ഏഴ് ഘട്ട വോട്ടെടുപ്പിന്റെ ആദ്യഘട്ടമായ ഏപ്രിൽ 19-ന് ഗഡ്ചിറോളി ലോകസഭാമണ്ഡലം വോട്ട് രേഖപ്പെടുത്തിയതിന് ഒരാഴ്ച മുമ്പ്, ജില്ലയിലെ 12 തെഹ്സിലുകളിലായി 1450 ഗ്രാമപഞ്ചായത്തുകൾ, കോൺഗ്രസ് സ്ഥാനാർത്ഥി ഡോ. നാംദേവ് കിർസനിന് ഉപാധികളോടെയുള്ള പിന്തുണ പ്രഖ്യാപിച്ചു. ഇതിനുമുമ്പൊരിക്കലും ഇതുപോലൊരു സംഭവമുണ്ടായിട്ടില്ല.
അങ്ങിനെ പറയാനുള്ള കാരണം, ജില്ലയിലെ ഗോത്രസമൂഹം ഒരിക്കലും പരസ്യമായി രാഷ്ട്രീയചായ്‌വ് കാണിക്കാറില്ല എന്നതാണ്. ജില്ലാതല ഫെഡറേഷൻവഴി ഗ്രാമസഭ നൽകിയ ഈ പിന്തുണ കോൺഗ്രസ്സിനെ അത്ഭുതപ്പെടുത്തുകയും, തുടർച്ചയായ മൂന്നാം വട്ടം ജനവിധി തേടുന്ന നിലവിലെ എം.പി. അശോക് നേതെയുടെ ഭാരതീയ ജനതാപാർട്ടിയെ പരിഭ്രാന്തിയിലാക്കുകയും ചെയ്തു.
കോൺഗ്രസ് സ്ഥാനാർത്ഥിയും നേതാക്കന്മാരും യോഗം തുടങ്ങുന്നതും കാത്ത്, ഗ്രാമസഭകളുടെ ആയിരത്തിലധികം ഓഫീസ് ഭാരവാഹികളും പ്രതിനിധികളും ഏപ്രിൽ 12-ന് രാവിലെ മുതൽ ഗാഡ്ചിറോളിയിലെ സൂപ്രഭാത് മംഗൾ കാര്യാലയ എന്ന വിവാഹമണ്ഡപത്തിൽ ക്ഷമയോടെ കാത്തുനിന്നു. ജില്ലയുടെ തെക്ക്-കിഴക്കൻ ബ്ലോക്കായ ഭാംറാഗഡിലെ, മാഡിയ എന്ന അതീവദുർബ്ബല ഗോത്രവിഭാഗത്തിൽനിന്നുള്ള അഭിഭാഷ -ആക്ടിവിസ്റ്റ് ലാൽസു നൊഗോട്ടി അവരുടെ ഉപാധികൾ കിർസനെ ശാന്തമായി വായിച്ചുകേൾപ്പിച്ചു. അദ്ദേഹം അത് സ്വീകരിക്കുകയും പാർലമെന്റിലേക്ക് തിരഞ്ഞെടുക്കപ്പെട്ടാൽ നടപ്പാക്കാമെന്ന് വാക്ക് കൊടുക്കുകയും ചെയ്തു.
വിവിധ ആവശ്യങ്ങളിലൊന്ന്, ജില്ലയിലെ വനപ്രദേശങ്ങളിലെ തുടർച്ചയായ, അശ്രദ്ധയോടെയുള്ള ഖനനം നിർത്തിവെക്കുക, വനാവകാശ നിയമങ്ങൾ സൌഹൃദപരമാക്കുക, ഗ്രാമത്തിന് സാമൂഹിക വനാവകാശങ്ങൾ (കമ്മ്യൂണിറ്റി ഫോറസ്റ്റ് റൈറ്റ്-സി.എഫ്.ആർ), പൂർവ്വകാലപ്രാബല്യത്തോടെ നൽകുക, ഇന്ത്യൻ ഭരണഘടനയോട് തികഞ്ഞ കൂറ് പ്രഖ്യാപിക്കുക എന്നിവയായിരുന്നു.
“ഞങ്ങളുടെ പിന്തുണ ഈ തിരഞ്ഞെടുപ്പിന് മാത്രമാണ്, ഈ വാഗ്ദാനങ്ങളിൽ പിറകോട്ട് പോയാൽ, ഞങ്ങൾ, ജനങ്ങൾ ഭാവിയിൽ വ്യത്യസ്തമായ നിലപാടെടുക്കും”, എന്ന് കത്തിൽ വ്യക്തമായി സൂചിപ്പിച്ചിരുന്നു.
എന്തുകൊണ്ടാണ് ഗ്രാമസഭകൾ ഈ നടപടിയെടുത്തത്?
