം ക്ലാസ് ജയിച്ച വളരെ കുറച്ചുപേർക്ക് മാത്രം വൈറ്റ് കോളർ ജോലിയുണ്ട്”, രാജ്യത്തിന് മുഴുവൻ ബാധകമായ, യുവാക്കൾക്കിടയിലെ തൊഴിലില്ലായ്മയെക്കുറിച്ച് അദ്ദേഹം പറയുന്നു.
12-ാം ക്ലാസ് ജയിച്ച പ്രകാശ് മാലാഡിലെ ഒരു സ്വകാര്യ സ്ഥാപനത്തിനുവേണ്ടി പ്രതിമാസം 15,000 രൂപ ശമ്പളത്തിൽ ഫോട്ടോ എഡിറ്ററായി ജോലി നോക്കിയിരുന്നു - നിര്‍മ്മിതബുദ്ധിയില്‍ (എ.ഐ.) അധിഷ്ടിതമായ സാങ്കേതികവിദ്യ ജോലിയില്ലാതാക്കുന്നതുവരെ. “അമ്പതോളം ജീവനക്കാർ പുറത്താക്കപ്പെട്ടു. എനിക്കും തൊഴിലില്ലാതായിട്ട് ഒരു മാസമായി”, അദ്ദേഹം പറഞ്ഞു.
തൊഴിൽരഹിതര്‍ക്കിടയിലെ വിദ്യാസമ്പന്നരായ യുവജനങ്ങളുടെ വിഹിതം ദേശവ്യാപകമായി വർദ്ധിച്ചിട്ടുണ്ട്. ഇന്ത്യ എംപ്ലോയ്മെന്‍റ് റിപ്പോർട്ട്-2024 പ്രകാരം, അത് 2000-ലെ 54.2 ശതമാനത്തിൽ നിന്നും 2022 ആയപ്പോൾ 65.7 ശതമാനമായി വർദ്ധിച്ചു. അന്താരാഷ്ട്ര തൊഴിൽ സംഘടനയും (ഐ.എൽ.ഓ.) ഹ്യൂമൻ ഡെവലപ്മെന്‍റ് ഇൻസ്റ്റിറ്റ്യൂട്ടും ചേർന്ന് ഡൽഹിയിൽ മാർച്ച് 26-നാണ് പ്രസ്തുത റിപ്പോർട്ട് പുറത്തുവിട്ടത്.
പ്രകാശിന്‍റെ വരുമാനം കുടുംബത്തിന്‍റെ പുരോഗതിക്ക് വളരെ പ്രധാനപ്പെട്ടതായിരുന്നു. കഴിഞ്ഞ രണ്ട് വർഷത്തിനുള്ളിലായിരുന്നു ഈയൊരു നേട്ടം അദ്ദേഹം കൈവരിച്ചത്. ഒരു ദുരന്തത്തിന് ശേഷമുണ്ടായ വിജയമാണ് അദ്ദേഹത്തിൻ്റെ കഥ. 2015-ൽ ഒരിക്കൽ തുടർച്ചയായി പാചകവാതക സിലിണ്ടറുകൾ പൊട്ടിത്തെറിച്ചതിന്‍റെ ഫലമായി ദാമുനഗറിനെ അഗ്നി വിഴുങ്ങി . യേഡെ കുടുംബവും അതിന്‍റെ തിക്തഫലങ്ങൾ അനുഭവിച്ചവരുടെ കൂട്ടത്തിൽ പെടുന്നു. “ശരീരത്തുള്ള വസ്ത്രങ്ങൾ മാത്രമായി ഞങ്ങളോടി. എല്ലാം ചാരമായി - രേഖകൾ, ആഭരണങ്ങൾ, ഗൃഹോപകരണങ്ങൾ, പാത്രങ്ങൾ, ഇലക്ട്രോണിക് സാധനങ്ങൾ, അങ്ങിനെ എല്ലാം.” മീര ഓർമിച്ചെടുത്തു.
