കാൽമുട്ടുകൾക്കിടയിൽ കള്ളിമുണ്ട് തിരുകി, 30 സെക്കൻഡിനുള്ളിൽ 40 അടി ഉയരമുള്ള പനമരത്തിന്റെ പകുതിദൂരംവരെ അജയ് മഹാത്തോ കുതിച്ചുകയറും.
എല്ലാ ദിവസവും അദ്ദേഹം ഈ ജോലി ചെയ്യുന്നു. ഉയരമേറിയ പനമരത്തിൽ കയറി, മടലുകൾക്കിടയിലുള്ള അതിന്റെ തളിരിൽനിന്ന് ചാറെടുക്കുന്നു.
ബിഹാറിലെ സമസ്തിപുർ ജില്ലയിൽ മേയ് മാസത്തിലെ തെളിച്ചമുള്ള ഒരു പകലിൽ, കള്ള് ചെത്തിയെടുക്കുന്നതിന് പനയിൽ കയറാൻ തയ്യാറെടുക്കുകയാണ് 27 വയസ്സുള്ള അദ്ദേഹം. “ഇതും പനമരംപോലെ തഴമ്പിച്ചിരിക്കുന്നു. മുള്ളുപോലും കയറില്ല” രണ്ട് കൈകളിലെയും തഴമ്പ് കാണിച്ചുകൊണ്ട് അജയ് പറയുന്നു.
“മുകളിലേക്ക് കയറുമ്പോൾ, മരത്തിലെ പിടുത്തത്തിന് ബലം വേണം. രണ്ട് കൈകളും കാലുംമുപയോഗിച്ച് മുറുക്കിപ്പിടിക്കണം”, കൈപ്പത്തികൾ കൂട്ടിപ്പിടിച്ച്, അയാൾ അത് കാണിച്ചുതന്നു. ദിവസേനയുള്ള ഈ കയറ്റം, അജയുടെ നെഞ്ചിലും കൈകളിലും കണങ്കാലിലുമൊക്കെ അടയാളങ്ങൾ ശേഷിപ്പിച്ചിരിക്കുന്നു.
“15 വയസ്സുള്ളപ്പോൾ കയറാൻ തുടങ്ങിയതാണ് ഞാൻ”, പന്ത്രണ്ട് കൊല്ലമായി ഈ പണി ചെയ്യുന്ന ആ കള്ളുചെത്തുകാരൻ പറയുന്നു.
റസുൽപുർ ഗ്രാമത്തിലെ താമസക്കാരനായ അജയ്, പാസി സമുദായക്കാരനാണ്. പരമ്പരാഗതമായി കള്ള് ചെത്തുന്ന സമുദായക്കാരാണ് അവർ. അജയ്‌യുടെ കുടുംബത്തിൽത്തന്നെ ചുരുങ്ങിയത് മൂന്ന് തലമുറകൾ ഈ തൊഴിലിൽ ഏർപ്പെട്ടിരുന്നു..














