ഡും-ഡും-ഡും! ശാന്തി നഗർ ബസ്തിയിലൂടെ നടക്കുമ്പോൾ നിങ്ങളെ വിടാതെ പിന്തുടരുകയാന് ധോലക്കുണ്ടാക്കുന്നതിന്റേയും അതിലെ ശ്രുതി-നാദങ്ങളെ മിനുക്കുന്നതിന്റേയും അനിർവചനീയമായ ശബ്ദം. 37 വയസ്സുള്ള ഒരു ധോലക് നിർമ്മാതാവായ ഇർഫാൻ ഷെയ്ക്കിന്റെ കൂടെ നടക്കുകയായിരുന്നു ഞങ്ങൾ. മുംബൈയിലെ വടക്കൻ പ്രദേശങ്ങളിലെ കുടിയേറ്റക്കാരുടെ ബസ്തിയിലെ മറ്റ് കരകൌശലക്കാരെ പരിചയപ്പെടുത്തുകയായിരുന്നു അദ്ദേഹം.
ഇവിടെയുള്ള ഒട്ടുമിക്ക കരകൌശലവിദഗ്ദ്ധരും അവരുടെ വേരുകൾ തേടി പോകുന്നത് ഉത്തർ പ്രദേശിലെ ബാരാബങ്കി ജില്ലയിലേക്കാണ്. ഇവിടെ ഈ തൊഴിൽ ചെയ്യുന്ന 50-ഓളംപേരുണ്ട്. “എവിടെ നോക്കിയാലും, ഈ സംഗീതോപകരണമുണ്ടാക്കുന്ന തിരക്കിൽ ഏർപ്പെട്ടിരിക്കുന്ന ഞങ്ങളുടെ ബിരദാരിയെ (സമുദായത്തെ) നിങ്ങൾക്ക് കാണാം,” അയാൾ പറയുന്നു. മുംബൈയിലേക്കും സംസ്ഥാനത്തിന്റെ മറ്റ് ഭാഗങ്ങളിലേക്കും ധോലക്കുകൾ സഞ്ചരിക്കുന്നത് ഇവിടെനിന്നാണെന്ന് അഭിമാനത്തോടെ പറയുന്നു അയാൾ (ബിരദാരിയെന്നതിന് സാഹോദര്യം എന്നാണ് ശരിക്കുള്ള അർത്ഥമെങ്കിലും, സമുദായം, കുലം തുടങ്ങിയവയും ഇത് സൂചിപ്പിക്കുന്നു)






