അന്ന് വൈകുന്നേരം എന്റെ ഗർഭസ്ഥരം പൊട്ടിയതോടെ, ഞാൻ വേദനകൊണ്ട് പുളയുകയായിരുന്നു. അതിന് മുൻപുള്ള രണ്ട്, മൂന്നുദിവസം തുടർച്ചയായി മഞ്ഞ് പെയ്തിരുന്നു. അത്തരത്തിൽ മഞ്ഞ് പെയ്യുകയും ദിവസങ്ങളോളം വെയിൽ ലഭിക്കാതിരിക്കുകയും ചെയ്യുമ്പോൾ, ഞങ്ങളുടെ സൗരോർജ്ജ പാനലുകൾ ചാർജ്ജ് ആകില്ല.",  22 വയസ്സുകാരിയായ ഷമീന ബീഗം തന്റെ രണ്ടാമത്തെ കുഞ്ഞിനെ പ്രസവിച്ച ദിവസത്തെക്കുറിച്ച് സംസാരിക്കുകയാണ്. ജമ്മു ആൻഡ് കശ്മീരിലെ ബന്ദിപോർ ജില്ലയിലുള്ള വസീരിതാൽ ഗ്രാമവാസിയാണ് ഷമീന. തുടർച്ചയായോ ആവശ്യമായ അളവിലോ സൂര്യപ്രകാശം ലഭ്യമല്ലാത്ത ഈ ഗ്രാമത്തിൽ, ആളുകൾക്ക് ആശ്രയിക്കാനുള്ളത് ഒരേയൊരു ഊർജസ്രോതസ്സാണ് - സൗരോർജ്ജം.

"ഒരു മണ്ണെണ്ണവിളക്കിന്റെ വെട്ടമൊഴിച്ച് ഞങ്ങളുടെ വീട് മുഴുവൻ ഇരുട്ടിലായിരുന്നു.", ഷമീന തുടർന്നു. "അതോടെ എന്റെ അയൽവീട്ടിലെ സ്ത്രീകൾ ഒരുമിച്ച് ചേർന്ന്, ഓരോ വിളക്കുമായി എന്റെ വീട്ടിലെത്തി. അഞ്ച് മണ്ണെണ്ണ വിളക്കുകളുടെ വെട്ടത്തിൽ, എന്റെ മാതാവിന്റെ സഹായത്താൽ ഒരു വിധത്തിലാണ് ഞാൻ റഷീദയെ പ്രസവിച്ചത്." 2022 ഏപ്രിലിലെ ഒരു രാത്രിയായിരുന്നു അത്.

ബദുഗാം ഗ്രാമപഞ്ചായത്തിലെ ഏറ്റവും നയനമനോഹരമായ ഗ്രാമങ്ങളിലൊന്നാണ് വസീരിതാൽ. ശ്രീനഗറിൽനിന്ന് പത്ത് മണിക്കൂറോളം വണ്ടിയോടിച്ചാലാണ് അവിടെയെത്താനാകുക. റാസ്‌ദാൻ ചുരത്തിൽനിന്ന് ഗുരേസ് താഴ്വരയിലൂടെ നാലര മണിക്കൂർ ഓഫ്-റോഡിലൂടെയുള്ള യാത്രയും അര ഡസനോളം ചെക്ക്‌പോസ്റ്റുകളിലെ പരിശോധനയും ഉൾപ്പെടുന്ന ഈ യാത്രയ്ക്കൊടുവിൽ വീണ്ടുമൊരു 10 മിനുട്ട് നടന്നിട്ട് വേണം ഷമീനയുടെ വീടെത്താൻ. ഇവിടേയ്ക്ക് വരാനുള്ള ഒരേയൊരു വഴി ഇതാണ്.

നിയന്ത്രണരേഖയിൽനിന്ന് ഏതാനും മൈലുകൾ മാത്രം അകലെ, ഗുരേസ് താഴ്വരയിലുള്ള ഈ ഗ്രാമത്തിൽ 24 കുടുംബങ്ങളാണ് താമസിക്കുന്നത്. അവരുടെ വീടുകൾ നിർമ്മിച്ചിരിക്കുന്നത് ദേവദാരുവിന്റെ തടി ഉപയോഗിച്ചാണ്; വീടിനകത്ത് ചൂട് നിലനിർത്താൻ അകം ചുവരുകളിൽ മണ്ണ് പൂശിയിട്ടുണ്ട്. ഈ പ്രദേശത്തെ വീടുകളുടെ മുൻവാതിലിന് മുകളിലായി ഒന്നുകിൽ യഥാർത്ഥ യാക്കുകളുടെ കൊമ്പുകളോ അല്ലെങ്കിൽ മരം കൊണ്ട് നിർമ്മിച്ച, പച്ച പെയിന്റ് അടിച്ച അവയുടെ മാതൃകകളോ തൂക്കിയതായി കാണാം. വീടുകളിലെ മിക്ക ജനലുകളും തുറക്കുന്നത് അതിർത്തിക്കപ്പുറത്തെ കാഴ്ചകളിലേക്കാണ്.

