ഉമാ പാട്ടീലിന്റെ ഇരുമുറിയുള്ള വീടിന്റെ കോണിലുള്ള ചെറിയ ഇരുമ്പലമാരയിൽ, പതിറ്റാണ്ടുകൾ പഴക്കമുള്ള കൈയ്യെഴുത്ത് രേഖകളാണ്. വലിയ രജിസ്റ്റർ ബുക്കുകളിലും, നോട്ടുപുസ്തകങ്ങളിലും, ഡയറികളിലും, സർവേ ഫോമുകളുടെ കോപ്പി രൂപത്തിലും. കട്ടിയുള്ള പോളിത്തീൻ ബാഗുകളിൽ അവ അട്ടിയട്ടിയായി വെച്ചിരിക്കുന്നു.
കുന്നുകൂടിക്കൊണ്ടിരിക്കുന്ന ഈ കടലാസ്സുകെട്ടുകളിലാണ് മഹാരാഷ്ട്രയിലെ ഗ്രാമീണമേഖലയിലെ ആരോഗ്യരേഖകൾ - കുട്ടികളുടെ ജനനം, പ്രതിരോധ കുത്തിവെപ്പുകൾ, കൌമാരപ്രായക്കാർക്കുള്ള പോഷകാഹാരങ്ങൾ, ഗർഭനിരോധന മാർഗ്ഗങ്ങൾ, ക്ഷയരോഗവിവരങ്ങൾ തുടങ്ങി പലതും അംഗീകൃത സാമൂഹികാരോഗ്യ പ്രവർത്തകർ (ആശ) രേഖപ്പെടുത്തിവെക്കുന്നത്. മഹാരാഷ്ട്രയിലെ സാംഗ്ലി ജില്ലയിലെ മിറാജ് താലൂക്കിലെ ആരാഗ് ഗ്രാമത്തിലെ ആളുകളുടെ ഈ വിവരങ്ങളാണ് 2009 മുതൽ ഉമ വലിയ പുസ്തകങ്ങളിലായി സൂക്ഷിക്കുന്നത്. ആരോഗ്യപ്രശ്നങ്ങളെക്കുറിച്ച് ഗ്രാമത്തിലെ ജനങ്ങളെ കൂടെക്കൂടെ ഓർമ്മിപ്പിക്കുകയും അവർക്ക് മാർഗ്ഗനിർദ്ദേശം നൽകുകയും ചെയ്യുന്നുണ്ട് അവർ.
45 വയസ്സുള്ള ഉമയെപ്പോലെ, മഹാരാഷ്ട്രയുടെ ഗ്രാമീണമേഖലയിൽ 55,000 ആശാപ്രവർത്തകർ ദിവസവും ദീർഘമായ മണിക്കൂറുകളാണ്, അടിസ്ഥാന ആരോഗ്യപരിചരണം ഉറപ്പാക്കാൻ ചിലവിടുന്നത്. ദേശീയ ഗ്രാമീണാരോഗ്യ മിഷ്യബ്റ്റെ (എൻ.ആർ.എച്ച്.എം) കീഴിൽ 2005-ലാണ് ഈ തൊഴിൽസംഘം രൂപവത്കരിക്കപ്പെട്ടത്. 23 ദിവസത്തെ പരിശീലനത്തിനുശേഷമാണ് ഈ സാമൂഹികാരോഗ്യ പ്രവർത്തകരെ – എല്ലാവരും സ്ത്രീകളാണ് – ജോലിയിൽ നിയോഗിക്കുന്നത്. ആദിവാസി ഗ്രാമങ്ങളിൽ, ഓരോ 1,000 പേർക്കും (എട്ടാം ക്ലാസ് വരെ പഠിച്ച) ഒരു ആശാ പ്രവർത്തകയും, ഗോത്രേതര ഗ്രാമങ്ങളിൽ 1,500 പേർക്ക് (പത്താം ക്ലാസ് പാസ്സായ) ഒരു ആശാ പ്രവർത്തകയും ഉണ്ടായിരിക്കണമെന്നാണ് എൻ.ആർ.എച്ച്.എം. നിഷ്കർഷിക്കുന്നത്.
