“2020-ലെ ലോക്ഡൌണിൽ ചില ആളുകൾ ഞങ്ങളുടെ 1.20 ഏക്കർ ഭൂമിയുടെ അതിർത്തിയിൽ വന്നു,” ഫഗുവ ഒറാംവ് പറയുന്നു. തുറസ്സായ ഒരു പറമ്പിനെ വലംവെച്ചുകൊണ്ട് പണിത ഇഷ്ടിക്കച്ചുമരിലേക്ക് ചൂണ്ടിയാണ് 30-കളുടെ തുടക്കത്തിലുള്ള ആ ആദിവാസി കർഷകൻ അത് പറഞ്ഞത്. ഒറാംവ് സമുദായക്കാർ ധാരാളമുള്ള ഖൂട്ടി ജിലയിലെ ദുമാരി ഗ്രാമത്തിലായിരുന്നു ഞങ്ങൾ. “‘ഈ സ്ഥലം നിങ്ങളുടെയല്ല, മറ്റ് ചിലരുടെയാണ്’ എന്ന് പറഞ്ഞ് അവർ അത് അളക്കാൻ തുടങ്ങി,” ഞങ്ങളതിനെ എതിർത്തു.
“സംഭവം നടന്ന് 15 ദിവസം കഴിഞ്ഞപ്പോൾ ഞങ്ങൾ ഗ്രാമത്തിൽനിന്ന് 30 കിലോമീറ്റർ അകലെ, ഖൂട്ടിയിലുള്ള സബ് ഡിവിഷണൽ മജിസ്ട്രേറ്റിന്റെയടുത്ത് പോയി. ഓരോ യാത്രയ്ക്കും 200 രൂപയിലധികം വേണം. അവിടെ ഒരു അഭിഭാഷകന്റെ സഹായം ഞങ്ങൾക്ക് ആവശ്യമായിരുന്നു. ആ മനുഷ്യൻ ഞങ്ങളുടെ കൈയ്യിൽനിന്ന് 2,500 രൂപ വാങ്ങി. എന്നാൽ ഒന്നും സംഭവിച്ചില്ല.
“അതിനുമുൻപ്, ഞങ്ങൾ ഞങ്ങളുടെ ബ്ലോക്കിലെ സോണൽ ഓഫീസിലേക്ക് പോയി. ഇതിനെക്കുറിച്ച് പരാതി പറയാൻ പൊലീസ് സ്റ്റേഷനിലേക്കും പോയി. ഭൂമിയിന്മേലുള്ള അവകാശം ഒഴിഞ്ഞുതരണമെന്ന് പറഞ്ഞ് ഞങ്ങൾക്ക് ഭീഷണി ലഭിക്കാറുണ്ടായിരുന്നു. തീവ്രവലതുപക്ഷത്തുള്ള ഒരു സംഘടനയുടെ ജില്ലാതല ഔദ്യോഗിക ഭാരവാഹി ഞങ്ങളെ ഭീഷണിപ്പെടുത്തി. എന്നാൽ കോടതിയിൽ ഒരു വിചാരണയും നടന്നില്ല. ഇപ്പോൾ ഞങ്ങളുടെ ഭൂമിയിലാണ് ഈ മതിൽ നിൽക്കുന്നത്. കഴിഞ്ഞ രണ്ടുവർഷമായി ഞങ്ങൾ ഇതിന്റെ ചുറ്റും ഓടീക്കൊണ്ടിരിക്കുകയാണ്.
“1930-ൽ ബാൽചന്ദ് സാഹു എന്ന ഭൂപ്രഭുവിൽനിന്ന് എന്റെ മുത്തച്ഛൻ ലൂസ ഒറാംവാണ് ഈ സ്ഥലം വാങ്ങിയത്. ഈ സ്ഥലത്താണ് ഞങ്ങൾ കൃഷി ചെയ്തിരുന്നത്. 1930 മുതൽ 2015-വരേക്കുള്ള വാടക രശീതികളും ഞങ്ങളുടെ പക്കലുണ്ട്. അതിനുശേഷം 2016-ലാണ് ഓൺലൈൻ സംവിധാനം തുടങ്ങിയത്. ആ ഓൺലൈൻ രേഖകളിൽ ഞങ്ങളുടെ സ്ഥലം, മുൻ ഭൂവുടമയുടെ അനന്തരാവകാശികളുടെ പേരിലാണ് കാണിക്കുന്നത്. എങ്ങിനെ ഇത് സംഭവിച്ചു എന്ന് ഞങ്ങൾക്കറിയില്ല.”