“വിനോദ് താവ്ഡെ [മഹാരാഷ്ട്ര വിദ്യാഭ്യാസ വകുപ്പ് മന്ത്രിയും ബോരിവ്ലി അസംബ്ലി മണ്ഡലത്തിൽ നിന്നുള്ള എം.എൽ.എ.യുമായ വ്യക്തി] ഞങ്ങൾക്ക് ഒരു മാസത്തിനകം മികച്ച വീടുകൾ നിർമ്മിച്ച് നൽകുമെന്ന് വാഗ്ദാനം ചെയ്തു”, തീപിടുത്തത്തിന് ശേഷം തങ്ങൾക്ക് ലഭിച്ച ഉറപ്പിനെക്കുറിച്ച് ഓർമിച്ചെടുത്ത് പ്രകാശ് പറഞ്ഞു.
അതിനുശേഷം ഇപ്പോൾ എട്ടു വർഷങ്ങൾ കഴിഞ്ഞു. പിന്നീട് 2019-ലെ തിരഞ്ഞെടുപ്പിലും അതേ വർഷം തന്നെ നടന്ന അസംബ്ലി തിരഞ്ഞെടുപ്പിലും അവർ വോട്ട് ചെയ്തു. ജീവിതം അങ്ങനെ തന്നെ അവശേഷിക്കുകയാണ്. 1970-കളിൽ മുംബൈയിൽ നിന്നും ജാൽന ജില്ലയിലേക്ക് കുടിയേറിയ ഭൂരഹിത കർഷക തൊഴിലാളികൾ ആയിരുന്നു പ്രകാശിന്‍റെ മുത്തശ്ശീ-മുത്തശ്ശന്മാർ.
അദ്ദേഹത്തിന്‍റെ അച്ഛൻ 58-കാരനായ ധ്യാൻദേവ് ഇപ്പോഴും ഒരു പെയിന്ററായും അമ്മ മീര ഒരു കരാർ സഫായ് കർമചാരി യായും ജോലി നോക്കുന്നു. അവർ വീടുകളിൽ നിന്നും പാഴ്വസ്തുക്കൾ ശേഖരിക്കും. “പ്രകാശിന്‍റെ ശമ്പളമുൾപ്പെടെ ഞങ്ങൾ മൂന്നുപേരും ചേർന്ന് പ്രതിമാസം 30,000 രൂപ ഉണ്ടാക്കിയിരുന്നു. സിലിണ്ടറുകൾ, എണ്ണ, ധാന്യങ്ങൾ, ഭക്ഷണസാധനങ്ങൾ എല്ലാം ചേർത്ത് കാര്യങ്ങളൊക്കെ മുന്നോട്ടു നീക്കാൻ ഞങ്ങൾ തുടങ്ങിയിരുന്നു”, മീര പറഞ്ഞു.
ജീവിതം വീണ്ടും കരുപ്പിടിപ്പിക്കാൻ ഓരോ തവണയും അവർ ശ്രമം നടത്തുമ്പോൾ പുതിയ ദുരന്തങ്ങൾ സംഭവിക്കും. “തീപിടിച്ചതിനുശേഷം നോട്ടുനിരോധനം ഉണ്ടായി. പിന്നെ കൊറോണ, ലോക്ക്ഡൗൺ. സർക്കാരിൽ നിന്ന് ആശ്വാസമൊന്നും ലഭിക്കുന്നില്ല”, അവർ പറഞ്ഞു.
മോദി സർക്കാരിന്‍റെ പ്രധാനമന്ത്രി ആവാസ് യോജന മിഷന്‍റെ കീഴിൽ വരുന്ന “എല്ലാവർക്കും വീട് (നഗരത്തിലുള്ളവര്‍ക്ക്)” എന്ന പദ്ധതി 2022-ഓടെ യോഗ്യതയുള്ള എല്ലാ കുടുംബങ്ങൾക്കും വീട് നൽകാൻ ലക്ഷ്യമിട്ടിരുന്നു. തന്‍റെ കുടുംബം അതിനുള്ള 'യോഗ്യത' നേടാൻ പ്രകാശ് ശ്രമിച്ചുകൊണ്ടിരിക്കുന്നു.