15,600 പേർ താമസിക്കുന്ന ആരാഗ് എന്ന വലിയ ഗ്രാമത്തിൽ, ഉമയോടൊപ്പം മറ്റ് 15 ആശാ പ്രവർത്തകർ ദിവസവും രാവിലെ 10 മണിയോടടുപ്പിച്ച് ജോലിക്കിറങ്ങും. മിറാജ് താലൂക്കിലെ ബേദാഗ്, ഖാത്തവ്, ഷിൻഡേവാഡി, ലക്ഷ്മിവാഡി എന്നീ ഗ്രാമങ്ങൾക്കായുള്ള പി.എച്ച്.സി. (പ്രാഥമികാരോഗ്യ കേന്ദ്രം) ആരാഗിലാണുള്ളത്. ഈ ഗ്രാമങ്ങളിലുള്ള 47,000 ആളുകൾക്കായി 41 ആശാ പ്രവർത്തകരുമുണ്ട്.
ഓരോ ആശാപ്രവർത്തകയും ഓരോ ദിവസവും അവർക്ക് നൽകിയിട്ടുള്ള വീടുകൾ സന്ദർശിക്കും. ജോലിസമയം അഞ്ച് മണിക്കൂറാണെങ്കിലും, അതിൽക്കൂടുതൽ സമയം ദിവസവും അവർക്ക് ജോലി ചെയ്യേണ്ടിവരാറുണ്ട്. “ഗ്രാമത്തിന്റെ ഉള്ളിലുള്ള വീടുകളാണെങ്കിൽ, രണ്ട് മണിക്കൂറിനുള്ളിൽ 10-15 വീടുകൾ സന്ദർശിക്കാൻ സാധിക്കും. എന്നാൽ ചിലത് ഗ്രാമാതിർത്തിയിലോ, പാടങ്ങളിലോ ആയിരിക്കും. അത്തരം സന്ദർഭങ്ങളിൽ, നാല് വീടുകൾ സന്ദർശിക്കാൻതന്നെ അഞ്ച് മണിക്കൂറിൽ കൂടുതലെടുക്കും. കുറ്റിച്ചെടികളും, പാടങ്ങളും, ചളി നിറഞ്ഞ വഴികളും താണ്ടി കിലോമീറ്ററുകളോളം സഞ്ചരിക്കേണ്ടിവരും. മഴക്കാലത്ത് കൂടുതൽ ദുരിതമാണ്”, ഉമ പറയുന്നു.
കുടുംബാംഗങ്ങളൊട്, ആരോഗ്യകാര്യം, ഗർഭനിരോധനം, എന്നിവയെക്കുറിച്ച് സംസാരിക്കുക, പനി, ചുമ തുടങ്ങിയ ചെറിയ അസുഖങ്ങൾക്ക് മരുന്ന് കൊടുക്കുക, ഗർഭിണികളെ പ്രസവത്തിനും, മുലയൂട്ടാനും തയ്യാറാക്കുക, നവജാതശിശുക്കളെ (പ്രത്യേകിച്ചും, ഭാരം കുറഞ്ഞവരേയും മാസം തികയാതെ ജനിച്ചവരേയും) നിരീക്ഷിക്കുക, വയറിളക്കവും, രക്തവിളർച്ചയും, പോഷകാഹാരക്കുറവുമുള്ള കുട്ടികളുടെ കണക്കെടുക്കുക, രോഗപ്രതിരോധ കുത്തിവെപ്പുകൾ എടുത്തിട്ടുണ്ടെന്ന് ഉറപ്പുവരുത്തുക, ക്ഷയം, മലമ്പനി എന്നിവയെ തടയുക, അഥവാ, അതിനുള്ള മരുന്ന് കൊടുക്കുക എന്നിവയെല്ലാം ഗൃഹസന്ദർശനത്തിൽ ഉൾപ്പെടുന്നു.
എണ്ണിയാൽ തീരാത്ത ചുമതലകളാണ്. “ഒരു വീടുപോലും, ആരോഗ്യസർവേയിൽനിന്നോ, ആരോഗ്യപരിചരണത്തിൽനിന്നോ ഒഴിവായിട്ടില്ലെന്ന് ഞങ്ങൾ ഉറപ്പുവരുത്താറുണ്ട്. കുടിയേറ്റത്തൊഴിലാളികളേയും അവരുടെ കുടുംബങ്ങളേയുംപോലും ഞങ്ങൾ ഒഴിവാക്കാറില്ല”, ഉമ പറയുന്നു. തങ്ങളുടെ ഒരേക്കർ പാടത്ത്, ഉമയും ഭർത്താവും കുഞ്ഞൻചോളം (ബേബി കോൺ) കൃഷി ചെയ്യുന്നുമുണ്ട്.