“ഖനികൾ നൽകുന്നതിനേക്കാൾ കൂടുതൽ റോയൽറ്റി ഞങ്ങൾ കൊടുക്കാം.” പണ്ടത്തെ കോൺഗ്രസ് നേതാവും പ്രഗത്ഭനായ ഗോത്ര ആക്ടിവിസ്റ്റുമായ സൈനു ഗോട്ട പറയുന്നു. “മേഖലയിലെ കാട് വെട്ടിത്തെളിക്കുകയും ഖനികൾ കുഴിക്കുകയും ചെയ്യുന്നത് ഗുരുതരമായ തെറ്റാവും.”
ഗോട്ട എല്ലാം കണ്ടിട്ടുണ്ട് – കൊലകളും, അടിച്ചമർത്തലും, വനാവകാശങ്ങൾക്കായുള്ള നീണ്ട് കാത്തിരിപ്പും, തന്റെ ഗോണ്ട് ഗോത്രം ദീർഘകാലമായി അനുഭവിക്കുന്ന അടിമത്തവും എല്ലാം. നല്ല ഉയരവും അരോഗദൃഢഗാത്രനും, കൂർത്ത മീശയുമുള്ള 60-കളിലെത്തിയ അദ്ദേഹം പറഞ്ഞത്, ഗഡ്ചിറോളിയുടെ പെസക്ക് കീഴിൽ (പഞ്ചായത്ത് എക്സ്റ്റെൻഷൻ ടു ഷെഡ്യൂൾഡ് ഏരിയാസ്) വരുന്ന ഗ്രാമസഭകൾ നിലവിലെ ബി.ജെ.പി. എം.പി.ക്കെതിരേ കോൺഗ്രസ് സ്ഥാനർത്ഥിക്ക് പിന്തുണ നൽകാൻ തീരുമാനിച്ചത് രണ്ട് കാരണങ്ങൾകൊണ്ടാണെന്നാണ്. ഒന്ന്, എഫ്.ആർ.എ.യിൽ വെള്ളം ചേർത്തത്, തങ്ങളുടെ വാസകേന്ദ്രവും സംസ്കാരവും നശിപ്പിക്കുന്നവിധത്തിൽ, വനപ്രദേശത്ത് നടക്കുന്ന ഖനന ഭീഷണി. “പൊലീസുകാർ ജനങ്ങളെ നിരന്തരമായി ഉപദ്രവിക്കുന്നത് തുടർന്നുപോകാനാവില്ല. അത് അവസാനിപ്പിച്ചേ തീരൂ,” അദ്ദേഹം പറയുന്നു.
ഒരു സമവായത്തിലെത്തി, കോൺഗ്രസ്സിന് പിന്തുണ നൽകാൻ തീരുമാനമെടുത്തതിന് മുമ്പ്, ഗോത്ര ഗ്രാമസഭകൾ മൂന്നുവട്ടം ചർച്ചകൾ നടത്തിയിരുന്നു.
“ഇത് രാജ്യത്തിന്റെ നിർണ്ണായകമായ തിരഞ്ഞെടുപ്പാണ്,” 2017-ൽ സ്വതന്ത്ര സ്ഥാനാർത്ഥിയായി ജില്ലാ പരിഷത്തിലേക്ക് തിരഞ്ഞെടുക്കപ്പെട്ട നൊഗോട്ടി പറയുന്നു. അദ്ദേഹം ജില്ലയിൽ അറിയപ്പെടുന്നത്, വക്കീൽ സാഹേബായിട്ടാണ്. “വിവേകപൂർവ്വമായ ഒരു തീരുമാനമെടുക്കണമെന്ന് ആളുകൾ തീരുമാനിച്ചു.”
ഇരുമ്പയിരിനാൽ സമ്പന്നമായ പ്രദേശത്ത് മറ്റൊരു ഖനികൂടി തുറക്കാനുള്ള പദ്ധതിക്കെതിരേ ഗോത്രസമൂഹങ്ങൾ നടത്തിവന്നിരുന്ന 253-ദിവസത്തെ നിശ്ശബ്ദ പ്രതിഷേധം സ്ഥലം, യാതൊരു പ്രകോപനവുമില്ലാതെ ഗഡ്ചിറോളി പൊലീസ് കഴിഞ്ഞ നവംബറിൽ (2023) പൊളിച്ചുമാറ്റിയിരുന്നു.