വീടിന് പുറത്ത് കൂട്ടിയിട്ട മരത്തടികളിലിരുന്ന് തന്റെ രണ്ട് കുഞ്ഞുങ്ങൾക്കുമൊപ്പം - രണ്ട് വയസ്സുകാരൻ ഫർഹാസും നാല് മാസം പ്രായമുള്ള റഷീദയും (പേരുകൾ മാറ്റിയിരിക്കുന്നു) -സായാഹ്‌ന സൂര്യന്റെ അവസാന രശ്മികൾ കൊള്ളുകയാണ് ഷമീന. "എന്നെപ്പോലെ, പ്രസവിച്ച് അധികമാകാത്ത അമ്മമാരോട് കുഞ്ഞുങ്ങൾക്കൊപ്പം രാവിലെയും വൈകീട്ടും സൂര്യപ്രകാശം കൊള്ളണമെന്ന് എന്റെ മാതാവ് പറയാറുണ്ട്.", അവർ പറയുന്നു. ഇതിപ്പോൾ ഓഗസ്റ്റ് മാസമാണ്. താഴ്വരയെ മഞ്ഞ് കീഴടക്കുന്ന സമയം ആകുന്നതേയുള്ളു. എന്നാലും ഇപ്പോൾത്തന്നെ മൂടിക്കെട്ടിയ ദിവസങ്ങളും ചാറ്റൽമഴയു ദിവസങ്ങളും വെയിലടിക്കാത്ത, വൈദ്യുതി ഇല്ലാത്ത ദിവസങ്ങളുമാണ് ഇവിടുത്തേത്.

Shameena with her two children outside her house. Every single day without sunlight is scary because that means a night without solar-run lights. And nights like that remind her of the one when her second baby was born, says Shameena
PHOTO • Jigyasa Mishra

ഷമീന രണ്ട് മക്കൾക്കുമൊപ്പം അവരുടെ വീടിന് പുറത്ത്. വെയിലടിക്കാത്ത ഓരോ പകലിനുമൊടുവിൽ സൗരോർജ്ജത്തിൽ പ്രവർത്തിക്കുന്ന വിളക്കുകൾ തെളിയാത്ത രാത്രികൾ ഉണ്ടാകുമെന്നതിനാൽ അത്തരം ദിനങ്ങൾ ഭയപ്പെടുത്തുന്നവയാണ്. ആ രാത്രികൾ, തന്നെ തന്റെ രണ്ടാമത്തെ കുഞ്ഞ് ജനിച്ച രാത്രിയെ ഓർമ്മിപ്പിക്കുമെന്ന് ഷമീന പറയുന്നു

"രണ്ട് വർഷത്തിനുമുൻപ്, 202- ലാണ് ബ്ലോക്ക് ഓഫീസ് മുഖേന ഞങ്ങൾക്ക് സൗരോർജ്ജ പാനലുകൾ ലഭിച്ചത്. അതുവരെ, ബാറ്ററിയിൽ പ്രവർത്തിക്കുന്ന ലൈറ്റുകളും മണ്ണെണ്ണ വിളക്കുകളും മാത്രമാണ് ഞങ്ങൾക്കുണ്ടായിരുന്നത്. എന്നാൽ ഇവയും (സൗരോർജ്ജ പാനലുകൾ) ഞങ്ങളുടെ പ്രശ്നത്തിന് വേണ്ട പരിഹാരമാകുന്നില്ല.", വസീരിതാൽ സ്വദേശിയായ, 29-കാരൻ മുഹമ്മദ് അമീൻ പറയുന്നു.

"ബദുഗാം ബ്ലോക്കിലെ മറ്റ് ഗ്രാമങ്ങളിൽ ജനറേറ്ററുകളുടെ സഹായത്താൽ ദിവസത്തിൽ ഏഴുമണിക്കൂർ വൈദ്യുതി ലഭ്യമാകുമ്പോൾ ഇവിടെ ഞങ്ങൾക്ക് ആകെയുള്ളത് സൗരോർജ്ജത്തിൽ പ്രവർത്തിക്കുന്ന, 12 വോൾട്ടിന്റെ ഒരു ബാറ്ററിയാണ്. ഏറിപ്പോയാൽ രണ്ട് ദിവസം ഓരോ വീട്ടിലും രണ്ടു ബൾബുകൾ തെളിയിക്കാനും ഒന്നോ രണ്ടോ ഫോണുകൾ ചാർജ്ജ് ചെയ്യാനും മാത്രമേ അത് മതിയാകുകയുള്ളൂ. അതായത്. രണ്ടു ദിവസത്തിലേറെ തുടർച്ചയായി മഴ പെയ്യുകയോ മഞ്ഞ് വീഴുകയോ ചെയ്താൽ, ആവശ്യത്തിന് സൂര്യപ്രകാശവും ഉണ്ടാകില്ല, ഞങ്ങൾക്ക് (വൈദ്യുതി) വെളിച്ചവും ഉണ്ടാകില്ല.", അമീൻ കൂട്ടിച്ചേർക്കുന്നു.

