“ജൂണിൽ എസ്.ഡി.എം. (സബ് ഡിവിഷണൽ മജിസ്ട്രേറ്റ് വന്ന് പറഞ്ഞു, ‘ഇതാ, ഒഴിഞ്ഞുപോകാനുള്ള നോട്ടീസ്’.”

തന്റെ ഗാഹ്‌ധാര ഗ്രാമത്തിന്റെ പ്രവേശനകവാടത്തിലുള്ള വലിയ ആൽമരം ചൂണ്ടിക്കാണിക്കുന്നു ബാബുലാൽ ആദിവാസി. സമുദായയോഗങ്ങൾ കൂടാറുള്ള അവിടെവെച്ചുതന്നെയാണ് അയാളുടെ ഗ്രാമക്കാരുടെ ഭാവി ഒരൊറ്റ ദിവസംകൊണ്ട് മാറിമറിഞ്ഞതും.

ഒരു അണക്കെട്ടിനും, നദികളെ സംയോജിപ്പിക്കാനുള്ള പദ്ധതിക്കുംവേണ്ടി, മധ്യപ്രദേശിലെ പന്ന ടൈഗർ റിസർവിലെ (പി.ടി.ആർ) 22 ഗ്രാമങ്ങളിൽ താമസിക്കുന്ന ആയിരത്തോളം താമസക്കാരോട് ഒഴിഞ്ഞുപോകാൻ ആവശ്യപ്പെട്ടിരിക്കുകയാണ്. അന്തിമ പാരിസ്ഥിതിക അംഗീകാരം 2017-ൽ കിട്ടുകയും ദേശീയോദ്യാനത്തിലെ വൃക്ഷങ്ങൾ വെട്ടുന്നത് ആരംഭിക്കുകയും ചെയ്തു. അടിയന്തരമായി ഒഴിഞ്ഞുപോകേണ്ടിവരുമെന്ന ഭീഷണി ഗതിവേഗമാർജ്ജിക്കുകയും ചെയ്തിരിക്കുന്നു.

രണ്ട് പതിറ്റാണ്ടായി ആലോചനയിലുള്ള ഈ പദ്ധതിക്ക് 44,605 കോടി ചിലവ് വരും ( 1-ആം ഘട്ടം ). 218 കിലോമീറ്റർ നീളമുള്ള ഒരു വലിയ കനാൽ വഴി കെൻ, ബെത്‌വ പുഴകളെ സംയോജിപ്പിക്കുന്ന പദ്ധതിയാണ് ഇത്.

വലിയ രീതിയിൽ വിമർശിക്കപ്പെട്ട ഒന്നാണ് ഈ പദ്ധതി. “ഈ പദ്ധതിക്ക് ഒരു ന്യായീകരണം‌പോലും, ജലസംബന്ധിയായ ഒരു ന്യായീകരണം‌പോലും,” ജല വിഭാഗത്തിൽ 35 വർഷമായി പ്രവർത്തിക്കുന്ന ഹിമാൻശു താക്കർ എന്ന ശാസ്ത്രജ്ഞൻ പറയുന്നു. “ഒന്നാമതായി, കെൻ എന്ന നദിയിൽ അധികജലം ഇല്ല. മുൻ‌കൂട്ടി തീരുമാനിച്ചുറച്ച ചില നിഗമനങ്ങളല്ലാതെ, വിശ്വസനീയമായ കണക്കെടുപ്പോ, വസ്തുനിഷ്ഠമായ പഠനമോ ഒന്നുമില്ല.”

അണക്കെട്ടുകൾ, പുഴകൾ, ജനതതികൾ എന്നിവയ്ക്കായുള്ള ദക്ഷിണേഷ്യൻ ശൃംഖലയുടെ (സൌത്ത് ഏഷ്യാ നെറ്റ്‌വർക്ക് ഓൺ ഡാംസ്, റിവേസ് ആൻഡ് പീപ്പിളിന്റെ -എസ്.എ.എൻ.ഡി.ആർ.പി) കോ‌ഓർഡിനേറ്ററാണ് താക്കർ. പുഴകളെ ബന്ധിപ്പിക്കുന്നതുമായി ബന്ധപ്പെട്ട് മിനിസ്ട്രി ഓഫ് വാട്ടർ റിസോഴ്സസ് (ഇപ്പോൾ ജല ശക്തി എന്ന പേരിൽ അറിയപ്പെടുന്ന മന്ത്രാലയം) സംഘടിപ്പിച്ച വിദഗ്ദ്ധസമിതിയിലെ അംഗമാണ് അദ്ദേഹം. പദ്ധതിയുടെ അടിസ്ഥാനം‌തന്നെ ഞെട്ടിക്കുന്ന ഒന്നാണെന്ന് അദ്ദേഹം പറയുന്നു. “നദികളെ ബന്ധിപ്പിക്കുകയും കാടുകൾ, പുഴകൾ, ജൈവവൈവിദ്ധ്യം എന്നിവയെ പാരിസ്ഥിതികമായും സാമൂഹികമായും വളരെ പ്രതികൂലമായി ബാധിക്കുകയും, ഇവിടെയും, ബുന്ദേൽഖണ്ഡിലും അതിനുമപ്പുറത്തുള്ള ജനങ്ങളെ തകർക്കുകയും ചെയ്യും” എന്ന് പറയുന്നു അദ്ദേഹം.

PHOTO • Priti David
PHOTO • Priti David

ഇടത്ത്: പന്ന ജില്ലയിലെ ഗഹ്ധാരയുടെ പ്രവേശന കവാടത്തിലെ ആൽമരം. നദീസംയോജന പദ്ധതിക്ക് പകരമായി വനംവകുപ്പ് ഈ സ്ഥലം ഏറ്റെടുക്കുന്നതായി ഗ്രാമീണരെ അറിയിച്ചത്, ഈ ആൽമരത്തിന്റെ ചുവട്ടിൽ കൂടിയ ഒരു യോഗത്തിൽ‌വെച്ചായിരുന്നു. വലത്ത്: ഒഴിപ്പിക്കലിനെക്കുറിച്ച് തങ്ങളുമായി ചർച്ച ചെയ്തിട്ടില്ലെന്ന് ഗഹ്ധാരയിലെ ബാബുലാൽ ആദിവാസി പറയുന്നു

PHOTO • Priti David
PHOTO • Priti David

ഇടത്ത്: അണക്കെട്ട് വന്നാൽ മുങ്ങിപ്പോയേക്കാവുന്ന, ചത്തർപുർ ജില്ലയിലെ സുഖ്‌വഹ ഗ്രാമത്തിലെ കന്നുകാലി ഇടയനാണ് മഹാസിംഗ് രാജ്ഭോർ. വലത്ത്: വിറക് ശേഖരിച്ചതിനുശേഷം – ഇവിടങ്ങളിലെ മുഖ്യ പാചക ഇന്ധനമാണ് അത് -  വീടുകളിലേക്ക് മടങ്ങുന്ന ഗ്രാമത്തിലെ സ്ത്രീകൾ

ഡാമിന്റെ 77 മീറ്റർ ഉയരമുള്ള റിസർവോയർ 14 ഗ്രാമങ്ങളെ വെള്ളത്തിനടിയിലാക്കും. പ്രധാനപ്പെട്ട കടുവ വാസസ്ഥലത്തെ മുക്കാൻ പോകുന്ന അത്, നിർണ്ണായകമായ വന്യജീവി ഇടനാഴികളേയും ഒറ്റപ്പെടുത്തും. അതിനാൽ, നഷ്ടപരിഹാരമെന്ന നിലയ്ക്ക് ബാബുലാലിന്റേതുപോലുള്ള എട്ട് ഗ്രാമങ്ങളെ സംസ്ഥാന സർക്കാർ വനംവകുപ്പിന് കൈമാറിക്കഴിഞ്ഞു.

ഇതൊന്നും അസാധാരണമല്ല. ലക്ഷക്കണക്കിന് ഇന്ത്യക്കാർ, പ്രത്യേകിച്ചും ആദിവാസികൾ, ചീറ്റകൾക്കും, കടുവ കൾക്കും, പുനരുപയോഗ ഊർജ്ജത്തിനും, ഡാമുകൾക്കും ഖനികൾക്കുംവേണ്ടി പതിവായി കുടിയൊഴിക്കപ്പെടാറുണ്ട്.

ഇന്ത്യയിലെ തനത് വനവാസികളെ ബലികൊടുത്തുകൊണ്ടാണ് 51 വർഷത്തെ പ്രൊജക്ട് ടൈഗർ ഭീമമായ വിജയത്തിൽ - 3,682 കടുവകൾ (2022-ലെ ടൈഗർ സെൻസസ് പ്രകാരം) എത്തിച്ചേർന്നിരിക്കുന്നത്. രാജ്യത്ത് ഏറ്റവും ദരിദ്രരായ ജനസമുദായവും ഇവർതന്നെയാണ്..

