ഗോതമ്പു വിളകൾക്കു വെള്ളമൊഴിക്കേണ്ട സമയമായിരുന്നു അത്. തന്‍റെ കൃഷിസ്ഥലത്തെ നിർണ്ണായകമായ ഈ പരിപാടിയിൽ പങ്കെടുക്കുന്നത് ഒഴിവാക്കാൻ സാബരന്‍ സിങിന് കഴിയുമായിരുന്നില്ല. അങ്ങനെ ഡിസംബർ ഒന്നാം വാരം അദ്ദേഹം സിംഘുവിൽ നിന്നും പഞ്ചാബിലെ തന്‍റെ ഗ്രാമത്തിലേക്കു തിരിച്ചു പോയി.
പക്ഷെ നവംബർ 26 മുതൽ സ്ഥിരമായി താമസിച്ചുവന്ന സമരസ്ഥലം വിട്ടു പോവുകയായിരുന്നില്ല അദ്ദേഹം. 250 കിലോ മീറ്റർ അകലെയുള്ള ഖാണ്ട് ഗ്രാമത്തിലെ തന്‍റെ 12 ഏക്കർ കൃഷിസ്ഥലത്തു നിന്നും അദ്ദേഹം കുറച്ചു ദിവസങ്ങൾക്കു ശേഷം സിംഘുവിൽ തിരിച്ചെത്തി. “ഞാൻ മാത്രമല്ല ഇങ്ങനെ ചെയ്യുന്നത്”, 70 വയസ്സുള്ള കർഷകനായ അദ്ദേഹം പറഞ്ഞു. "ഗ്രാമത്തിനും സമര സ്ഥലത്തിനുമിടയ്ക്ക് ധാരാളം പേർ അങ്ങോട്ടുമിങ്ങോട്ടുമായി കറങ്ങിക്കൊണ്ടിരിക്കുന്നു.”
കർഷകർ ആവിഷ്കരിച്ച റിലേ അവരുടെ എണ്ണം സിംഘുവിൽ ഗണ്യമായിത്തന്നെ നിർത്തുകയും അതേ സമയം ഗ്രാമത്തിലെ വിളകളെ അവഗണിക്കാതിരിക്കുന്നതിന് സഹായകമാവുകയും ചെയ്തു.
"ഇതാണ് ഞങ്ങൾ ഗോതമ്പു വിളകൾ കൃഷി ചെയ്യാൻ ആരംഭിക്കുന്ന സമയം”, നവംബർ-ഡിസംബർ മാസങ്ങളെ പരാമർശിച്ചു കൊണ്ട് സാബരന്‍ പറഞ്ഞു. "ഞാനിവിടില്ലായിരുന്നപ്പോൾ ഗ്രാമത്തിൽ നിന്നുള്ള സുഹൃത്തുക്കൾ സംഘുവിലുണ്ടായിരുന്നു.”
നിരവധി സമരക്കാർ അങ്ങോട്ടുമിങ്ങോട്ടുമുള്ള ഈ രീതിയിൽ യാത്ര ചെയ്യുന്നു. "ഞങ്ങളിൽ നിരവധി പേർക്ക് നാൽചക്ര വാഹനങ്ങളുണ്ട്”, മുൻ സൈനികൻ കൂടിയായ സാബരന്‍ പറഞ്ഞു. “ഇവിടുന്ന് ഗ്രാമത്തിലേക്കും തിരിച്ചുമുള്ള യാത്രയെ ഇത് സാദ്ധ്യമാക്കുന്നു. പക്ഷേ കാറുകൾ ഒരിക്കലും ഒഴിവില്ല. ഗ്രാമത്തിലേക്കു നാലുപേരെ കാറിൽ എത്തിക്കുകയാണെങ്കിൽ അതേ കാറിൽ വേറെ നാലുപേർ തിരിച്ചു വരുന്നു.”







