ജനകീയമായ ഗാർബയുടെ ഈണത്തിൽ എഴുതപ്പെട്ട ഈ പാട്ട് സ്വാതന്ത്ര്യത്തെക്കുറിച്ചും, എതിർപ്പിനെക്കുറിച്ചും ദൃഢനിശ്ചയത്തെക്കുറിച്ചുമുള്ളതാണ്. സംസ്കാരം തങ്ങൾക്കുമേൽ അടിച്ചേൽപ്പിച്ച പരമ്പരാഗത ഘടനകളേയും അനുശാസനങ്ങളേയും മറുചോദ്യമില്ലാതെ സ്വീകരിക്കാൻ തയ്യാറല്ലാത്ത ഗ്രാമീണസ്ത്രീകളുടെ ശരിയായ ശബ്ദമാണ് ഇതിൽ പ്രതിദ്ധ്വനിക്കുന്നത്.
കച്ചിലെ വിവിധ ഭാഷകളിലൊന്നായ ഗുജറാത്തിയിലെഴുതിയ ഈ പാട്ട് രചിച്ചത്, സ്ത്രീകളുടെ അവകാശങ്ങളെക്കുറിച്ച് ബോധവത്ക്കരിക്കാൻ കച്ച് മഹിളാ വികാസ് സംഘടിപ്പിച്ച ഒരു ശില്പശാലയിൽ പങ്കെടുത്ത ഒരു കൂട്ടം ഗ്രാമീണസ്ത്രീകളാണ്.
ആരാണ് എഴുതിയതെന്നോ, ഏത് വർഷമാണ് ഇത് രചിച്ചതെന്നോ തീർച്ച പറയാൻ ആവില്ല. എന്നാൽ കേൾക്കുന്നതാകട്ടെ, സംശയമില്ല, തുല്യമായ സ്വത്തവകാശത്തിനുവേണ്ടിയുള്ള സ്ത്രീയുടെ ഉറച്ച ശബ്ദമാണ്.
ഏത് സന്ദർഭത്തിലാണ് ഈ പാട്ട് എഴുതപ്പെട്ടതെന്ന് അറിയില്ലെങ്കിലും, 2003-ൽ സ്ത്രീകളുടെ ഭൂവുടമാവകാശത്തെക്കുറിച്ചും ഉപജീവനമാർഗ്ഗങ്ങളെക്കുറിച്ചും ഗുജറാത്തിൽ പരക്കെയും, പ്രത്യേകിച്ച് കച്ചിലും നടന്ന ചർച്ചകളുടേയും ശില്പശാലകളുടേയും രേഖകൾ ഞങ്ങളുടെ പക്കലുണ്ട്. സ്ത്രീകളുടെ അവകാശങ്ങളെക്കുറിച്ച് അവബോധമുയർത്താനുള്ള പ്രചാരണങ്ങൾ പ്രധാനമായും ഊന്നിയത്, കാർഷികോത്പാദനത്തിലെ സ്ത്രീകളുടെ പങ്കും ഭൂമിയിന്മേലുള്ള അവരുടെ അവകാശത്തിന്റെ അഭാവവും തമ്മിലുള്ള ഭീമമായ വിവേചനത്തിലായിരുന്നു. ഈ പാട്ടിലേക്ക് നയിച്ചത് ഇത്തരം ചർച്ചകളായിരുന്നോ എന്ന് ഞങ്ങൾക്ക് ഉറപ്പില്ല.
അതിൽപ്പിന്നെ, ഈ ഗാനം, പ്രദേശത്തും അതിനപ്പുറത്തേക്കും സഞ്ചരിക്കുകയുണ്ടായി. നാടൻ പാട്ടുകളുടെ കാര്യത്തിൽ എപ്പോഴും സംഭവിക്കുന്നതുപോലെ, ആ യാത്രയ്ക്കിടയിൽ, മുൻപിലിരിക്കുന്ന കാണികളുടെ അഭിരുചിക്കനുസരിച്ച്, വരികൾ കൂട്ടിച്ചേർക്കുകയും മാറ്റുകയും ഏറ്റക്കുറച്ചിലുകൾ നടത്തുകയും ചെയ്തിട്ടുണ്ട്.നഖത താലൂക്കിലെ നന്ദുബ ജഡേജ അവതരിപ്പിച്ച രീതിയാണ് ഇവിടെ ഉപയോഗിച്ചിട്ടുള്ളത്.
2008-ൽ ആരംഭിച്ച, സൂർവാണി എന്നപേരിലുള്ള പ്രാദേശികാടിസ്ഥാനത്തിലുള്ള റേഡിയോ സംരംഭം റിക്കാർഡ് ചെയ്ത 341 പാട്ടുകളിൽ ഒന്നാണിത്. കെ.എം.വി.എസ്സിലൂടെ പാരിക്ക് കിട്ടിയ ഈ ശേഖരം, ആ പ്രദേശത്തിന്റെ ഭാഷാപരവും, സാംസ്കാരികവും സംഗീതാത്മകവുമായ സമ്പന്നമായ വൈവിദ്ധ്യത്തെ അടയാളപ്പെടുത്തുന്നു. മരുഭൂമികളിലെ മണലുകൾക്കിടയിൽ മറഞ്ഞ്, നശിച്ചുപോകുന്ന കച്ചിന്റെ സംഗീതപാരമ്പര്യത്തെ സംരക്ഷിക്കാൻ ഈ ശേഖരം സഹായിക്കുന്നു.