1973-ൽ ഇന്ത്യയിൽ ഒമ്പത് കടുവാസങ്കേതങ്ങളുണ്ടായിരുന്നു. ഇന്ന് അത് 53-ൽ എത്തിനിൽക്കുന്നു. 1972 മുതൽ കൂട്ടിച്ചേർത്തുകൊണ്ടിരിക്കുന്ന ഓരോ കടുവയ്ക്കുംവേണ്ടി, ശരാശരി 150 വനവാസികളെയാണ് നമ്മൾ കുടിയിറക്കിയത്. ഇതുതന്നെ ഒരു ഏകദേശ കണക്കാണ്.

ഇത് അവസാനിക്കുന്നുമില്ല – 2024 ജൂൺ 19-ന് നാഷണൽ ടൈഗർ കൺ‌സർവേഷൻ അഥോറിറ്റി (എൻ.ടി.സി.എ) പുറത്തിറക്കിയ കത്തിൽ, ഇനിയും ലക്ഷക്കണക്കിനാളുകളെ – രാജ്യത്തൊട്ടാകെ 591 ഗ്രാമങ്ങളിലെ – മുൻ‌ഗണനാ അടിസ്ഥാനത്തിൽ മാറ്റിപ്പാർപ്പിക്കണമെന്ന് സൂചിപ്പിക്കുന്നു.

പന്ന ടൈഗർ റിസർവിൽ (പി.ടി.ആർ) 79 കടുവകളുണ്ട്. വനത്തിന്റെ വലിയൊരു ഭാഗം മുങ്ങിപ്പോവുമ്പോൾ, അതിന് നഷ്ടപരിഹാരം നൽകണം. ഗഹ്‌ധാരയിലെ ബാബുലാലിന്റെ വീടും സ്ഥലവും കടുവകൾക്കുവേണ്ടി നഷ്ടപ്പെടാൻ പോവുകയാണ്.

ലളിതമായി പറഞ്ഞാൽ, ‘നഷ്ടപരിഹാരം‘ കിട്ടുന്നത് വനംവകുപ്പിനാണ്. എന്നന്നേക്കുമായി വീടുകൾ നഷ്ടപ്പെടുന്ന ഗ്രാമീണർക്കല്ല എന്നർത്ഥം.

PHOTO • Raghunandan Singh Chundawat
PHOTO • Raghunandan Singh Chundawat

പന്ന ടൈഗർ റിസർവ് യു.എൻ. നെറ്റ്‌വർക് ഓഫ് ബയോസ്ഫിയർ റിസർവിൽ ഉൾപ്പെട്ടതും വംശഭീഷണി നേരിടുന്ന വിവിധ സസ്തനികൾക്കും പക്ഷികൾക്കും സ്വന്തവുമാണ്. അണക്കെട്ടിനും നദീ സംയോജന പദ്ധതിക്കുമായി, ഈ വനമേഖലയുടെ അറുപത് ചതുരശ്ര കിലോമീറ്ററും ജലത്തിനടിയിലാകും

PHOTO • Priti David
PHOTO • Priti David

ഇടത്ത്: കർഷകരും ഇടയന്മാരും ജീവിക്കുന്ന പന്ന ടൈഗർ റിസർവിലെ 14 ഗ്രാമങ്ങൾ എന്നന്നേക്കുമായി നഷ്ടപ്പെടും. മൃഗങ്ങളെ മേയ്ക്കൽ പ്രധാന ഉപജീവനമാർഗമായ ഇവിടത്തെ മിക്ക കുടുംബങ്ങളും വളർത്തുമൃഗങ്ങളെ പരിപാലിക്കുന്നുണ്ട്

“ഞങ്ങൾ ഇതിനെ വീണ്ടും വനവത്കരിക്കും,” പന്ന റേഞ്ച് ഡെപ്യൂട്ടി ഫോറസ്റ്റ് ഓഫീസറായ അഞ്ജന ടിർകി പറയുന്നു. “ഇതിനെ വീണ്ടും ഒരു പുൽമേടാക്കി മാറ്റി വന്യജീവികൾക്ക് ഉപയുക്തമാക്കുക എന്നതാണ് ഞങ്ങളുടെ ജോലി,” പദ്ധതിയുടെ കാർഷിക-പാരിസ്ഥിതിക പ്രശ്നങ്ങൾ പറയാൻ വിസമ്മതിച്ചുകൊണ്ട് അവർ കൂട്ടിച്ചേർത്തു.

മുങ്ങിപ്പോകാനിടയുള്ള 60 ചതുരശ്ര കിലോമീറ്റർ വ്യാപ്തിയുള്ള നിബിഡവും ജൈവവൈവിധ്യവുമുള്ള വനത്തിനുപകരം, തോട്ടങ്ങൾ സൃഷ്ടിക്കാൻ മാത്രമേ ഏറിവന്നാൽ തങ്ങൾക്ക് സാധിക്കൂ എന്ന്, പേര് വെളിപ്പെടുത്താൻ താത്പര്യമില്ലാതിരുന്ന ചില ഉദ്യോഗസ്ഥർ തുറന്ന് സമ്മതിക്കുന്നു. യുണെസ്കോ പന്ന ടൈഗർ റിസർവിനെ വേൾഡ് നെറ്റ്‌വർക് ഓഫ് ബയോസ്ഫിയർ റിസർവിൽ ഉൾപ്പെടുത്തി വെറും രണ്ട് വർഷം തികയുന്നതിന് മുമ്പാണ് ഈ സ്ഥിതി. 46 ലക്ഷം മരങ്ങൾ (2017-ലെ ഫോറസ്റ്റ് അഡ്‌വൈസറി കമ്മിറ്റിയുടെ മീറ്റിംഗിലെ കണക്കുപ്രകാരം) വെട്ടിമാറ്റുന്നതിന്റെ ജലസംബന്ധിയായ പ്രത്യാഘാ‍തങ്ങൾ വിലയിരുത്തപ്പെട്ടിട്ടുപോലുമില്ല.

കടുവകൾ മാത്രമല്ല ഇവിടുത്തെ നിസ്സഹായരായ താമസക്കാർ. ഇന്ത്യയിലെ മൂന്ന് മുതല സങ്കേതങ്ങളിലൊന്ന്, വരാൻ പോകുന്ന അണക്കെട്ടിന്റെ ഏതാനും കിലോമീറ്റർ താഴെയാണ്. അത്യധികം വംശഭീഷണി നേരിടുന്ന പക്ഷികൾക്കുള്ള ഐ.യു.സി.എൻ.-ന്റെ റെഡ് ലിസ്റ്റിൽ ഉൾപ്പെട്ട ഇന്ത്യൻ കഴുകന്മാർ കൂടുകൂട്ടുന്ന പ്രധാനപ്പെട്ട സ്ഥലവും‌കൂടിയാണ് ഇത്. വാസസ്ഥലം നഷ്ടപ്പെടാൻ പോകുന്ന സസ്യഭുക്കുകളും മാംസഭുക്കുകളുമായ ധാരാളം മറ്റ് മൃഗങ്ങളും ഈ സ്ഥലത്തുണ്ട്.

മഴകൊണ്ട് നനയ്ക്കുന്ന ഏതാനും ബിഗ സ്ഥലത്ത് കൃഷി ചെയ്ത്, കുടുംബത്തെ പോറ്റുന്ന ചെറുകിട കർഷകനാണ് ബാബുലാൽ. “ഒഴിയാനുള്ള തീയതിയൊന്നും തരാത്തതുകൊണ്ട്, സ്വന്തം ഭക്ഷണത്തിന്റ് ആവശ്യത്തിനായി അല്പം ചോളം കൃഷി ചെയ്യാമെന്ന് ഞങ്ങൾ കരുതി.” അയാളും മറ്റുള്ളവരും ഈയാവശ്യങ്ങൾക്കായി കൃഷിസ്ഥലം തയ്യാറാക്കിയപ്പോഴേക്കും ഫോറസ്റ്റ് റേഞ്ചർമാർ പ്രത്യക്ഷപ്പെട്ടു. “അവർ ഞങ്ങളോട് കൃഷി നിർത്താൻ പറഞ്ഞു. ‘ഇല്ലെങ്കിൽ ട്രാക്ടർ കൊണ്ടുവന്ന് പാടങ്ങൾ നശിപ്പിക്കും’ എന്ന് അവർ ഭീഷണിപ്പെടുത്തി.”

