തനിക്ക് പനിയുണ്ടെന്ന് മെയ് ആദ്യം അജയ് കുമാര്‍ സൗവിന് മനസ്സിലായി. തുടര്‍ന്ന് ഝാര്‍ഖണ്ഡിലെ ചത്രാ ജില്ലയിലെ തന്‍റെ ഗ്രാമമായ അസര്‍ഹിയയില്‍ നിന്നും ഏകദേശം 8 കിലോമീറ്റര്‍ മാറി ഇട്ഖോരി പട്ടണത്തില്‍ സ്ഥിതിചെയ്യുന്ന ഒരു സ്വകാര്യ ക്ലിനിക്കിലെ ഡോക്ടറെ അദ്ദേഹം സന്ദര്‍ശിച്ചു.
ഇരുപത്തഞ്ച് വയസ്സുള്ള ആ തുണിക്കച്ചവടക്കാരനില്‍ (മുകളിലെ കവര്‍ചിത്രത്തില്‍ മകനോടൊപ്പം കാണുന്നത്) ഡോക്ടര്‍ കോവിഡ് പരിശോധന നടത്തിയില്ല. പകരം ടൈഫോയ്ഡിന്‍റെയും മലേറിയയുടെയും രോഗലക്ഷണങ്ങള്‍ കണ്ടെത്തി. എന്നിരിക്കിലും അജയിയുടെ ഓക്സിജന്‍ സന്തുലിത നില (oxygen saturation level) ഡോക്ടര്‍ നോക്കിയിരുന്നു – ഇത് 75-80 ശതമാനത്തിനിടയിലായിരുന്നു (സാധാരണ വേണ്ടത് 95 മുതല്‍ 100 വരെയാണ്). പിന്നീട് അജയിയെ വീട്ടിലേക്കയച്ചു.
രണ്ട്-മൂന്ന് മണിക്കൂറുകള്‍ക്കു ശേഷം ശ്വസിക്കാന്‍ വളരെ ബുദ്ധിമുട്ട് നേരിട്ടതിനെത്തുടര്‍ന്ന് അദ്ദേഹം ആശങ്കാകുലനായി. അന്നുതന്നെ അദ്ദേഹം മറ്റൊരു ഡോക്ടറെ കാണാന്‍ പോവുകയും ചെയ്തു. ഇത്തവണ ഹസാരിബാഗിലുള്ള (അസര്‍ഹിയയില്‍ നിന്നും ഏകദേശം 45 കിലോമീറ്റര്‍ മാറി) മറ്റൊരു സ്വകാര്യ ക്ലിനിക്കിലാണ് അദ്ദേഹം പോയത്. ഇവിടെയും ടൈഫോയ്ഡും മലേറിയയുമാണ് അദ്ദേഹത്തില്‍ പരിശോധിച്ചത്. കോവിഡ്-19 പരിശോധന നടത്തിയുമില്ല.
കോവിഡ് പരിശോധനയ്ക്ക് വിധേയനായില്ലെങ്കില്‍ പോലും ഗ്രാമത്തില്‍ തന്നെയുള്ള വീഡിയോ എഡിറ്ററായ ഹൈയുള്‍ റഹ്മാന്‍ അന്‍സാരിയോടു അജയ് പറഞ്ഞതിങ്ങനെയാണ്. “ഡോക്ടര്‍ എന്നെ കണ്ടിട്ട് പറഞ്ഞത് എനിക്കു കൊറോണ ഉണ്ടെന്നാണ്. അദ്ദേഹം എന്നോട് സദര്‍ ആശുപത്രിയില്‍ [ഹസാരിബാഗിലുള്ള സര്‍ക്കാര്‍ ആശുപത്രി] പോകാന്‍ പറഞ്ഞു. കാരണം അദ്ദേഹം എന്നെ ചികിത്സിച്ചാല്‍ അത് ഞങ്ങള്‍ക്ക്കൂടുതല്‍ ചിലവുണ്ടാക്കുമായിരുന്നു. ഭയം കാരണം ഞങ്ങള്‍ പറഞ്ഞു എത്ര ചിലവായാലും തരാമെന്ന്. സര്‍ക്കാര്‍ ആശുപത്രിയില്‍ ഞങ്ങള്‍ക്ക് വിശ്വാസമില്ല. അവിടെ [കോവിഡ്] ചികിത്സയ്ക്ക് പോയ ആരും രക്ഷപെട്ടിട്ടില്ല.