ആറു മാസം നീളുന്ന തണുപ്പുകാലത്ത് മഞ്ഞുവീഴ്ച ഏറെ രൂക്ഷമാകുമെന്നതിനാൽ, ഇവിടെയുള്ള കുടുംബങ്ങൾ ഒക്ടോബറിനും ഏപ്രിലിനും ഇടയിലുള്ള കാലം ഒന്നുകിൽ 123 കിലോമീറ്റർ അകലെയുള്ള ഗന്ധർബാൽ ജില്ലയിലേയ്ക്കോ അല്ലെങ്കിൽ 108 കിലോമീറ്റർ അകലെയുള്ള ശ്രീനഗർ ജില്ലയിലേയ്ക്കോ മാറിത്താമസിക്കാൻ നിർബന്ധിതരാകും. ഷമീനയുടെ അയൽക്കാരിയായ ആഫ്രീൻ ബീഗം എനിക്ക് മനസ്സിലാകാൻ തക്കവണ്ണം വ്യക്തമായി ഇങ്ങനെ വിവരിച്ചു: "ഒക്ടോബറിന്റെ പകുതിയോ അല്ലെങ്കിൽ അവസാനത്തോടെയോ ഞങ്ങൾ ഗ്രാമത്തിൽനിന്ന് പോയിത്തുടങ്ങും. നവംബർ മുതൽ ഇവിടെ താമസിക്കുക ദുഷ്കരമാണ്. നിങ്ങൾ നിൽക്കുന്ന സ്ഥലത്തെല്ലാം ഇത്രയും ഉയരത്തിൽ മഞ്ഞ് വന്നു മൂടും", എന്റെ തലയിലേക്ക് ചൂണ്ടിക്കൊണ്ട് അവർ പറയുന്നു.

ഇതിനർത്ഥം, ഓരോ ആറുമാസവും ഇവർ വീട്ടിൽനിന്ന് ദൂരെ മറ്റൊരിടത്തേക്ക് താമസം മാറുകയും തണുപ്പുകാലം കഴിയുമ്പോൾ വീടുകളിലേയ്ക്ക് മടങ്ങുകയും ചെയ്യുന്നുവെന്നാണ്. ചിലർ അവിടെ (ഗന്ദർബാലിലോ ശ്രീനഗറിലോ) ഉള്ള ബന്ധുക്കളുടെ വീടുകളിൽ താമസിക്കുമ്പോൾ ചിലർ ആറുമാസത്തേയ്ക്ക് വീട് വാടകയ്‌ക്കെടുക്കും.",  മറൂൺ നിറത്തിലുള്ള ഫെറാൻ ധരിച്ചിരിക്കുന്ന ഷമീന പറയുന്നു. കാശ്മീരികൾ ചൂട് ലഭിക്കാനായി ധരിക്കുന്ന, നീളത്തിലുള്ള കമ്പിളി വസ്ത്രമാണ് ഫെറാൻ. "പത്തടി ഉയരത്തിൽ വീണുകിടക്കുന്ന മഞ്ഞല്ലാതെ വേറെ ഒന്നും കാണാനാകില്ല. തണുപ്പുകാലത്തല്ലാതെ വളരെ അപൂർവമായേ ഞങ്ങൾ ഗ്രാമത്തിന് പുറത്തേയ്ക്ക് പോകാറുള്ളൂ.".