“എന്‍റെ കുടുംബത്തിന് പദ്ധതിയുടെ ആനുകൂല്യങ്ങൾ ലഭിക്കാൻ ഞാൻ ശ്രമിച്ചുകൊണ്ടിരിക്കുന്നു. പക്ഷെ വരുമാനത്തിനുള്ള തെളിവോ സാധുവായ രേഖകളോ ഇല്ലാതെ ഞാൻ ഒരിക്കലും അതിന് യോഗ്യത നേടില്ല”, അദ്ദേഹം പറയുന്നു.
മഹാരാഷ്ട്രയിലെ വിദ്യാഭ്യാസ അവകാശ നിയമത്തിന്‍റെ ( ആർ.ടി.ഇ. ) ചട്ടങ്ങളുമായി ബന്ധപ്പെട്ട് ഈ വർഷം (2024) ഫെബ്രുവരിയിൽ സംസ്ഥാന സർക്കാർ ഇറക്കിയ വിജ്ഞാപനം കൂടുതൽ കുഴപ്പം നിറഞ്ഞതാണെന്ന് അദ്ദേഹം മനസ്സിലാക്കുന്നു. ഈ ഭേദഗതി അനുസരിച്ച് ഒരു സർക്കാർ സ്ക്കൂൾ, അല്ലെങ്കിൽ സർക്കാർ സഹായത്താൽ പ്രവർത്തിക്കുന്ന ഒരു സ്ക്കൂൾ പാർശ്വവത്കൃത വിഭാഗത്തിൽ പെട്ട ഒരു കുട്ടിയുടെ വീടിന് ഒരു കിലോമീറ്റർ ചുറ്റളവിൽ ഉണ്ടെങ്കിൽ ആ കുട്ടിയെ ആ സ്ക്കൂളിൽ ചേർത്തിരിക്കണം. ആർ.ടി.ഇ. പ്രകാരമുള്ള 25 ശതമാനം വിഹിതത്തില്‍ പെടുത്തി പാർശ്വവത്കൃത സമുദായങ്ങളിലെ കുട്ടികൾക്ക് പ്രവേശനം നൽകുന്നതിൽ നിന്ന് ഇംഗ്ലീഷ് മീഡിയം സ്‌കൂളുകൾ ഉൾപ്പെടെയുള്ള സ്വകാര്യ സ്ഥാപനങ്ങൾക്ക് വിലക്കേർപ്പെടുത്തിയിരിക്കുന്നു എന്നാണ് ഇതിനർത്ഥം. “അത് യഥാർത്ഥത്തിൽ ആർ.ടി.ഇ. നിയമത്തെത്തന്നെ സംശയിക്കാൻ കാരണമാകുന്നു”, അനുദനിത് ശിക്ഷ ബചാവോ സമിതി (Save the Aided Schools Association - എയ്ഡഡ് വിദ്യാലയ സംരക്ഷണ സംഘടന) എന്ന സംഘടനയിൽ നിന്നുള്ള പ്രൊഫ. സുധീർ പരാഞ്ജപെ പാരിയോട് പറഞ്ഞു.
“ഇത്തരം തീരുമാനങ്ങൾ കൊണ്ട് ഗുണമേന്മയുള്ള വിദ്യാഭ്യാസം നേടാൻ നമുക്ക് കഴിയില്ല. അതുറപ്പാക്കുന്ന ഒരേയൊരു നിയമം ഇനിമേൽ നിലവിലില്ല (ഈ വിജ്ഞാപനത്തോടെ). അപ്പോൾ നമ്മൾ എങ്ങനെ പുരോഗതി പ്രാപിക്കും?” അദ്ദേഹം വേദനയോടെ ചോദിക്കുന്നു.