തങ്ങളുടെ തരിശുഭൂമി പാരി ക്ക് കാണിച്ചുതന്നുകൊണ്ട് അയാൾ പറയുന്നു, “അവർ ഞങ്ങൾക്ക് ഇവിടെനിന്ന് പോകാൻ ആവശ്യമായ മുഴുവൻ നഷ്ടപരിഹാരം തരികയോ, ഇവിടെത്തന്നെ തുടർന്ന് കൃഷി ചെയ്യാൻ അനുവദിക്കുകയോ ചെയ്തില്ല. ഞങ്ങളുടെ ഗ്രാമം ഇവിടെത്തന്നെയുള്ള സ്ഥിതിക്ക്, എന്തുകൊണ്ട് ഞങ്ങളെ ഇവിടെ കൃഷി ചെയ്യാൻ അനുവദിക്കുന്നില്ല? അല്ലാത്ത പക്ഷം ഞങ്ങൾ എന്തെടുത്താണ് ഭക്ഷിക്കുക? എന്നാണ് സർക്കാരിനോട് ഞങ്ങൾക്ക് ചോദിക്കാനുള്ളത്.”

പൂർവ്വികമായ വീടുകളുടെ നഷ്ടം മറ്റൊരു പ്രഹരമാണ്. കഴിഞ്ഞ 300 കൊല്ലമായി തങ്ങളുടെ കുടുംബം ഇവിടെ ഗഹ്‌ധാരയിൽ താമസിച്ചുവരുകയാണെന്ന് പറയുകയാണ് കാഴ്ചയിൽത്തന്നെ ആകെ തകർന്നടിഞ്ഞ സ്വാമി പ്രസാദ് പരോഹർ. “കൃഷി, മഹുവ , തെണ്ടു തുടങ്ങിയ വനോത്പന്നങ്ങൾ, എന്നിവയിൽനിന്നുള്ള വരുമാനമായിരുന്നു ഞങ്ങൾക്കുണ്ടായിരുന്നത്. ഇനി ഞങ്ങൾ എങ്ങോട്ട് പോവും?” വരുന്ന തലമുറയ്ക്ക് കാടുമായുള്ള എല്ലാ ബന്ധവും നഷ്ടപ്പെടുമെന്ന ആധിയാണ് 80 കഴിഞ്ഞ അദ്ദേഹത്തിന്.

PHOTO • Priti David
PHOTO • Priti David

ഇടത്ത്: ഒഴിപ്പിക്കൽ ആസന്നമായതോടെ, ഈ സീസണിലെ (2024) കൃഷിയിൽനിന്ന് വിലക്കപ്പെട്ട ബാബുലാൽ ആദിവാസി ഗഹ്ധാരയിലെ തന്റെ ഭൂമി കാണിച്ചുതരുന്നു. വലത്ത്: പൂർണ്ണമായ നഷ്ടപരിഹാരം എന്ന് തീർത്തുകിട്ടുമെന്ന് അറിയില്ലെന്ന് സ്വാമി പ്രസാദ് പരോഹറും (വലത്തേയറ്റം) ഗ്രാമവാസികളായ പരമലാൽ, സുദാമ പ്രസാദ്, ശരത് പ്രസാദ് (ഇടത്തുനിന്ന് വലത്തേക്ക്) എന്നിവരും പറയുന്നു

*****

‘വികസന’ത്തിന്റെ പേര് പറഞ്ഞ്, സംസ്ഥാനം നടത്തുന്ന ഏറ്റവുമൊടുവിലത്തെ പിടിച്ചുപറി മാത്രമാണ് ഈ നദീ സംയോജന പദ്ധതി.

2023 ഒക്ടോബറിൽ, കെൻ-ബെത്‌വ നദീ സംയോജന പദ്ധതിക്കുള്ള (കെ.ബി.ആർ.എൽ.പി) അന്തിമാനുമതി വന്നപ്പോൾ, അന്നത്തെ ബി.ജെ.പി. മുഖ്യമന്ത്രി ശിവരാജ് സിംഗ് ചൌഹാൻ ആഹ്ലാദാരവത്തോടെയാണ് അതിനെ വരവേറ്റത്. “പിന്നിലായിപ്പോയ ബുന്ദേൽഖണ്ഡിലെ ആളുകളുടെ ഭാഗ്യദിനം” എന്നാണ് അദ്ദേഹമതിനെ വിശേഷിപ്പിച്ചത്. ആ പദ്ധതിമൂലം ജീവിതം തുലയാൻ പോകുന്ന ആയിരക്കണക്കിന് കർഷകർ, ഇടയർ, വനവാസികൾ, അവരുടെ കുടുംബങ്ങൾ എന്നിവരെക്കുറിച്ച് ഒരക്ഷരം‌പോലും അദ്ദേഹം സൂചിപ്പിച്ചില്ല. പദ്ധതിപ്രകാരം ഊർജ്ജോത്പാദനം പി.ടി.ആർ-നുള്ളിലാണെങ്കിലും, യഥാർത്ഥത്തിൽ അത് റിസർവിന് പുറത്തായിരിക്കും എന്നതിന്റെ അടിസ്ഥാനത്തിലാണ് വനത്തിന്റെ അനുമതി കിട്ടിയതെന്ന കാര്യം അദ്ദേഹം മിണ്ടിയില്ല.

അധികജലവും, കുറവ് ജലവുമുള്ള നദീതടങ്ങൾ സംയോജിപ്പിക്കുക എന്ന ആശയം 1970-കളിലാണ് തുടങ്ങിയത്. അങ്ങിനെ നാഷണൽ വാട്ടർ ഡെവലപ്മെന്റ് ഏജൻസി (എൻ.ഡബ്ല്യു.ഡി.എ) നിലവിൽ വരുകയും ചെയ്തു. തോടുകളുടെ ‘ബൃഹത്തായ പുഷ്പഹാര‘ത്തിലൂടെ രാജ്യത്താകമാനം 30 പുഴകളെ ബന്ധിപ്പിക്കുന്നതിന്റെ സാധ്യതയാണ് ഏജൻസി പഠനവിധേയമാക്കിയത്.

മധ്യേന്തയിലെ കൈമുർ മലകളിൽനിന്ന് ഉത്ഭവിക്കുന്നതും ഗംഗാതടത്തിന്റെ ഭാഗവുമായ കെൻ നദി ഉത്തർ പ്രദേശിലെ ബന്ദ ജില്ലയിൽ‌വെച്ച് യമുനയുമായി കൂടിച്ചേരുന്നു. 427 കിലോമീറ്റർ ദൈർഘ്യമുള്ള അതിന്റെ യാത്രയിൽ അത് പന്ന ടൈഗർ റിസർവിലൂടെ കടന്നുപോകുന്നുണ്ട്. പാർക്കിനകത്തെ ധോഡാൻ എന്ന ഗ്രാമത്തിലാണ് അണക്കെട്ട് വരാൻ പോകുന്നത്.

കെൻ നദിയുടെ പടിഞ്ഞാറൻ അറ്റത്തായിട്ടാണ് ബെത്‌വ ഒഴുകുന്നത്.  കെന്നിൽനിന്നുള്ള ‘അധിക’ജലമെടുത്ത് ‘ദൌർലഭ്യ’മുള്ള ബെത്‌വയിലേക്ക് വിടാനാണ് കെ.ബി.എൽ.ആർ.പി. ഉദ്ദേശിക്കുന്നത്. ഇരുനദികളേയും സംയോജിപ്പിക്കുകവഴി ജലക്ഷാമമുള്ള, സാമ്പത്തികമായി പിന്നോക്കം നിൽക്കുകയും, വോട്ടുബാങ്കുമായ ബുന്ദേൽഖണ്ഡിലെ 343,000 ഹെക്ടർ ജലസേചനം ചെയ്യാനാവുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്. എന്നാൽ, ബുന്ദേൽഖണ്ഡിൽനിന്ന്, അതിനപ്പുറത്തുള്ള അപ്പർ ബെത്‌വ ബേസിൻ പ്രദേശത്തേക്ക് വെള്ളം കയറ്റുമതി ചെയ്യാനേ ഈ പദ്ധതി സഹായിക്കൂ എന്നാണ് ശാസ്ത്രജ്ഞന്മാരുടെ അഭിപ്രായം.

