നാഗ്പുർ റൂറൽ (മഹാരാഷ്ട്ര): പ്രദേശത്തിന്റെ ബാക്കിയുള്ള ഭാഗങ്ങളിൽ 47 ഡിഗ്രി തുടരുമ്പോഴും ഇവിടെ തണുപ്പാണ്. അല്പം അകലെയായി 13 ഡിഗ്രി തണുപ്പിൽ നിലനിർത്തിയിരിക്കുന്ന ഒരു ചെറിയ സ്ഥലമുണ്ട്. ഇന്ത്യയിലെ ആദ്യത്തെ ‘സ്നോഡോം’. അതും ചുട്ടുപൊള്ളുന്ന വിദർഭയിൽ! അതിലെ ഐസ് റിങ്ക് നിലനിർത്താൻതന്നെ ദിവസവും 4,000 രൂപയുടെ വൈദ്യുതി വേണം.
നാഗ്പുർ-റൂറൽ ജില്ലയിലെ ബാസാർഗാംവ് ഗ്രാമപഞ്ചായത്തിലെ ഫൺ & ഫൂഡ് വില്ലേജ് വാട്ടർ & അമ്യൂസ്മെന്റ് പാർക്കിലേക്ക് സ്വാഗതം. വൻസമുച്ചയത്തിന്റെ ഓഫീസിൽ സന്ദർശകരെ സ്വാഗതം ചെയ്തുകൊണ്ട് മഹാത്മാ ഗാന്ധിയുടെ ഒരു ച്ഛായാചിത്രം തൂക്കിയിരിക്കുന്നു. എല്ലാ ദിവസവും ഡിസ്കോയും ഐസ് സ്കേറ്റിംഗും ഐസ് സ്ലൈഡിംഗും ‘കോക്ക്ടെയിലോടുകൂടിയ നിറച്ചുവെച്ച ബാറും‘ നിങ്ങൾക്ക് ഉറപ്പ് തരുന്നു ഈ പാർക്ക്. 40 ഏക്കർ പാർക്കിൽ 18 തരം വാട്ടൽ സ്ലൈഡുകളും കളികളുമുണ്ട്. സമ്മേളനങ്ങൾ മുതൽ ചെറിയ ഒത്തുകൂടലുകൾക്കുവരെ അവിടെ നിങ്ങൾക്ക് വിവിധ സേവനങ്ങൾ ലഭിക്കുന്നു.
ബാസാർഗാംവ് ഗ്രാമം (ജനസംഖ്യ 3,000) ഭീമമായ ജലദൌർല്ലഭ്യം അനുഭവിക്കുന്ന ഒരു ഗ്രാമമാണ്. “വീട്ടിലേക്കാവശ്യമുള്ള വെള്ളം കൊണ്ടുവരുന്നതിന് മാത്രം സ്ത്രീകൾക്ക്, നിത്യവും, പല തവണയായി 15 കിലോമീറ്ററുകൾ നടക്കേണ്ടിവരുന്നു” എന്ന് യമുനാബായി ഉയികെ എന്ന സർപാഞ്ച് (ഗ്രാമമുഖ്യ) പറയുന്നു. “ഗ്രാമത്തിൽ ആകെയുള്ളത് ഒരു പൊതുകിണർ മാത്രമാണ്. ചിലപ്പോൾ നാലഞ്ച് ദിവസത്തിലൊരിക്കലോ, പത്തുദിവസത്തിലൊരിക്കലോ ഒക്കെയാണ് ഞങ്ങൾക്ക് വെള്ളം കിട്ടുക”.
