“ഞാനാണ്, ഞാനാണ്..”മറ്റുള്ളവരേക്കാൾ മുമ്പേ ഉത്തരം പറയാൻ അമൻ മുഹമ്മദിന് ഉത്സാഹമായിരുന്നു. ഈ വർഷത്തെ വിനായക ചാവിതിക്കുള്ള പന്തൽ നിർമ്മാണത്തിന്റെ മുഖ്യസംഘാടകൻ ആരാണെന്ന് പത്തുപന്ത്രണ്ടോളം കുട്ടികളോട് ഞാൻ ചോദിച്ചപ്പോഴാണ് അവന്റെ മറുപടി വന്നത്. “അവർ സ്വന്തമായി 2,000 രൂപ ശേഖരിച്ചു”, സംഘത്തിലെ മുതിർന്ന കുട്ടി ടി.രാഗിണി പറഞ്ഞു. അതിനാൽ, ആരും അമന്റെ അവകാശവാദത്തെക്കുറിച്ച് തർക്കമുന്നയിച്ചില്ല.
പന്തൽ സംഘാടകർ ശേഖരിച്ച 3,000 രൂപയുടെ മൂന്നിൽ രണ്ടും അവനായിരുന്നു പിരിച്ചത്. ആന്ധ്രാ പ്രദേശിലെ അനന്തപുർ പട്ടണത്തിലെ സായിനഗർ പ്രദേശത്തിലൂടെ പോവുന്ന വാഹനങ്ങളിൽനിന്ന് സംഭാവന പിരിച്ച് അവരുണ്ടാക്കിയതാണ് പന്തൽ.
ഇത് അവന്റെ ഏറ്റവും ഇഷ്ടപ്പെട്ട ആഘോഷമാണെന്ന് അമൻ എന്നോട് പറഞ്ഞു. എനിക്ക് അത്ഭുതം തോന്നിയില്ല.
2018-ലെ ഒരു ഞായറാഴ്ച, സായ്നഗറിലെ വിനായക ചാവിതി ആഘോഷങ്ങൾ കഴിഞ്ഞ് ഏതാനും ആഴ്ചകൾ കഴിഞ്ഞപ്പോൾ നാല് കുട്ടികൾ അഭിനയിക്കുന്നത് എന്റെ ശ്രദ്ധയിൽപ്പെട്ടു. ഞാൻ അവരുടെ ഫോട്ടോ എടുക്കുകയും ചെയ്തു. ‘അവ്വ അപ്പാച്ചി‘ എന്ന പേരിലുള്ള ഒരു കളിയുടെ വേറൊരു രൂപമായിരുന്നു അത്. കുട്ടികളുടെ പ്രിയപ്പെട്ട വിനോദം. ഒരാൺകുട്ടി ഗണേശനായിട്ടാണ് അഭിനയിച്ചത്. ഗണേശൻ എന്ന ഹിന്ദു ദൈവത്തിന്റെ ജന്മദിനമാണ് വിനായക ചാവതി എന്ന പേരിൽ ആഘോഷിക്കുന്നത്. മറ്റ് രണ്ട് കുട്ടികൾ അവനെ തോളത്തേറ്റി ചുറ്റിനടന്ന് ഒടുവിൽ നിലത്തിറക്കി. ഗണേശവിഗ്രഹം പുഴയിൽ നിമജ്ജനം ചെയ്യുന്നത് അഭിനയിക്കുകയായിരുന്നു അവർ.
ആ കുഞ്ഞുഗണേശൻ അമൻ മൊഹമ്മദായിരുന്നു. മുകളിലുള്ള ആ കവർച്ചിത്രത്തിലെ 11 കുട്ടികളിൽ മുമ്പിലുള്ള വരിയിൽ (ഇടത്തേയറ്റം) നിൽക്കുന്നത് അവനാണ്.
ഈ വർഷം ഓഗസ്റ്റിൽ നടന്ന വിനായക ചാവിതി ആഘോഷത്തിന് അമനും സുഹൃത്തുക്കളും ചേർന്ന് ഒരു പന്തലിൽ വിനായകന്റെ വിഗ്രഹം സ്ഥാപിച്ചു. 2x2 അടി വലിപ്പമുള്ള ഒരു പന്തലായിരുന്നു അത്. ഒരുപക്ഷേ അനന്തപുരിലെ ഏറ്റവും കുഞ്ഞു പന്തലായിരിക്കണം അത്. എനിക്ക് ഫോട്ടോ എടുക്കാൻ സാധിക്കുന്നതിനുമുൻപ് അത് അഴിച്ചുമാറ്റിയിരുന്നു. വിഗ്രഹത്തിന് 1,000 രൂപയും, പന്തൽ കെട്ടാനും അലങ്കരിക്കാനും 2,000 രൂപയും ചിലവായെന്ന് കുട്ടികൾ എന്നോട് പറഞ്ഞു. സായ്നഗർ മൂന്നാമത്തെ ക്രോസ്സിനടുത്തുള്ള ദർഗ്ഗയോട് ചേർന്നായിരുന്നു പന്തൽ.
ഓർമ്മവെച്ചനാൾ മുതൽ തൊഴിലാളികൾ താമസിക്കുന്ന ഈ പ്രദേശത്തെ കുട്ടികൾ ഈ ഉത്സവം ആഘോഷിക്കുന്നുണ്ട്. അവരുടെ രക്ഷിതാക്കൾ - അവരിൽ ഭൂരിഭാഗവും ദിവസക്കൂലിക്കാരോ, വീട്ടുപണിക്കാരോ, പട്ടണത്തിൽ കൂലിപ്പണിക്ക് പോവുന്നവരോ ആണ് – കുട്ടികളുടെ വിനായക ചാവിതി ആഘോഷത്തിൽ സംഭാവന ചെയ്യുന്നു. പന്തൽ സംഘാടകരിൽ ഏറ്റവും പ്രായം ചെന്നയാളുടെ വയസ്സ് 14. ഏറ്റവും ഇളയ ആളുടേത് 5 വയസ്സും.