ഷമീനയുടെ ഭർത്താവ്, 25 വയസ്സുകാരനായ ഗുലാം മൂസാ ഖാൻ ദിവസവേതന തൊഴിലാളിയാണ്. തണുപ്പുകാലത്ത് മിക്കപ്പോഴും അദ്ദേഹത്തിന് ജോലി ഉണ്ടാകില്ല. "ഞങ്ങൾ വസീരിതാലിലുള്ള മാസങ്ങളിൽ, ബദുഗാമിനടുത്തോ ചിലപ്പോൾ ബന്ദിപോര പട്ടണത്തിലോ ആയിരിക്കും അദ്ദേഹത്തിന് ജോലി. കൂടുതലും റോഡ് പണിയ്ക്കാണ് പോകാറുള്ളതെങ്കിലും ഇടയ്ക്ക് കെട്ടിടം പണി നടക്കുന്ന സ്ഥലത്തും അദ്ദേഹം ജോലി ചെയ്യാറുണ്ട്. ജോലി കിട്ടുന്ന സമയത്ത് അദ്ദേഹം ദിവസേന 500 രൂപ സമ്പാദിക്കും. പക്ഷെ ഒരു മാസത്തിൽ ശരാശരി അഞ്ചോ ആറോ ദിവസമെങ്കിലും മഴ കാരണം ജോലിയ്ക്ക് പോകാനാകാതെ അദ്ദേഹത്തിന് വീട്ടിലിരിക്കേണ്ടിവരും.", ഷമീന പറയുന്നു. ജോലിയുടെ ലഭ്യത അനുസരിച്ച്, ഗുലാം മൂസാ മാസത്തിൽ ഏകദേശം 10,000 രൂപ സമ്പാദിക്കുമെന്ന് അവർ പറയുന്നു.

"എന്നാൽ ഞങ്ങൾ ഗന്ദർബാലിലേയ്ക്ക് താമസം മാറുമ്പോൾ, അദ്ദേഹം ഓട്ടോറിക്ഷ ഓടിക്കുകയാണ് പതിവ്. തണുപ്പുകാലത്ത് വിനോദസഞ്ചാരികൾ യഥേഷ്ടമെത്തുന്ന ശ്രീനഗറിൽ അദ്ദേഹം ഓട്ടോ വാടകയ്‌ക്കെടുത്ത് ഓടിക്കും. ഓട്ടോ ഓടിച്ചാലും ഏറെക്കുറെ ഇതേ തുക കിട്ടുമെങ്കിലും (മാസത്തിൽ 10,000 രൂപ), അവിടെ ഞങ്ങൾക്ക് ഒരുരൂപ പോലും മിച്ചം വയ്ക്കാനാകില്ല.", അവർ കൂട്ടിച്ചേർക്കുന്നു. ഗന്ദർബാലിൽ വസീരിതാലിനേക്കാളും മെച്ചപ്പെട്ട യാത്രാസൗകര്യങ്ങൾ ലഭ്യമാണ്.

Houses in the village made of deodar wood
PHOTO • Jigyasa Mishra
Yak horns decorate the main entrance of houses in Wazirithal, like this one outside Amin’s house
PHOTO • Jigyasa Mishra

ഇടത്: ദേവദാരുവിന്റെ തടിയിൽ തീർത്ത വീടുകൾ വലത്: വസീരിതാലിലെ വീടുകളുടെ പ്രധാന വാതിലുകൾ യാക്കിന്റെ കൊമ്പുകൾ കൊണ്ട് അലങ്കരിച്ചിരിക്കും; ചിത്രത്തിൽ കാണുന്നത് അമീനിന്റെ വീടിനു പുറത്തെ അലങ്കാരം

"ഞങ്ങളുടെ കുട്ടികൾക്ക് അവിടെ (ഗന്ദർബാലിൽ) താമസിക്കാനാണ് ഇഷ്ടം", ഷമീന പറയുന്നു. "അവിടെ അവർക്ക് പലതരം ഭക്ഷണം കഴിക്കാൻ ലഭിക്കും. വൈദ്യുതി ലഭ്യതയും ഒരു പ്രശ്നമല്ല. പക്ഷെ അവിടെ ഞങ്ങൾക്ക് വാടക കൊടുക്കണം. ഇവിടെ (വസീരിതാലിൽ) താമസിക്കുന്ന മാസങ്ങളിൽ ഞങ്ങൾ പരമാവധി പണം മിച്ചം പിടിക്കും." ഗന്ദർബാലിൽ കഴിയുമ്പോൾ പലചരക്ക് സാധനങ്ങൾ വാങ്ങാനുള്ള തുകയും കണ്ടെത്തേണ്ടതുണ്ട്. വസീരിതാലിലാണെങ്കിൽ ഷമീന നട്ടുപരിപാലിക്കുന്ന അടുക്കളത്തോട്ടത്തിൽനിന്നുതന്നെ വീട്ടിലേയ്ക്കാവശ്യമായ പച്ചക്കറികൾ ലഭിക്കും. സ്വന്തം വീടായതിനാൽ വാടക കൊടുക്കുകയും വേണ്ട. ഗന്ദർബാലിലെ വീടിന് വാടക കൊടുക്കാൻതന്നെ മാസത്തിൽ 3,000 – 3,00000500 രൂപ ചിലവാകും.