ജലദൌർല്ലഭ്യം നേരിടുന്ന പ്രദേശമായി 2004-ൽ പ്രഖ്യാപിക്കപ്പെട്ട പ്രദേശത്താണ് ബാസാർഗാംവ് സ്ഥിതി ചെയ്യുന്നത്. മേയ് മാസം വരെ, ദിവസവും ആറുമണിക്കൂറും അതിലപ്പുറവും നീളുന്ന വൈദ്യുതതടസ്സവും ഈ ഗ്രാമം അനുഭവിക്കുന്നു. ഇത്, ആരോഗ്യത്തെയും പരീക്ഷയ്ക്ക് തയ്യാറാവുന്ന കുട്ടികളുടെ ജീവിതത്തെയുമടക്കം ജീവിതത്തിന്റെ സമസ്ത മേഖലയേയും ഒരുപോലെ ബാധിക്കുന്നുണ്ട്. വേനൽക്കാലത്ത് 47 ഡിഗ്രിവരെയെത്തുന്ന ചൂട് കൂടുതൽ ദുരിതങ്ങളുണ്ടാക്കുന്നു.
ഗ്രാമീണമേഖലയിലെ ഈ ഉരുക്കുനിയമങ്ങളൊന്നും ഫൺ & ഫൂഡ് വില്ലേജിന് ബാധകമല്ല. ബാസാർഗാംവിന് സ്വപ്നം കാണാൻ കഴിയുന്നതിലധികം ജലം ഈ സ്വകാര്യ മരുപ്പച്ചയിലുണ്ട്. ഒരു മിനിറ്റ് പോലും വൈദ്യുതി നിലയ്ക്കുകയുമില്ല. “വൈദ്യുത ബില്ലിനത്തിൽ, ഞങ്ങൾ ശരാശരി 4 ലക്ഷം രൂപ പ്രതിമാസം കൊടുക്കുന്നുണ്ട്”, പാർക്കിന്റെ ജനറൽ മാനേജർ ജസ്ജീത് സിംഗ് പറയുന്നു.
പാർക്കിന്റെ പ്രതിമാസ വൈദ്യുതബിൽ യമുനാബായിയുടെ ഗ്രാമപഞ്ചായത്തിന്റെ വാർഷിക റവന്യൂവിന്റെ ഏകദേശം തുല്യമാണ്. വിരോധാഭാസമെന്ന് പറയട്ടെ, പാർക്ക് കാരണം, ഗ്രാമത്തിന്റെ വൈദ്യുതപ്രതിസന്ധി അല്പം മെച്ചപ്പെട്ടിട്ടുണ്ട്. ഇരുവരും പങ്കിടുന്നത് ഒരേ സബ് സ്റ്റേഷനാണ്. പാർക്കിലെ ഏറ്റവും മൂർദ്ധന്യ കാലം മേയ് മാസത്തോടെ ആരംഭിക്കും. അതിനാൽ ഈയിടെയായി കാര്യങ്ങൾ അല്പം ഭേദമാണ്. ഗ്രാമപഞ്ചായത്തിന്റെ റവന്യൂവിലേക്കുള്ള പാർക്കിന്റെ സംഭാവന വർഷത്തിൽ 50,000 രൂപയാണ്. 700 പേർ ദിവസവും സന്ദർശിക്കുന്ന ഫൺ & ഫൂഡ് വില്ലേജ് പാർക്കിലെ ദിവസവരുമാനത്തിന്റെ ഏകദേശം പകുതിയാണ് ഈ സംഖ്യ. പാർക്കിലെ 110 തൊഴിലാളികളിൽ ഏകദേശം പന്ത്രണ്ടുപേർ മാത്രമാണ് ബാസാർഗാംവിൽനിന്നുള്ളവർ.