Gujarati
સાયબા એકલી હું વૈતરું નહી કરું
સાયબા મુને સરખાપણાની ઘણી હામ રે ઓ સાયબા
સાયબા એકલી હું વૈતરું નહી કરું
સાયબા તારી સાથે ખેતીનું કામ હું કરું
સાયબા જમીન તમારે નામે ઓ સાયબા
જમીન બધીજ તમારે નામે ઓ સાયબા
સાયબા એકલી હું વૈતરું નહી કરું
સાયબા મુને સરખાપણાની ઘણી હામ રે ઓ સાયબા
સાયબા એકલી હું વૈતરું નહી કરું
સાયબા હવે ઘરમાં ચૂપ નહી રહું
સાયબા હવે ઘરમાં ચૂપ નહી રહું
સાયબા જમીન કરાવું મારે નામે રે ઓ સાયબા
સાયબાહવે મિલકતમા લઈશ મારો ભાગ રે ઓ સાયબા
સાયબા હવે હું શોષણ હું નહી સહુ
સાયબા હવે હું શોષણ હું નહી સહુ
સાયબા મુને આગળ વધવાની ઘણી હામ રે ઓ સાયબા
સાયબા એકલી હું વૈતરું નહી કરું
સાયબા મુને સરખાપણાની ઘણી હામ રે ઓ સાયબા
સાયબા એકલી હું વૈતરું નહી કરું
മലയാളം
ഇനിമേൽ ഞാൻ ഒറ്റയ്ക്ക് അദ്ധ്വാനിക്കില്ല
എന്റെ പ്രിയനേ
നിനക്ക് തുല്യമാവണം
ഇനിയെനിക്കും എൻ പ്രിയനേ
ഇനിമേൽ ഞാൻ ഒറ്റയ്ക്ക് അദ്ധ്വാനിക്കില്ല
നിന്നെപ്പോലെ ഞാനും പാടത്ത്
പണിയെടുക്കുന്നു
എന്നിട്ടും ആ പാടമെല്ലാം
നിന്റെ പേരിൽമാത്രം
ഭൂമിയിലും നിന്റെ പേരുമാത്രം,
എൻ പ്രിയനേ
ഇനിമേൽ ഞാൻ ഒറ്റയ്ക്ക് അദ്ധ്വാനിക്കില്ല
നിനക്ക് തുല്യമാവണം
ഇനിയെനിക്കും എൻ പ്രിയനേ
ഇനിമേൽ ഞാൻ ഒറ്റയ്ക്ക് അദ്ധ്വാനിക്കില്ല
ഇനിമുതൽ മിണ്ടാതെ വീട്ടിൽ ഞാൻ
അടച്ചിരിക്കില്ല
ഇനി ഞാൻ നിശ്ശബ്ദയായിരിക്കില്ല
ഓരോ തുണ്ട് ഭൂമിയിലും എന്റെ
പേരുവേണം
അവകാശപത്രങ്ങളിൽ ഞാനെന്റെ
പങ്ക് ചോദിക്കും
അവകാശപത്രങ്ങളിൽ എന്റെ പങ്ക്
എനിക്ക് വേണം പ്രിയനേ
ഇനിയെന്നെ ചൂഷണം ചെയ്യാനാവില്ല
എന്റെ പൊന്നേ
സഹിഷ്ണുവായി ഇരിക്കാനും ഇനി
എന്നെ കിട്ടില്ല പൊന്നേ
എനിക്ക് ഇനിയും വളരണം,
കൂടുതൽ കാര്യങ്ങൾ ചെയ്യണം
ഇനിമേൽ ഞാൻ ഒറ്റയ്ക്ക് അദ്ധ്വാനിക്കില്ല
എന്റെ പ്രിയനേ
നിനക്ക് തുല്യമാവണം
ഇനിയെനിക്കും എൻ പ്രിയനേ
ഇനിമേൽ ഞാൻ ഒറ്റയ്ക്ക് അദ്ധ്വാനിക്കില്ല
ഗാനത്തിന്റെ സ്വഭാവം : പുരോഗമനപരം
പാട്ടിന്റെ ഇനം : സ്വാതന്ത്ര്യത്തിന്റെ പാട്ടുകൾ
പാട്ട് : 3
പാട്ടിന്റെ ശീർഷകം : സായബ, എൿലി ഹു വൈതരു നഹി കരൂൻ
രചന : ദേവൽ മേത്ത
ആലാപനം : നഖത താലൂക്കിലെ നന്ദുബ ജഡേജ
സംഗീതോപകരണങ്ങൾ : ഹാർമ്മോണിയം, ഡ്രം, ഡമരു
റിക്കാർഡ് ചെയ്ത വർഷം : 2016, കെ.എം.വി.എസ് സ്റ്റുഡിയോ
പ്രീതി സോണി, കെ.എം.വി.എസ് സെക്രട്ടറി അരുണ ധോലാകിയ, കെ.എം.വി.എസ്.പ്രൊജക്ട് കോഓർഡിനേറ്റർ അമാദ് സമേജ, ഭാർതിബെൻ ഗോർ എന്നിവരുടെ വിലമതിക്കാനാവാത്ത സഹായത്തിന് പ്രത്യേക നന്ദി
പരിഭാഷ: രാജീവ് ചേലനാട്ട്