താനല്ല തന്‍റെ സുഹൃത്താണ് കടയുടെ ഉടമയെന്ന് അയാൾ പറഞ്ഞു. കുറച്ചു കഴിഞ്ഞപ്പോൾ "ഉടമയുടെ ഒരു ബന്ധുവാണ്” എന്ന നിലയിൽ സ്വയം അവതരിപ്പിച്ചു. പിന്നെയും കുറച്ചു കഴിഞ്ഞപ്പോൾ “കടയിൽ ജോലി ചെയ്യുന്ന ബന്ധു” ആയി അയാൾ മാറി. ആ രീതിയിൽ ഞങ്ങൾ ചോദ്യങ്ങൾ തുടർന്നിരുന്നെങ്കിൽ അയാൾ സ്വയം ഉടമയായി പ്രഖ്യാപിക്കുമായിരുന്നു.
ഫോട്ടൊ എടുക്കാൻ അയാൾ വിസമ്മതിച്ചു. കടയ്ക്കുള്ളിൽ ഞങ്ങൾ ഷൂട്ട് ചെയ്യാനും അയാൾ താൽപര്യപ്പെട്ടില്ല. എന്നിരിക്കിലും പുറത്ത് ചൂണ്ടുപലകയുടെ ഫോട്ടൊ എടുക്കുന്നതിൽ അയാൾക്ക് സന്തോഷമായിരുന്നു.
കവാടത്തിൽ നിന്ന് കുറച്ച് മാറി വിദേശി ശരബ് ദൂഖാൻ എന്ന് ബോർഡിൽ വായിക്കാമായിരുന്നു (അതായത്, വിദേശ മദ്യശാല എന്ന്). ലൈസൻസി: രമേഷ് പ്രസാദ്. ഇപ്പോഴത്തെ ഛത്തീസ്ഗഢിലെ (അന്ന് മദ്ധ്യപ്രദേശ്) സർഗുജ ജില്ലയിലെ കട്ഘോര പട്ടണത്തിന്‍റെ ഓരത്തായിരുന്നു അത്. ഞങ്ങളോട് സംസാരിച്ചു കൊണ്ടിരുന്ന ഭാഗികമായി ലഹരിയിലായിരുന്ന ആൾ തീർച്ചയായും രമേഷ് പ്രസാദ് ആയിരുന്നില്ല. അയാൾക്ക് ഈ വിദേശ മദ്യശാലയുമായുണ്ടായിരുന്ന ഒരേയൊരു ബന്ധം ഈ വിദേശ മദ്യശാലയിലെ വലിയൊരു ഉപഭോക്താവ് എന്ന നിലയിലായിരുന്നു എന്ന് ഞങ്ങൾ വിശ്വസിക്കാൻ തുടങ്ങിയിരുന്നു.
വിദേശ മദ്യമോ? എന്നാൽ തികച്ചും അങ്ങനെയല്ല. എന്നാണ് അവസാനമായി ഐ.എം.എഫ്.എൽ. എന്ന ചുരുക്കെഴുത്ത് കേട്ടതെന്ന് എനിക്ക് ഓർമ്മയില്ല. ഇന്ത്യൻ നിർമ്മിത വിദേശ മദ്യം എന്നതാണ് അതിന്‍റെ പൂർണ്ണ രൂപം (IMFL - Indian Made Foreign Liquor). അന്ന്, 1994-ൽ ഈ ചിത്രം എടുത്തപ്പോൾ ഐ.എം.എഫ്.എൽ., സ്വദേശി മദ്യം എന്നിവ പരസ്പരം എതിരാണെന്ന രീതിയിൽ കടുത്ത വാദപ്രതിവാദം നടക്കുകയായിരുന്നു..
ലോ ഇൻസൈഡർ എന്ന വെബ്സൈറ്റിൽ നിന്നും ഞാൻ മനസ്സിലാക്കിയ പ്രകാരം ഐ.എം.എഫ്.എൽ. എന്ന ഇനം കൊണ്ട് "അർത്ഥമാക്കുന്നത് വിദേശ രാജ്യങ്ങളിൽ നിന്നും ഇറക്കുമതി ചെയ്യുന്ന ജിൻ, ബ്രാണ്ടി, വിസ്കി, അഥവാ റം എന്നിവയെപ്പോലെ ഇന്ത്യയിൽ ഉൽപാദിപ്പിക്കുകയോ നിർമ്മിക്കുകയോ മിശ്രിതമാക്കുകയോ ചെയ്യുന്ന മദ്യവും, അതു കൂടാതെ പാൽ പഞ്ചിനെയും അത്തരത്തിലുള്ള ഏത് തരം മദ്യങ്ങളെയും ഉൾക്കൊളളുകയും, എന്നാൽ ബീർ, വീഞ്ഞ്, വിദേശമദ്യം എന്നിവയെയൊന്നും ഉൾക്കൊളളാത്തതുമായ മദ്യം” എന്നാണ്. ശ്രദ്ധിക്കുക "ബീർ, വീഞ്ഞ്, വിദേശ മദ്യം” എന്നിവയെ ഒഴിവാക്കിയിരിക്കുന്നു.
ഇറക്കുമതി ചെയ്ത മദ്യവും അവയ്ക്കു നിർബന്ധമായും ഉണ്ടായിരിക്കേണ്ട തദ്ദേശീയ ഘടകങ്ങളും (ശർക്കരപ്പാവ്, അല്ലെങ്കിൽ ഇറക്കുമതി ചെയ്ത സാധനങ്ങളുടെ സാധാരണ തദ്ദേശീയ മിശ്രണം അല്ലെങ്കിൽ ബോട്ട്ലിംഗ്) ഐ.എം.എഫ്.എൽ. ഇനത്തിൽ പെടുന്നു.



