കൊച്ചാരെ ഗ്രാമത്തിൽ ഫലഭൂയിഷ്ടവും ഹരിതാഭവുമായ 500-ഓളം ഹാപ്പസ് (അൽഫോൺസ) മരങ്ങളുണ്ടായിരുന്ന സന്തോഷ് ഹാൽദങ്കറിന്റെ മാവിൻതോട്ടം ഇന്ന് വരണ്ട് കിടക്കുന്നു
കാലം തെറ്റിയ മഴയും അന്തരീക്ഷോഷ്മാവിലുണ്ടാവുന്ന പെട്ടെന്നുള്ള മാറ്റങ്ങളും മഹാരാഷ്ട്രയിലെ സിന്ധുദുർഗ് ജില്ലയിലെ അൽഫോൺസാ (മാംഗിഫെരാ ഇൻഡിക്കാ എൽ) കർഷകരുടെ വിളവുകളെ ഇല്ലാതാക്കി. കോൽഹാപ്പുരിലെയും സാംഗ്ലിയിലെയും കമ്പോളങ്ങളിലേക്ക് പോയിരുന്ന മാങ്ങകളുടെ ചരക്കുനീക്കം ഗണ്യമായി കുറഞ്ഞു.
“കഴിഞ്ഞ മൂന്ന് വർഷം വെല്ലുവിളികൾ നിറഞ്ഞതായിരുന്നു. ഞങ്ങളുടെ ഗ്രാമത്തിൽനിന്ന് കമ്പോളത്തിലേക്ക് 10-12 വണ്ടി നിറയെ മാങ്ങകളാണ് ഞങ്ങൾ അയച്ചുകൊണ്ടിരുന്നത്. ഇന്ന് ആ സ്ഥാനത്ത്, ഒരു വണ്ടിപോലും പോവുന്നില്ല”, ഒരു പതിറ്റാണ്ടായി അൽഫോൺസ കൃഷി ചെയ്യുന്ന സന്തോഷ് പറയുന്നു.
(സെൻസസ്2011) പ്രകാരം, സിന്ധുദുർഗിലെ വെങ്കുർള ബ്ലോക്കിൽ ഉത്പാദിപ്പിക്കുന്ന മൂന്ന് പ്രമുഖ ഉത്പന്നങ്ങളിലൊന്നാണ് ഈ മാങ്ങകൾ. കാലാവസ്ഥയുടെ ചാപല്യം മൂലം, അൽഫോൺസാ തോട്ടങ്ങളുടെ ഈ വർഷത്തെ ഉത്പാദനം, ശരാശരി ഉത്പാദനത്തിന്റെ 10 ശതമാനംപോലുമില്ലെന്ന് ഈ കർഷകൻ പറയുന്നു.
“കഴിഞ്ഞ 2-3 വർഷങ്ങളിലെ കാലാവസ്ഥാവ്യതിയാനം വലിയ നഷ്ടമാണുണ്ടാക്കിയത്”, സ്വര ഹാൽദങ്കർ പറയുന്നു. കാലാവസ്ഥാമാറ്റങ്ങൾ മൂലം പുതിയ കീടങ്ങൾ - ത്രിപ്പ്സെന്നും ജാസ്സിദെന്നും പേരുള്ളവർ (മാംഗോ ഹോപ്പർ എന്നും അറിയപ്പെടുന്നു) – ധാരാളമായി വിളകളെ ബാധിക്കുന്നതായി അവർ ചൂണ്ടിക്കാട്ടുന്നു. ഇത് ഉത്പാദനത്തെ പ്രതികൂലമായി ബാധിക്കുകയും ചെയ്യുന്നു.
മാങ്ങകളിൽ ഈ ത്രിപ്സുണ്ടാക്കുന്ന ആഘാതത്തെക്കുറിച്ച് പഠിച്ചതിനുശേഷം, “നിലവിലുള്ള ഒരു കീടനാശിനിയും ഇതിന്റെ കാര്യത്തിൽ ഫലപ്രദമല്ല” എന്നാണ് കർഷകനും കൃഷിയിൽ ബിരുദമെടുക്കുകയും ചെയ്ത നീലേഷ് പരബ് കണ്ടെത്തിയത്.
വിളവുകൾ ഗണ്യമായി ഇടിയുകയും ലാഭമില്ലാതിരിക്കുകയും ചെയ്യുന്ന ഈ അവസ്ഥയിൽ, തങ്ങളുടെ മക്കൾ ഈ രംഗത്തേക്ക് വരരുതെന്നാണ് സന്തോഷിനേയും സ്വരയേയുംപോലുള്ള കർഷകർ ആഗ്രഹിക്കുന്നത്. “മാങ്ങകളുടെ കമ്പോളവില വളരെ കുറവാണ്, വ്യാപാരികൾ ഞങ്ങളെ ചതിക്കുന്നു, ഇത്രയധികം അദ്ധ്വാനിച്ചിട്ടും വരുമാനം മുഴുവൻ കീടനാശിനി അടിക്കാനും കൂലിക്കും മാത്രമേ തികയുന്നുള്ളു”, സ്വര വിശദീകരിക്കുന്നു.
പരിഭാഷ: രാജീവ് ചേലനാട്ട്