പ്രതിഷേധക്കാർ ഒരു സുരാക്ഷാസംഘത്തെ ആക്രമിച്ചു എന്ന് നുണപ്രചാരണം നടത്തി, ഒരു വലിയ സംഘം സായുധ സുരക്ഷാസേനാംഗങ്ങൾ തോഡ്ഗട്ട ഗ്രാമത്തിലെ പ്രതിഷേധസ്ഥലം തകർത്തുവെന്ന ആരോപണമുണ്ട്. സുർജാഗഡ് പ്രദേശത്ത് നിർദ്ദേശിക്കപ്പെട്ടതും ലേലം ചെയ്യപ്പെട്ടതുമായ ആറ് ഖനികൾക്കെതിരേ സമീപത്തുള്ള 70 ഗ്രാമങ്ങളിൽനിന്നുള്ള ആളുകൾ സമരം ചെയ്തിരുന്ന സ്ഥലമാണ് പൊലീസ് പൊളിച്ചുമാറ്റിയത്. അവരുടെ സമരത്തെ പൊലീസ് നിർദ്ദയമായി അടിച്ചമർത്തി.
ലോയ്ഡ്സ് മെറ്റൽ ആൻഡ് എനർജി ലിമിറ്റഡ് എന്ന കമ്പനിയുടെ നടത്തിപ്പിലുള്ള സുർജാഗർ ഖനികൾ ഉണ്ടാക്കിവെച്ച നാശങ്ങൾക്ക് സാക്ഷിയായ സമീപത്തെ ഗ്രാമങ്ങളിലും ചേരികളിലുമുള്ളവർ ഊഴമിട്ട് ധർണ നടക്കുന്ന സ്ഥലത്ത് കുത്തിയിരുന്നു. 10-15 ആളുകൾവീതം നന്നാലുദിവസം കൂടുമ്പോൾ, കഴിഞ്ഞ എട്ട് മാസമായി പ്രതിഷേധിച്ചുകൊണ്ടിരുന്നു. അവരുടെ ആവശ്യം വളരെ ലളിതമായിരുന്നു. പ്രദേശത്ത് ഖനനം പാടില്ല. കാടിനെ സംരക്ഷിക്കാൻ മാത്രമല്ല, തങ്ങളുടെ സാംസ്കാരിക പാരമ്പര്യത്തെക്കൂടി സംരക്ഷിക്കാനുള്ളതായിരുന്നു അത്. നിരവധി മന്ദിരങ്ങൾ നിൽക്കുന്ന സ്ഥലംകൂടിയാണ് ആ മേഖല.
എട്ട് നേതാക്കന്മാരെ പൊലീസ് തിരഞ്ഞുപിടിച്ച്, കേസുകൾ ചുമത്തി. ഇത് നാട്ടുകാരിൽ വൻ പ്രതിഷേധത്തിന് ഇടവെച്ചു. ഇതായിരുന്നു ഏറ്റവുമൊടുവിലെ പ്രകോപനം.
ഇപ്പോൾ അല്പം ശാന്തമാണ്.
വനാവകാശം കൈപ്പറ്റിയ ജില്ലകളിൽ മുമ്പിലാന് ഗഡ്ചിറോളി. പി.ഇ.എസ്.എ.യുടെ കീഴിലും അല്ലാതെയുമായി 1500 ഗ്രാമസഭകളാണുള്ളത്.
സമൂഹങ്ങൾ അവരുടെ വനപ്രദേശങ്ങളെ നോക്കിനടത്താനും, ചെറുകിട വനോത്പന്നങ്ങൾ എടുക്കാനും കൂടുതൽ വില കിട്ടാൻ ലേലം വിളിക്കാനും ആരംഭിച്ചിരിക്കുന്നു. അത് അവരുടെ വരുമാനത്തെ ഉയർത്തിയിട്ടുണ്ട്. സി.എഫ്.ആറുകൾ സാമൂഹികവും സാമ്പത്തികവുമായ സ്ഥിരത ഉണ്ടാക്കിയതിന്റേയും ദശാബ്ദങ്ങളായി നിലനിന്നിരുന്ന സംഘർഷത്തിനും അസ്വാസ്ഥ്യത്തിനും മാറ്റമുണ്ടക്കിയതിന്റേയും തെളിവുകൾ കാണാനുണ്ട്.
സുർജാഗഡ് ഖനികൾ ഒരു ശല്യമായിക്കഴിഞ്ഞിരിക്കുന്നു. മലകൾ തുരന്നിരിക്കുന്നു, പുഴകളിലും അരുവികളിലും ഇപ്പോൾ നിറയെ മാലിന്യമാണ്. വേലിയിട്ട് കെട്ടി, സുരക്ഷയൊരുക്കിയ ഖനിപ്രദേശത്തുനിന്ന് അയിരുകൾ കൊണ്ടുപോകാനായി, ട്രക്കുകൾ നിരനിരയായി എത്രയോ ദൂരം കിടക്കുന്നത് കാണാം. ഖനികൾക്ക് ചുറ്റുമുള്ള വനത്തിനകത്തെ ഗ്രാമങ്ങൾ ചുരുങ്ങിച്ചുരുങ്ങി ഇപ്പോൾ അവയുടെ പണ്ടത്തെ രൂപത്തിൽനിന്ന് ഏറെ മാറിയിരിക്കുന്നു.