PHOTO • Courtesy: SANDRP (Photo by Joanna Van Gruisen)
PHOTO • Bhim Singh Rawat

ഇടത്ത്:  അണക്കെട്ട് വന്നാൽ വെള്ളത്തിനടിയിലാകാൻ പോകുന്ന കെൻ നദിയുടെ തീരത്തുള്ള ഏകദേശം അഞ്ചാറ്‌ കിലോമീറ്റർ പ്രദേശത്തിന്റെ ദൃശ്യം. കടപ്പാട്: എസ്.എ.എൻ.ഡി.ആർ.പി. (ജോവന്ന വാൻ ഗ്രുയിസെൻ എടുത്ത ഫോട്ടോ). വലത്ത്: ടൈഗർ റിസർവിലെ മൃഗങ്ങൾക്ക് പുറമേ, കെൻ നദിയുടെ തീരത്ത് താമസിക്കുന്ന ഇടയസമൂഹങ്ങളുടെ വളർത്തുമൃഗങ്ങളും ആശ്രയിക്കുന്നത് ഈ വെള്ളത്തെയാണ്

PHOTO • Courtesy: SANDRP and Veditum
PHOTO • Courtesy: SANDRP and Veditum

ഇടത്ത്: അമൻ‌ഗഞ്ജിനടുത്തുള്ള പാണ്ഡവനിൽ, 2018 ഏപ്രിലിൽ കെൻ നദി വരണ്ട് അടിത്തട്ട് കാണുന്ന മട്ടിലായിരുന്നു. നദിയുടെ ഒത്ത മദ്ധ്യത്തിലൂടെ ആളുകൾക്ക് നടന്നുപോകാൻ കഴിഞ്ഞിരുന്നു. വലത്ത്: പവയിൽ, നാഴികളോളം ദൂരം കെൻ നദി വരണ്ടുകിടക്കുന്നു

കെൻ നദിയിൽ അധികജലമുണ്ടെന്ന ധാരണ ചോദ്യം ചെയ്യപ്പെടേണ്ടതുണ്ടെന്ന് ഡോ. നചികേത് കെൽകാർ പറയുന്നു. കെന്നിൽ നിലവിലുള്ള അണക്കെട്ടുകൾ - ബരിയാർപുർ ചിറ, ഗംഗാവു ഡാം, പവയിലുള്ള മറ്റൊന്ന് എന്നിവ – ജലസേചനത്തിന് ഉപകരിക്കേണ്ടതായിരുന്നു. “കുറച്ച് വർഷങ്ങൾക്കുമുമ്പ്, ബന്ദയും പരിസരങ്ങളും ഞാൻ സന്ദർശിച്ചപ്പോൾ, ജലസേചനത്തിനുള്ള വെള്ളം ലഭ്യമാവുന്നില്ലെന്ന് സ്ഥിരമായി കേട്ടിരുന്നു,” വൈൽ‌ഡ്‌ലൈഫ് കൺസർവേഷൻ ട്രസ്റ്റിലെ പരിസ്ഥിതി ശാസ്ത്രജ്ഞനായ അദ്ദേഹം പറയുന്നു.

2017-ൽ പുഴയുടെ ദൈർഘ്യം മുഴുവൻ സഞ്ചരിച്ച എസ്.എ.എൻ.ഡി.ആർ.പി.യിലെ ഗവേഷകർ ഒരു റിപ്പോർട്ടിൽ എഴുതിയത്, “.....കെൻ നദി ഇപ്പോൾ എല്ലായിടത്തും സദാസമയവും നിറഞ്ഞൊഴുകുന്ന പുഴയല്ല. കൂടുതൽ സമയവും നദിയിൽ ജലമോ ഒഴുക്കോ കാണാറില്ല” എന്നാണ്.

കെൻ നദി സ്വയം ജലദൌർല്ലഭ്യം നേരിടുന്നതുകൊണ്ട്, കഷ്ടിച്ചുള്ളതുപോലും ബെത്‌വയ്ക്ക് കൊടുത്താൽ അതിന്റെ നിലനിൽ‌പ്പ് അപകടത്തിലാവും. ജീവിതകാലം മുഴുവൻ പന്നയിൽ ചിലവഴിച്ച നീലേഷ് തിവാരിക്കും ഇതേ അഭിപ്രായമാണുള്ളത്. സമീപത്തുള്ള ഉത്തർ പ്രദേശിന് ഗുണകരമാവുമെന്നതിനാൽ, മധ്യപ്രദേശിലെ ആളുകൾക്ക് നഷ്ടമുണ്ടാക്കുന്ന ഈ ഡാമിനെതിരേ വലിയ രോഷം ഉയരുന്നുണ്ടെന്ന് അദ്ദേഹം പറയുന്നു.

“ഈ ഡാം ലക്ഷക്കണക്കിന് വൃക്ഷങ്ങളെയും ആയിരക്കണക്കിന് മൃഗങ്ങളേയും വെള്ളത്തിനടിയിലാക്കും. ആളുകൾക്ക് (വനവാസികൾക്ക്) സ്വാതന്ത്ര്യം നഷ്ടപ്പെടുകയും അവർ ഭവനരഹിതരാവുകയും ചെയ്യും. ആളുകൾ രോഷാകുലരാണ്. പക്ഷേ സംസ്ഥാനം അതൊന്നും ശ്രദ്ധിക്കുന്നതേയില്ല,” തിവാരി പറയുന്നു.

“എവിടെയൊക്കെയോ അവർ (സംസ്ഥാനം) ഒരു ദേശീയോദ്യാനമുണ്ടാക്കുന്നു, മറ്റൊരിടത്ത് പുഴയിലൊരു അണക്കെട്ട്, പിന്നെ വേറൊന്ന്..അവിടെയൊക്കെ ആളുകളെ കുടിയൊഴിപ്പിക്കുകയും ചെയ്യുന്നു..” 2015-ൽ പി.ടി.ആർ. വികസിപ്പിച്ചപ്പോൾ ഉമ്രാവാനിലെ സ്വന്തം വീട് നഷ്ടപ്പെട്ട ജങ്കാ ബായി പറയുന്നു.

ഉമ്രാവാനിലെ – ഗോണ്ട് ഗോത്രക്കാരുടെ ഒരു ഗ്രാമമാണ് അത് – താമസക്കാരിയും, അമ്പതുകൾ കടക്കുകയും ചെയ്ത ഇവർ, കഴിഞ്ഞ ഒരു ദശാബ്ദമായി, മതിയായ നഷ്ടപരിഹാരത്തിനായി പൊരുതിക്കൊണ്ടിരിക്കുകയാണ്, “ഞങ്ങളുടെ ഭാവിയെക്കുറിച്ചോ, കുട്ടികളെക്കുറിച്ചോ സർക്കാരിന് ഒരു ചിന്തയുമില്ല. ഞങ്ങളെ അവർ വിഡ്ഢികളാക്കി,” അവർ പറയുന്നു. കടുവകൾക്കുവേണ്ടി സർക്കാർ കൈയ്യേറിയ അവരുടെ സ്ഥലത്ത് ഇപ്പോൾ ഒരു റിസോർട്ടാണുള്ളതെന്ന് അവർ ചൂണ്ടിക്കാട്ടി. “നോക്കൂ, വിനോദസഞ്ചാരികൾക്ക് വന്ന് താമസിക്കാനായി, ഞങ്ങളെ ആട്ടിയോടിച്ച്, അവർ സർവേ നടത്തിയ സ്ഥലമാണിത്.”

PHOTO • Priti David
PHOTO • Priti David

ഇടത്ത്: ജങ്ക ബായിയും ഭർത്താവ് കപൂർ സിംഗും അവരുടെ വീട്ടിൽ. വലത്ത്: ഉമ്രാവാനിലെ സർക്കാർ പ്രൈമറി സ്കൂൾ. എന്ന് കുടിയൊഴിയേണ്ടിവരുമെന്ന് ഉറപ്പില്ലാത്തതിനാൽ കുട്ടികളുടെ ഹാജർനില കുത്തനെ താണു എന്ന് അദ്ധ്യാപകർ പറയുന്നു

PHOTO • Priti David
PHOTO • Priti David

ഇടത്ത്: ഉമ്രാവാൻ  ഗ്രാമത്തിൽനിനുള്ള പവർ ട്രാൻസ്ഫോർമർ വഹിച്ചുകൊണ്ട് പോയ സർക്കാർവക ട്രാക്ടർ താനും മറ്റ് സ്ത്രീകളും ചേർന്ന് തടഞ്ഞ സ്ഥലത്ത് നിൽക്കുന്ന ജങ്ക ബായി. കുടിയൊഴിപ്പിക്കലിനെതിരെ പ്രതിഷേധിച്ചതായിരുന്നു അവർ. വലത്ത്: ജങ്ക ബായിയും സുർമിളയും (ചുവന്ന സാരി), ലീലയും (പർപ്പിൾ സാരി‌) ഗോണി ബായിയും. സർക്കാരിന്റെ കല്പനയെ ധിക്കരിച്ച് അവരിപ്പൊഴും ഉമ്രാവാനിൽ കഴിയുകയാണ്

*****

2014 ഡിസംബറിൽ, ജനകീയ വാദം കേൾക്കൽ നടത്തുന്നതിന് പകരം, കെൻ-ബെത്‌വ നദീസംയോജനം പ്രഖ്യാപിക്കുകയായിരുന്നു.

