ഉച്ചകഴിഞ്ഞ പ്രസന്നമായ ഒരു നേരത്ത് നദിയുടെ മറുകരയെത്താന്‍ ഉഷ ഷിന്‍ഡെ പേരമകനെയും ഒക്കത്തെടുത്ത് ചങ്ങാടത്തിലേക്ക് കാലെടുത്തുവച്ചു. ഇളകിക്കൊണ്ടിരുന്ന ചങ്ങാടം പ്രതീക്ഷിച്ചതിനേക്കാള്‍ ചരിയുകയും ഉഷയുടെ കാല്‍വഴുതുകയും ചെയ്തു. കുട്ടിയുമായി നദിയില്‍വീണ അവര്‍ ജീവന്‍ നഷ്ടപ്പെടുമോ എന്ന് ഭയന്നു.
കോവിഡ്-19 രണ്ടാംതരംഗം പടര്‍ന്നുപിടിച്ച സമയത്ത് ഈ വര്‍ഷം മാര്‍ച്ചിലാണ് ഇത് സംഭവിച്ചത്. ഉഷയുടെ പേരമകന്‍ ശംഭുവിന് പനിയായിരുന്നു. “അവന് കൊറോണ [വൈറസ്] പിടിച്ചിട്ടുണ്ടായിരിക്കുമോ എന്ന് ഞാന്‍ ഭയന്നു”, 65-കാരിയായ ഉഷ പറഞ്ഞു. “അവന്‍റെ മാതാപിതാക്കള്‍ പശ്ചിമ മഹാരാഷ്ട്രയിലെ പഞ്ചസാര ഫാക്ടറിയില്‍ സീസണ്‍ തൊഴിലാളികളായി പണിയെടുക്കുകയായിരുന്നു. അതുകൊണ്ട് പെട്ടെന്നുതന്നെ ഞാനവനെ ഡോക്ടറെ കാണിക്കാന്‍ തീരുമാനിച്ചു.”
പക്ഷെ യാത്രചെയ്യുന്നതിന് ഗ്രാമത്തില്‍നിന്നും ഒരു താത്കാലിക ചങ്ങാടത്തിലേറി നദി മുറിച്ചുകടക്കണമായിരുന്നു. “ശാരീരികസന്തുലനം പാലിക്കാന്‍ കഴിയാതെ ഞാന്‍ ശംഭുവുമായി വീണു”, ഉഷ പറഞ്ഞു. “എനിക്ക് നീന്താന്‍ കഴിയില്ല. ഭാഗ്യത്തിന് എന്‍റെ ബന്ധു അടുത്തുണ്ടായിരുന്നു. അദ്ദേഹം നദിയിലേക്കുചാടി ഞങ്ങളെ കരകയറാന്‍ സഹായിച്ചു. ഞാന്‍ ഭയന്നുപോയി. ഞാന്‍കാരണം എന്‍റെ പേരമകന് ഒന്നും സംഭവിക്കരുതെന്ന് എനിക്കുണ്ടായിരുന്നു.”
മഹാരാഷ്ട്രയിലെ ബീഡ് ജില്ലയിലെ വിഞ്ചര്‍ണ നദിയുടെ തീരത്താണ് ഉഷയുടെ ഗ്രാമമായ സൗതാഡ. മനോഹരമായ രാമേശ്വര്‍ വെള്ളച്ചാട്ടം 225 അടി ഉയരത്തില്‍നിന്നും നദിയിലേക്ക് പതിക്കുന്നത് ഗ്രാമത്തില്‍നിന്നും 1.5 കിലോമീറ്ററകലെ പാട്ടോദ താലൂക്കില്‍ വച്ചാണ്. ഗ്രാമത്തിന്‍റെ പ്രധാന ഭാഗത്തുനിന്നും ചെറിയൊരു ഒരു ഭാഗത്തെ മാറ്റിനിര്‍ത്തിക്കൊണ്ട് നദി സൗതാഡയെ രണ്ടായി മുറിക്കുന്നു. പാലത്തിന്‍റെ അഭാവത്തില്‍ ഷിന്‍ഡെ വസ്തിയിലെ (സൗതാഡയുടെ ഒരു ഒറ്റപ്പെട്ട ഭാഗം) ആളുകള്‍ക്ക് കടമുതല്‍ ആശുപത്രിവരെ എവിടെ പോകുന്നതിനും നദികടക്കണം.