ജലക്ഷാമം നേരിടുന്ന വിദർഭയിൽ വാട്ടർ പാർക്കുകളും അമ്യൂസ്മെന്റ് സെന്ററുകളും വർദ്ധിച്ചുവരികയാണ്. ബുൽധാനയിലെ ഷെഗാംവിൽ, മതാടിസ്ഥാനത്തിലുള്ള ഒരു ട്രസ്റ്റ് ഒരു ‘മെഡിറ്റേഷൻ സെന്റർ ആൻഡ് എന്റർടെയിന്മെന്റ് പാർക്ക്’ നടത്തുന്നുണ്ട്. അതിന്റെയകത്ത് 30 ഏക്കറിൽ നിലനിർത്താൻ ശ്രമിച്ച ഒരു ‘കൃത്രിമ തടാകം’ ഈ വേനൽക്കാലത്ത് വറ്റിവരണ്ടുപോയി. പക്ഷേ ധാരാളം ജലം പാഴായതിനുശേഷമാണെന്ന് മാത്രം. ‘സംഭാവന’ എന്ന പേരിലാണ് ഇവിടെ പ്രവേശനഫീസ് പിരിക്കുന്നത്. യവത്‌മാളിൽ, ഒരു സ്വകാര്യ കമ്പനി പൊതു ഉടമസ്ഥതയിലുള്ള ഒരു തടാകത്തെ വിനോദസഞ്ചാരകേന്ദ്രമായി ഉപയോഗിച്ചുവരുന്നു. അത്തരം രണ്ട് കേന്ദ്രങ്ങൾ അമരാവതിയിലുണ്ട് (ഇപ്പോൾ വരണ്ടുപോയിരിക്കുന്നു). നാഗ്പുരും ചുറ്റുവട്ടത്തുമായി മറ്റ് ചിലതുമുണ്ട്.
ചിലപ്പോൾ 15 ദിവസത്തിലൊരിക്കൽ മാത്രം വെള്ളം കിട്ടുന്ന ഗ്രാമങ്ങളുള്ള പ്രദേശത്താണ് ഇതൊക്കെയുള്ളത് എന്നോർക്കുക. മാത്രമല്ല, ഇന്നും കാർഷികപ്രതിസന്ധി അവിരാമം തുടരുന്ന ഒരു മേഖലകൂടിയാണ് ഇത്. മഹാരാഷ്ട്ര സംസ്ഥാനത്ത്, ഏറ്റവുമധികം കർഷക ആത്മഹത്യകൾ നടന്ന ഒരു മേഖല. “പതിറ്റാണ്ടുകളായി, കുടിവെള്ളത്തിനോ, ജലസേചനത്തിനോ വേണ്ടിയുള്ള ഒരു പ്രധാന പദ്ധതികളും വിദർഭയിൽ പൂർത്തിയായിട്ടില്ല” എന്ന് നാഗ്പുർ ആസ്ഥാനമായ പത്രപ്രവർത്തകൻ ജയ്ദീപ് ഹാർദികർ പറയുന്നു. വർഷങ്ങളോളം ആ പ്രദേശത്തെക്കുറിച്ച് എഴുതുന്ന ആളാണ് ജയ്ദീപ്.
ഫൺ & ഫൂഡ് വില്ലേജ് വെള്ളം സംരക്ഷിക്കുകയാണ് ചെയ്യുന്നതെന്ന് ജസ്ജീത് സിംഗ് ആവർത്തിക്കുന്നു. “ഇതേ വെള്ളം പുനരുപയോഗിക്കാനായി ഞങ്ങൾ അത്യന്താധുനിക ഫിൽറ്റർ പ്ലാന്റുകൾ ഉപയോഗിക്കുന്നു”. എന്നാൽ ചൂടിൽ, നിരാവിയാവുന്നതിന്റെ അളവ് കൂടുതലാണ്. സ്പോർട്ടിസിനുവേണ്ടിമാത്രമല്ല വെള്ളം ഉപയോഗിക്കുന്നത്. ഉദ്യാനങ്ങൾ നിലനിർത്താനും, ശൌചാലയങ്ങൾക്കും, സന്ദർശകർക്കുംവേണ്ടി, വലിയ അളവിലുള്ള ജലമാണ് എല്ലാ പാർക്കുകളും ചിലവഴിക്കുന്നത്.