എന്നാൽ, പ്രതിഫലമായി ഒരു ആശാ പ്രവർത്തകയുടെ ശരാശരി മാസവരുമാനം – ‘പ്രോത്സാഹനത്തുക’ അഥവാ, ‘പാരിതോഷികം’ എന്നാണ് സർക്കാർ അതിനെ വിളിക്കുന്നത് – 2,000-ത്തിനും 3,000-ത്തിനും ഇടയിലാണ്. ജോലിക്കനുസരിച്ച്. ഉദാഹരണത്തിന്, വിതരണം ചെയ്യുന്ന ഒരു പാക്കറ്റ് ഗർഭനിരോധന ഉറയ്ക്കും, ഗർഭനിരോധന ഗുളികയ്ക്കും 1 രൂപ വീതം അവർക്ക് ലഭിക്കും. സ്ഥാപനങ്ങളിൽ കൊടുത്തുവെന്ന് ഉറപ്പ് വരുത്തിയാൽ 300 രൂപയാണ് ലഭിക്കുക. നവജാത ശിശുവിനെ സന്ദർശിക്കാൻ 42 വീടുകളിൽ പോയാൽ 250 രൂപയും.
ഇതിനും പുറമേ, തങ്ങളുടെ എല്ലാ സന്ദർശനങ്ങളെക്കുറിച്ചും, നിരീക്ഷണങ്ങളെക്കുറിച്ചും, സർവ്വേകളെക്കുറിച്ചും ആരോഗ്യപ്രവർത്തകർ ആ രജിസ്റ്ററുകളിലും പുസ്തകങ്ങളിലും എഴുതിച്ചേർക്കണം. “ഞാൻ മാസത്തിൽ 2,000 രൂപ സമ്പാദിക്കുന്നുണ്ട്. എന്നാൽ നോട്ടുപുസ്തകം വാങ്ങാനും കോപ്പിയെടുക്കാനും യാത്രയ്ക്കും മൊബൈൽ ചാർജ് ചെയ്യാനും 800 രൂപ ചിലവാക്കുകയും വേണം”, ഉമ പറയുന്നു. “ഓരോ ഫോമിന്റേയും ഈരണ്ട് കോപ്പി ഞങ്ങൾ എടുക്കണം. ഒരു കോപ്പി ‘ഫസിലിറ്റേറ്റർ’ക്ക് (മേൽജീവനക്കാരി) കൊടുക്കണം. ഒന്ന് ഞങ്ങൾ സൂക്ഷിക്കണം. ഇരുപുറവും ഫോട്ടോയെടുക്കാൻ 2 രൂപ ചിലവ് വരും”.
അസംഖ്യം ഫോമുകളാണുള്ളത് – നവജാതശിശുവിന്റെ വീട്ടിലെ പരിചരണത്തിന്റെ ഫോം, ഗർഭിണികൾക്കുള്ള ജനനി സുരക്ഷ യോജന ഫോം, കക്കൂസുകൾ, കുടിവെള്ളം, ക്ഷയരോഗം എന്നിവയെക്കുറിച്ചുള്ളത് അങ്ങിനെ പോകും. പോരാത്തതിന്, വില്ലേജ് ഹെൽത്ത് ആൻഡ് ന്യൂട്രീഷ്യൻ ഡേ സർവേ – എത്രയാളുകൾ മാസംതോറുമുള്ള ആരോഗ്യപരിപാടികളിൽ പങ്കെടുത്തു, ഹീമോഗ്ലോബിൻ അളവ്, പ്രതിരോധ കുത്തിവെപ്പെടുത്ത കുട്ടികൾ, പോഷകാഹാരക്കുറവ് – 40 ഓളം വിവരങ്ങളാന് രേഖപ്പെടുത്തേണ്ടത്.