നദികടക്കുന്നത് എളുപ്പമാക്കുന്നതിനായി ഗ്രാമവാസികള്‍ കട്ടികൂടിയ ഒരുകയര്‍ ഒരുകരയില്‍നിന്നും മറുകരയിലേക്കായി നദിക്കുകുറുകെ കെട്ടിയിട്ടുണ്ട്. ചങ്ങാടങ്ങള്‍ക്കിടയിലൂടെ കടന്നുപോകുന്ന കയര്‍ ചങ്ങാടത്തെ വശങ്ങളിലേക്ക് മാറിപ്പോകാതെ നേര്‍രേഖയിലൂടെ പോകാന്‍ സഹായിക്കുന്നു. കുന്നിറങ്ങി കുറച്ചു നടന്നാല്‍ നദീതീരത്ത് മൂന്ന് ചങ്ങാടങ്ങള്‍ കിടപ്പുണ്ട്. കുന്നുകളാലും പച്ചപ്പ് നിറഞ്ഞ പ്രദേശങ്ങളാലും ചുറ്റപ്പെട്ട ശാന്തമായ നദിയുടെ മനോഹാരിതയെ തടസ്സപ്പെടുത്തുന്നത് ബുദ്ധിമുട്ട് നിറഞ്ഞ യാത്രയാണ്. ഒരാള്‍ ശാരീരികസന്തുലനം പാലിച്ച് കല്ലുകള്‍ക്കു മുകളിലൂടെ നടന്നുവേണം ഇളകിക്കൊണ്ടിരിക്കുന്ന ചങ്ങാടത്തിലേക്ക് കയറാന്‍. വലിക്കുന്ന വടംകൊണ്ടാണ് ചങ്ങാടം മുന്നോട്ട് നീങ്ങുന്നത്. മറുകരയെത്താന്‍ ചങ്ങാടത്തിന് 5-7 മിനിറ്റുകള്‍ വേണം.
“വര്‍ഷങ്ങളായി ഞങ്ങള്‍ ഒരു പാലത്തിനായി അപേക്ഷിച്ചുകൊണ്ടിരിക്കുന്നു”, 46-കാരനായ ബാലാസാഹേബ് ഷിന്‍ഡെ പറഞ്ഞു. ഷിന്‍ഡെ വസ്തിയിലുള്ള സര്‍ക്കാര്‍വക പ്രാഥമിക വിദ്യാലയത്തിലെ അദ്ധ്യാപകനാണ് അദ്ദേഹം. “ഇവിടെനിന്നും പുറത്തുകടക്കാന്‍ മറ്റൊരു മാര്‍ഗ്ഗമുണ്ട്. പക്ഷെ ദൂരം കുറച്ചുകൂടുതലാണ്. അത് പാടങ്ങളിലൂടെയാണ് പോകുന്നത്. പക്ഷെ കര്‍ഷകര്‍ ഞങ്ങളെ കടന്നുപോകാന്‍ അനുവദിക്കില്ല. അതുകൊണ്ട് പുറത്തിറങ്ങുന്ന ഓരോ സമയവും ഞങ്ങളുടെ ജീവന്‍ അപകടത്തിലാണ്.”