എന്നാൽ ജനകീയ വാദം കേൾക്കലൊന്നുമുണ്ടായില്ല, ഒഴിപ്പിക്കൽ നോട്ടീസും വാക്കാലുള്ള വാഗ്ദാനവും മാത്രമേ ഉണ്ടായിരുന്നുള്ളു എന്ന് നാട്ടുകാർ പറയുന്നു. 2013-ലെ സ്ഥലമേറ്റെടുക്കൽ, പുനർനിർമ്മാണ, പുനരധിവാസ നിയമത്തിൽ (ലാൻഡ് അക്വിസിഷൻ, റീഹാബിലിറ്റേഷൻ ആൻഡ് റീസെറ്റിൽമെന്റ് ആക്ട് എൽ.എ.ആർ.ആർ.എ) പാലിക്കേണ്ട ന്യായമായ നഷ്ടപരിഹാരത്തിനും സുതാര്യതയ്ക്കുമുള്ള അവകാശത്തിന്റെ (റൈറ്റ് റ്റു ഫെയർ കോമ്പൻസേഷൻ ആൻഡ് ട്രാൻസ്പേരൻസി) ലംഘനമാണിത്. “സ്ഥലമേറ്റെടുപ്പിന്റെ കാര്യങ്ങൾ ഒരു ഔദ്യോഗിക ഗസറ്റിലും, പ്രാദേശിക പത്രത്തിലും പ്രാദേശിക ഭാഷയിലും പ്രസക്തമായ സർക്കാർ സൈറ്റുകളിലും പ്രഖ്യാപിക്കണം” എന്നാണ് നിയമം അനുശാസിക്കുന്നത്. പ്രഖ്യാപനം വന്നാൽ, ഈ കാര്യങ്ങൾ അറിയിക്കാനായി വിളിച്ചുകൂട്ടിയ ഗ്രാമസഭയെ (കൌൺസിലിനെ) അറിയിക്കുകയും വേണം.

“ആക്ടിൽ നിർദ്ദേശിച്ച ഒരു മാർഗ്ഗത്തിലൂടെയും സർക്കാർ ജനങ്ങളെ വിവരം അറിയിച്ചിട്ടില്ല. “‘നിയമത്തിന്റെ ഏത് വകുപ്പനുസരിച്ചാണ് നിങ്ങളിത് ചെയ്യുന്നത്’ എന്ന് ഞങ്ങൾ പല തവണ ചോദിച്ചതാണ്,” എന്ന് സാമൂഹിക പ്രവർത്തകനായ അമിത് ഭട്ട്നഗർ പറയുന്നു. ഗ്രാമസഭ ചേർന്നതിന്റെ തെളിവ് കാണണമെന്ന് ആവശ്യപ്പെട്ട് ഈ വർഷം ജൂണിൽ അദ്ദേഹം ജില്ലാ കളക്ടറുടെ ഓഫീസിലേക്ക് പ്രതിഷേധ മാർച്ച് നടത്തിയിരുന്നു. അവരെ പൊലീസ് ലാത്തിച്ചാർജ്ജ് ചെയ്ത് ഓടിച്ചു.

“ഏത് ഗ്രാമസഭാ യോഗമാണ് നിങ്ങൾ നടത്തിയതെന്ന് ആദ്യം ഞങ്ങളോട് പറയൂ, കാരണം, നിങ്ങൾ അങ്ങിനെയൊരു യോഗം നടത്തിയിട്ടില്ല,” ആം ആദ്മി പാർട്ടി അംഗമായ ഭട്ട്നഗർ പറയുന്നു. “രണ്ടാമതായി, ഈ പദ്ധതിക്ക് ജനങ്ങളുടെ സമ്മതം വേണമെന്ന് നിയമം പറയുന്നുണ്ട്. ഈ പദ്ധതിക്ക് അത്തരമൊരു സമ്മതമില്ല. മൂന്നാമത്, അവർ ഒഴിഞ്ഞുപോവുകയാണെങ്കിൽ, എങ്ങോട്ടാണ് നിങ്ങളവരെ അയയ്ക്കുന്നത്? നിങ്ങൾ ഒന്നും പറഞ്ഞിട്ടില്ല, ഒരു നോട്ടീസോ, വിവരമോ നൽകിയിട്ടുമില്ല.”

എൽ.എ.ആർ.ആർ.എ.-യെ അവഗണിച്ചുവെന്ന് മാത്രമല്ല, സംസ്ഥാന ഉദ്യോഗസ്ഥർ, പൊതുവേദികളിൽ‌വെച്ച് വാഗ്ദാനങ്ങളും ചെയ്തു. വഞ്ചിക്കപ്പെട്ടതായി എല്ലാവർക്കും തോന്നിയെന്ന്, ധോഡാനിലെ താമസക്കാരനായ ഗുരുദേവ് മിശ്ര പറയുന്നു. “ ‘നിങ്ങളുടെ ഭൂമിക്ക് പകരം ഭൂമി തരാം, വീടിന് പകരം നല്ലൊരു വീട് തരാം, നിങ്ങൾക്ക് തൊഴിൽ നൽകാം. പ്രിയപ്പെട്ട മകളെ വിവാഹം കഴിച്ചയയ്ക്കുന്നതുപോലെ നിങ്ങളെ അയയ്ക്കാം’ എന്നൊക്കെ ഉദ്യോഗസ്ഥർ പറഞ്ഞു.”

മുൻ സർപാഞ്ചായ അദ്ദേഹം ഗ്രാമത്തിലെ അനൌദ്യോഗികമായ ഒരു യോഗത്തിൽ‌വെച്ച് പാരി യോട് പറയുകയായിരുന്നു. “സർക്കാരും, ചത്തർപുരിലെ ജില്ലാ കളക്ടറും, മുഖ്യമന്ത്രിയും, കെ.ബി.ആർ.എൽ.പി.യിലെ ഉദ്യോഗസ്ഥരും ഇവിടെ വന്നപ്പോൾ നൽകിയ വാ‍ക്ക് പാലിക്കണമെന്നുമാത്രമേ ഞങ്ങൾ ആവശ്യപ്പെടുന്നുള്ളു. പക്ഷേ അവർ ഇതൊന്നും ചെയ്തിട്ടില്ല,” അദ്ദേഹം പറയുന്നു.

PHOTO • Priti David
PHOTO • Priti David

ഇടത്ത്: കെൻ നദിയിൽ ഡാം വരാൻ പോകുന്ന ധോഡനിലെ സ്ഥലത്തുവെച്ച്, ഡാമിനെതിരേ പ്രതിഷേധിക്കുന്ന അമിത് ഭട്ട്നഗർ ബിഹാരി യാദവ് എന്ന ഇടയനോട് സംസാരിക്കുന്നു. വലത്ത്: നദീ സംയോജന പദ്ധതിയിൽ മുങ്ങാൻ പോവുന്ന ധോഡൻ ഗ്രാമവും പരിസരവും

PHOTO • Priti David
PHOTO • Priti David

ഇടത്ത്: നഷ്ടപരിഹാരം, പുനരധിവാസം തുടങ്ങിയ കാര്യങ്ങളിൽ നൽകിയ ഉറപ്പ് എന്തുകൊണ്ടാണ് ഭരണകൂടം പാലിക്കാത്തതെന്ന് ധോഡാൻ ഗ്രാമത്തിലെ ഗുരുദേവ് മിശ്ര ചോദിക്കുന്നു. വലത്ത്: ഡാമിൽനിന്ന് കഷ്ടിച്ച് 50 മീറ്റർ അകലെയാണ് കൈലാശ് ആദിവാസി താമസിക്കുന്നതെങ്കിലും, ഭൂമിയുടെ ഉടമസ്ഥത തെളിയിക്കുന്ന രേഖകളൊന്നുമില്ലാത്തതിനാൽ, നഷ്ടപരിഹാരം നിഷേധിക്കപ്പെട്ടിരിക്കുകയാണ്

ഗഹ്‌ധാരയിലെ പി.ടി.ആറിന്റെ കിഴക്കേ ഭാഗത്തും സ്ഥിതി വ്യത്യസ്തമല്ല. “പഴയ അതേ സൌകര്യങ്ങളോടെ നിങ്ങളെ പുനരധിവസിപ്പിക്കും എന്ന് പന്നയിലെ കളക്ടർ പറഞ്ഞു. ഞങ്ങളുടെ സൌകര്യം പരിഗണിച്ചുകൊണ്ട്. നിങ്ങളുടെ ഈ ഗ്രാമം പുനർനിർമ്മിക്കുമെന്നും,” 70 കഴിഞ്ഞ പരോഹർ പറയുന്നു. “എന്നാൽ ഒന്നും ചെയ്തിട്ടില്ല. എന്നിട്ടിപ്പോൾ ഞങ്ങളോട് ഒഴിഞ്ഞുപോവാനും പറയുന്നു.“

നഷ്ടപരിഹാരത്തുക എത്രയാണെന്ന് വ്യക്തമല്ല, പല സംഖ്യകളും പറഞ്ഞുകേൾക്കുന്നുണ്ട് – 18 വയസ്സിന് മീതെയുള്ള ഓരോ പുരുഷന്മാർക്കും 12 മുതൽ 20 ലക്ഷം എന്നൊക്കെ. “ഇത് ഓരോ കുടുംബത്തിനുമാണോ, അതോ ഗൃഹനാഥനുള്ളതാണോ? ഗൃഹനാഥകളാണെങ്കിൽ എത്രയാണ് നഷ്ടപരിഹാരം നൽകുക? സ്ഥലത്തിന് പ്രത്യേകം പണം തരുമോ? ഞങ്ങളുടെ വളർത്തുമൃഗങ്ങളോ? ഞങ്ങളോട് ഒന്നും വ്യക്തമായി പറഞ്ഞിട്ടില്ല” എന്ന് ആളുകൾ ചൂണ്ടിക്കാട്ടുന്നു.