"അവിടത്തെ വീടുകൾക്ക് ഇവിടത്തെ ഞങ്ങളുടെ വീടുകളുടെ അത്രയും വലിപ്പമില്ലെന്നത് വാസ്തവമാണ്, പക്ഷെ അവിടെ ആശുപത്രികളിൽ മെച്ചപ്പെട്ട സൗകര്യങ്ങളുണ്ട്, നല്ല റോഡുകളും.. അവിടെ എല്ലാം ലഭ്യമാണെങ്കിലും അതിനൊക്കെ വലിയ വില കൊടുക്കണം. എന്തൊക്കെ പറഞ്ഞാലും അത് ഞങ്ങളുടെ വീടല്ലല്ലോ.", ഷമീന പാരിയോട് പറയുന്നു. ഗന്ദർബാലിലെ ജീവിതച്ചിലവുകൾ താങ്ങാൻ കഴിയാതെ വന്നതോടെയാണ്, രാജ്യവ്യാപകമായ ലോക്ക്ഡൗണിന്റെ ഇടയ്ക്ക്, ഷമീനയുടെ കുടുംബം തിരികെ വസീരിതാലിലേയ്ക്ക് മടങ്ങാൻ നിർബന്ധിതരായത്. ആദ്യത്തെ ഗർഭകാലത്തിന്റെ അവസാനത്തെ ത്രൈമാസം ആയിരുന്നിട്ടുപോലും.

2020 മാർച്ചിൽ ലോക്ക്ഡൗൺ പ്രഖ്യാപിക്കുമ്പോൾ, ഞാൻ ഫർഹാസിനെ ഏഴുമാസം ഗർഭം ധരിച്ചിരിക്കുകയായിരുന്നു; അവൻ മഹാമാരിക്കാലത്തെ സന്തതിയാണ്.", ഷമീന പുഞ്ചിരിക്കുന്നു. "വരുമാനമൊന്നുമില്ലാതെ, ഭക്ഷണത്തിനും വാടകയ്ക്കും പണം ചിലവാക്കി ഗന്ദർബാലിൽ തുടരാൻ കഴിയാതെ വന്നതോടെ, ഏപ്രിലിലെ രണ്ടാമത്തെ ആഴ്ച ഞങ്ങൾ ഒരു വണ്ടി വാടകയ്ക്കെടുത്ത് വീട്ടിലേയ്ക്ക് മടങ്ങിവരുകയായിരുന്നു.", അവർ ഓർത്തെടുക്കുന്നു.

"വിനോദസഞ്ചാരികൾ വരാത്തതിനാൽ എന്റെ ഭർത്താവിന് ഒന്നും സമ്പാദിക്കാൻ കഴിഞ്ഞിരുന്നില്ല. ബന്ധുക്കളുടെ അടുത്തുനിന്നും പണം കടം വാങ്ങിയാണ് എന്റെ മരുന്നിനും വീട്ടുസാധനങ്ങൾക്കും വേണ്ട പണംപോലും കണ്ടെത്തിയത്. ആ കടം മുഴുവൻ പിന്നീട് ഞങ്ങൾ വീട്ടി. ഗന്ദർബാലിലെ ഞങ്ങളുടെ വീട്ടുടമസ്ഥന് സ്വന്തമായി വാഹനമുണ്ടായിരുന്നു. എന്റെ അവസ്ഥ കണ്ടപ്പോൾ 1,000 രൂപ വാടകയും ഇന്ധനം നിറയ്ക്കാനുള്ള പണവും വാങ്ങി വാഹനം ഉപയോഗിക്കാൻ അദ്ദേഹം ഞങ്ങളെ അനുവദിച്ചു. അങ്ങനെയാണ് ഞങ്ങൾക്ക് വീടെത്താൻ സാധിച്ചത്."

തുടർച്ചയായി വൈദ്യതി ലഭിക്കാത്തത് വസീരിതാലിലെ പ്രശ്നങ്ങളിൽ ഒന്നുമാത്രമാണ്. ഗ്രാമത്തിനകത്തും ചുറ്റുമുള്ള റോഡുകളുടെ ശോചനീയാവസ്ഥയും ആരോഗ്യസംവിധാനങ്ങളുടെ അഭാവവുമെല്ലാം ഇവിടത്തെ ഗൗരവമേറിയ പ്രശ്നങ്ങളാണ്. വസീരിതാലിൽനിന്ന് അഞ്ച് കിലോമറകലെ ഒരു പ്രാഥമികാരോഗ്യകേന്ദ്രം (പി.എച്ച്.സി) ഉണ്ടെങ്കിലും, ജീവനക്കാരുടെ ഒഴിവുകൾ നികത്താത്തതിനാൽ അവിടെ സാധാരണ പ്രസവങ്ങൾപോലും സുരക്ഷിതമായി നടത്താൻ കഴിയാത്ത സ്ഥിതിയാണ്.

