തമിഴ്‌നാട്ടിലെ പല ഭാഗത്തുമെന്നതുപോലെ തൂത്തുക്കുടി പട്ടണത്തിലെ തെരുവുകളിലേക്കു ജനക്കൂട്ടം തിരക്കുകൂട്ടി ഇറങ്ങിയപ്പോൾ വളരെ ചെറുപ്പമായ ഒരു ബാലനും ഓടിയെത്തി അവരോടൊപ്പം കൂടി. നിമിഷങ്ങൾക്കകം അവൻ ആ പ്രതിഷേധത്തിന്റെ ഭാഗമായി; തീവ്രമായ മുദ്രാവാക്യങ്ങൾ വിളിച്ചു. "നിങ്ങൾക്ക് ഇന്ന് അതറിയാനോ മനസ്സിലാക്കാനോ കഴിയില്ല," അദ്ദേഹം ഞങ്ങളോട് പറഞ്ഞു. "ഭഗത് സിങിന്റെ വധശിക്ഷ നടപ്പാക്കൽ എന്ന സംഭവം തമിഴ്‌നാട്ടിലെ സ്വാതന്ത്ര്യ സമരത്തിൽ ഒരു വൈകാരിക വഴിത്തിരിവായിരുന്നു. ജനം ഞെട്ടിപ്പോയി, ധാരാളം ആൾക്കാർ കരഞ്ഞു.
"എനിക്ക് വെറും ഒൻപതു വയസ്സായിരുന്നു അന്ന്," അദ്ദേഹം അടക്കിപ്പിടിച്ചു ചിരിച്ചു.
ഇന്ന് അദ്ദേഹത്തിന് 99 വയസ്സായി (ജൂലൈ 15, 2020). തന്നെ ഒരു സ്വാതന്ത്ര്യസമര സേനാനിയും, ഒളിവുജീവിതം നയിച്ച വിപ്ലവകാരിയും, എഴുത്തുകാരനും, പ്രസംഗകനും ഒരു സമൂലപരിഷ്കരണവാദിയായ ബുദ്ധിജീവിയുമാക്കിയ ഉത്സാഹവും പ്രസരിപ്പും ഇന്നും അദ്ദേഹത്തിനുണ്ട്. ബ്രിട്ടീഷ് തടവറയിൽ നിന്നും ആഗസ്റ്റ് 14, 1947-ന് അദ്ദേഹം മോചിതനായി. "ആ ദിവസം, ഒരു ജഡ്‌ജി സെൻട്രൽ ജയിലിലേയ്ക്ക് വന്ന് ഞങ്ങളെ മോചിപ്പിച്ചു. ഞങ്ങളെ മധുര ഗൂഢാലോചനക്കേസിൽ കുറ്റവിമുക്തരാക്കിയിരുന്നു. ഞാൻ മധുര സെൻട്രൽ ജയിലില്‍ നിന്നിറങ്ങി നേരെ സ്വാതന്ത്ര്യ ഘോഷയാത്രയിൽ ചേർന്നു."
നൂറു വയസ്സിലേക്കുള്ള പ്രയാണത്തിലും, എൻ. ശങ്കരയ്യ ഇപ്പോഴും ബൗദ്ധികതലത്തിൽ സജീവമാണ്. ഇപ്പോഴും അദ്ദേഹം പ്രഭാഷണങ്ങൾ നടത്തുന്നു, പ്രസംഗിക്കുന്നു. ഞങ്ങൾ അദ്ദേഹവുമായി അഭിമുഖം നടത്തിയത് ചെന്നൈ പട്ടണപ്രാന്തമായ ക്രോംപ്പേട്ടിലെ അദ്ദേഹത്തിന്റെ വസതിയിലാണ്. 2018 അവസാനം അദ്ദേഹം തന്റെ വസതിയിൽ നിന്നും മധുരയിൽ നടന്ന തമിഴ്നാട് പുരോഗമന എഴുത്തുകാരുടെയും കലാകാരന്മാരുടെയും സമ്മേളനത്തിൽ പങ്കെടുക്കാൻ പോയി. ഇന്ത്യയുടെ സ്വാതന്ത്ര്യ സമരത്തിൽ പങ്കെടുത്തതുകാരണം ബിരുദപഠനം പൂർത്തിയാക്കാൻ കഴിയാതിരുന്ന അദ്ദേഹം പിൽക്കാലത്തു ധാരാളം രാഷ്ട്രീയ പ്രബന്ധങ്ങൾ, ലഖുലേഖകൾ, ചെറുപുസ്‌തകങ്ങൾ, പത്രപ്രവർത്തന സംബന്ധമായ ലേഖനങ്ങൾ എന്നിവയെഴുതി.
