കോവിഡ് 19 മഹാമാരി പടർന്നുപിടിച്ച കാലത്ത്, ഹരിയാനയിൽനിന്ന് തന്റെ സ്വദേശമായ, ഉത്തർ പ്രദേശിലെ മഹാരാജ്‌ ഗഞ്ചിലേയ്ക്ക് തനിച്ച്,  ദുരന്തപൂർണ്ണമായ യാത്ര നടത്തേണ്ടിവന്നത് സുനിതാ നിഷാദിന് ഇന്നും ഓർമ്മയുണ്ട്.

അന്ന്, യാതൊരു മുന്നറിയിപ്പുമില്ലാതെ ദേശവ്യാപകമായി ലോക്ക്ഡൗൺ പ്രഖ്യാപിച്ചതോടെ ഇത്തരത്തിൽ പാലായനം ചെയ്യേണ്ടിവന്ന ലക്ഷക്കണക്കിന് കുടിയേറ്റത്തൊഴിലാളികളിൽ ഒരാളായിരുന്നു സുനിത. അതുകൊണ്ടുതന്നെ, കേന്ദ്രബഡ്ജറ്റിലോ അതല്ലാതെയോ സർക്കാർ പ്രഖ്യാപിക്കുന്ന പുതിയ പദ്ധതികളിൽ അവർ യാതൊരു താത്പര്യവും പ്രകടിപ്പിക്കാത്തതിൽ അത്ഭുതപ്പെടേണ്ടതില്ല.

"നിങ്ങൾ എന്നോട് ബഡ്ജറ്റിനെക്കുറിച്ചാണോ ചോദിക്കുന്നത്," അവർ ഈ ലേഖകനോട് ചോദിക്കുന്നു. "അതിനുപകരം, കോറോണയുടെ (കോവിഡ് -19 മഹാമാരി ) സമയത്ത്, ഞങ്ങളെ വീടുകളിലെത്തിക്കാൻ എന്തുകൊണ്ടാണ് വേണ്ടത്ര പണം ഇല്ലാതിരുന്നതെന്ന് നിങ്ങൾ സർക്കാരിനോട് ചോദിക്കുകയാണ് വേണ്ടത്."

ഇന്നിപ്പോൾ ഈ 35 വയസ്സുകാരി വീണ്ടും ഹരിയാനയിലെ റോഹ്ത്തക്കിലുള്ള ലാഡോത്ത് ഗ്രാമത്തിൽ പ്ലാസ്റ്റിക്ക് മാലിന്യം വേർതിരിക്കുന്ന ജോലി ചെയ്തുവരികയാണ്. "നിവൃത്തികേടുകൊണ്ടാണ് എനിക്ക് ഇവിടേയ്ക്ക് തിരികെ വരേണ്ടിവന്നത്."

"എന്റെ കയ്യിൽ വലിയ മൊബൈൽ ഫോൺ ഇല്ല,  ചെറുതാണുള്ളത്. എന്താണ് ബഡ്ജറ്റ് എന്ന് എനിക്ക് എങ്ങനെ അറിയാനാണ്?" സുനിത കൂട്ടിച്ചേർക്കുന്നു. ആളുകളുപേക്ഷിക്കുന്ന പെർഫ്യൂം കുപ്പികൾ പുനരുപയോഗത്തിനായി നശിപ്പിക്കുന്ന ജോലിയാണ് സുനിത ചെയ്യുന്നത്. ഡിജിറ്റൽവത്ക്കരണം വ്യാപകമാകുന്ന പശ്ചാത്തലത്തിൽ, സർക്കാർ പദ്ധതികളുടെ ആനുകൂല്യങ്ങൾ പെട്ടെന്ന് നേടിയെടുക്കാൻ ഒരു സ്മാർട്ട് ഫോണും ഇന്റർനെറ്റ് കണക്ഷനും ഉണ്ടാകേണ്ടത് അത്യന്താപേക്ഷിതമായിരിക്കുകയാണ്. എന്നാൽ ഇന്ത്യയുടെ ഗ്രാമപ്രദേശങ്ങളിൽ ജീവിക്കുന്ന പലർക്കും ഇവ രണ്ടും ഇന്നും അപ്രാപ്യമാണ്.