എല്ലാ മാസാവസാനവും, ഉമയും മറ്റ് ആശാ പ്രവർത്തകരും ശേഖരിച്ച വിവരങ്ങൾ സംസ്ഥാന സർക്കാരിന്റെ എൻ.ആർ.എച്ച്.എം. സൈറ്റിൽ കയറ്റണം. ഞങ്ങൾ സന്ദർശിക്കുന്ന സമയത്ത്, ആരാഗ് പ്രാഥമികാരോഗ്യ കേന്ദ്രത്തിലെ 28 വയസ്സുള്ള പ്രിയങ്ക പൂജാരി എന്ന ഫസിലിറ്റേറ്റർ, വിവരങ്ങളെല്ലാം കംപ്യൂട്ടറിൽ അപ്‌ലോഡ് ചെയ്യുന്ന തിരക്കിലായിരുന്നു. ഒറ്റനില മാത്രമുള്ള മൂന്ന് കെട്ടിടങ്ങളാണ് പി.എച്ച്.സി.യിലുള്ളത്. ഒരു കംപ്യൂട്ടർ, ഒരു ഡോക്ടറുടെ മുറി, സന്ദർശകർക്ക് ഇരിക്കാനുള്ള മുറി, പരിശോധനകൾ നടത്താനുള്ള ലാബ്, മരുന്നുകൾ സൂക്ഷിക്കാനുള്ള മുറി ഇവയൊക്കെയാണ് ആ കെട്ടിടങ്ങളിലുള്ളത്. ഒരു ‘ഫസിലിറ്റേറ്റർ 10 ആശാ പ്രവർത്തകരുടെ കാര്യങ്ങൾക്ക് മേൽനോട്ടം വഹിക്കും. രാവിലെ 10 മുതൽ 1 മണിവരെയാണ് അവർ പി.എച്ച്.സി.യിലുണ്ടാവുക. പി.എച്ച്.സി.യിൽ, (രേഖകൾ പ്രകാരമെങ്കിലും) ഒരു നഴ്സും, സന്ദർശക ഡോക്ടറും മെഡിക്കൽ ടെക്നീഷ്യന്മാരും ഉണ്ടായിരിക്കണം.
“ഏപ്രിൽ മുതൽ ആശാ സൈറ്റ് പ്രവർത്തിക്കുന്നില്ല. നവംബറിൽ അത് വീണ്ടും തുറന്നു. ഈ മാസത്തെയും, അപ്‌ലോഡ് ചെയ്യാത്ത മാസത്തെയും രേഖകൾ കയറ്റിക്കൊണ്ടിരിക്കുകയാണ് ഞാൻ. ലോഡ് ഷെഡ്ഡിംഗും മോശം ഇന്റർനെറ്റ് കണക്ഷനും മൂലം ഇടയ്ക്കിടയ്ക്ക് ജോലി മുടങ്ങും”, പ്രിയങ്ക പറയുന്നു. മൂന്ന് വർഷമായി ഫസിലിറ്റേറ്ററായി ജോലി ചെയ്യുന്ന അവർ ബി.എ.ക്കും വിദ്യാഭ്യാസത്തിൽ ഒരു ഡിപ്ലോമക്കും പഠിക്കുകയാണ്. ഏഴ് കിലോമീറ്റർ ദൂരത്തുള്ള ലിംഗ്‌നൂർ എന്ന തന്റെ ഗ്രാമത്തിൽനിന്നാണ് അവർ സ്കൂട്ടിയിലോ, ബസ്സിലോ ഇവിടേക്ക് വരുന്നത്. ആശാ പ്രവർത്തകരെ മേൽനോട്ടം നടത്തുക, മാസംതോറുമുള്ള മീറ്റിംഗുകൾ നടത്തുക, പി.എച്ച്.സി.യിൽ വരുന്ന ആളുകളുടെ കാര്യങ്ങൾ നോക്കുക എന്നിവയൊക്കെയാണ് അവരുടെ ജോലി.
പ്രിയങ്ക മാസം 8,375 രൂപ സമ്പാദിക്കുന്നുണ്ട്. പക്ഷേ നവജാതശിശുക്കളോ ഗർഭസ്ഥശിശുക്കളോ ഉള്ള 20 ഗൃഹങ്ങളെങ്കിലും സന്ദർശിക്കുകയും, അഞ്ച് ദിവസങ്ങൾ ആശാ സൈറ്റിൽ സ്ഥിതിവിവരക്കണക്കുകൾ കയറ്റുകയും ചെയ്തിരിക്കണമെന്ന് മാത്രം. “മാസത്തിൽ 25 ദിവസം ജോലി ചെയ്തില്ലെങ്കിൽ ശമ്പളത്തിൽനിന്ന് പിടിക്കും. ആശാ പ്രവർത്തകരും, ഫസിലിറ്റേറ്റർമാരും ഈ ജോലി ബ്ലോക്ക് കമ്മ്യൂണിറ്റി മൊബിലൈസർമാരെ (കുറേക്കൂടി വലിയ പദവിയിലുള്ള ആരോഗ്യ പ്രവർത്തകർ) ഏൽപ്പിക്കണം. എന്നാലേ ശമ്പളം കിട്ടൂ”.
