ഓഡോ ജാമിന്റേയും ഹോത്തൽ പദമണിയുടേയും പ്രണയകഥ, കച്ചിലെ ഏറ്റവും പ്രചാരമുള്ള കഥയാണ്. ഏതൊരു നാടൻകഥകളേയുംപോലെ ഈ കഥയും സൌരാഷ്ട്രവരെ വ്യാപിക്കുകയും അവിടങ്ങളിലും പ്രശസ്തമാവുകയും ചെയ്തു. വിവിധ സമയതീരങ്ങളിലും ഭൂഭാഗങ്ങളിലും സഞ്ചരിച്ച് സഞ്ചരിച്ച്, അവയ്ക്ക് നിരവധി ഭാഷ്യങ്ങളുണ്ടായി. ഒരു ഗോത്രത്തിന്റെ ധീരനായ നേതാവോ, കിയോറിൽനിന്നുള്ള ക്ഷത്രിയവീരനോ ആയിരിക്കാം ഓഡോ. മറ്റൊരു ഗോത്രത്തെ നയിച്ചിരുന്ന ധീരയായ വനിതയായിരുന്നു ഹോത്തൽ. മറ്റ് ചില കഥകളിലാകട്ടെ, ഒരു ശാപഫലമായി, ഭൂമിയിൽ പിറന്നുവീണ സ്വർഗ്ഗകന്യകയായിരുന്നു ഹോത്തൽ.
സഹോദരീഭാര്യയായ മിനാവതിയുടെ പ്രലോഭനങ്ങളെ തള്ളിക്കളഞ്ഞ്, പ്രവാസത്തിൽ കഴിയുകയായിരുന്നു ഓഡോ ജാം. പിരാന പത്താനിലെ വിശാൽദേവ് എന്ന ബന്ധുവിനോടൊത്ത് താമസിക്കുകയായിരുന്നു അയാൾ. വിശാൽദേവിന്റെ ഒട്ടകങ്ങളെ, സിന്ധിലെ നഗർ-സമോയിയിലെ മുഖ്യൻ ബംഭനിയ തട്ടിക്കൊണ്ടുപോയിരുന്നു. അവയെ തിരിച്ചുകൊണ്ടുവരാൻ ഓഡോ തീരുമാനിക്കുന്നു.
ഇടയഗോത്രത്തിൽപ്പെട്ട ഹോത്തൽ പദമണിക്കും, ബംഭനിയയോട് സ്വന്തമായ ചില കണക്കുകൾ തീർക്കേണ്ടതുണ്ടായിരുന്നു. അവളുടെ അച്ഛന്റെ നാടിനെ ആക്രമിച്ച് കന്നുകാലികളെ തട്ടിക്കൊണ്ടുപോയതും സിന്ധിലെ ബംഭാനിയയായിരുന്നു. താൻ അതിന് പ്രതികാരം ചോദിക്കുമെന്ന്, മരണാസന്നനായിക്കിടന്നിരുന്ന അച്ഛന് അവൾ വാക്ക് കൊടുത്തിരുന്നു. ഓഡോവിനെ കണ്ടുമുട്ടുമ്പോൾ അവൾ ഒരു പുരുഷ പടയാളിയുടെ വേഷമായിരുന്നു ധരിച്ചിരുന്നത്, ‘ഹോത്തോ‘ എന്നാണ് ആ വേഷം അറിയപ്പെട്ടിരുന്നത്. ചിലയിടങ്ങളിൽ,‘എക്കൽമാൽ’ എന്നും. ധീരനായ ഒരു യുവഭടനാണ് ഹോത്തലെന്ന് ഓഡോ തെറ്റിദ്ധരിച്ചു. ഒരേ ലക്ഷ്യത്താൽ ഒരുമിക്കപ്പെട്ട അവർ പെട്ടെന്നുതന്നെ അടുത്ത സുഹൃദ്ബന്ധം സ്ഥാപിക്കുകയും, ബംഭാനിയയുടെ ആളുകളോട് യുദ്ധം ചെയ്യുകയും ഒട്ടകങ്ങളുമായി തിരിച്ചുപോരികയും ചെയ്തു.
നഗർ-സമോയിൽനിന്ന് തിരിച്ചുവരുമ്പോൾ അവർ വഴി പിരിഞ്ഞു. ഓഡോ പിരാന പത്താനിലേക്കും ഹോത്തോ കനറ കുന്നിലേക്കും. ഹോത്തോവിനെ മനസ്സിൽനിന്ന് മായ്ച്ചുകളയാനാവാതെ ഓഡോ കുറച്ചുദിവസങ്ങൾക്കുശേഷം ‘അയാളെ’ അന്വേഷിച്ച് പോയി. ഒരു തടാകത്തിന്റെ കരയിൽ ആ യോദ്ധാവിന്റെ വേഷവും കുതിരയേയും കണ്ടെത്തിയപ്പോഴാണ് ഓഡോവിന് സത്യം മനസ്സിലായത്. അവൾ വെള്ളത്തിൽ നീരാടുകയായിരുന്നു അപ്പോൾ.
