മത്സ്യബന്ധനവ്യവസായത്തിൽ ഐസ് വിൽക്കുന്നവർക്ക് നിർണ്ണായകമായ സ്ഥാനമുണ്ട്. വിശേഷിച്ചും, തമിഴ് നാടിന്റെ തീരപ്രദേശമായ ഗൂഡല്ലൂരുപോലെയുള്ള തിരക്കുപിടിച്ച ഒരു മത്സ്യബന്ധന ഹാർബറിൽ. ഇവിടെ, നഗരത്തിലെ ഓൾഡ് ടൌൺ ഹാർബറിൽ വലിയ കമ്പനികൾ മത്സ്യവ്യാപാരികൾക്കും യന്ത്രബോട്ടുകൾക്കും മൊത്തമായി ഐസ് വിൽക്കുന്നുണ്ട്.
മത്സ്യത്തൊഴിലാളികൾക്കും മത്സ്യ കച്ചവടം ചെയ്യുന്ന സ്ത്രീകൾക്കും ഐസ് വിൽക്കുന്ന കവിത സ്വന്തമായ ഒരു സ്ഥാനം നേടിയെടുത്തിരിക്കുന്നു. 800 രൂപവീതം കൊടുത്താണ് അവർ വലിയ ഐസ് കട്ടകൾ വാങ്ങുന്നത്. അത് എട്ട് ചെറിയ കഷണങ്ങളായി പിന്നെയും മുറിക്കുന്നു. ഓരോ കഷ്ണത്തിന് 100 രൂപ വിലവരും. ഐസ് മുറിക്കുക എന്നത് അദ്ധ്വാനമുള്ള പണിയാണ്. പ്രതിദിനം 600 രൂപയും രണ്ടുനേരം ഭക്ഷണവും കൊടുത്ത് ഒരു പുരുഷ തൊഴിലാളിയെ കവിത ജോലിക്കെടുത്തിട്ടുണ്ട്.
“ചെറിയ കഷണങ്ങൾ ആവശ്യമുള്ള സ്ത്രീകൾക്ക് ഞാനത് കൊണ്ടുപോയി കൊടുക്കും”, 41 വയസ്സുള്ള കവിത പറഞ്ഞു. “നല്ല അദ്ധ്വാനമുള്ള ജോലിയാണ്. പൈസ സമ്പാദിക്കണമെന്നൊക്കെ ആഗ്രഹമുണ്ടെങ്കിലും, വലിയ കമ്പനികളുമായി നമുക്ക് മത്സരിക്കാനാവില്ല”.
2017-ലാണ് കവിത ഐസ് വിൽക്കാൻ തുടങ്ങിയത്. “എന്റെ ഭർത്തൃപിതാവായ അമൃതലിംഗത്തിന്റെ അദ്ദേഹം ചെയ്തുപോന്നിരുന്ന ഐസ് വില്പനയിൽ ഞാനും ചേർന്നു. എന്റെ ഭർത്താവിന് ആ ജോലിയിൽ താത്പര്യമുണ്ടായിരുന്നില്ല. ഭർത്തൃസഹോദരൻ വിദേശത്ത് ജോലിക്ക് പോയിരുന്നു”.
അഞ്ച് സഹോദരങ്ങളിൽ ഏറ്റവും ഇളയ ആളാണ് കവിത. അവർക്ക് 14 വയസ്സുള്ളപ്പോൾ അച്ഛൻ അസുഖബാധിതനായി. സ്വന്തം നിലയ്ക്ക് മെക്കാനിക്കൽ ജോലി പഠിച്ച് അത് ചെയ്ത് ജീവിച്ചിരുന്ന ആളായിരുന്നു അദ്ദേഹം. ആ സമയത്ത് 9-ആം ക്ലാസ്സിൽ പഠിക്കുകയായിരുന്നു കവിത. പഠനം നിർത്തി, നെൽപ്പാടത്ത് കള പറിക്കലും വിതയ്ക്കലുമായി അമ്മയുടെ കൂടെ കർഷകത്തൊഴിലാളിയായി ജോലി ചെയ്യാൻ തുടങ്ങുകയും ചെയ്തു.