പി.എച്ച്.സി.യിലെ പ്രതിമാസ യോഗങ്ങളിൽ, ആരോഗ്യപ്രവർത്തകർ നേരിടുന്ന പ്രശ്നങ്ങൾ പ്രിയങ്ക അവതരിപ്പിക്കാറുണ്ടെങ്കിലും “ഒരു ഫലവുമില്ല” എന്ന് പറയുന്നു അവർ. “ഈയടുത്ത്, ഞങ്ങൾക്ക് ആകെ കിട്ടിയത്, 50 പേജുള്ള അഞ്ച് നോട്ടുബുക്കുകളും, 10 പേനയും, ഒരു പെൻസിൽ പെട്ടിയും 5 എം.എല്ലിന്റെ പശയും ഒരു സ്കെയിലുമാണ്. എത്ര ദിവസത്തേക്കുണ്ടാകും ഇതൊക്കെ?”, പ്രിയങ്ക ചോദിക്കുന്നു.
വൈദ്യസാമഗ്രികളുടെ ദൌർല്ലഭ്യമാണ് ആവർത്തിച്ച് നേരിടുന്ന ഒരു പ്രശ്നം. “ഗർഭനിരോധന ഉറകളും, ഗർഭനിരോധന ഗുളികകളും കിട്ടിയിട്ട് മൂന്ന് മാസമായി. രാത്രി ആരെങ്കിലും പനിയോ, തലവേദനയോ, പുറംവേദനയോ ആയി വന്നാൽ, ഞങ്ങളുടെ കൈയ്യിൽ മരുന്നില്ല”, 2,000 രൂപ ‘പാരിതോഷിക’മായി കിട്ടുന്ന 42 വയസ്സുള്ള ച്ഛായാ ചവാൻ പറയുന്നു. അടുത്തുള്ള ഒരു പഞ്ചസാര ഫാക്ടറിയിൽ സുരക്ഷാജീവനക്കാരനായി ജോലിചെയ്ത് അവരുടെ ഭർത്താവ് രാംദാസ് മാസം 7,000 രൂപ സമ്പാദിക്കുന്നുണ്ട്.
പ്രത്യക്ഷമായി രംഗത്തുള്ള ഈ ആരോഗ്യ പ്രവർത്തകരിലൂടെയാണ് ഗാമീണ ഇന്ത്യയുടെ പ്രാഥമികാരോഗ്യപരിപാലനം നിലനിന്നുപോരുന്നത് രാജ്യത്തിന്റെ ആരോഗ്യസൂചികകളെ മെച്ചപ്പെടുത്തുന്നതിൽ സംഭാവന ചെയ്യുന്നവർ ഇവരാണ്. ഉദാഹരണത്തിന്, 2005-2006-ൽ മഹാരാഷ്ട്രയിലെ 1,000 പ്രസവങ്ങളിൽ ശിശുമരണനിരക്ക് 38 ആയിരുന്നത്, 2015-2016-ൽ 24 ആയി ചുരുങ്ങുകയും, 2005-2006-ൽ ആശുപത്രി പ്രസവങ്ങൾ 64.6 ആയിരുന്നത്, 2015-2016-ൽ 90.3 ആവുകയും ചെയ്തുവെന്ന് ദേശീയ കുടുംബാരോഗ്യ സർവേ-4 ചൂണ്ടിക്കാണിക്കുന്നു.
“സമൂഹവും പൊതുജനാരോഗ്യവും തമ്മിലുള്ള ഒരു പാലമായി ആശ പ്രവർത്തിക്കുന്നു. അമ്മമാരുടേയും നവജാതശിശുക്കളുടേയും ആരോഗ്യം മെച്ചപ്പെടുത്തുന്നതിൽ അവരുടെ പങ്ക് നിർണ്ണായകമാണ്. അവരുടെ നിരന്തരമായ ഗൃഹസന്ദർശനങ്ങളും രോഗങ്ങളെക്കുറിച്ച് ജനങ്ങൾക്ക് തുടർച്ചയായി നൽകുന്ന അവബോധവും രോഗപ്രതിരോധമായി പ്രവർത്തിച്ചിട്ടുണ്ട്” എന്ന് മുംബൈയിലെ ലോകമാന്യ തിലക് മുനിസിപ്പൽ ജനറൽ ഹോസ്പിറ്റലിലെ ഗൈനക്കോളജിസ്റ്റും ഒബ്സ്റ്റട്രീഷ്യനുമായ ഡോ. നിരഞ്ജൻ ചവാൻ പറയുന്നു.