സൗതാഡയിലെ തങ്ങളുടെ പ്രദേശത്തേക്കുള്ള ബുദ്ധിമുട്ടേറിയ പ്രവേശനം ഷിന്‍ഡെ വസ്തിയിലെ അഞ്ഞൂറോളം വരുന്ന ഏതാണ്ടെല്ലാ നിവാസികളെയും ബാധിക്കുന്നു. കുട്ടികള്‍ക്കും സ്ത്രീകള്‍ക്കും ഇത് കൂടുതല്‍ ബുദ്ധിമുട്ടാണ്. “ഗര്‍ഭിണികളായ സ്ത്രീകള്‍പോലും ആടുന്ന ചങ്ങാടത്തില്‍ നദി മുറിച്ചുകടക്കേണ്ടിവരും. അതെത്രമാത്രം അപകടകരമാണെന്ന് നിങ്ങള്‍ക്ക് സങ്കല്‍പ്പിക്കാന്‍ പറ്റുമോ? പലപ്പോഴും ഗര്‍ഭത്തിന്‍റെ അവസാന രണ്ടുമാസം സ്ത്രീകളെ ബന്ധുവീടുകളിലേക്ക് അയയ്ക്കാറുണ്ട്”, 40-കാരിയായ ഇന്ദുബായ് ഷിന്‍ഡെ പറഞ്ഞു. അവര്‍ക്ക് ഗ്രാമത്തില്‍ പത്തേക്കര്‍ നിലമുണ്ട്. “ഞങ്ങളുടെ കൃഷിസ്ഥലം ഇവിടായതിനാല്‍ നദിയുടെ മറുകരയിലേക്ക് മാറാന്‍പോലും ഞങ്ങള്‍ക്കു കഴിയില്ല.”
ഇന്ദുബായിയുടെ 22-കാരിയായ മകള്‍ രേഖ ഗര്‍ഭിണി ആയിരുന്ന സമയത്ത് അടിയന്തിര ആവശ്യം എന്തെങ്കിലും ഉണ്ടായാലോ എന്ന ഭയം നദിക്കിക്കരെയുള്ള മാതാവിനെ സന്ദര്‍ശിക്കുന്നതില്‍ നിന്നും അവരെ തടഞ്ഞു. “സാധാരണയായി ഗര്‍ഭവതി ആയിരിക്കുന്ന പെണ്‍മക്കള്‍ അവരുടെ മാതാപിതാക്കളുടെ അടുത്തേക്ക് പോകുന്നു. പക്ഷെ എനിക്കെന്‍റെ മകളെ പരിചരിക്കാന്‍ കഴിഞ്ഞില്ല, എനിക്കതില്‍ ദുഃഖമുണ്ട്”, അവര്‍ പറഞ്ഞു. “അവള്‍ക്ക് പ്രസവവേദന ഉണ്ടാകുന്ന സമയത്ത് ആശുപത്രിയില്‍ എത്തിക്കാന്‍ കഴിയാതിരുന്നാല്‍ ഞങ്ങള്‍ എന്തുചെയ്യും? അത്തരമൊരപകടം വരുത്തിവയ്ക്കാന്‍ ഞങ്ങള്‍ തയ്യാറല്ല. ഏറ്റവും അടിസ്ഥാനപരമായ ആരോഗ്യസുരക്ഷ വേണമെങ്കില്‍പ്പോലും ഞങ്ങള്‍ക്ക് രണ്ടുതവണ ചിന്തിക്കണം.”
2020 മാര്‍ച്ചില്‍ കോവിഡ്-19 പൊട്ടിപ്പുറപ്പെട്ടതിനുശേഷം ഗ്രാമീണരുടെ ഈ ഒറ്റപ്പെടല്‍ വലിയ ആശങ്കയ്ക്ക് ഇടയാക്കി. “ഭാഗ്യത്തിന് കോവിഡ് രോഗലക്ഷണങ്ങള്‍ കാരണം ആളുകള്‍ മരിച്ചില്ല”, ബാലാസാഹേബ് പറഞ്ഞു. “ഞങ്ങള്‍ക്കാര്‍ക്കെങ്കിലും അസുഖംവന്നാല്‍ പരിശോധന നടത്താന്‍ കഴിയില്ല. ഇവിടെനിന്ന് ആരെങ്കിലും മെഡിക്കല്‍സ്റ്റോറില്‍ പോയി [നദികടന്ന്] പാരാസെറ്റാമോള്‍ കൊണ്ടുവരണം.”