സംസ്ഥാന സർക്കാരിന്റെ നടപടികൾക്കുപിന്നിലെ നുണകളും സുതാര്യതയില്ലായ്മയും മൂലം പാരി സന്ദർശിച്ച ഗ്രാമങ്ങളിലെ ഒരാൾക്കും അവർക്ക് എവിടേക്ക് പോകേണ്ടിവരുമെന്നോ, എത്ര തുക വീടുകൾക്കും സ്ഥലത്തിനും വൃക്ഷങ്ങൾക്കും മൃഗങ്ങൾക്കുമായി പ്രത്യേകം കിട്ടുമെന്നോ ഒന്നും നിശ്ചയമില്ലായിരുന്നു. 22 ഗ്രാമങ്ങളിലെ ജനങ്ങൾ ആശങ്കയിലാണ് കഴിഞ്ഞിരുന്നത്.

ഡാം വന്നാൽ മുങ്ങിപ്പോവുന്ന ധോഡാനിലെ തന്റെ വീടിന്റെ പുറത്തിരുന്ന്, ആശങ്കയോടെ കൈലാശ് ആദിവാസി തന്റെ കൈയ്യിലുള്ള പഴയ രസീതികളും ഔദ്യോഗിക രേഖകളും കാണിച്ചുതന്ന്, വീടിന്റെ ഉടമസ്ഥത തെളിയിക്കാൻ ശ്രമിക്കുകയാണ്. “എനിക്ക് പട്ടയം (ഉടമസ്ഥത തെളിയിക്കുന്ന രേഖ) ഇല്ലെന്നാണ് അവർ പറയുന്നത്. പക്ഷേ എന്റെ കൈയ്യിൽ രസീതികളുണ്ട്. എന്റെ അച്ഛനും, അദ്ദേഹത്തിന്റെ അച്ഛനും, അദ്ദേഹത്തിന്റെയും അച്ഛനും എല്ലാവരും ഈ ഭൂമിയിലാണ് കഴിഞ്ഞത്. എല്ലാ രസീതികളും എന്റെ കൈയ്യിലുണ്ട്.”

“പ്രാദേശിക ഭരണകൂടമോ, സംസ്ഥാന സർക്കാരോ പട്ടയങ്ങളായും ദാനമായും വാടകച്ചീട്ടായും വനഭൂമിയിൽ നൽകിയ അനുമതി സ്ഥലത്തിന്റെ ഉടമസ്ഥതയായി പരിവർത്തിപ്പിക്കാൻ” ആദിവാസികളേയും വനവാസി ഗോത്രങ്ങളേയും അനുവദിക്കുന്നുണ്ട് 2006-ലെ വനാവകാശ നിയമം.

എന്നാൽ, ‘മതിയായ രേഖകൾ’ ഇല്ലെന്ന് പറഞ്ഞ കൈലാശിന് നഷ്ടപരിഹാരം നിഷേധിച്ചിരിക്കുകയാണ്. “ഞങ്ങൾക്ക് ഈ ഭൂമിയിലും വീട്ടിലും അവകാശമുണ്ടോ ഇല്ലേ എന്ന് വ്യക്തമല്ല. ഞങ്ങൾക്ക് നഷ്ടപരിഹാരം കിട്ടുമോ എന്നും ഞങ്ങളോട് പറഞ്ഞിട്ടില്ല. അവർക്ക് ഞങ്ങൾ ഇവിടെനിന്ന് ഒഴിപ്പിക്കണം. ആരും ഞങ്ങളുടെ ഭാഗം കേൾക്കുന്നില്ല.”

വീഡിയോ കാണുക: ‘ഞങ്ങൾ സമരത്തിന് തയ്യാറാണ്’

അണക്കെട്ടിന്റെ റിസർവോയർ 14 ഗാമങ്ങളെ മുക്കിക്കളയും. മറ്റ് എട്ട് ഗ്രാമങ്ങളെ സംസ്ഥാനം നഷ്ടപരിഹാരമായി വനംവകുപ്പിന് നൽകിയിട്ടുണ്ട്

പൽകോഹ എന്ന അടുത്ത ഗ്രാമത്തിലെ ജുഗൽ ആദിവാസി സ്വകാര്യമായി സംസാരിക്കാനാണ് താത്പര്യപ്പെട്ടത്. “ഞങ്ങളുടെ കൈയ്യിൽ പട്ടയത്തിന്റെ ഒരു രേഖയുമില്ലെന്നാണ് ഗ്രാമത്തലവൻ പറയുന്നത്”, ഗ്രാമമധ്യത്തിൽനിന്ന് അകലേക്ക് നടക്കുമ്പോൾ അദ്ദേഹം പറയുന്നു. “പകുതിയോളം ആളുകൾക്ക് നഷ്ടപരിഹാരം കിട്ടിയിട്ടുണ്ട്. ബാക്കിയുള്ളവർക്ക് ഒന്നും കിട്ടിയില്ല”, ജോലി തേടി വർഷം‌തോറും നടത്താറുള്ള കുടിയേറ്റം ഇപ്പോൾ നടത്തിയാൽ, നഷ്ടപരിഹാരം കിട്ടാതെ പോയേക്കുമെന്നും തന്റെ ഏഴ് മക്കളുടെ കാര്യം കഷ്ടത്തിലാകുമെന്നും അദ്ദേഹം ഭയപ്പെടുന്നു.

“കുട്ടിയായിരുന്നപ്പോൾ ഞാൻ പാടത്ത് പണിയെടുക്കുകയും കാട്ടിൽ പോവുകയും ചെയ്തിരുന്നു,” അദ്ദേഹം ഓർത്തെടുക്കുന്നു. എന്നാൽ കടുവാസങ്കേതമായി മാറിയ കാട്ടിനുള്ളിലേക്ക് കടക്കാൻ ഏർപ്പെടുത്തിയ നിയന്ത്രണങ്ങൾ കഴിഞ്ഞ 25 വർഷമായി അദ്ദേഹത്തെപ്പോലുള്ള ആദിവാസികളെ പ്രതികൂലമായി ബാധിക്കുകയും, കൂലിപ്പണിക്കായി പുറം‌നാടുകളിലേക്ക് പോകാൻ നിർബന്ധിതരാക്കുകയും ചെയ്തിരിക്കുന്നു.

ഒഴിഞ്ഞുപോകേണ്ടിവരുമെന്ന് ഉറപ്പായ ഗ്രാമങ്ങളിലെ സ്ത്രീകൾ, തങ്ങൾക്ക് അവകാശപ്പെട്ടത് വാങ്ങിയെടുക്കുമെന്ന വാശിയിലാണ്. “പ്രധാനമന്ത്രി മോദി എപ്പോഴും പറയാറുണ്ട്, ‘ഈ പദ്ധതി സ്ത്രീകൾക്കുവേണ്ടിയാണ്, ആ പദ്ധതി സ്ത്രീകൾക്കുവേണ്ടിയാണ് എന്നൊക്കെ’ ഞങ്ങൾക്ക് അതൊന്നും വേണ്ട. ഞങ്ങൾക്ക് അവകാശപ്പെട്ടത് മാത്രം മതി ഞങ്ങൾക്ക്,” പൽകോഹ ഗ്രാമത്തിൽ താമസിക്കുന്ന രവിദാസ് സമുദായത്തിലെ (ദളിത്) കർഷകയായ സുന്നി ബായി പറയുന്നു.

“എന്തുകൊണ്ടാണ് പുരുഷന്മാർക്ക് മാത്രം നഷ്ടപരിഹാര പാക്കേജ് കിട്ടുകയും സ്ത്രീകൾക്ക് ഒന്നും കിട്ടാത്തതും. എന്തടിസ്ഥാനത്തിലാണ് സർക്കാർ ഈ നിയമം ഉണ്ടാക്കിയിരിക്കുന്നത്?” ഒരാൺകുട്ടിയുടേയും രണ്ട് പെൺകുട്ടികളുടേയും അമ്മയായ അവർ ചോദികുന്നു. “പുരുഷനും സ്ത്രീയും വേർപിരിഞ്ഞാൽ, പിന്നെ എങ്ങിനെയാണ് അവൾ കുട്ടികളുടേയും തന്റേയും കാര്യങ്ങൾ നോക്കുക? നിയമം ഇതൊക്കെ ആലോചിക്കേണ്ടതല്ലേ? ഒന്നുമില്ലെങ്കിലും സ്ത്രീകളും വോട്ടർമാരല്ലേ?”