അരോഗ്യസംബന്ധമായ ഏതൊരു സാഹചര്യത്തിലും ആദ്യത്തെ പ്രതിരോധനിര മിക്കപ്പോഴും ആശാ പ്രവർത്തകരാണ്. “ആറുമാസം മുമ്പ്, (മൂന്ന് കിലോമീറ്റർ അകലെയുള്ള ലക്ഷ്മിവാഡിയിൽ ഒരാൾക്ക് പന്നിപ്പനി (സ്വൈൻ ഫ്ലൂ) കണ്ടുപിടിച്ചു. ആ ഗ്രാമത്തിലെ ആശ പ്രവർത്തക ഉടനെ ആരാഗിലെ പി.എച്ച്.സിയെ വിവരമറിയിച്ചു. ഒരു സംഘം ഡോക്ടർമാരും സൂപ്പർവൈസർമാരും അവിടെ പോവുകയും ഒറ്റദിവസത്തിനുള്ളിൽ അവിടെയുള്ള 318 വീടുകളിലും പരിശോധന നടത്തുകയും ചെയ്തു. ലക്ഷണം തോന്നിയവരുടെയെല്ലാം രക്തസാമ്പിളുകളെടുത്തു. വേറെ കേസുകളൊന്നും ഉണ്ടായിരുന്നില്ല”, ഉമ ഓർക്കുന്നു.
ആശാ പ്രവർത്തകർ ഉണ്ടാക്കുന്ന മാറ്റങ്ങളെ ഗ്രാമീണർ തിരിച്ചറിയുന്നുണ്ട്. “രണ്ടുവർഷം മുമ്പ് തിമിര ശസ്ത്രക്രിയ ചെയ്യുന്നതുവരെ ഞാൻ ഒരു ആശുപത്രിയിൽപ്പോലും പോയിരുന്നില്ല”, പ്രായമായ ശിർമാബായി കോരെ പറയുന്നു. “ഉമ ഞങ്ങളെ കൊണ്ടുപോയി. എന്റെ മരുമകൾ ശാന്താബായിക്ക് ക്ഷയരോഗം വന്നപ്പോൾ രണ്ടുവർഷത്തോളം (2011-2012) അവരെ പരിപാലിച്ചത് ഉമയായിരുന്നു. എന്നെപ്പോലെ പ്രായമായവരുടേയും ചെറുപ്പക്കാരുടേയും കുട്ടികളുടേയുമൊക്കെ ആരോഗ്യം ഉറപ്പ് വരുത്തന്നത് ഈ ചെറുപ്പക്കാരികളായ സ്ത്രീകളാണ്. എന്റെയൊക്കെ കാലത്ത് ഇത്തരം സംവിധാനങ്ങളൊന്നും ഉണ്ടായിരുന്നില്ല. അന്നൊക്കെ ഞങ്ങൾക്ക് കാര്യങ്ങൾ പറഞ്ഞുതരാൻ ആരെങ്കിലുമുണ്ടായിരുന്നോ?”, ശിർമാബായി ചോദിക്കുന്നു.
സമാനമായ ഒരനുഭവത്തെക്കുറിച്ച്, ആരാഗിലെ കൃഷിക്കാരനായ 40 വയസ്സുള്ള ചന്ദ്രകാന്ത് നായ്ക്കിനും പറയാനുണ്ട് “മൂന്ന് വർഷം മുമ്പ്, നാലുവയസ്സുള്ള എന്റെ മരുമകൾക്ക് കഠിനമായ വയറുവേദനയും ച്ഛർദ്ദിയുമുണ്ടായി. എന്തുചെയ്യണമെന്ന് ഞങ്ങൾക്ക് അറിയില്ലായിരുന്നു. ഞാൻ സഹായം ചോദിച്ച് ഉമയുടെ വീട്ടിലേക്കോടി. അവൾ ഒരു ആംബുലൻസ് വിളിച്ച് പി.എച്ച്.സിയിലേക്ക് ഞങ്ങളെ കൊണ്ടുപോയി”.