അടുത്തുള്ള ലിംബാഗണേശ് ഗ്രാമത്തില്‍നിന്നുള്ള ഡോക്ടറും ആരോഗ്യ പ്രവര്‍ത്തകനുമായ ഗണേശ് ധാവ്ലെ കൊറോണ വൈറസ് ബാധ പൊട്ടിപ്പുറപ്പെട്ടതില്‍പ്പിന്നെ രണ്ടുതവണ ഷിന്‍ഡെ വസ്തി സന്ദര്‍ശിച്ചു. “ശരീരവേദന, തലവേദന, കോവിഡ് സമാനമായ മറ്റ് രോഗലക്ഷണങ്ങള്‍ എന്നിവയെപ്പറ്റിയുള്ള പരാതി പറയുന്ന നിരവധി ആളുകളെ ഞാന്‍ കണ്ടു. ലക്ഷണങ്ങളൊക്കെ ഞാന്‍ ചികിത്സിച്ചു”, ചെയ്യാന്‍ പറ്റുന്നതെല്ലാം ചെയ്തെന്നു പറഞ്ഞുകൊണ്ട് അദ്ദേഹം കൂട്ടിച്ചേര്‍ത്തു. “സ്ഥിരമായ ഒരു പരിഹാരം കണ്ടെത്തണം. വാക്സിനേഷന്‍റെ കാര്യത്തിലും സൗതാഡ പിന്നിലാണ്. 21-ാം നൂറ്റാണ്ടില്‍ താത്കാലിക ചങ്ങാടങ്ങളിലൂടെമാത്രം ചെന്നെത്താന്‍ പറ്റുന്ന ഒരു ഗ്രാമത്തെപ്പറ്റി നിങ്ങള്‍ക്ക് സങ്കല്‍പ്പിക്കാനാവില്ല.”
നിലവില്‍ ഗ്രാമവാസികളെ അക്കരെയിക്കരെ എത്തിച്ചു കൊണ്ടിരിക്കുന്ന ചങ്ങാടങ്ങള്‍ വളരെനാളുകളായി ഉപയോഗിച്ചുകൊണ്ടിരുന്ന പഴയ ചങ്ങാടങ്ങളേക്കാള്‍ വളരെ ബലവത്താണ്. ഈ വര്‍ഷമാദ്യം മുംബൈയില്‍നിന്നുള്ള ഒരുകൂട്ടം അഭ്യുദയകാംക്ഷികള്‍ എത്തിച്ച പുതിയ ചങ്ങാടങ്ങള്‍ക്ക് ഇരുമ്പ് കൊണ്ടുള്ള അഴികളും റബ്ബര്‍ വളയങ്ങളുമുണ്ട്. “ഉപയോഗശൂന്യമായ ചക്രങ്ങള്‍ അല്ലെങ്കില്‍ തെര്‍മോകോള്‍ ആയിരുന്നു അക്കരെയെത്താന്‍ മുന്‍പ് ഞങ്ങള്‍ ഉപയോഗിച്ചിരുന്നത്”, 70-കാരനായ ഒരു കര്‍ഷകന്‍ പറഞ്ഞു (അദ്ദേഹത്തിന് ഷിന്‍ഡെ വസ്തിയില്‍ മൂന്നേക്കര്‍ നിലമുണ്ട്). “അവ അപകടകരവും നിയന്ത്രിക്കാന്‍ ബുദ്ധിമുട്ടുള്ളതുമായിരുന്നു. തെര്‍മോകോള്‍ ഷീറ്റുകള്‍ പെട്ടെന്ന് നശിക്കുന്നവയായിരുന്നു.”
