കഴിഞ്ഞ കുറച്ച് വർഷങ്ങളായി തന്റെ പ്രദേശത്തെ കർഷകർ തങ്ങളുടെ കൃഷിയിടങ്ങളിലെ ആൽമരങ്ങൾ വെട്ടിവിൽക്കുന്നത് അസ്വസ്ഥതയോടെ നോക്കിനിന്നയാളാണ് 60 വയസുകാരനായ സുബ്ബയ്യ. ഏകദേശം രണ്ട് ദശാബ്ദങ്ങൾക്കുമുമ്പാണ് സുബ്ബയ്യയും തന്റെ രണ്ടേക്കർ കൃഷിഭൂമിയിൽ ഒരു ആൽമരം നട്ടത്. ആ തൈ വളർന്നുപന്തലിച്ച് ചൂടുകാലങ്ങളിൽ അവർക്ക് തണലും താങ്ങുമായി.
ഇപ്പോൾ ആൽമരം വിൽക്കാനുള്ള സുബ്ബയയുടെ സമയമായിരിക്കുന്നു. അതും വെറും 8,000 രൂപയ്ക്ക്. താത്പര്യമില്ലാതെയുള്ള ആ വില്പന അദ്ദേഹത്തിന്റെ ഭാര്യയുടെ ചികിത്സാച്ചിലവ് കണ്ടെത്താനായിരുന്നു. രണ്ടുവർഷം മുമ്പ് ഗൗരി ഗണേശ ഹബ്ബയ്ക്ക് (കർണാടകയിലെ ഒരു ആഘോഷം) രണ്ടാഴ്ച ബാക്കിയുള്ളപ്പോൾ ആടുമേയ്ക്കുന്നതിനിടെ സുബ്ബയ്യയുടെ ഭാര്യ 56-കാരിയായ മഹാദേവമ്മ ഒരു കല്ലിൽതട്ടി വീഴുകയും ഇടുപ്പിൽ ഒടിവുണ്ടാകുകയും ചെയ്തു.
“കൂട്ടത്തിൽനിന്ന് വിട്ടുപോയ കുഞ്ഞാടിന് പിറകെ ഓടുകയായിരുന്നു ഞാൻ. മുന്നിലെ കല്ല് കണ്ടില്ല. വീണശേഷം സ്വയം എണീക്കാൻപോലും എനിക്കായില്ല,” ദൗർഭാഗ്യകരമായ ആ ദിവസത്തെപ്പറ്റി മഹാദേവമ്മ പറയുന്നു. “അതികഠിനമായ വേദനയായിരുന്നു. ഭാഗ്യത്തിന് അതുവഴി കടന്നുപോയ ചിലർ എന്നെ വീടെത്താൻ സഹായിച്ചു.”
ഈ സംഭവം ദമ്പതികളുടെ അത്രയൊന്നും ഭദ്രമല്ലാത്ത ജീവിതത്തെ കൂടുതൽ ദുരിതത്തിലാക്കി.