ഇത്തരം അടിയന്തിര സാഹചര്യങ്ങളിൽ ആശാപ്രവർത്തകർതന്നെയാണ് കൈയ്യിൽനിന്ന് പണമെടുത്ത് ആളുകൾക്ക് താങ്ങാവുന്നത്. 2015-ലുണ്ടായ ഒരു സംഭവം ഓർത്തെടുക്കുകയാണ് 32 വയസ്സുള്ള ആശാ പ്രവർത്തക ചന്ദ്രകലാ ഗാംഗുർദെ. നാസിക്ക് ജില്ലയിലെ ത്ര്യയംബകേശ്വർ താലൂക്കിലെ താൽവാഡെ ത്രിംബക് ഗ്രാമക്കാരിയാണ് അവർ. “രാത്രി 8 മണിക്കാണ് യശോദ സൌരെക്ക് പ്രസവവേദന തുടങ്ങിയത്. ആംബുലൻസ് വരാൻ ഞങ്ങൾ 45 മിനിറ്റ് കാത്തിരുന്നു. പിന്നെ ഞാൻ അടുത്തുള്ള ഒരു ബംഗ്ലാവിന്റെ ഉടമസ്ഥന്റെ സ്വകാര്യവാഹനം വാടകയ്ക്കെടുത്ത് നാസിക്കിലെ സിവിൽ ആശുപത്രിയിൽ (26 കിലോമീറ്റർ അകലെ) കൊണ്ടുപോയി. രാത്രി മുഴുവൻ ഞാൻ അവിടെയുണ്ടായിരുന്നു. യശോദ ഒരു പെൺകുഞ്ഞിനെ പ്രസവിച്ചു. ആ കുട്ടിക്ക് ഇപ്പോൾ മൂന്ന് വയസ്സായി”.
25 വയസ്സുള്ള യശോദ കൂട്ടിച്ചേർത്തു, “ചന്ദ്രകലാതായിയോട് എനിക്ക് നന്ദിയുണ്ട്. ആശുപത്രിയും ഡോക്ടറുമൊന്നും ഞങ്ങൾക്ക് താങ്ങാൻ പറ്റുന്നതല്ല. എന്നാൽ ‘തായ്’ സഹായിച്ചു”. ഈ ആശുപത്രി പ്രസവം ഉറപ്പ് വരുത്തിയതിന്, ജനനി സുരക്ഷാ യോജനപ്രകാരം (അമ്മയുടേയും കുഞ്ഞിന്റേയും ജീവൻ ഉറപ്പുവരുത്തുന്നതിനുള്ള പദ്ധതി) ചന്ദ്രകലയ്ക്ക് പാരിതോഷികമായി കിട്ടിയത് വെറും 300 രൂപയാണ്. വാഹനത്തിന്റെ ഉടമസ്ഥന് 250 രൂപ കൊടുക്കേണ്ടിവന്നു. ചായയ്ക്കും ബിസ്ക്കറ്റിനും ബാക്കി 50 രൂപയും ചിലവിട്ടു.
ഇത്തരം സന്ദർഭങ്ങളിൽ ആശാ പ്രവർത്തകർക്ക് ചിലപ്പോൾ, ചന്ദ്രകല ചെയ്തതുപോലെ, രാത്രി മുഴുവൻ ആശുപത്രിയിൽ കഴിയേണ്ടിവരും. “ഒരടിയന്തിരാവശ്യം വന്നാൽ ഭക്ഷണം തയ്യാറാക്കാനൊക്കെ സമയം കിട്ടുമോ? കുട്ടികളേയും വീട്ടുകാരേയും വിട്ട് ആശുപത്രിയിലേക്ക് ഓടണം. രാത്രി മുഴുവൻ ഞാൻ ഉറക്കമിളച്ചു. കിടക്കയുടെ താഴെ നിലത്ത് ഒരു ഷീറ്റ് വിരിച്ച് കിടന്നു”, ചന്ദ്രകല പറയുന്നു. ഭർത്താവ് സന്തോഷിനോടൊപ്പം, തങ്ങളുടെ ഒരേക്കർ പാടത്ത് അവർ ഗോതമ്പും നെല്ലും കൃഷി ചെയ്യുന്നുമുണ്ട്. “ഞങ്ങൾക്ക് ഞായറാഴ്ചയൊന്നുമില്ല. എല്ലാസമയത്തും ജാഗ്രതയോടെ ഇരിക്കണം. ഏത് സമയത്തും ആരും വിളിക്കാം”.
അംബോലി പി.എച്ച്.സിയുടെ കീഴിൽ പ്രവർത്തിക്കുന്ന 10 ആശാ പ്രവർത്തകരിൽ ഒരാളാണ് ചന്ദ്രകല. മാസത്തിൽ രണ്ടുതവണ, ത്ര്യയംബകേശ്വർ താലൂക്കിലെ ഗ്രാമങ്ങളിൽനിന്നുള്ള മറ്റ് പ്രവർത്തകരുടെകൂടെ അവർ പി.എച്ച്.സി.യിൽ മീറ്റിംഗിൽ പങ്കെടുക്കാൻ പോവും. “എല്ലാവരും ഇതുപോലുള്ള അനുഭവങ്ങൾ പറയാറുണ്ട്. ആശാ പ്രവർത്തകർതന്നെ പാവപ്പെട്ട കുടുംബങ്ങളിൽനിന്ന് വരുന്നവരാണ്. സാമ്പത്തികമായി ഞെരുങ്ങുമ്പോഴും ഗ്രാമത്തിനെ ആരോഗ്യത്തോടെ നിലനിർത്താൻ അവർ പാടുപെടുന്നു”, വിതുമ്പിക്കൊണ്ട് ചന്ദ്രകല പറയുന്നു.