“വെള്ളവും സമ്പത്തും വലിയ രീതിയിൽ ദുർവ്യയം ചെയ്യപ്പെടുകയാണ്”, ബുൽധാനയിലെ വിനായക് ഗെയ്കവാഡ് പറയുന്നു. ജില്ലയിലെ കർഷകനും കിസാൻ സഭാ നേതാവുമാണ് അദ്ദേഹം. സ്വകാര്യ ലാഭം ഇരട്ടിപ്പിക്കാനായി പൊതുമുതൽ നിർല്ലോഭം ഉപയോഗിക്കപ്പെടുന്നത് അദ്ദേഹത്തെ വല്ലാതെ ദേഷ്യം പിടിപ്പിക്കുന്നു. “പകരം അവർ ചെയ്യേണ്ടത്, ജനങ്ങളുടെ അടിസ്ഥാന ആവശ്യങ്ങൾ നടത്തിക്കൊടുക്കുകയാണ്”.
ബാസാർഗാംവിലാകട്ടെ, സർപാഞ്ച് യമുനാബായി ഉയിക്കിയും അസംതൃപ്തയാണ്. ഫൺ & ഫൂഡ് വില്ലേജിന്റെ കാര്യത്തിലായാലും, ഗ്രാമത്തിൽനിന്ന് ഗുണങ്ങൾ ധാരാളം കൈപ്പറ്റുകയും ഒന്നും തിരിച്ചുനൽകാതിരിക്കുകയും ചെയ്യുന്ന വ്യവസായങ്ങളുടെ കാര്യത്തിലായാലും. “ഇതിലൊക്കെ ഞങ്ങൾക്ക് ഗുണമുള്ള എന്താണുള്ളത്?” അവർക്കറിയാൻ താത്പര്യമുണ്ട്. ഗ്രാമത്തിനാവശ്യമായ ഒരു സാധാരണ സർക്കാർ ജലപദ്ധതി കിട്ടാൻപോലും ചിലവിന്റെ പകുതി പഞ്ചായത്ത് വഹിക്കണം. അതായത് ഏകദേശം 4.5 ലക്ഷം രൂപ. അപ്പോൾ എങ്ങിനെയാണ് ഞങ്ങൾക്ക് 45,000 രൂപ താങ്ങാൻ കഴിയുക? ഞങ്ങളുടെ സ്ഥിതി എന്താണ്?” അതുകൊണ്ട്, ഒരു പദ്ധതി വന്നാൽ അതിനെ കോൺട്രാക്ടർമാരുടെ കൈയ്യിലേക്ക് ഏൽപ്പിക്കും. അതോടെ പദ്ധതി ഉയരും. എന്നാൽ, ദീർഘകാലാടിസ്ഥാനത്തിൽ, ചിലവുകൾ ഏറുകയാവും അതിന്റെ അനന്തരഫലം. ദരിദ്രരും ഭൂരഹിതരുമായ ആളുകൾ ധാരാളമുള്ള ഗ്രാമത്തിനാകട്ടെ, ആ പദ്ധതികളിൽ ഒരു നിയന്ത്രണവുമുണ്ടാവുകയുമില്ല.
ഞങ്ങൾ പോരുമ്പോൾ ഗാന്ധിയുടെ ച്ഛായാചിത്രം ഓഫീസിലിരുന്ന് പുഞ്ചിരിക്കുന്നുണ്ടായിരുന്നു. പാർക്കിംഗ് സ്ഥലത്തിനപ്പുറത്തുള്ള സ്നോഡോം നോക്കിയായിരിക്കും ഗാന്ധിജി ചിരിക്കുന്നത്. “മറ്റുള്ളവരെ ജീവിക്കാൻ അനുവദിക്കുന്നവിധത്തിൽ ലളിതമായി ജീവിക്കൂ” എന്ന് പറഞ്ഞ മനുഷ്യന്റെ വിധി!
ഈ ലേഖനം ആദ്യം പ്രസിദ്ധീകരിച്ചത് 2005 ജൂൺ 22-ന് ‘ദ് ഹിന്ദു’വിലായിരുന്നു. അക്കാലത്ത് ആ പത്രത്തിന്റെ റൂറൽ അഫയേഴ്സ് എഡിറ്ററായിരുന്നു പി. സായ്നാഥ്.
പരിഭാഷ: രാജീവ് ചേലനാട്ട്