പ്രകാശിനും ദാമുനഗറിലെ മറ്റുള്ളവർക്കും മുന്നോട്ടുള്ള ഒരേയൊരു മാർഗ്ഗം വരും തലമുറയ്ക്ക് ഗുണമേന്മയുള്ള വിദ്യാഭ്യാസം നൽകുക എന്നുള്ളതാണ്. ദാമുനഗറിലെ കുട്ടികളുടെ പാർശ്വവൽകൃതാവസ്ഥയിൽ ഒട്ടും സംശയിക്കേണ്ട കാര്യമില്ല. ഇവിടുത്തെ നിവാസികളിലെ ഭൂരിഭാഗവും നവ ബുദ്ധമതക്കാരാണ്, അതായത് ദളിതർ. അവരിൽ ചിലർ ഈ ചേരിയിൽ നാലു ദശകങ്ങളോളമായി താമസിക്കുന്നവരാണ്. സംസ്ഥാനത്ത് കെടുതികൾക്ക് കാരണമായ 1972-ലെ കടുത്ത വരൾച്ചയുടെ സമയത്ത് സോലാപൂരിൽ നിന്നും ജാൽനയിൽ നിന്നും മുംബൈയിലേക്ക് കുടിയേറിയവരാണ് അവിടെയുള്ള നിരവധി പേരുടെയും മാതാപിതാക്കളും മുത്തശ്ശീ-മുത്തശ്ശന്മാരും.
വിദ്യാഭ്യാസാവകാശം ലഭിക്കുന്നതും നിലനിർത്തുന്നതുമായ കാര്യങ്ങളിൽ മാത്രമല്ല അവർ ബുദ്ധിമുട്ട് നേരിടുന്നത്. പ്രകാശിന്‍റെ അയൽവാസിയായ ആബാസാഹേബ് മസ്‌കെ നടത്താൻ ശ്രമിച്ച ചെറിയൊരു 'ദീപ കുപ്പി' (Light bottle) സംരംഭവും പരാജയപ്പെട്ടു. “ഈ പദ്ധതികളൊക്കെ പേരിൽ മാത്രമേയുള്ളൂ”, 43-കാരനായ മസ്കെ പറയുന്നു. “മുദ്രാ യോജനയിൽ നിന്നും ഒരു വായ്പയെടുക്കാൻ ഞാൻ ശ്രമിച്ചു. പക്ഷെ എനിക്കത് കിട്ടിയില്ല. കാരണം ഞാൻ ബ്ലാക്ക്ലിസ്റ്റിൽ പെട്ടിരുന്നു. ഒരു ബാങ്കിൽ നിന്നും 10,000 രൂപ വായ്പ എടുത്തതിന്‍റെ തിരിച്ചടവിൽ ഒരു ഇ.എം.ഐ. മുടങ്ങി - ഒരെണ്ണം മാത്രം.”
ഗ്രാമ-നഗര പ്രദേശങ്ങളിലെ ദരിദ്രർക്ക് വിവിധ ആരോഗ്യ, ക്ഷേമ പദ്ധതികൾ ലഭിക്കുന്നതുമായി ബന്ധപ്പെട്ട സാഹചര്യങ്ങളെപ്പറ്റി പാരി (PARI) സ്ഥിരമായി റിപ്പോർട്ട് ചെയ്തുകൊണ്ടിരിക്കുന്നു. [ഉദാഹരണത്തിനായി വായിക്കുക: 'സൗജന്യചികിത്സയ്ക്ക് കൊടുക്കേണ്ടി വരുന്ന വലിയ വില , ' എന്‍റെ കൊച്ചുമക്കൾ അവരുടെ വീടുകൾ സ്വയം നിർമിക്കും '].
മസ്കെ തന്‍റെ പണിശാലയും കുടുംബവും ഓടിക്കുന്നത് ഒരു 10x10 അടി മുറിയിലാണ്. വീട്ടിലേക്ക് പ്രവേശിക്കുമ്പോൾ ഇടതുവശത്ത് കാണുന്നത് അടുക്കളയും മോരി യും [കുളിമുറി]. അതിനടുത്തായി കുപ്പികൾ അലങ്കരിക്കാനുള്ള എല്ലാ വസ്തുക്കളും അറകളിൽ ചിട്ടയായി സൂക്ഷിച്ചിരിക്കുന്നു.
