മുത്തശ്ശിയും മുതുമുത്തശ്ശിയുമെല്ലാമായ ബൂട്ടെ മാജി തന്റെ മകൻ ഈ ഭൂമിയിൽ.ബാക്കിയാക്കിയ ആറ് പെൺമക്കളെയും രണ്ട് ആണ്മക്കളെയും ഓർത്ത് ആശങ്കയിലാണ്; അവരിൽ ഏറ്റവും ഇളയവളായ ജാനകിക്ക് 6 വയസ്സാണ് പ്രായം. "ഇവരെ എല്ലാവരെയും ഞങ്ങൾ എങ്ങനെ വളർത്തുമെന്ന് എനിക്കറിയില്ല," ഒഡീഷയിലെ ബലംഗീർ ജില്ലയിലുള്ള ഹിയാൽ ഗ്രാമത്തിൽ താമസിക്കുന്ന, ഗോണ്ട് ആദിവാസിയായ ആ 70-കാരി പറയുന്നു.
അവരുടെ മകൻ നൃപ മാജി രണ്ടുവർഷം മുൻപ്, അദ്ദേഹത്തിന്റെ 50-ആം വയസ്സിലാണ് മരണപ്പെട്ടത്; വൃക്കരോഗമായിരുന്നു മരണകാരണമെന്നാണ് ഈ കുടുംബം വിശ്വസിക്കുന്നത്. കുടിയേറ്റത്തൊഴിലാളിയായിരുന്ന നൃപ മാജി, അദ്ദേഹത്തിന്റെ ഭാര്യ, 47 വയസ്സുകാരിയായ നമനിക്കൊപ്പം തെലങ്കാന, ആന്ധ്രാ പ്രദേശ്, തമിഴ്നാട് എന്നീ സംസ്ഥാനങ്ങളിൽ ഇഷ്ടികക്കളങ്ങളിൽ ജോലി ചെയ്യാൻ പോകാറുണ്ടായിരുന്നു.
"2019 നവംബറിൽ ഞങ്ങൾ ചെന്നൈയിൽ ഒരു ഇഷ്ടികക്കളത്തിൽ ജോലി ചെയ്യാൻ പോയി," നമനി പറയുന്നു. നമനിയുടെ ഭർത്താവ് 50 വയസ്സുകാരനായ നൃപ, അവരുടെ മകൻ 24 വയസ്സുകാരനായ ജുധിഷ്ഠിർ, ജുധിഷ്ഠിറിന്റെ ഭാര്യ 21 വയസ്സുകാരിയായ പർമിള, 19 വയസ്സുള്ള പൂർണ്ണാമി, 16 വയസ്സുള്ള സജ്നെ, 15 വയസ്സുകാരിയായ കുമാരി, അവരുടെ ഭർത്താവ് 21 വയസ്സുകാരനായ ദിനേശ് എന്നിവരുൾപ്പെടെ തന്റെ കുടുംബത്തിൽനിന്നുള്ള 10 പേരാണ് ചെന്നൈയിലേക്ക് പോയതെന്ന് അവർ പറഞ്ഞു. "പ്രദേശവാസിയായ സർദാർ (കോൺട്രാക്റ്റർ) ഞങ്ങൾ ഓരോരുത്തർക്കും 25,000 രൂപ വീതം മുൻകൂർ പണം തന്നിരുന്നു," അവർ കൂട്ടിച്ചേർത്തു. അവരോടൊത്ത് യാത്ര ചെയ്തിരുന്ന 10 വയസ്സുകാരിയായ സാബിത്രിക്കും 6 വയസ്സുകാരിയായ ജാനകിക്കും പൈസയൊന്നും കൊടുത്തിരുന്നില്ല.
2020 ജൂണിൽ കോവിഡ് ലോക്ക്ഡൗൺ സമയത്ത് അവർ എല്ലാവരും അവരുടെ ഗ്രാമത്തിലേക്ക് മടങ്ങി. ഒഡീഷയിലേയ്ക്ക് മടങ്ങിയെത്തുന്ന കുടിയേറ്റ തൊഴിലാളികൾക്ക് താത്ക്കാലികമായി ക്വാറന്റീനിൽ കഴിയാനുള്ള സൗകര്യങ്ങളും വൈദ്യസഹായവും സ്കൂളുകളിലും സാമൂഹിക കേന്ദ്രങ്ങളിലുമായി ഒഡീഷ സർക്കാർ ഒരുക്കിയിരുന്നു. "ഞങ്ങൾ ഗ്രാമത്തിലെ സ്കൂളിൽ 14 ദിവസം താമസിച്ചു. അവിടെ തങ്ങിയതിന് എനിക്കും ഭർത്താവിനും 2,000 രൂപ വീതം (ഒഡീഷ സർക്കാരിൽനിന്ന്) കിട്ടിയിരുന്നു," നമനി ഓർക്കുന്നു.