പ്രണയപരവശനായ ഓഡോ അവളെ വിവാഹം ചെയ്യാൻ ആഗ്രഹിച്ചു. ഹോത്തലിനും അവനോട് ഇഷ്ടമായിരുന്നു. എന്നാൽ, ഒരേയൊരു നിബന്ധനയോടെ മാത്രമേ താൻ അവന്റെ കൂടെ ജീവിക്കൂ എന്നവൾ വാശി പിടിച്ചു. തന്റെ സ്വത്വം മറ്റാരോടും വെളിപ്പെടുത്തരുത്. അയാൾ സമ്മതിച്ചു. അങ്ങിനെ അവർ വിവാഹിതരായി. രണ്ട് ധീരന്മാരായ ആൺകുട്ടികളും ജനിച്ചു. എന്നാൽ വർഷങ്ങൾക്കുശേഷം ഒരിക്കൽ, ഹോത്താലിന്റെ സ്വത്വം ഓഡോ മറ്റുള്ളവരുടെ മുന്നിൽ വെളിപ്പെടുത്തി. കൂട്ടുകാരോടൊത്ത് മദ്യപിച്ചുകൊണ്ടിരിക്കുമ്പോഴായിരുന്നുവെന്നും, തന്റെ മക്കളുടെ അനിതരസാധാരണമായ ധീരതയെക്കുറിച്ച് പരസ്യമായി പ്രഖ്യാപിക്കുമ്പോഴായിരുന്നുവെന്നും വ്യത്യസ്തമായ ആഖ്യാനങ്ങളുണ്ട്. അതെന്തായാലും, അതോടെ ഹോത്തൽ അവനെ ഉപേക്ഷിച്ചുപോയി.
ഭദ്രേസറിലെ ഝുമ വാഘേറിന്റെ ശബ്ദത്തിലാണ് ഈ ഗാനം ഇവിടെ അവതരിപ്പിക്കുന്നത്. ഓഡോ ജാമിന് അനുഭവിക്കേണ്ടിവന്ന വിരഹത്തിന്റെ ആ മുഹൂർത്തത്തെയാണ് അത് ഒപ്പിയെടുക്കുന്നത്. ആകെ പരവശനായി, കണ്ണീരണിഞ്ഞ ഓഡോ ജാമിനെയാണ് നമ്മൾ കാണുന്നത്. ആ ക്ണ്ണീരും ദു:ഖവും കണ്ട്, ഹജാസാർ തടാകം പോലും കരകവിഞ്ഞുവെന്നാണ് കഥ. ആഡംബരവും വലിയ വരവേൽപ്പും വാഗ്ദാനം ചെയ്ത് ഹോത്തൽ പദമണിയെ അനുനയിപ്പിക്കാനും ശ്രമം നടക്കുന്നുണ്ട് ഇവിടെ.
કચ્છી
ચકાસર જી પાર મથે ઢોલીડા ધ્રૂસકે (2)
એ ફુલડેં ફોરૂં છડેયોં ઓઢાજામ હાજાસર હૂબકે (2)
ઉતારા ડેસૂ ઓરડા પદમણી (2)
એ ડેસૂ તને મેડીએના મોલ......ઓઢાજામ.
ચકાસર જી પાર મથે ઢોલીડા ધ્રૂસકે
ફુલડેં ફોરૂં છડેયોં ઓઢાજામ હાજાસર હૂબકે
ભોજન ડેસૂ લાડવા પદમણી (2)
એ ડેસૂ તને સીરો,સકર,સેવ.....ઓઢાજામ.
હાજાસર જી પાર મથે ઢોલીડા ધ્રૂસકે
ફુલડેં ફોરૂં છડેયોં ઓઢાજામ હાજાસર હૂબકે
નાવણ ડેસૂ કુંઢીયું પદમણી (2)
એ ડેસૂ તને નદીએના નીર..... ઓઢાજામ
હાજાસર જી પાર મથે ઢોલીડા ધ્રૂસકે
ફુલડેં ફોરૂં છડયોં ઓઢાજામ હાજાસર હૂબકે
ડાતણ ડેસૂ ડાડમી પદમણી (2)
ડેસૂ તને કણીયેલ કામ..... ઓઢાજામ
હાજાસર જી પાર મથે ઢોલીડા ધ્રૂસકે (2)
ફુલડેં ફોરૂં છડ્યોં ઓઢાજામ હાજાસર હૂબકે.
മലയാളം
ചകാസറിന്റെ തീരത്ത് വാദ്യക്കാർ
വിലപിക്കുന്നു
അവർ തേങ്ങുന്നു (2)
പൂക്കൾ അവയുടെ സുഗന്ധത്തെ
കൈയ്യൊഴിഞ്ഞു.