ഷിന്‍ഡെ വസ്തിയിലെ മിക്ക കുട്ടികളും 4-ാം ക്ലാസ് കടക്കാത്തത്തിനു കാരണമിതാണ്. “ഇവിടുത്തെ പ്രാഥമിക വിദ്യാലയത്തില്‍ 4-ാം ക്ലാസ് വരെയെ ഉള്ളൂ”, ഇന്ദുബായ് പറഞ്ഞു. ഒരു ചക്രത്തിലോ തെര്‍മോകോള്‍ ഷീറ്റിലോ 10 വയസ്സുള്ള ഒരുകുട്ടി എങ്ങനെ നദിക്കക്കരെ എത്തുമെന്ന് വിശ്വസിക്കാന്‍ പറ്റും? ഞങ്ങള്‍ മിക്കവരും ജീവനോപാധിക്കായി ഞങ്ങളുടെ പാടത്ത് പണിയെടുക്കുന്ന തിരക്കിലായിരിക്കും. അതുകൊണ്ട് എല്ലാദിവസവും അവരെ സ്ക്കൂളില്‍ എത്തിക്കാന്‍ ഞങ്ങള്‍ക്ക് കഴിയില്ല.”
പുതിയ ചങ്ങാടങ്ങള്‍ കുട്ടികളെ സെക്കന്‍ഡറി സ്ക്കൂളില്‍ പോകാന്‍ സഹായിക്കുമെന്ന് ഇന്ദുബായ് പ്രതീക്ഷിക്കുന്നു. പക്ഷെ കാലവര്‍ഷത്തിലെ ഉയര്‍ന്ന ജലനിരപ്പ് നദികടക്കുന്ന ഏവരെയും അപകടത്തിലാക്കുന്നു. “ഭാഗ്യവശാല്‍ ആരും ഇതുവരെ മുങ്ങിയിട്ടില്ല. പക്ഷെ ഏതെങ്കിലുമൊക്കെ സമയത്ത് ഞങ്ങളില്‍ പലരും നദിയില്‍ വീണിട്ടുള്ളവരാണ്”, ഇന്ദുബായ് പറഞ്ഞു.
ഓരോ ചങ്ങാടത്തിലും പ്രായപൂര്‍ത്തിയായ 4 മുതല്‍ 6 പേര്‍ക്കുവരെ കയറാം. ഭാരം കൂടുതലാണെങ്കില്‍ ഇത് പെട്ടെന്ന് മറിയും. അതുകൊണ്ട് സാധനങ്ങള്‍ വാങ്ങാന്‍ പോകുന്ന ഗ്രാമവാസികള്‍ക്ക് ഇതൊരു പ്രശ്നകരമായ അവസ്ഥയാണ്. പലതവണ നദികടക്കുന്നത് ഒഴിവാക്കണമെങ്കില്‍ ആവശ്യത്തിന് പലവ്യഞ്ജന സാധനങ്ങള്‍ കരുതണം. അതേസമയം കയറ്റാന്‍ പറ്റുന്നതിലുമധികം സാധനങ്ങള്‍ ചങ്ങാടത്തില്‍ കൊണ്ടുവരാനും പറ്റില്ല.
ഭാരത്തിന്‍റെ കാര്യത്തില്‍ എല്ലാസമയത്തും ഗ്രാമവാസികള്‍ കൃത്യത പാലിക്കാറില്ല. “പയറും പാലും പലവ്യഞ്ജനങ്ങളുമായി കുറച്ചുതവണ ഞാന്‍ നദിയില്‍ വീണിട്ടുണ്ട്”, വത്സല പറഞ്ഞു. “പ്രായംകാരണം ചന്തയില്‍ പോകുന്നത് ഞാന്‍ നിര്‍ത്തി. ഗ്രാമത്തിലെ മിക്ക സ്ത്രീകള്‍ക്കും നീന്താന്‍ കഴിയില്ല. സാരി ധരിച്ച് ചങ്ങാടത്തില്‍ യാത്ര ചെയ്യാനും സ്ത്രീകള്‍ക്ക് ബുദ്ധിമുട്ടാണ്. അതുകൊണ്ട് സ്ത്രീകള്‍ ഗ്രാമത്തില്‍തന്നെ തങ്ങുന്നു. ഏതെങ്കിലും തരത്തിലുള്ള ഒരടിയന്തിര സാഹചര്യമുണ്ടാകുമ്പോള്‍ ഗ്രാമത്തിലായിരിക്കുന്നത് ഭയാനകമായ അനുഭവമാണ്.
