“എരി വളർത്തുന്ന വീടുകളിൽ, കുട്ടികൾ അമ്മമാരിൽനിന്നാണ് അത് പഠിക്കുന്നത്. നെയ്യാനും നൂൽ കെട്ടിവെക്കാനും എന്നെ ആരും പഠിപ്പിച്ചിട്ടില്ല. അമ്മ ചെയ്യുന്നത് കണ്ട് സ്വയം മനസ്സിലാക്കിയതാണ്,” മജൂലിക്കാരിയായ ജാമിനി പറയുന്നു.
മിക്ക സ്ത്രീകളും അവരവരുടെ കൈത്തറിയിൽ നിർമ്മിച്ച സിൽക്ക് വസ്ത്രങ്ങളാണ് ധരിക്കുന്നതെന്ന് അവർ പറയുന്നു. കാരണം, യന്ത്രവത്കൃതമായി നിർമ്മിച്ച വസ്ത്രങ്ങൾ ഇന്നത്തെപ്പോലെ പണ്ട് ലഭ്യമായിരുന്നില്ല. എരി, നൂനി, മുഗ സിൽക്ക് എന്നിവകൊണ്ട് നെയ്ത സഡൊർ-മെഖേലയാണ് സ്ത്രീകൾ ധരിക്കുന്നത്. “എവിടെ പോകുമ്പോഴും സ്ത്രീകൾ തകുതി (സ്പിൻഡിൽ) കൊണ്ടുപോകും.”
ജമിനിക്ക് പ്രചോദനം കിട്ടി. “എരി പട്ടുനൂൽപ്പുഴുക്കളെ വളർത്തുമെന്നും മറ്റുള്ളവരേയും അത് ചെയ്യാൻ പഠിപ്പിക്കുമെന്നും ഞാൻ ആ നിമിഷം തീരുമാനിച്ചു.” മജൂലിയിലെ ഏതാണ്ട് 25 സ്ത്രീകൾക്ക് ഇപ്പോൾ അവർ നെയ്ത്തിലും വസ്ത്ര്നിർമ്മാണത്തിലും പരിശീലനം കൊടുക്കുന്നു. രാജ്യത്തും വിദേശത്തും ജാമിനിയുടെ ഉത്പനങ്ങൾ പ്രദർശിപ്പിക്കപ്പെട്ടിട്ടുണ്ട്. ബ്രിട്ടീഷ് മ്യൂസിയത്തിൽപ്പോലും അവരുണ്ടാക്കിയ ഒരു ഉത്പന്നം കാണാം.
“എരി വസ്ത്രങ്ങൾക്ക് ധാരാളം ആവശ്യക്കാരുണ്ട്. എന്നാൽ ഞങ്ങൾ പരമ്പരാഗത രീതിയിൽ മാത്രമേ നിർമ്മിക്കുന്നുള്ളു,” ജാമിനി പറയുന്നു. മറ്റ് പല സ്ഥലത്തും എരി വസ്ത്രങ്ങൾ യന്ത്രത്തിൽ നിർമ്മിക്കുന്നുണ്ട്. ബിഹാറിലെ ഭഗൽപുരിൽനിന്നുള്ള പട്ടുവസ്ത്രങ്ങൾ അസമിലെ കമ്പോളങ്ങളിൽ വന്നുനിറയുന്നു.
കൈകൊണ്ടുണ്ടാക്കുന്നവയ്ക്ക് നൂലിന്റേയും ഉപയോഗിക്കുന്ന സാങ്കേതികവിദ്യയുടേയും അടിസ്ഥാനത്തിലാണ് വില നിശ്ചയിക്കുന്നത്. ഡിസൈനും വിലയെ നിയന്ത്രിക്കുന്നു. കൈകൊണ്ട് നെയ്യുന്ന, പരമ്പരാഗത ഡിസൈനുകളുള്ള ഒരു എരി വസ്ത്രത്തിന് 3,500 രൂപയിൽക്കൂടുതൽ വിലയുണ്ട്. കൈകൊണ്ട് നെയ്യുന്ന ഒരു സഡൊർ-മെഖേലയ്ക്ക് 8,000 രൂപ മുതൽ 15,000-വും 20,000 രൂപവരെയും പ്രാദേശിക കമ്പോളത്തിൽ വിലയുണ്ട്.
“പണ്ടൊക്കെ, അസമീസ് സ്ത്രീകൾ അവരുടെ പ്രേമഭാജനങ്ങൾക്കായി, ഗമോഷയും, റുമാലും തലയിണയുറയും നെയ്തിരുന്നു. ഞങ്ങളുടെ മിസിംഗ് സമുദായത്തിലെ പെൺകുട്ടികൾ ഗാലോക്കും നെയ്തിരുന്നു,” അവർ പറയുന്നു. പരമ്പരാഗതരീതികൾ പുനരുജ്ജീവിപ്പിക്കുകയും അടുത്ത തലമുറയിലേക്ക് പകർന്നുനൽകുകയും ചെയ്തില്ലെങ്കിൽ ഈ സമ്പന്നമായ സാംസ്കാരിക പൈതൃകം അപ്രത്യക്ഷമാകുമെന്ന് ജാമിനി ഭയപ്പെടുന്നു. “അതുകൊണ്ടാണ് ഞാനിത് ഇപ്പൊഴും ചെയ്തുകൊണ്ടിരിക്കുന്നത്. അതിനെ ഒരു ഉത്തരവാദിത്തമായി കണ്ടുകൊണ്ട്.”
മൃണാളിനി മുഖർജി ഫൌണ്ടേഷന്റെ (എം.എം.എഫ്) ഫെല്ലോഷിപ്പിന്റെ പിന്തുണയോടെ നടത്തിയ റിപ്പോർട്ടിംഗ്
പരിഭാഷ: രാജീവ് ചേലനാട്ട്