“ഈ ലൈറ്റുകൾ ഞാൻ കാണ്ടിവ്ലിയിലും മാലാഡും കൊണ്ടുനടന്നു വിൽക്കും. മദ്യവിൽപനശാലകളിൽ നിന്നും ആക്രി സാധനങ്ങൾ കൈകാര്യം ചെയ്യുന്നവരിൽ നിന്നും അദ്ദേഹം കുപ്പികൾ ശേഖരിക്കുന്നു. “വിമൽ [അദ്ദേഹത്തിന്‍റെ ഭാര്യ] അവ വൃത്തിയാക്കാനും കഴുകാനും ഉണങ്ങാനും സഹായിക്കുന്നു. പിന്നീട് ഞാൻ ഓരോ കുപ്പിയും കൃത്രിമ പൂക്കൾ കൊണ്ടും നൂലുകൾ കൊണ്ടും അലങ്കരിക്കും. പിന്നെ ഞാൻ വയറുകളും ബാറ്ററികളും ഘടിപ്പിക്കുന്നു”, എന്ന് പറഞ്ഞുകൊണ്ട് അദ്ദേഹം 'ദീപ കുപ്പികൾ' ഉണ്ടാക്കുന്ന പ്രക്രിയ ചുരുക്കി വിവരിച്ചു. “
“ആദ്യം ഞാന്‍ നാല് എല്‍.ആര്‍.44 ബാറ്ററികൾ ഘടിപ്പിക്കുകയും അവയെ എല്‍.ഇ.ഡി. ലൈറ്റ് സ്ട്രിംഗുകളുമായി ബന്ധിപ്പിക്കുകയും ചെയ്യും. പിന്നീട് ഞാൻ കുപ്പിക്കകത്തേക്ക് ആ ലൈറ്റ് തള്ളിക്കയറ്റുന്നു. ലാമ്പ് റെഡിയായി. ബാറ്ററി ഓണാക്കുകയും ഓഫാക്കുകയും ചെയ്യുന്ന സ്വച്ച് ഉപയോഗിച്ച് പിന്നീടവ പ്രവർത്തിപ്പിക്കാം.” ചില ആളുകൾ തങ്ങളുടെ വീടുകളിൽ ഉപയോഗിക്കാൻ ഇഷ്ടപ്പെടുന്ന ഈ അലങ്കാര ദീപങ്ങളിൽ പിന്നീടദ്ദേഹം ചില കലാപരമായ മിനുക്കുപണികൾ നടത്തുന്നു.
“കലയോടെനിക്ക് തീവ്രമായ ഇഷ്ടമുണ്ട്, എന്‍റെ കഴിവുകൾ എനിക്ക് വർദ്ധിപ്പിക്കണം, അങ്ങനെ എനിക്ക് കൂടുതൽ വരുമാനം നേടാനും മൂന്നു പുത്രിമാർക്ക് നല്ല വിദ്യാഭ്യാസം കൊടുക്കാനും കഴിയും”, ആബാസാഹേബ് മസ്കെ പറയുന്നു. ഓരോ കുപ്പിയും ഉണ്ടാക്കിയെടുക്കുന്നതിന് 30 മുതൽ 40 രൂപ വരെ ചിലവാകും. ഓരോ ലൈറ്റും 200 രൂപയ്ക്കാണ് മസ്കെ വിൽക്കുന്നത്. അദ്ദേഹത്തിൻ്റെ പ്രതിമാസ വരുമാനം പലപ്പോഴും 500 രൂപയിൽ താഴെയാണ്. “പ്രതിമാസം 30 ദിവസത്തെ അധ്വാനത്തിനുശേഷം എനിക്ക് ലഭിക്കുന്നത് 10,000 മുതൽ 12,000 രൂപ വരെയാണ്”, അദ്ദേഹം പറയുന്നു. അതിനർത്ഥം ഒരു ദിവസം ഏകദേശം രണ്ട് കുപ്പിയാണ് അദ്ദേഹത്തിന് വിൽക്കാൻ സാധിക്കുന്നത് എന്നാണ്. “അഞ്ച് പേരുള്ള ഒരു കുടുംബം നോക്കാൻ ഈ പണംകൊണ്ട് ബുദ്ധിമുട്ടാണ്”, അദ്ദേഹം പറയുന്നു. ജയ്ന ജില്ലയിലെ ജയ്ന താലൂക്കിലെ തേർഗാംവ് ഗ്രാമവാസിയാണ് മാസ്കേ.