ഒരുദശകം മുന്‍പുള്ള ഒരുദാഹരണം വത്സല വിവരിക്കുന്നു: അവരുടെ മരുമകള്‍ ജിജാബായ് ഭക്ഷ്യവിഷബാധയേറ്റ് അസുഖ ബാധിതയായി. ആരോഗ്യം വഷളായിക്കൊണ്ടിരുന്നതിനാല്‍ അവരെ ആശുപത്രിയിലേക്ക് കൊണ്ടുപോകണമായിരുന്നു. “പക്ഷെ അവര്‍ക്ക് തെര്‍മോകോള്‍ ഷീറ്റില്‍ കയറാന്‍ കഴിഞ്ഞില്ല. വളരെ അസുഖബാധിതയായ അവള്‍ക്ക് കുറച്ചു സ്വസ്ഥത ലഭിക്കുന്നതുവരെ ഞങ്ങള്‍ക്ക് കാത്തിരിക്കേണ്ടിവന്നു. നദിക്കക്കരെയെത്താന്‍ അവള്‍ക്ക് ഒരുപാട് സമയം വേണ്ടിവന്നു.”
താമസിച്ചത് ദുരന്തമായിത്തീര്‍ന്നു - ആശുപത്രിയില്‍ എത്തിച്ച ഉടനെതന്നെ ജിജാബായ് മരിച്ചു. “നേരത്തെ ആശുപത്രിയില്‍ എത്തിച്ചിരുന്നെങ്കില്‍ അവര്‍ ജീവിക്കുമായിരുന്നൊ എന്നുള്ളതല്ല കാര്യം”, ധവ്ലെ പറഞ്ഞു. “അത് സമയത്തിന് ചെയ്തിരുന്നെങ്കില്‍ തങ്ങളുടെ കുടുംബാംഗം ജീവിച്ചിരിക്കുമായിരുന്നോ എന്ന് ഒരുബന്ധുവും ആശ്ചര്യപ്പെടേണ്ട കാര്യമില്ല.” കാര്യങ്ങള്‍ ജില്ല അധികാരികളെ ധരിപ്പിക്കാനുള്ള തന്‍റെ ശ്രമങ്ങളൊന്നും ഫലംകണ്ടില്ലെന്നും അദ്ദേഹം പറഞ്ഞു.
സൗതാഡയുടെ ഒറ്റപ്പെടല്‍ അവിടുത്തെ ചെറുപ്പക്കാരുടെ വൈവാഹിക കാര്യങ്ങളെയും ബാധിച്ചിരിക്കുന്നു. “ഞങ്ങളുടെ ചെറുപ്പക്കാരെ വിവാഹിതരാക്കുക എന്നത് വളരെ ബുദ്ധിമുട്ടുള്ള കാര്യമാണ്. പെണ്‍മക്കള്‍ ഇവിടെത്തി പെട്ടുപോകുമോ എന്ന് അവരുടെ മാതാപിതാക്കള്‍ ആശങ്കപ്പെടുന്നു”, ബാലാസാഹേബ് പറഞ്ഞു. “അവരുടെ പെണ്‍മക്കളെ ഇങ്ങോട്ട് അയയ്ക്കണമെന്ന് താത്പര്യമില്ലാത്തതിന്‍റെ പേരില്‍ ഞാന്‍ അവരെ കുറ്റപ്പെടുത്തില്ല. ഞങ്ങളുടെ ബന്ധുക്കള്‍പോലും ഞങ്ങളെ കാര്യമായി സന്ദര്‍ശിക്കാറില്ല.”
റിപ്പോര്‍ട്ടര്‍ക്ക് നല്‍കുന്ന സ്വതന്ത്ര പത്രപ്രവര്‍ത്തക ഗ്രാന്‍റിലൂടെ പുലിറ്റ്സര്‍ സെന്‍റര്‍ സഹായംനല്‍കുന്ന ഒരു പരമ്പരയുടെ ഭാഗമാണിത്.
പരിഭാഷ: റെന്നിമോന്‍ കെ. സി.