ഉദാഹരണത്തിന് മാലംപാട് ഗ്രാമമെടുക്കാം. പ്രാദേശികമായി, മാലംപാടി എന്നറിയപ്പെടുന്ന ഈ ചെറിയ കോളനി ഒറാംവ് സമുദായക്കാരുടെ വാസസ്ഥലമാണ്. സുർജാഗഡ് ഖനികളുടെ പിന്നിലായി ചമോർഷി ബ്ലോക്കിലാണ് ഇത്. ഖനികളിൽനിന്നുള്ള മാലിന്യം കൃഷിയെ സാരമായി ബാധിച്ചതിനെക്കുറിച്ച് ഇവിടുത്തെ ചെറുപ്പക്കാർ പറയുന്നു. നാശം, തകർച്ച, നിലനിൽക്കുന്ന ആരോഗ്യപ്രശ്നങ്ങൾ എന്നിവയെക്കുറിച്ച് അവർ സംസാരിക്കുന്നു. ‘വികസന’മെന്ന് പുറത്തുള്ളവർ വിശേഷിപ്പിക്കുന്ന പ്രവർത്തനംകൊണ്ട് ഗ്രാമത്തിന്റെ സമാധാനം നഷ്ടപ്പെട്ട നിരവധി ചെറുകിട കോളനികളുണ്ട്.
സംസ്ഥാനത്തിന്റെ സുരക്ഷാസേനകളും സി.പി.ഐ.-യുടെ (മാവോയിസ്റ്റ്) സായുധവിഭാഗവും തമ്മിൽ വർഷങ്ങളായി നടന്നുവരുന്ന അക്രമങ്ങളുടേയും സംഘർഷങ്ങളുടേയും നീണ്ട ചരിത്രമുണ്ട് ഗഡ്ചിറോളിക്ക്. ജില്ലയുടെ തെക്ക്, കിഴക്ക്, വടക്ക് ഭാഗങ്ങളിലാണ് ഇത് കൂടുതൽ രൂക്ഷം.
ധാരാളം ചോര ഒഴുകി. അറസ്റ്റുകളുണ്ടായി. കൊലപാതകങ്ങൾ, കെണിയിലാക്കൽ, മറഞ്ഞിരുന്നുള്ള സ്ഫോടനങ്ങൾ, മർദ്ദനങ്ങൾ തുടങ്ങിയവ മൂന്ന് പതിറ്റാണ്ടുകളോളം ഇടതടവില്ലാതെ നടന്നു. അതോടൊപ്പം, പട്ടിണിയും, ദാരിദ്ര്യവും, മലമ്പനിയും, അമ്മമാരുടേയും ശിശുക്കളുടേയും മരണനിരക്കുകളിലെ വർദ്ധനയും എല്ലാം. ആളുകൾ മരിച്ചുവീണു.
“ഞങ്ങൾക്ക് വേണ്ടതും ആവശ്യമുള്ളതും എന്താണെന്ന് എന്താണ് ഒരിക്കലെങ്കിലും ഞങ്ങളൊട് ചോദിക്കൂ,” സദാ പ്രസന്നനായ നൊഗോട്ടി അറുത്തുമുറിച്ച് പറയുന്നു. തന്റെ സമുദായത്തിലെ വിദ്യാസമ്പന്നരായ ആദ്യത്തെ തലമുറയാണ് അദ്ദേഹത്തിന്റേത്. “ഞങ്ങൾക്ക് ഞങ്ങളുടെ പാരമ്പര്യമുണ്ട്; ഞങ്ങൾക്ക് ഞങ്ങളുടേതായ ജനാധിപത്യ സംവിധാനങ്ങളുണ്ട്; ഞങ്ങൾക്കുവേണ്ടി ചിന്തിക്കാൻ ഞങ്ങൾക്കറിയാം.”
പട്ടികഗോത്രക്കാർക്കായി (എസ്.ടി) നീക്കിവെച്ചിട്ടുള്ള ഈ വലിയ മണ്ഡലത്തിൽ ഏപ്രിൽ 19-ന് 71 ശതമാനം വോട്ടുകൾ രേഖപ്പെടുത്തി. ജൂൺ 4-ന് വോട്ടുകളെണ്ണിക്കഴിഞ്ഞ്, രാജ്യത്തിന് പുതിയൊരു സർക്കാരിന്റെ ലഭിക്കുമ്പോൾ നമുക്കറിയാൻ കഴിയും, ഗ്രാമസഭകളുടെ നീക്കത്തിന് കാര്യമായ എന്തെങ്കിലും വ്യത്യാസം വരുത്താൻ കഴിഞ്ഞിട്ടുണ്ടോ എന്ന്.
പരിഭാഷ: രാജീവ് ചേലനാട്ട്