PHOTO • Amir Malik

റോഹ്ത്തക്കിലെ ലാഡോത്ത് ഗ്രാമത്തിൽ, പ്ലാസ്റ്റിക്ക് മാലിന്യം പെറുക്കി വേർതിരിക്കുന്ന സുനിത നിഷാദ്

PHOTO • Amir Malik
PHOTO • Amir Malik

ഹരിയാനയിലെ റോഹ്ത്തക്കിലുള്ള ഭയ്യാപൂർ ഗ്രാമവാസിയായ കൗസല്യാ ദേവിക്ക് എരുമകളെ വളർത്തുകയാണ് ജോലി. കേന്ദ്ര ബഡ്ജറ്റിനെക്കുറിച്ചുള്ള അഭിപ്രായം ആരാഞ്ഞപ്പോൾ, 'ബഡ്ജറ്റോ? അതുകൊണ്ട് എനിക്കെന്താണ് മെച്ചം?' എന്നാണ് അവർ ചോദിച്ചത്

അയൽഗ്രാമായ ഭയ്യാപൂറിൽ, എരുമ വളർത്തുന്ന ജോലി ചെയ്തുവരുന്ന 45 വയസ്സുകാരി കൗസല്യ ദേവിയ്ക്കും കേന്ദ്രബഡ്‌ജറ്റിനെക്കുറിച്ച് പ്രത്യേകിച്ച് അഭിപ്രായമൊന്നുമില്ല.

"ബഡ്ജറ്റോ? ഞാൻ അതുവെച്ച് എന്ത് ചെയ്യാനാണ്? എരുമകളെ പരിപാലിക്കുകയും ചാണകക്കട്ടകളുണ്ടാക്കുകയും ചെയ്യുന്ന ഒരു സാധാരണ സ്ത്രീ മാത്രമാണ് ഞാൻ. ജയ് റാംജി കീ!" ഞങ്ങളുടെ സംഭാഷണം അവസാനിപ്പിച്ചുകൊണ്ട് അവർ പറഞ്ഞു.

പാൽ ഉൾപ്പെടെയുള്ള ഉത്പന്നങ്ങൾക്ക് സർക്കാർ തീരെ കുറഞ്ഞ സംഭരണവില മാത്രം നൽകുന്നതാണ് കൗസല്യ ദേവിയെ ആശങ്കപ്പെടുത്തുന്നത്. എരുമച്ചാണകം ശേഖരിക്കാൻ ഉപയോഗിക്കുന്ന വലിയ പാത്രങ്ങളിലൊന്ന് എടുത്തുകൊണ്ട് അവർ തമാശരൂപേണ പറഞ്ഞു, "പാലിന് നല്ല വില നൽകുമെങ്കിൽ, ഞാൻ ഇവ രണ്ടും ഒരുമിച്ച് എടുത്തുയർത്താം."

"സർക്കാർ പാലിനുപോലും വില നൽകുന്നില്ലെങ്കിൽ,. സർക്കാരിന്റെ മറ്റ് പദ്ധതികൾകൊണ്ട് ഞങ്ങൾക്കെന്താണ് പ്രയോജനം?” അവർ ചോദിക്കുന്നു.

പരിഭാഷ: പ്രതിഭ ആര്‍. കെ .

Amir Malik

ਆਮਿਰ ਮਿਲਕ ਇੱਕ ਸੁਤੰਤਰ ਪੱਤਰਕਾਰ ਹਨ ਤੇ 2022 ਦੇ ਪਾਰੀ ਫੈਲੋ ਹਨ।

Other stories by Amir Malik
Editor : Swadesha Sharma

ਸਵਦੇਸ਼ਾ ਸ਼ਰਮਾ ਪੀਪਲਜ਼ ਆਰਕਾਈਵ ਆਫ ਰੂਰਲ ਇੰਡੀਆ ਵਿੱਚ ਇੱਕ ਖੋਜਕਰਤਾ ਅਤੇ ਸਮੱਗਰੀ ਸੰਪਾਦਕ ਹੈ। ਉਹ ਪਾਰੀ ਲਾਇਬ੍ਰੇਰੀ ਲਈ ਸਰੋਤਾਂ ਨੂੰ ਠੀਕ ਕਰਨ ਲਈ ਵਲੰਟੀਅਰਾਂ ਨਾਲ ਵੀ ਕੰਮ ਕਰਦੀ ਹੈ।

Other stories by Swadesha Sharma
Translator : Prathibha R. K.

Pratibha R K is a post graduate in English from the Central University of Hyderabad and works as a translator.

Other stories by Prathibha R. K.