“എനിക്കു കൃഷിസ്ഥലമില്ല, എന്‍റെ പൂർവ്വികർക്കും ഉണ്ടായിരുന്നില്ല”, കമൽജിത് കൗർ പറയുന്നു. “ആ സാഹചര്യത്തിലും ഞങ്ങളുടെ കർഷകരെ ചെറിയ രീതിയിൽ സഹായിക്കാൻ ഞാനിവിടുണ്ട്, എന്തുകൊണ്ടെന്നാൽ അങ്ങനെ ചെയ്തില്ലെങ്കിൽ എന്‍റെ കുട്ടികളുടെ പാത്രത്തിലേക്ക് എന്തെങ്കിലും ഇട്ടു കൊടുക്കുന്നതിന് കോർപ്പറേറ്റ് ആർത്തികളോടു മല്ലിടേണ്ടിവരുമെന്നു ഞാൻ ഭയപ്പെടുന്നു.”
35-കാരിയായ കമൽജിത് പഞ്ചാബിലെ ലുധിയാനാ നഗരത്തിൽ നിന്നുള്ള അദ്ധ്യപികയാണ്. അവരും കുറച്ചു സുഹൃത്തുക്കളും ചേർന്നു സിംഘുവില്‍ തണലുള്ള ഒരിടത്തു രണ്ടു തയ്യൽ മെഷീനുകൾ പ്രവർത്തിപ്പിക്കുന്നു. അവർ ഊഴമനുസരിച്ച് ഒരാള്‍ മൂന്നുദിവസം എന്നനിലയിൽ സമരസ്ഥലത്തേക്കു വരികയും സമരത്തിലേർപ്പെട്ടിരിക്കുന്ന കർഷകരുടെ നഷ്ടപ്പെട്ട ഷർട്ട് ബട്ടണുകൾ പിടിപ്പിക്കുകയും കീറിയ സൽവാർ-കമ്മീസുകൾ തയ്ക്കുകയും ചെയ്യുന്നു. ഏകദേശം 200 പേർ പ്രതിദിനം അവരുടെ സ്റ്റാളിൽ എത്തുന്നു.
സിംഘുവിൽ ഇത്തരം സേവനങ്ങൾ വൈവിധ്യവും ഉദാരവുമായ രീതികളിൽ ലഭ്യമാണ്- സമരങ്ങൾക്കുള്ള ഐക്യദാർഢ്യം പ്രകടിപ്പിക്കുന്നവയാണ് എല്ലാം.
ഇർഷാദ് (പൂർണ്ണമായ പേര് ലഭ്യമല്ല) അങ്ങനെ സേവനം ചെയ്യുന്ന ഒരാളാണ്. സിംഘു അതിർത്തിയിൽ നിന്നു 4 കിലോമീറ്റർ മാറി, കുണ്ട്ലി വ്യവസായ മേഖലയിൽ, ടി.ഡി.ഐ. മാളിനു പുറത്ത് ഇടുങ്ങിയ ഒരു മൂലയിൽ ഒരു സിഖു സമരക്കാരന്‍റെ നഗ്നമായ തല ഊർജ്ജസ്വലനായി അദ്ദേഹം മസ്സാജ് ചെയ്തുകൊണ്ടിരിക്കുന്നു. മറ്റൊരുപാടു പേർ അവരുടെ ഊഴം കാത്തിരിക്കുന്നു. ഇർഷാദ് കുരുക്ഷേത്രയിൽ നിന്നുള്ള ഒരു ബാർബർ ആണ്. സാഹോദര്യം തോന്നിയതുകൊണ്ടാണ് ഇവിടെ വന്നതെന്ന് അദ്ദേഹം പറയുന്നു.
പഞ്ചാബിൽനിന്നു സിംഘുവിലേക്ക് ആളുകൾ തിങ്ങിനിറഞ്ഞ ട്രോളികളിൽ മണിക്കൂറുകളോളം യാത്ര ചെയ്തതുമൂലം മസിലുകൾക്കു വേദന ഉണ്ടായവരെ സൗജന്യ തിരുമ്മലിനു ക്ഷണിച്ചുകൊണ്ട് സർദാർ ഗുർമിക് സിംഗ് തന്‍റെ ചെറുട്രക്കിനു വെളിയിൽ ഇരിക്കുന്നതും ഇതേ വഴിയിൽത്തന്നെയാണ്. “മറ്റു പലതരത്തിലുമുള്ള വേദനകൾ അവർ ഇപ്പോൾത്തന്നെ അനുഭവിക്കുന്നുണ്ടാവും”, ഇവിടെ സഹായത്തിനായി എത്തിയതിനെക്കുറിച്ച് അദ്ദേഹം പറയുന്നു.
ചണ്ഡീഗഢിൽ നിന്നുള്ള ഡോക്ട്ടറായ സുരീന്ദർകുമാറും കൂടെയുള്ള ഡോക്ടർമാരും സിംഘുവിൽ ഒരു മെഡിക്കൽ ക്യാമ്പ് നടത്തിക്കൊണ്ടു സേവനം ചെയ്യുന്നു. സമരസ്ഥലത്തുള്ള അനേകം മെഡിക്കൽ ക്യാമ്പുകളിൽ ഒന്നാണിത്. ചില ക്യാമ്പുകള്‍ നടത്തുന്നത് കോൽക്കത്ത, ഹൈദരാബാദ് തുടങ്ങി അകലെ സ്ഥലങ്ങളില്‍ നിന്നുള്ള ഡോക്ടർമാരാണ്. “ബിരുദം നേടിയ സമയത്ത് എടുത്ത പ്രതിജ്ഞ നിറവേറ്റാൻ ശ്രമിക്കുകയാണു ഞങ്ങൾ- ദിവസം തോറും തുളഞ്ഞു കയറുന്ന തണുപ്പുനേരിടുന്ന പ്രായമുള്ളവരെ ചികിത്സിച്ചു കൊണ്ട്. പലരും തുറസ്സായ റോഡിലാണ് താമസിക്കുന്നത്”, സുരീന്ദര്‍ പറഞ്ഞു.

