“ഞങ്ങൾ വിനായക ചാവിതിയും പീർള പാണ്ടഗയും (റായലസീമ പ്രദേശത്ത് മുഹറത്തിന് പറയുന്ന പേര്) രണ്ടും ആഘോഷിക്കാറുണ്ട്”, 14 വയസ്സുള്ള രാഗിണി പറയുന്നു. കുട്ടികളുടെ കണ്ണിൽ മുഹറവും വിനായക ചാവിതിയും സമാനമാണ്. രണ്ട് ആഘോഷങ്ങളുടേയും മുഖ്യകേന്ദ്രം പന്തലാണ്. രണ്ടിനുംവേണ്ടി പൈസ പിരിക്കാൻ കുട്ടികളെ അനുവദിക്കുകയും ചെയ്യുന്നു. കിട്ടിയ പണമുപയോഗിച്ച് അവർ ആദ്യവസാന പണികൾ നടത്തുന്നു. “എങ്ങിനെയാണ് വീടുകളുണ്ടാക്കുന്നതെന്ന് ഞങ്ങൾ യൂട്യൂബിൽ നോക്കി”, 11 വയസ്സുള്ള എസ്. സന പറഞ്ഞു. “ഞാൻ കളിമണ്ണ് കൊണ്ടുവരാൻ സഹായിച്ചു. കമ്പുകളും ചണക്കയറുകളും ഉപയോഗിച്ച് പന്തലുണ്ടാക്കി. അതിന്റെ മുകളിൽ ഒരു ഷീറ്റിട്ടു. അതിന്റെയകത്ത്, ഞങ്ങളുടെ വിനായകുഡുവിനെ (വിഗ്രഹം) പ്രതിഷ്ഠിച്ചു”
പന്തൽ സംരക്ഷിക്കാൻ മുതിർന്ന കുട്ടികളായ രാഗിണിയും ഇമ്രാനും (അവനും 14 വയസ്സാണ്) ഊഴമിട്ട് നിന്നു. “ഞാനും ഉണ്ടായിരുന്നു”, ഏഴുവയസ്സുള്ള എസ്. ചന്ദ് ബാഷ പറഞ്ഞു. “ഞാൻ സ്ഥിരമായി സ്കൂളിൽ പോകുന്നില്ല. ചില ദിവസങ്ങളിൽ പോവും. ചിലപ്പോൾ പോവില്ല. അതുകൊണ്ട് ഞാനും വിനായക വിഗ്രഹത്തിന് കാവലിരുന്നു”, കുട്ടികൾ പൂജ നടത്തുകയും പന്തലിൽ വരുന്ന സന്ദർശകർക്ക് പ്രസാദം കൊടുക്കുകയുമൊക്കെ ചെയ്യാറുണ്ട്. കുട്ടികളിലൊരാളുടെ അമ്മയാണ് സാധാരണയായി പ്രസാദം (പുളിയോദകം എന്ന് പേരുള്ള ഒരുതരം ചോറ്) തയ്യാറാക്കുന്നത്.
തൊഴിലാളികൾ താമസിക്കുന്ന അനന്തപുരിലെയും സമീപപ്രദേശങ്ങളിലെയും പ്രിയപ്പെട്ട ആഘോഷമാണ് വിനായക ചാവിതി. അതിനാൽ, ഉത്സവം കഴിഞ്ഞും ഏതാനും ആഴ്ചകൾ ആഘോഷം നീണ്ടുനിൽക്കും. കുട്ടികൾ കളിമണ്ണുകൊണ്ട് വിഗ്രഹങ്ങളും, മരക്കഷണങ്ങളും മുളകളും വീട്ടിൽനിന്ന് കൊണ്ടുവരുന്ന കിടക്കവിരികളും മറ്റ് പാഴ്വസ്തുക്കളും ഉപയോഗിച്ച് ചെറിയ പന്തലുകളും നിർമ്മിക്കും. ഉത്സവച്ചടങ്ങുകൾ അവർ അഭിനയിച്ച് കളിക്കും. പ്രത്യേകിച്ചും ചാവിതിക്കുശേഷം വരുന്ന സ്കൂളവധിദിവസങ്ങളിൽ
അഭിനയിച്ച് കളിക്കുന്നത്, ഈ പട്ടണത്തിലെ ദരിദ്രപ്രദേശങ്ങളിലെ കുട്ടികളുടെ ഒരു പ്രധാനവിനോദമാണ്. വിഭവങ്ങളുടെ അഭാവത്തെ കുട്ടികൾ ഭാവനകൊണ്ട് മറികടക്കുന്നു. ഒരിക്കൽ ഒരു കുട്ടി ‘റെയിൽ ഗേറ്റ്’ (ലെവൽ ക്രോസ്സ്) കളിക്കുന്നത് ഞാൻ കണ്ടു. ഒരോ തവണയും റോഡിലൂടെ വാഹനങ്ങൾ പോവുമ്പോൾ അവൻ ലെവൽ ക്രോസ്സുപോലെ ഒരു വടി ഉയർത്തുകയും താഴ്ത്തുകയും ചെയ്യുന്നുണ്ടായിരുന്നു. വിനായക ചാവിതിക്കുശേഷം, ഗണേശൻ എന്ന ഗജാനനദൈവം ഈ കളികളിൽ പ്രത്യക്ഷപ്പെടുകയും ചെയ്യുന്നു.
പരിഭാഷ: രാജീവ് ചേലനാട്ട്