PHOTO • Priti David
PHOTO • Priti David

ഇടത്ത്: പ്രതിഷേധക്കാർ ഉപയോഗിച്ച പോസ്റ്ററുകൾ കാണിച്ചുതരുന്ന, ചത്തർപുർ ജിലയിലെ, പൽകോഹയിലെ ജുഗൽ ആദിവാസി. വലത്ത്: മക്കളായ വിജയ്, രശ്മ (കറുത്ത നിറമുള്ള കുർത്ത്), അഞ്ജലി എന്നിവരോടൊപ്പം സുന്നി ബായി. സ്ത്രീകൾക്ക് നഷ്ടപരിഹാരം കൊടുക്കാൻ സർക്കാർ ആലോചിക്കുന്നില്ലെന്ന് അവർ കുറ്റപ്പെടുത്തുന്നു

*****

“ജലം, ജീവിതം, കാട്, മൃഗങ്ങൾ, ഇവയ്ക്കുവേണ്ടിയാണ് ഞങ്ങൾ പൊരുതുന്നത്,” ആളുകൾ പാരിയോട് പറയുന്നു.

വീടിന്റെ ചുമരുകൾക്ക് പുറത്താണ് വിശാലമായ മുറ്റവും അടുക്കളയും എന്നതുകൊണ്ട്, അവയ്ക്കൊന്നും നഷ്ടപരിഹാരം പരിഗണിക്കുന്നില്ലെന്ന് തന്റെ വീട്ടിലെ വലിയ മുറ്റം കാണിച്ചുകൊണ്ട് ധോഡനിലെ ഗുലാബ് ബായ് ഞങ്ങളോട് പറയുന്നു. 60 കഴിഞ്ഞ ഈ സ്ത്രീ തോറ്റുകൊടുക്കാൻ തയ്യാറല്ല. “എന്നെപ്പോലെയുള്ള ആദിവാസികൾക്ക് സർക്കാരിൽനിന്ന് യാതൊന്നും കിട്ടിയിട്ടില്ല. ഞാൻ ഇവിടെമുതൽ ഭോപ്പാൽ‌വരെ (സംസ്ഥാന തലസ്ഥാനം) യുദ്ധം ചെയ്യും. അതിനുള്ള ശക്തി എനിക്കുണ്ട്. ഞാൻ അവിടെ പോയിട്ടുണ്ട്. പേടിയൊന്നുമില്ല. സമരം ചെയ്യാൻ ഞാൻ തയ്യാറാണ്,” അവർ പറയുന്നു.

ഗ്രാമയോഗങ്ങളിലൂടെ, 2017 മുതൽ വളരെ ചെറിയ രീതിയിലാണ് കെ.ബി.ആർ.എൽ.പി.ക്കെതിരായ പ്രതിഷേധങ്ങൾ ആരംഭിച്ചത്. പതുക്കെപ്പതുക്കെ അത് വ്യാപിക്കുകയും, 2021 ജനുവരി 31-ന് 300-ഓളം ആളുകൾ ചത്തർപുർ ജില്ലാ കളക്ടറുടെ ഓഫീസിൽ സംഘടിച്ചെത്തുകയും ചെയ്തു, എൽ.എ.ആർ.ആർ.എ.യുടെ അവഗണനക്കെതിരേ. 2023-ലെ റിപ്പബ്ലിക്ക് ദിനത്തിൽ, മൂന്ന് ജലസത്യാഗ്രഹത്തിലെ ആദ്യത്തേത് നടന്നു. പി.ടി.ആറിലെ 14 ഗ്രാമങ്ങളിൽനിന്നുള്ള ആയിരക്കണക്കിനാളുകൾ അതിൽ പങ്കെടുത്തു. ഭരണഘടനാ അവകാശങ്ങളുടെ ലംഘനങ്ങൾക്കെതിരേ അവർ തുറന്നടിച്ചു.

തങ്ങളുടെ പ്രതിഷേധം പ്രധാനമന്ത്രിയിലേക്ക് എത്തിയതിനാലാണ്, കഴിഞ്ഞ കൊല്ലം അണക്കെട്ട് ഉദ്ഘാടനം ചെയ്യാൻ അദ്ദേഹം ധോഡാനിലേക്ക് വരാതിരുന്നതെന്ന് നാട്ടുകാർ സൂചിപ്പിച്ചുവെങ്കിലും ഈ റിപ്പോർട്ടർക്ക് അത് സ്ഥിരീകരിക്കാനായിട്ടില്ല.

പദ്ധതിയെച്ചൊല്ലിയുള്ള വിവാദങ്ങളും എതിർപ്പുകളും, 2023 ഓഗസ്റ്റിൽ ആരംഭിച്ച ടെൻഡറിംഗ് പ്രക്രിയയെ ബാധിച്ചിട്ടുണ്ട്. പദ്ധതി ഏറ്റെടുക്കാൻ ആരും മുന്നോട്ട് വന്നിട്ടില്ല. അതിനാൽ ആറുമാസത്തേക്ക് കൂടി തീയ്യതി നീട്ടിവെച്ചിരിക്കുന്നു.

PHOTO • Priti David

ന്യായമായ നഷ്ടപരിഹാരം കിട്ടാനായി പോരാടാൻ തയ്യാറാണെന്ന് ധോഡാൻ ഗ്രാമത്തിലെ ഗുലാബ് ബായ് പറയുന്നു

സംസ്ഥാന നടപടികൾക്കുപിന്നിലെ നുണകളും സുതാര്യതയില്ലായ്മയും മൂലം പാരി സന്ദർശിച്ച ഗ്രാമങ്ങളിലെ ഒരാൾക്കും അവർക്ക് എവിടേക്ക് പോകേണ്ടിവരുമെന്നോ, എത്ര തുക വീടുകൾക്കും സ്ഥലത്തിനും വൃക്ഷങ്ങൾക്കും മൃഗങ്ങൾക്കുമായി പ്രത്യേകം കിട്ടുമെന്നോ ഒന്നും നിശ്ചയമില്ല

*****

“മധ്യേന്ത്യയിൽ അധികമാരും കാലാവസ്ഥാ വ്യതിയാനത്തെക്കുറിച്ച് സംസാരിക്കുന്നില്ല. എന്നാൽ ഈ പ്രദേശത്താണ്, കാലാവസ്ഥാ മാറ്റത്തിന്റെ ഫലമായി മഴക്കെടുതികളും, വരൾച്ചകളുമൊക്കെ അമിതവേഗത്തിൽ വർദ്ധിക്കുന്നതിന് നമ്മൾ സാക്ഷികളാവുന്നത്,” ഇക്കോളജിസ്റ്റായ കെൽകർ പറയുന്നു. “മധ്യേന്ത്യയിലെ മിക്ക പുഴകളിലും, കലാവസ്ഥാ മാറ്റം‌മൂലം വർദ്ധിച്ച ഒഴുക്ക് കാണുന്നുണ്ടെങ്കിലും അത് അധികം നിലനിൽക്കില്ല. കൂടുതൽ വെള്ളമുണ്ടെന്ന തോന്നലുണ്ടാക്കാൻ അത് സഹായിക്കെങ്കിലും, ഇതെല്ലാം ഹ്രസ്വകാലത്തേക്ക് മാത്രമേ ഉണ്ടാവൂ.”

ഇത്തരം ഹ്രസ്വകാല മാറ്റങ്ങൾ മുന്നിൽക്കണ്ട് പുഴകളെ സംയോജിപ്പിക്കാൻ തീരുമാനിച്ചാൽ, ഭാവിയിൽ കൂടുതൽ ഗുരുതരമായ വരൾച്ച ഉണ്ടാകാനുള്ള സാധ്യത തള്ളിക്കളയാനാവില്ല എന്നും അദ്ദേഹം മുന്നറിയിപ്പ് നൽകുന്നു.

സ്വാഭാവിക വനങ്ങളുടെ ഒരു വലിയ ഭാഗത്തെ നശിപ്പിക്കുന്നതുമൂലമുണ്ടാവുന്ന ജലസംബന്ധിയായ പ്രത്യാഘാതങ്ങൾ ഭീമമായിരിക്കുമെന്നും താക്കർ പറയുന്നു. “സുപ്രീം കോടതിയുടെ സെൻ‌ട്രൽ എം‌പവേഡ് കമ്മിറ്റിയുടെ റിപ്പോർട്ട് ഈ കാര്യത്തിൽ വെളിച്ചം വീശുന്നുണ്ടെങ്കിലും, സുപ്രീം കോടതിപോലും ഇത് പരിഗണിച്ചിട്ടില്ല.”

