പശ്ചിമ ഘട്ടത്തിലെ പരുക്കന്‍ മലനിരകൾക്കു പിന്നിൽ സൂര്യൻ അസ്തമിക്കുമ്പോൾ അടുത്തുള്ള വനത്തിലെ മലമൈനകളുടെ നിലവിളികൾ അർദ്ധസൈനിക സേനകളുടെ ബൂട്ടുകളുടെ വലിയ ശബ്ദത്തിൻകീഴിൽ ആഴ്ന്നു പോകുന്നു. ഒരിക്കൽകൂടി അവർ ഗ്രാമങ്ങളിൽ റോന്ത് ചുറ്റുകയാണ്. ഈ സന്ധ്യകളാണ് അവൾ ഏറ്റവും കൂടുതൽ ഭയക്കുന്നത്.
എന്തുകൊണ്ടാണ് തനിക്ക് ദേമതി എന്ന് പേരിട്ടത് എന്ന് അവൾക്കറിയില്ല. "നമ്മുടെ ഗ്രാമത്തിൽ നിന്നുള്ള നിർഭയയായ ഒരു സ്ത്രീയായിരുന്നു അവർ, ഒറ്റയ്ക്കവർ ബ്രിട്ടീഷ് സേനയെ ഓടിച്ചിട്ടുണ്ട്”, ആവേശത്തോടെ അവളുടെ അമ്മ കഥ പറഞ്ഞു കൊടുക്കുമായിരുന്നു. പക്ഷെ അവൾ ഒട്ടുംതന്നെ ദേമതിയെപ്പോലെ അല്ലായിരുന്നു - അവൾ ഭീരുവായിരുന്നു.
വയറു വേദന, പട്ടിണി, ആവശ്യത്തിന് വെള്ളമില്ലാത്ത അവസ്ഥ, ദിവസങ്ങളോളം വീട്ടില്‍ പണമില്ലാത്ത അവസ്ഥ, സംശയ ദൃഷ്ടികള്‍, ഭീഷണി കലര്‍ന്ന തുറിച്ചുനോട്ടം, തുടര്‍ച്ചയായുണ്ടാകുന്ന അറസ്റ്റുകള്‍, പീഡനം, ആളുകള്‍ മരിക്കുന്നത് എന്നിവയുമായൊക്കെ പൊരുത്തപ്പെട്ടു പോകാന്‍ അവള്‍ പഠിച്ചു. പക്ഷെ എല്ലാ സമയത്തും അവള്‍ക്കൊപ്പം കാടും മരങ്ങളും വസന്തവും ഉണ്ടായിരുന്നു. കൈമരുതിന്‍റെ പൂക്കളില്‍ അവള്‍ക്ക് അമ്മയുടെ ഗന്ധം അനുഭവിക്കാന്‍ കഴിഞ്ഞു. കാടുകളില്‍ അവള്‍ക്ക് മുത്തശ്ശിയുടെ പാട്ടുകള്‍ പ്രതിധ്വനിക്കുന്നത് കേള്‍ക്കാന്‍ കഴിഞ്ഞു. അവയൊക്കെ ഉള്ള കാലത്തോളം അതിജീവനം സാദ്ധ്യണെന്ന് അവള്‍ മനസ്സിലാക്കി.
പക്ഷെ, എന്തൊക്കെ അറിയാമെന്ന് തെളിയിക്കുന്ന രേഖ കാണിക്കാന്‍ പറ്റുന്നില്ലെങ്കില്‍ അവര്‍ക്ക് അവളെ പുറത്താക്കണം - അവളുടെ കുടിലില്‍നിന്ന്, ഗ്രാമത്തില്‍നിന്ന്, ഭൂമിയില്‍നിന്ന്. അസുഖങ്ങള്‍ സുഖപ്പെടുത്താന്‍ ശേഷിയുള്ള വിവിധ മരങ്ങള്‍, കുറ്റിച്ചെടികള്‍, ഇലകള്‍, തോലുകള്‍ എന്നിവയുടെയൊക്കെ പേരുകള്‍ അവളുടെ അച്ഛന്‍ അവളെ പഠിപ്പിച്ചിരുന്നു എന്നതിന് ഇവിടെ ഒരു കാര്യവുമില്ല. അമ്മയോടൊപ്പം ഫലങ്ങളും കായ്കളും വിറകും ശേഖരിക്കാന്‍ പോയപ്പോഴൊക്കെ അവര്‍ അവള്‍ ജനിച്ച മരച്ചുവട് കാണിച്ചുകൊടുക്കുമായിരുന്നു. കാടുകളെക്കുറിച്ചുള്ള പാട്ടുകള്‍ അവളുടെ മുത്തശ്ശി അവളെ പഠിപ്പിച്ചു. ആ പ്രദേശത്ത് സഹോദരനോടൊപ്പം പക്ഷികളെ കണ്ടും വിളികള്‍ മുഖരിതമാക്കിയും അവള്‍ ഓടിനടന്നിരുന്നു.
പക്ഷെ അത്തരം അറിവുകള്‍, കഥകള്‍, പാട്ടുകള്‍, കുട്ടിക്കാലത്തെ കഥകള്‍ എന്നിവയ്ക്ക് എന്തിന്‍റെയെങ്കിലും തെളിവാകാന്‍ കഴിയുമോ? തന്‍റെ പേരിന്‍റെ അര്‍ത്ഥവും ആ പേരിന് കാരണക്കാരിയായ സ്ത്രീയെക്കുറിച്ചും ആലോചിച്ചുകൊണ്ട് അവള്‍ ഇരുന്നു. എങ്ങനെയാണ് ദേമതിക്ക് താന്‍ കാടിന്‍റേതാണെന്ന് തെളിയിക്കാന്‍ പറ്റുമായിരുന്നത്?