"ബദുഗാമിലെ പി.എച്ച്.സിയിൽ ആകെയുള്ളത് ഒരു നഴ്സാണ്. ഇവിടത്തെ സ്ത്രീകൾ പ്രസവത്തിന് എവിടേയ്ക്കാണ് പോകുക?", വസീരിതാലിലെ അങ്കണവാടി ജീവനക്കാരിയായ, 54 വയസ്സുകാരി രാജാ ബീഗം ചോദിക്കുന്നു. "എന്തെങ്കിലും അടിയന്തര ആവശ്യം വന്നാലോ ഗർഭഛിദ്രം നടത്തണമെങ്കിലോ ഗർഭം അലസിപ്പോയാലോ അവർ നേരെ ഗുരേസിലേയ്ക്കുതന്നെ പോകണം. ഇനി ശസ്ത്രക്രിയ ആവശ്യമാണെങ്കിൽ, അവിടെനിന്ന് ശ്രീനഗറിലെ ദേഡ് ആശുപത്രിയിലേയ്ക്ക് പോകണം. ഗുരേസിൽനിന്ന് 125 കിലോമീറ്റർ അകലെയാണ് ദേഡ് ആശുപത്രി. കാലാവസ്ഥ മോശമാണെങ്കിൽ അവിടെയെത്താൻ ഒൻപത് മണിക്കൂർവരെയെടുക്കാറുണ്ട്.", അവർ കൂട്ടിച്ചേർക്കുന്നു.

Shameena soaking in the mild morning sun with her two children
PHOTO • Jigyasa Mishra
Raja Begum, the anganwadi worker, holds the information about every woman in the village
PHOTO • Jigyasa Mishra

ഇടത്: ഷമീന രണ്ട് മക്കൾക്കുമൊപ്പം രാവിലത്തെ ഇളംവെയിൽ കൊള്ളുന്നു. വലത്: അങ്കണവാടി ജീവനക്കാരിയായ രാജാ ബീഗത്തിന്റെ പക്കൽ ഗ്രാമത്തിലെ ഓരോ സ്ത്രീയെയും സംബന്ധിച്ച വിവരങ്ങളുണ്ട്

ഗുരേസിലെ സാമൂഹികാരോഗ്യകേന്ദ്രത്തിലേയ്ക്കുള്ള (സി.എച്ച്.സി) റോഡുകൾ തീർത്തും മോശമാണെന്ന് ഷമീന പറയുന്നു. "ആശുപത്രിയിലേയ്ക്ക് പോയിവരുമ്പോൾ ഒരുഭാഗത്തേക്കുള്ള യാത്രയ്ക്കുതന്നെ രണ്ട് മണിക്കൂറെടുക്കും.", 2020-ൽ തന്റെ ആദ്യത്തെ ഗർഭകാലത്തെ അനുഭവം വിവരിച്ച് ഷമീന പറയുന്നു. "ആ സി.എച്ച്,സിയിൽ എത്ര മോശം അനുഭവമാണ് എനിക്ക് ഉണ്ടായതെന്നോ! അവിടത്തെ ഒരു ശുചീകരണത്തൊഴിലാളിയാണ് പ്രസവസമയത്ത് എന്നെ സഹായിച്ചത്. പ്രസവത്തിനിടയ്ക്കോ അത് കഴിഞ്ഞോ ഡോക്ടർ ഒരിക്കൽപ്പോലും എന്നെ പരിശോധിക്കാ വന്നില്ല."

ഗുരേസിലെ പി.എച്ച്.സിയും സി.എച്ച്.സിയും ഏറെക്കാലമായി ഫിസിഷ്യൻമാർ, ഗൈനക്കോളജിസ്റ്റുകൾ, ശിശുരോഗ വിദഗ്ധർ എന്നിവർ ഉൾപ്പെടുന്ന മെഡിക്കൽ ജീവനക്കാരുടെ കടുത്ത ക്ഷാമത്താൽ വലയുകയാണ്. സംസ്ഥാനത്തെ മാധ്യമങ്ങളിൽ ഇത് ഏറെ ചർച്ചയായിട്ടുള്ളതുമാണ്. പി.എച്ച്.സിയിൽ പ്രാഥമിക ശുശ്രൂഷയും എക്സറേ സംവിധാനങ്ങളും മാത്രമാണ് ലഭ്യമാകുന്നതെന്ന് രാജാ ബീഗം പറയുന്നു. അതിൽക്കൂടുതൽ എന്താവശ്യം വന്നാലും, രോഗിയെ 32 കിലോമീറ്റർ അകലെയുള്ള, ഗുരേസിലെ സി.എച്ച്.സിയിലേയ്ക്ക് റഫർ ചെയ്യും..