ഓഡോ ജാമിന്റെ ദു:ഖം പോലെ തടാകങ്ങൾ
കരകവിയുന്നു (2)
പദമണീ, നിനക്ക് വലിയ വിശാലമായ മുറികൾ
ഞങ്ങൾ നൽകാം (2)
ബഹുനിലകളുള്ള മാളികകൾ നിനക്ക് ഞങ്ങൾ
നൽകാം
ഓഡോ ജാമിന്റെ ദു:ഖം പോലെ ഹജാസർ തടാകം
കരകവിയുന്നു
ഹജാസറിന്റെ തീരത്ത് വാദ്യക്കാർ
വിലപിക്കുന്നു
അവർ തേങ്ങുന്നു
പൂക്കൾ അവയുടെ സുഗന്ധത്തെ
കൈയ്യൊഴിഞ്ഞു.
ഓഡോ ജാമിന്റെ ദു:ഖം പോലെ തടാകങ്ങൾ
കരകവിയുന്നു
പദമണീ, ഞങ്ങൾ നിനക്ക് മധുരങ്ങൾ നൽകാം,
ഗോതമ്പ് പായസം, കരിമ്പ്, എല്ലാം
ഹജാസറിന്റെ തീരത്ത് വാദ്യക്കാർ
വിലപിക്കുന്നു
അവർ തേങ്ങുന്നു
പൂക്കൾ അവയുടെ സുഗന്ധത്തെ
കൈയ്യൊഴിഞ്ഞു
ഓഡോ ജാമിന്റെ ദു:ഖം പോലെ തടാകങ്ങൾ
കരകവിയുന്നു
കുളിക്കാൻ പൊയ്ക തരാം പദമണീ (2)
നദികളിലെ ജലം ഞങ്ങൾ നൽകാം..
ഹജാസറിന്റെ തീരത്ത് വാദ്യക്കാർ
വിലപിക്കുന്നു
അവർ തേങ്ങുന്നു
പൂക്കൾ അവയുടെ സുഗന്ധത്തെ
കൈയ്യൊഴിഞ്ഞു
ഓഡോ ജാമിന്റെ ദു:ഖം പോലെ തടാകങ്ങൾ
കരകവിയുന്നു
നിന്റെ പല്ലുകൾക്ക് ശോഭ നൽകാൻ
മാതളത്തിന്റെ തണ്ടുകൾ ഞങ്ങൾ നൽകാം
അരളിയുടെ മൃദുവായ തണ്ടുകളും
ഹജാസറിന്റെ തീരത്ത് വാദ്യക്കാർ
വിലപിക്കുന്നു
അവർ തേങ്ങുന്നു
പൂക്കൾ അവയുടെ സുഗന്ധത്തെ
കൈയ്യൊഴിഞ്ഞു
ഓഡോ ജാമിന്റെ ദു:ഖം പോലെ തടാകങ്ങൾ
കരകവിയുന്നു
ഗാനത്തിന്റെ ഇനം : പരമ്പരാഗത നാടൻപാട്ട്
ഗണം : പ്രണയത്തിന്റേയും വിരഹത്തിന്റേയും ഗാനങ്ങൾ
ഗാനം : 10
ഗാനത്തിന്റെ ശീർഷകം : ചകാസർജി പാര മതേ ധോലിദ ധ്രുസ്കേ
സംഗീതം : ദേവൽ മേത്ത
ഗായകർ : മുന്ദ്ര താലൂക്കിലെ ഭദ്രേസർ ഗ്രാമത്തിലെ ഝുമ വാഘേർ
സംഗീതോപകരണങ്ങൾ : ഡ്രം, ഹാർമോണിയം, ബാഞ്ജോ
റിക്കാർഡ് ചെയ്ത വർഷം : 2012, കെ.എം.വി.എസ് സ്റ്റുഡിയോ
സൂർവാണി എന്ന സാമൂഹികാടിസ്ഥാനത്തിലുള്ള റേഡിയോ റിക്കാർഡ് ചെയ്ത ഈ 341 ഗാനങ്ങളും പാരിക്ക് ലഭിച്ചത് , കച്ച് മഹിളാ വികാസ് സംഘടനിലൂടെയാണ് ( കെ . എം . വി . എസ് ). ഈ ശേഖരത്തിലെ മറ്റ് പാട്ടുകൾ കേൾക്കാൻ സന്ദർശിക്കുക: റാനിലെ പാട്ടുകൾ: കച്ചി നാടോടിപ്പാട്ടുകളുടെ ശേഖരം
പ്രീതി സോണി , കെ . എം . വി . എസിന്റെ സെക്രട്ടറി അരുണ ധോലാക്കിയ , കെ . എം . വി . എസിന്റെ പ്രോജക്ട് കോഓർഡിനേറ്റർ അമദ് സമേജ എന്നിവരുടെ പിന്തുണയ്ക്കും , ഗുജറാത്തി പരിഭാഷ തയ്യാറാക്കാൻ സഹായിച്ച ഭാർതിബെൻ ഗോറിനും പ്രത്യേക നന്ദി
പരിഭാഷ: രാജീവ് ചേലനാട്ട്