കേന്ദ്രസർക്കാരിന്റെ ഡിജിറ്റൽ ഇന്ത്യ ലാൻഡ് റിക്കാർഡ്സ് മോഡണൈസേഷൻ പ്രോഗ്രാം (ഡി.ഐ.എൽ.ആർ.എം.പി) വഴിയാണ് ഫഗുവ ഒറാംവിന് തന്റെ സ്ഥലം നഷ്ടമായത്. രാജ്യത്തെ എല്ലാ സ്ഥലത്തിന്റേയും രേഖകളെ ഡിജിറ്റൈസ് ചെയ്ത്, കേന്ദ്രീകൃതമായ ഒരു ഡേറ്റാബേസ് സൃഷ്ടിക്കാനുള്ള പദ്ധതിയായിരുന്നു അത്. അത്തരം രേഖകളെ ആധുനികമായി കൈകാര്യം ചെയ്യാനുള്ള പദ്ധതിക്ക് കീഴിൽ, 2016 ജനുവരിയിൽ സംസ്ഥാന സർക്കാർ ഒരു ലാൻഡ് ബാങ്ക് പോർട്ടൽ ആരംഭിച്ചു. ഭൂമികളെക്കുറിച്ചുള്ള ജില്ലാതല വിവരങ്ങളാണ് ആ പോർട്ടലിലുള്ളത്. “സ്ഥലങ്ങളെക്കുറിച്ചും / വസ്തുവകകളെക്കുറിച്ചുമുള്ള തർക്കങ്ങൾ കുറയ്ക്കുകയും, സ്ഥലത്തെക്കുറിച്ചുള്ള രേഖകളുടെ സൂക്ഷിപ്പിൽ സുതാര്യത കൈവരിക്കുകയും ചെയ്യുക” എന്നതായിരുന്നു അതിന്റെ ലക്ഷ്യം.
എന്നാൽ ഫഗുവയ്ക്കും അദ്ദേഹത്തെപ്പോലുള്ള മറ്റ് പലർക്കും ഇത് നേർ വിപരീതമായ ഫലമാണ് ഉണ്ടാക്കിയത്.
“സ്ഥലത്തെക്കുറിച്ച് ഓൺലൈനിൽ എന്താണ് സ്ഥിതി എന്നറിയാൻ ഞങ്ങൾ പ്രഗ്യാ കേന്ദ്രത്തിലേക്ക് പോയി.” ജാർഘണ്ടിലെ കോമൺ സർവീസ് സെന്ററുകൾക്കായുള്ള ഏകജാലക സംവിധാനമാണ് ഈ കേന്ദ്രം. ഫീസ് വാങ്ങി, ഗ്രാമ പഞ്ചായത്തിൽ പൊതുസേവനങ്ങൾ നൽകാനുള്ള കേന്ദ്ര സർക്കാരിന്റെ ഡിജിറ്റൽ ഇന്ത്യാ പദ്ധതിയുടെ കീഴിലാണ് ഇത്. “ഓൺലൈൻ രേഖകൾപ്രകാരം, സ്ഥലത്തിന്റെ ഇപ്പോഴത്തെ ഉടമസ്ഥൻ നാഗേന്ദ്ര സിംഗ് ആണ്. അയാൾക്ക് മുമ്പ് സഞ്ജയ് സിംഗും. സഞ്ജയ് സിംഗ് ഇത് ബിന്ദു ദേവിക്ക് വിറ്റു. അയാൾ അത് നാഗേന്ദ്ര സിംഗിനും.
ഞങ്ങളുടെ അറിവില്ലാതെ, ഭൂവുടമയുടെ പിൻഗാമികൾ ഒരേ സ്ഥലം രണ്ടും മൂന്നും തവണ വാങ്ങുകയും വിൽക്കുകയും ചെയ്തിരുന്നുവെന്നാണ് മനസ്സിലാവുന്നത്. എന്നാൽ, 1930 മുതൽ 2015-വരേക്കുള്ള ഓഫ്‌ലൈൻ രശീതികൾ ഞങ്ങളുടെ കൈവശമിരിക്കുമ്പോൾ ഇതെങ്ങിനെ സാധിക്കും? ഞങ്ങൾ ഇതിനകം 20,000 രൂപയിലധികം ചിലവാക്കിക്കഴിഞ്ഞു. ഇപ്പൊഴും ഓടിക്കൊണ്ടിരിക്കുകയാണ്. പൈസ സ്വരൂപിക്കാൻ ഞങ്ങൾക്ക് വീട്ടിലുള്ള ഭക്ഷ്യധാന്യങ്ങൾ വിൽക്കേണ്ടിവന്നു. എന്നാലിന്ന്, ഞങ്ങളുടെ പറമ്പിലെ ആ മതിൽ കാണുമ്പോൾ, ഞങ്ങൾക്കുണ്ടായിരുന്നതെല്ലാം നഷ്ടപ്പെട്ടതുപോലെ തോന്നുന്നു. ഈ പോരാട്ടത്തിൽ ഞങ്ങളെ സഹായിക്കാൻ ആർക്കാണ് കഴിയുക എന്ന് ഞങ്ങൾക്കറിയില്ല.”