തങ്ങൾക്ക് കിട്ടുന്ന പ്രതിഫലം ഉയർത്തണമെന്ന്, മറ്റുള്ളവരെപ്പോലെ അവരും ആഗ്രഹിക്കുന്നു. “വലിയ കാര്യമൊന്നുമല്ലല്ലോ ചോദിക്കുന്നത്. പാരിതോഷികം ഇരട്ടിയാക്കുകയും, യാത്രയ്ക്കും മറ്റും ചിലവാവുന്ന പൈസ കിട്ടുകയും വേണം. മറ്റുള്ളവരുടെ ആരോഗ്യത്തിനുവേണ്ടി ജീവിതം മുഴുവൻ അദ്ധ്വാനിക്കുന്ന ഞങ്ങൾക്ക് ഇത്രയെങ്കിലും ആവശ്യപ്പെട്ടുകൂടേ”, ചന്ദ്രകലയുടെ ശബ്ദമിടറി.
ശമ്പളം വർദ്ധിപ്പിക്കാനും മറ്റ് ആവശ്യങ്ങൾ അംഗീകരിപ്പിക്കാനും ആശാ യൂണിയനുകളും സംഘടനകളും ധാരാളം പ്രക്ഷോഭങ്ങൾ നടത്തിയിട്ടുണ്ട്. ആവർത്തിച്ചുവരുന്ന ചിലവുകൾക്ക് കൂടുതൽ പ്രതിഫലം നൽകാമെന്ന് 2018 ഓഗസ്റ്റിൽ, പ്രധാനമന്ത്രി നരേന്ദ്ര മോദി പ്രഖ്യാപിച്ചു. ഉദാഹരണത്തിന്, ഗ്രാമത്തിന്റെ ആരോഗ്യ രജിസ്റ്റർ സൂക്ഷിക്കുന്നതിന് 100 രൂപയ്ക്ക് പകരം 300 രൂപ നൽകുന്നതുപോലുള്ള ചില നാമമാത്രമായ വർദ്ധനവുകൾ.
എന്നാൽ ആരോഗ്യപ്രവർത്തകരും ആശാ പ്രവർത്തകരും ഈ നിർദ്ദേശത്തെ എതിർത്തു. “ഏറ്റവും ചുരുങ്ങിയത്, 18,000 രൂപയെങ്കിലുമായി ശമ്പളം നിജപ്പെടുത്തണമെന്നും, ഇൻഷുറൻസ്, പെൻഷൻ മറ്റ് ആനുകൂല്യങ്ങൾ എന്നിവയോടൊപ്പം ആശാ പ്രവർത്തകരെ ജോലിയിൽ സ്ഥിരപ്പെടുത്തണമെന്നും ഞങ്ങൾ പലതവണ ആവശ്യപ്പെട്ടു. പ്രതിഫലം മാത്രം കൂട്ടിയതുകൊണ്ട് ഒരുകാര്യവുമില്ല”, സാംഗ്ലി ആസ്ഥനമായി പ്രവർത്തിക്കുന്ന, ശങ്കർ പൂജാരി പറയുന്നു. മഹാരാഷ്ട്ര ആശാ പ്രവർത്തകരുടേയും ആരോഗ്യതൊഴിലാളി സംഘടനകളുടേയും പ്രസിഡന്റാണ് അദ്ദേഹം.
അതേസമയം, ജനുവരിയിൽ മുംബൈയിൽ സംഘടിപ്പിക്കാൻ പോകുന്ന ഒരു പ്രക്ഷോഭത്തെക്കുറിച്ച്, ആരാഗ് ഗ്രാമത്തിലെ പി.എച്ച്.സി.യിൽ ഇരുന്നുകൊണ്ട് ഉമയും മറ്റുള്ളവരും സംസാരിക്കുകയാണ്. “ഒരു പ്രതിഷേധംകൂടി. മറ്റെന്ത് ചെയ്യാനാണ്? ആശയിലാണ് (പ്രതീക്ഷ) ആശാ പ്രവർത്തകരുടെ നിലനിൽപ്പ്”.
പരിഭാഷ: രാജീവ് ചേലനാട്ട്