ഗുരേസിലെ സി.എച്ച്.സിയുടെ അവസ്ഥയും ഏറെ പരിതാപകരമാണ്. ബ്ലോക്ക് മെഡിക്കൽ ഓഫീസറുടെ റിപ്പോർട്ട് (2022 സെപ്റ്റംബറിൽ സാമൂഹികമാധ്യമങ്ങളിൽ പ്രചരിച്ചത്) പറയുന്നത് ഈ ബ്ലോക്കിൽ  11 മെഡിക്കൽ ഓഫീസർമാർ, 3 ദന്ത ശസ്ത്രക്രിയാ വിദഗ്ധർ, ഒരു ഫിസിഷ്യൻ ഉൾപ്പെടെ 3 വിദഗ്ധ ഡോക്ടർമാർ, ഒരു ശിശുരോഗ വിദഗ്ധൻ, ഒരു ഗൈനക്കോളജിസ്റ് എന്നിവരുടെ തസ്തിക ഒഴിഞ്ഞുകിടക്കുന്നുണ്ടെന്നാണ്. നീതി ആയോഗിന്റെ ആരോഗ്യസൂചികാ റിപ്പോർട്ടിൽ പരാമർശിച്ചിട്ടുള്ള, ഒഴിവുകൾ നികത്തുന്നതിൽ പുരോഗതി ഉണ്ടായിട്ടുണ്ടെന്ന കണ്ടെത്തലിനെ നിരാകരിക്കുന്ന കണക്കുകളാണിത്.

ഷമീനയുടെ വീട്ടിൽനിന്നും അഞ്ചാറ് വീടുകൾക്കപ്പുറം താമസിക്കുന്ന, 48 വയസ്സുകാരിയായ ആഫ്രീനും പറയാൻ ഒരു കഥയുണ്ട്. "2016 മേയിൽ, പ്രസവത്തിനായി എനിക്ക് ഗുരേസിലെ സി.എച്ച്.സിയിലേയ്ക്ക് പോകേണ്ടിവന്നപ്പോൾ, എന്റെ ഭർത്താവ് എന്നെ മുതുകത്ത് എടുത്തുകൊണ്ടാണ് വണ്ടിയ്ക്കരികിലേക്ക് കൊണ്ടുപോയത്. ഞാൻ മറുവശത്തേയ്ക്ക് തിരിഞ്ഞിരിക്കുകയായിരുന്നു. വാടകയ്‌ക്കെടുത്ത സുമോ നിർത്തിയിട്ടിരുന്ന ഇടത്തേയ്ക്കുള്ള 300 മീറ്റർ പോകാൻ എനിയ്ക്ക് വേറെ വഴിയൊന്നുമുണ്ടായിരുന്നില്ല.", ഹിന്ദി ഇടകലർന്ന കാശ്മീരിയിൽ അവർ പറയുന്നു. "ഇത് അഞ്ചുവർഷം മുൻപ് നടന്ന സംഭവമാണ്, പക്ഷെ ഇന്നും സ്ഥിതി അതുതന്നെയാണ്. ഇപ്പോൾ ഞങ്ങളുടെ ഗ്രാമത്തിലെ വയറ്റാട്ടിക്കും പ്രായമായി; അവർക്ക് ഇടയ്ക്കിടെ സുഖമില്ലാതെയാകുന്നു"

ഷമീനയുടെ മാതാവിനെയാണ് അഫ്രീൻ വയറ്റാട്ടി എന്ന് വിളിക്കുന്നത്. "എന്റെ ആദ്യത്തെ പ്രസവത്തിനുശേഷം ഇനിയുള്ള പ്രസവങ്ങൾ വീട്ടിൽവെച്ച് മതിയെന്ന് ഞാൻ തീരുമാനിച്ചിരുന്നു.", ഷമീന കൂട്ടിച്ചേർക്കുന്നു. "എന്റെ മാതാവ് ഇല്ലായിരുന്നെങ്കിൽ, രണ്ടാമത്തെ പ്രസവത്തിനിടെ ഗർഭസ്ഥരം പൊട്ടിയതിനുശേഷം ഞാൻ രക്ഷപ്പെടുമായിരുന്നില്ല. വയറ്റാട്ടിയായ അവർ ഗ്രാമത്തിലെ ഒരുപാട് സ്ത്രീകളെ സഹായിച്ചിട്ടുണ്ട്.", ഞങ്ങൾ ഇരുന്നിടത്തുനിന്ന് കഷ്ടി 100 മീറ്റർ മാത്രം അകലെ, ഒരു കുഞ്ഞിനെ മടിയിലിരുത്തി പാട്ട് പാടികൊടുക്കുന്ന ഒരു വൃദ്ധയെ ഷമീന ചൂണ്ടിക്കാണിക്കുന്നു.