തന്‍റെ ഒന്നരയേക്കർ ഭൂമിയിൽ സോയാബീനും ജോവരിയും കൃഷി ചെയ്യുന്നതിന് ഏതാണ്ട് ജൂൺ മാസത്തോടുകൂടി അദ്ദേഹം ഒറ്റയ്ക്ക് ഗ്രാമത്തിലേക്ക് തിരിക്കുന്നു. “ഞാൻ എപ്പോഴും പരാജയപ്പെടുന്നു, മഴ കുറവായതിനാൽ നല്ല വിളവ് ഒരിക്കലും ലഭിക്കില്ല”, അദ്ദേഹം പരാതിപ്പെട്ടു. കഴിഞ്ഞ കുറച്ചു മാസങ്ങളായി അദ്ദേഹം കൃഷി നിർത്തിവച്ചിരിക്കുകയാണ്.
2011-ലെ സെൻസസിൽ രേഖപ്പെടുത്തിയിരിക്കുന്ന ഇന്ത്യയിലെ ആറരക്കോടിയിലധികം ചേരി നിവാസികളുടെ വളരെ ചെറിയൊരു ഭാഗം മാത്രമാണ് ദാമുനഗർ ചേരിയിലെ പ്രകാശ്, മീര, മസ്കെ എന്നിവരും മറ്റുള്ളവരും. പക്ഷെ മറ്റ് ചേരി നിവാസികളോടൊപ്പം അവർ ഉൾപ്പെടുന്ന ആർ/എസ് മുനിസിപ്പൽ വാർഡിലെ ഗണ്യമായ ഒരു വോട്ട് ബാങ്കാണ് അവര്‍.
“ചേരികൾ ഗ്രാമീണ കുടിയേറ്റക്കാരുടെ വ്യത്യസ്തമായ ഒരു ദുനിയാവാണ്”, ആബാസാഹേബ് പറയുന്നു.
മേയ് 20-ന് കാൻഡിവലിയിലെ ജനങ്ങൾ മുംബൈ നോർത്ത് ലോകസഭാ സീറ്റിലേക്ക് വോട്ട് ചെയ്യും. ഈ പാർലമെന്‍റ് നിയോജകമണ്ഡലത്തിലെ നിലവിലെ എം.പി. ഭാരതീയ ജനതാ പാർട്ടിയിൽപ്പെടുന്ന ഗോപാൽ ഷെട്ടി 2019-ൽ കോൺഗ്രസ്സ് പാർട്ടിയിലെ ഊർമ്മിള മതോണ്ഡ്കറിനെതിരെ നാലരലക്ഷം വോട്ടുകളുടെ വ്യത്യാസത്തിലാണ് വിജയിച്ചത്.
ഇത്തവണ ബി.ജെ.പി. ഗോപാൽ ഷെട്ടിക്ക് ടിക്കറ്റ് നിഷേധിച്ചു. പകരം കേന്ദ്രമന്ത്രിയായ പിയൂഷ് ഗോയലാണ് ഉത്തര മുംബൈയിൽ നിന്നും മത്സരിക്കുന്നത്. “ബി.ജെ.പി. രണ്ടുതവണ [2014-ലും 2019-ലും] അവിടെ നിന്നും ജയിച്ചിട്ടുണ്ട്. അതിനുമുൻപ് കോൺഗ്രസ് ആയിരുന്നു. പക്ഷെ എൻ്റെ നോട്ടത്തിൽ ബി.ജെ.പി.യുടെ തീരുമാനങ്ങൾ പാവങ്ങൾക്ക് അനുകൂലമല്ല”, ആബാസാഹേബ് മസ്കെ പറഞ്ഞു.