നരസിംഹലു ശങ്കരയ്യ മധുരയിലെ അമേരിക്കൻ കോളജില്‍ നിന്ന് ചരിത്രത്തിൽ ബിരുദപഠനം പൂർത്തിയാക്കേണ്ടതായിരുന്നു. 1941-ൽ അവസാനവർഷ പരീക്ഷക്ക് രണ്ടാഴ്ച മാത്രമുള്ളപ്പോൾ ആണ് അത് മുടങ്ങിയത്. "ഞാൻ അന്ന് കോളജ് വിദ്യാർത്ഥി യൂണിയന്റെ ജോയിന്റ് സെക്രട്ടറിയായിരുന്നു." ഒരു മികച്ച വിദ്യാർത്ഥിയായ അദ്ദേഹം തന്റെ കോളജിനെ ഫുട്ബോളിൽ പ്രതിനിധീകരിക്കുകയും ക്യാമ്പസ്സിൽ ഒരു കാവ്യ സദസ്സ് സ്ഥാപിക്കുകയും ചെയ്തു. ബ്രിട്ടീഷ് ഭരണത്തിനെതിരായി അക്കാലത്തുണ്ടായിരുന്ന പ്രസ്ഥാനങ്ങളിൽ അദ്ദേഹം വളരെ സജീവമായിരുന്നു. "ഇടതുപക്ഷ ആശയങ്ങളോട് ആഭിമുഖ്യമുള്ള ധാരാളം ആൾക്കാരോട് കോളജ് ദിനങ്ങളിൽ ഞാൻ സൗഹൃദത്തിലായി. ഇന്ത്യക്കു സ്വാതന്ത്ര്യം ലഭിക്കാതെ സാമൂഹ്യപരിവർത്തനം പൂർത്തിയാകില്ല എന്ന് എനിക്ക് മനസ്സിലായി." പതിനേഴ് വയസ്സിൽ ഞാൻ (അക്കാലത്തു നിരോധിക്കപ്പെട്ടതും രഹസ്യമായി പ്രവർത്തിച്ചിരുന്നതുമായ) കമ്മ്യൂണിസ്റ്റ് പാർട്ടി ഓഫ് ഇന്ത്യയുടെ അംഗമായി.
അമേരിക്കൻ കോളജിലെ അന്തരീക്ഷം അനുകൂലമായിരുന്നു എന്ന് അദ്ദേഹം ഓർക്കുന്നു. "ഡയറക്ടറും കുറച്ച് അധ്യാപകരും അമേരിക്കക്കാരായിരുന്നു. ബാക്കിയെല്ലാവരും തമിഴരായിരുന്നു. അവരെ നിഷ്പക്ഷരായാണ് കണ്ടിരുന്നത്. അവർ ബ്രിട്ടീഷ് അനുകൂലികളായിരുന്നില്ല. വിദ്യാർത്ഥി സംഘടനകളുടെ പ്രവർത്തനം അവിടെ അനുവദിച്ചിരുന്നു...." 1941-ൽ ബ്രിട്ടീഷ് വിരുദ്ധ പ്രതിഷേധത്തിൽ പങ്കെടുത്തതിന് അണ്ണാമലൈ സർവകലാശാലയിലെ വിദ്യാർത്ഥിനി മീനാക്ഷിയെ അറസ്റ്റ് ചെയ്തതിൽ പ്രതിഷേധിക്കാൻ മധുരയിൽ ഒരു സമ്മേളനം നടന്നു. "ഞങ്ങൾ ഒരു ലഘുലേഖയിറക്കി. ഞങ്ങളുടെ ഹോസ്റ്റൽ മുറികളിൽ തിരച്ചിൽ നടത്തി. ലഘുലേഖ കൈവശം വച്ചതിനു എന്റെ സുഹൃത്തു നാരായണസ്വാമി അറസ്റ്റ് ചെയ്യപ്പെട്ടു. പിന്നീട് അയാളുടെ അറസ്റ്റിൽ പ്രതിഷേധിക്കാൻ ഞങ്ങൾ ഒരു സമ്മേളനം നടത്തി...








