തന്റെ ഓർമ്മകളിൽ മാത്രം ബാക്കിയായ ചക്രവാളത്തിന്റെ ഭാഗത്തേക്ക് സുരേന്ദ്ര നാഥ് അവസ്തി കൈ പരത്തി. “അതെല്ലാം, അതും”, കൈകൾ വീശി ഒരു ചെറിയ പുഞ്ചിരിയോടെ അദ്ദേഹം പറഞ്ഞു.
“ഞങ്ങൾക്കവളെ ഇഷ്ടമായിരുന്നു. അവൾ കാരണമാണ് ഞങ്ങളുടെ കിണറുകളിൽ, വെറും പത്തടി താഴെ ശുദ്ധജലമുണ്ടായിരുന്നത്. എല്ലാ മഴക്കാലത്തും അവൾ ഞങ്ങളുടെ വീടുകളിലേക്കെത്തും. ഓരോ മൂന്നുവർഷം കൂടുമ്പോഴും ഒരു ബലി അവൾ ആവശ്യപ്പെടും – മിക്കവാറും ചെറിയ മൃഗങ്ങളായിരിക്കും അത്”, അദ്ദേഹം പറഞ്ഞു. “എന്നാലിപ്പോൾ, അവൾ കുറേക്കാലമായി ഞങ്ങളോട് കോപത്തിലാണ്. ഒരുപക്ഷേ ആ പാലം ചെയ്തതായിരിക്കും അത്”, അദ്ദേഹത്തിന്റെ ശബ്ദം നേർത്തു.
ഇപ്പോൾ ഏതാണ്ട് ഇല്ലാതായിക്കഴിഞ്ഞ സായി എന്ന നദിക്ക് മുകളിലെ 67 മീറ്റർ ദൈർഘ്യമുള്ള പാലത്തിൽ നിൽക്കുകയായിരുന്നു അവസ്തി. ‘കോപിച്ച അവൾ’ എന്ന് അദ്ദേഹം സൂചിപ്പിച്ചത് ആ നദിയെക്കുറിച്ചാണ്. പാലത്തിനുതാഴെ കൃഷിയിടമായിരുന്നു. ഈയടുത്ത് വെട്ടിയെടുത്ത ഗോതമ്പിന്റെ കുറ്റികൾ നദിയിലെ മണൽത്തട്ടിൽ കാണാൻ കഴിഞ്ഞു. ഇരുവശത്തും യൂക്കാലിപ്റ്റസ് മരങ്ങൾ കാറ്റിലാടുന്നുണ്ടായിരുന്നു.
അവസ്തിയുടെ സുഹൃത്തും സഹപ്രവർത്തകനുമായ ജഗദീഷ് പ്രസാദ് ത്യാഗി എന്ന വിരമിച്ച സ്കൂൾ അദ്ധ്യാപകൻ സായി നദിയെ ഓർക്കുന്നത് “മനോഹരമായ പുഴ”യായിട്ടാണ്.
വലിയ മത്സ്യങ്ങൾ പുളയുകയും കണ്ണിന് വിരുന്നൊരുക്കുകയും ചെയ്തിരുന്ന ആഴമുണ്ടായിരുന്ന ആ നദിയെക്കുറിച്ച് അദ്ദേഹം സംസാരിച്ചു. എഡ്ഡി മച്ച്ലി, റോഹു, ഈലുകൾ, പഫേഴ്സ് തുടങ്ങിയ മത്സ്യങ്ങളെ അദ്ദേഹം ഇപ്പോഴും ഓർക്കുന്നു. “വെള്ളം വറ്റാൻ തുടങ്ങിയപ്പോൾ മീനുകളും അപ്രത്യക്ഷമായി”, അദ്ദേഹം പറഞ്ഞു.
മധുരമായ ഓർമ്മകൾ ഇനിയുമുണ്ട്. പുഴപ്പരപ്പിൽനിന്ന് 100 മീറ്റർ അകലെ, വീടിന്റെ മുറ്റംവരെ സായി നദി എത്താറുണ്ടായിരുന്നത്, 2007 മുതൽ 2012 വരെ ഗ്രാമത്തിലെ സർപാഞ്ചായിരുന്ന 74 കാരൻ മാൽതി അവസ്തി ഓർമ്മിക്കുന്നു. ആ വലിയ മുറ്റത്ത് എല്ലാ വർഷവും ഗ്രാമീണർ ഒത്തുകൂടി അന്ന പർവ്വത് ദാൻ (ധാന്യങ്ങൾ സമ്മാനം നൽകൽ) സംഘടിപ്പിച്ചിരുന്നു. നദിയുടെ കോപത്തിൽ വിളകൾ നഷ്ടപ്പെട്ട കർഷകകുടുംബങ്ങൾക്കുള്ള ധാന്യത്തിന്റെ വിതരണമായിരുന്നു അത്.
“ഇന്ന് ആ സമുദായത്തിന്റെ ഒരുമ നഷ്ടമായി. ആ ധാന്യങ്ങളുടെ രുചിയും ഇല്ലാതായി. കിണറുകളിലെ വെള്ളം വറ്റി. ഞങ്ങളെപ്പോലെത്തന്നെ ദുരിതം അനുഭവിക്കുന്നു ഞങ്ങളുടെ കന്നുകാലികളും. ജീവിതത്തിന്റെ മധുരം നഷ്ടപ്പെട്ടു”, അദ്ദേഹം പറഞ്ഞു.