നദീ സംയോജനത്തെക്കുറിച്ച് മുംബൈ ഇന്ത്യൻ ഇൻസ്റ്റിട്യൂറ്റ് ഓഫ് ടെക്നോളജി (ഐ.ഐ.ടി) നേച്ചർ കമ്മ്യൂണിക്കേഷ നിൽ 2023-ൽ പ്രസിദ്ധീകരിച്ച ഒരു പ്രബന്ധ വും അപകട മുന്നറിയിപ്പ് നൽകുന്നുണ്ട്. “സ്ഥാനം മാറിയ വെള്ളമുപയോഗിച്ചുള്ള വർദ്ധിച്ച ജലസേചനം മൂലം ഇന്ത്യയിലെ ഇപ്പോൾത്തന്നെ ജലക്ഷാമം അനുഭവിക്കുന്ന പ്രദേശങ്ങളിലെ മഴ സെപ്തംബറിൽ വീണ്ടും 12% താഴ്ന്നേക്കും. സെപ്തംബറിൽ മണ്ണിലേക്കിറങ്ങുന്ന വെള്ളത്തിന്റെ കുറവ് കാലവർഷാനന്തരം പുഴകളെ വറ്റിക്കുകയും രാജ്യത്താകമാനമുള്ള ജലദൌർല്ലഭ്യത്തെ വർദ്ധിപ്പിക്കുകയും നദീസംയോജനത്തെ പ്രവർത്തനക്ഷമമല്ലാതെയാക്കുകയും ചെയ്യും.”

PHOTO • Priti David
PHOTO • Priti David

ഇടത്ത്: വേനൽക്കാലത്ത് മിക്കപ്പോഴും കെൻ നദിയുടെ പല ഭാഗങ്ങളും വറ്റാറുണ്ട്. 2024-ലെ മഴക്കാലത്തിനുശേഷമുള്ള കടുവാസങ്കേതത്തിന് സമീപത്തെ കെൻ. മഴക്കാലത്തിന് ശേഷമുള്ള ഒഴുക്ക് അധികജലത്തിന്റെ ലക്ഷണമല്ല

പദ്ധതിയുടെ മേൽനോട്ടമുള്ള ദേശീയ ജലവികസന ഏജൻസി (നാഷണൽ വാട്ടർ ഡെവലപ്മെന്റ് ഏജൻസി – എൻ.ഡബ്ല്യു.ഡി.എ) അവരുപയോഗിക്കുന്ന സ്ഥിതിവിവരക്കണക്കുകൾ, ദേശസുരക്ഷയുടെ കാരണം പറഞ്ഞ് ശാസ്തജ്ഞന്മാരുമായി പങ്കുവെക്കാറില്ലെന്ന് ഹിമാൻശു താക്കർ പറയുന്നു.

ഡാം ഒരു യാഥാർത്ഥ്യമാവുമെന്ന് തോന്നാൻ തുടങ്ങിയ 2015-ൽ, താക്കറും എസ്.എ.എൻ.ഡി.ആർ.പി.യിലെ മറ്റുള്ളവരും, എൻ‌വയണ്മെന്റ് അസസ്മെന്റ് കമ്മിറ്റിക്ക് (ഇ.എ.സി‌) നിരവധി കത്തുകൾ എഴുതുകയുണ്ടായി. ‘ന്യൂനതകളുള്ള കെൻ ബെത്‌വ ഇ.ഐ.എ.യും ജനകീയ ചർച്ചയിലെ ലംഘനങ്ങളും’ എന്ന് പേരിട്ട അത്തരമൊരു കത്തിൽ, “പദ്ധതിയുടെ ഇ.ഐ.എ. അടിസ്ഥാനപരമായി ദോഷങ്ങളുള്ളതും, അപൂർണ്ണവുമാണ്, അതിന്റെ ജനകീയ വാദം കേൾക്കലിൽ നിരവധി ലംഘനങ്ങൾ അടങ്ങിയിട്ടുമുണ്ട്. അത്തരം അപര്യാപ്തമായ പഠനങ്ങളെ അടിസ്ഥാനപ്പെടുത്തിയ പദ്ധതികൾക്ക് നൽകുന്ന ഏതൊരു അംഗീകാരവും തെറ്റാവുമെന്ന് മാത്രമല്ല, നിയമപരമായി നിലനിൽ‌പ്പില്ലാത്തതുമാണ്” എന്ന് സൂചിപ്പിച്ചിരിക്കുന്നു.

15-20 ലക്ഷം മരങ്ങൾ വെട്ടിമാറ്റിയിരുന്നു അതിനകംതന്നെ. നഷ്ടപരിഹാരത്തെക്കുറിച്ച് യാതൊരു ധാരണയിലുമെത്താതെ, ഒഴിപ്പിക്കലിന്റെ ഭീഷണി തങ്ങിനിന്നിരുന്നു അന്തരീക്ഷത്തിൽ. കൃഷി അവസാനിച്ചിരുന്നു. നഷ്ടപരിഹാരം നൽകുന്ന സമയത്ത് സ്ഥലത്തില്ലാതെ പോയാലോ എന്ന പേടിയിൽ ആളുകൾ കൂലിപ്പണിക്ക് മറ്റിടങ്ങളിലേക്ക് പോവുന്നതും അനന്തമായി നീണ്ടുപോയിരുന്നു.

ഏതാനും വാക്കുകൾകൊണ്ട് ഈ അവസ്ഥയെയെല്ലാം സുന്നി ബായി വിവരിച്ചത് ഇങ്ങനെയാണ്. “ഞങ്ങൾക്ക് എല്ലാം നഷ്ടപ്പെടുന്നു. അവർ എല്ലാം തട്ടിയെടുക്കുകയാണ്. അവർ ഞങ്ങളെ സഹായിക്കുകയാണ് ചെയ്യേണ്ടിയിരുന്നത്. അതിനുപകരം, അവർ പറയുന്നത്, ‘ഇതാ നിങ്ങളുടെ പദ്ധതി, കടലാസ്സിൽ ഒപ്പിട്ട്, പണം വാങ്ങി സ്ഥലം വിട്’ എന്നാണ്.

പരിഭാഷ: രാജീവ് ചേലനാട്ട്

Priti David

ਪ੍ਰੀਤੀ ਡੇਵਿਡ ਪੀਪਲਜ਼ ਆਰਕਾਈਵ ਆਫ਼ ਇੰਡੀਆ ਦੇ ਇਕ ਪੱਤਰਕਾਰ ਅਤੇ ਪਾਰੀ ਵਿਖੇ ਐਜੁਕੇਸ਼ਨ ਦੇ ਸੰਪਾਦਕ ਹਨ। ਉਹ ਪੇਂਡੂ ਮੁੱਦਿਆਂ ਨੂੰ ਕਲਾਸਰੂਮ ਅਤੇ ਪਾਠਕ੍ਰਮ ਵਿੱਚ ਲਿਆਉਣ ਲਈ ਸਿੱਖਿਅਕਾਂ ਨਾਲ ਅਤੇ ਸਮਕਾਲੀ ਮੁੱਦਿਆਂ ਨੂੰ ਦਸਤਾਵੇਜਾ ਦੇ ਰੂਪ ’ਚ ਦਰਸਾਉਣ ਲਈ ਨੌਜਵਾਨਾਂ ਨਾਲ ਕੰਮ ਕਰਦੀ ਹਨ ।

Other stories by Priti David

ਪੀ ਸਾਈਨਾਥ People’s Archive of Rural India ਦੇ ਮੋਢੀ-ਸੰਪਾਦਕ ਹਨ। ਉਹ ਕਈ ਦਹਾਕਿਆਂ ਤੋਂ ਦਿਹਾਤੀ ਭਾਰਤ ਨੂੰ ਪਾਠਕਾਂ ਦੇ ਰੂ-ਬ-ਰੂ ਕਰਵਾ ਰਹੇ ਹਨ। Everybody Loves a Good Drought ਉਨ੍ਹਾਂ ਦੀ ਪ੍ਰਸਿੱਧ ਕਿਤਾਬ ਹੈ। ਅਮਰਤਿਆ ਸੇਨ ਨੇ ਉਨ੍ਹਾਂ ਨੂੰ ਕਾਲ (famine) ਅਤੇ ਭੁੱਖਮਰੀ (hunger) ਬਾਰੇ ਸੰਸਾਰ ਦੇ ਮਹਾਂ ਮਾਹਿਰਾਂ ਵਿਚ ਸ਼ੁਮਾਰ ਕੀਤਾ ਹੈ।

Other stories by P. Sainath
Translator : Rajeeve Chelanat

Rajeeve Chelanat is based out of Palakkad, Kerala. After spending 25 years of professional life in the Gulf and Iraq, he returned home to work as a proof reader in the daily, Mathrubhumi. Presently, he is working as a Malayalam translator.

Other stories by Rajeeve Chelanat