ഇ.വി.എം.കളുടെ കാര്യത്തിൽ സംശയാലുവായ മീര യേഡെക്ക് പേപ്പർ ബാലറ്റിലാണ് വിശ്വാസം. “ഈ വോട്ടിംഗ് യന്ത്രങ്ങൾ വ്യാജമാണെന്ന് എനിക്ക് തോന്നുന്നു. കടലാസ് വോട്ടെടുപ്പ് മെച്ചപ്പെട്ടതായിരുന്നു. ആ രീതിയിൽ ആർക്കാണ് ഞാൻ വോട്ട് ചെയ്തതെന്ന് എനിക്ക് ഉറപ്പാക്കാൻ പറ്റുമായിരുന്നു”, മീര പറഞ്ഞു.
വാർത്തകളെക്കുറിച്ചും തെറ്റായ വിവരങ്ങളെക്കുറിച്ചും തൊഴിൽരഹിതനായ പ്രകാശിന്‍റെ കാഴ്ചപ്പാടുകൾ; സഫായ് കര്‍മചാരിയായ മീരയ്ക്ക് ഇ.വി.എം.കളിലുള്ള അവിശ്വാസം; സർക്കാർ പദ്ധതികളുടെ സഹായത്താൽ സ്വന്തമായി ഒരു ചെറു സംരംഭം ആരംഭിക്കുന്നതിൽ മസ്കെ നേരിട്ട പരാജയങ്ങൾ: ഇവയ്ക്കെല്ലാം ഓരോ കഥ പറയാനുണ്ട്.
“ഞങ്ങളുടെ ആശങ്കകൾ പ്രതിനിധീകരിക്കുന്ന ഒരു നല്ല സ്ഥാനാർത്ഥിക്ക് വോട്ട് ചെയ്യാൻ കഴിയുമെന്ന് ഞാൻ പ്രതീക്ഷിക്കുന്നു”, പ്രകാശ് പറഞ്ഞു.
“ഇതുവരെ ജയിച്ചത് ആരൊക്കെയാണെങ്കിലും അവരൊന്നും ഒരു വികസനവും ഞങ്ങൾക്കായി കൊണ്ടുവന്നിട്ടില്ല. ആർക്ക് വോട്ട് ചെയ്താലും ഞങ്ങളുടെ സമരം എപ്പോഴും ഒരുപോലായിരുന്നു. ഞങ്ങളുടെ കഠിനാധ്വാനം മാത്രമാണ് ഞങ്ങളെ നിലനിർത്തുന്നത്, ജയിക്കുന്ന നേതാവിന്‍റേതല്ല. ജീവിതം ഉണ്ടാക്കിയെടുക്കുന്നത് ഞങ്ങൾ തന്നെ പരിശ്രമിക്കണം, വിജയികളായ നേതാക്കളല്ല”, മീര പറഞ്ഞു.
“ഈ തിരഞ്ഞെടുപ്പ് അടിസ്ഥാന ആവശ്യങ്ങൾക്കായി മാത്രമാണെന്ന് എനിക്ക് തോന്നുന്നില്ല. മറിച്ച് ഞങ്ങളെപ്പോലെ ഇല്ലായ്മക്കാരായ പൗരന്മാരുടെ അവകാശങ്ങൾ നിലനിർത്തുന്നതിനാണ്”, ബാബാസാഹേബ് ഉപസംഹരിക്കുന്നു. മറ്റു വാക്കുകളിൽ പറഞ്ഞാൽ ദാമുനഗറിലെ ജനങ്ങൾ ജനാധിപത്യത്തിന് വോട്ട് ചെയ്യും.
പരിഭാഷ: റെന്നിമോന്‍ കെ. സി.