Shameena with her four-month-old daughter Rashida that her mother, Jani Begum, helped in birthing
PHOTO • Jigyasa Mishra
Jani Begum, the only midwife in the village, has delivered most of her grand-children. She sits in the sun with her grandchild Farhaz
PHOTO • Jigyasa Mishra

ഇടത്: ഷമീന തന്റെ നാലുമസം പ്രായമുള്ള മകൾ റഷീദയുമൊത്ത്. മാതാവായ ജാനി ബീഗത്തിന്റെ സഹായത്തോടെയാണ് ഷമീന റഷീദയെ പ്രസവിച്ചത്. വലത്: ഗ്രാമത്തിലെ ഒരേയൊരു വയറ്റാട്ടിയായ ജാനി ബീഗം പേരമകനായ ഫർഹാസിനൊത്ത് വെയിൽ കൊള്ളുന്നു; തന്റെ പേരക്കിടാങ്ങളിൽ മിക്കവരുടെയും പ്രസവത്തിന് സഹായിച്ചത് ജാനി ബീഗമാണ്

ഷമീനയുടെ മാതാവ്, 71 വയസ്സുകാരിയായ ജാനി ബീഗം തവിട്ടുനിറത്തിലുള്ള ഒരു ഫെറാൻ ധരിച്ച് വീടിന് പുറത്തിരിക്കുകയാണ്. ഗ്രാമത്തിലെ ബാക്കിയുള്ള സ്ത്രീകളെപ്പോലെ അവരും ഒരു സ്കാർഫ് കൊണ്ട് തല മറച്ചിട്ടുണ്ട്. മുഖത്തെ ചുളിവുകൾക്ക് നീണ്ടകാലത്തെ അനുഭവങ്ങൾ പറയാനുണ്ട്. "ഞാൻ കഴിഞ്ഞ 35 വർഷമായി ഇത് ചെയ്യുന്നു. വർഷങ്ങൾക്കുമുൻപ്, എന്റെ മാതാവ് പ്രസവങ്ങൾക്ക് സഹായിക്കാനായി പോകുമ്പോൾ എന്നെയും കൊണ്ടുപോകുമായിരുന്നു. അവർ ചെയ്യുന്നത് കണ്ടും കൂടെനിന്ന് ചെയ്തുമാണ് ഞാൻ ഇതൊക്കെ പഠിച്ചത്. സ്ത്രീകളെ പ്രസവത്തിൽ സഹായിക്കാൻ കഴിയുകയെന്നത് ഒരു അനുഗ്രഹമാണ്.", അവർ പറയുന്നു.

തന്റെ ജീവിതകാലത്തിനിടെയുണ്ടായ പതിയെയുള്ള മാറ്റങ്ങൾ ജാനി ശ്രദ്ധിച്ചിട്ടുണ്ടെങ്കിലും അവയൊന്നും കാതലായ, പര്യാപ്തമായ മാറ്റങ്ങളല്ല. "സ്ത്രീകൾക്ക് അയേൺ ഗുളികകളും മറ്റ് ഉപയോഗപ്രദമായ മരുന്നുകളും ലഭിക്കുന്നുണ്ടെന്നതുകൊണ്ടുതന്നെ ഇന്നത്തെ കാലത്ത് പ്രസവങ്ങളിലെ അപകടസാധ്യതകൾ കുറവാണ്. പണ്ടുകാലത്ത് ഇതായിരുന്നില്ല സ്ഥിതി.", അവർ പറയുന്നു."ഇവിടെ ഒരു മാറ്റമുണ്ടായിട്ടുണ്ടെന്നത് സത്യമാണെങ്കിലും മറ്റു ഗ്രാമങ്ങളിലേതുപോലെ ആയിട്ടില്ല ഇപ്പോഴും. നമ്മുടെ പെൺകുട്ടികൾ പഠിക്കുന്നുണ്ടെങ്കിലും ഇന്നും അവർക്ക് നല്ല ആരോഗ്യസംവിധാനങ്ങൾ ലഭ്യമാകുന്നില്ല. നമുക്ക് ആശുപത്രികളുണ്ടെങ്കിലും ഒരു അടിയന്തര ആവശ്യം വരുമ്പോൾ അവിടേയ്ക്ക് പെട്ടെന്നെത്താൻ നല്ല റോഡുകളില്ല."

ഏറെ ദൂരെയുള്ള ഗുരേസ് സി.എച്ച്.സിയിലെത്താൻ കുറഞ്ഞത് അഞ്ച് കിലോമീറ്ററെങ്കിലും നടക്കണമെന്ന് ജാനി പറയുന്നു. അഞ്ച് കിലോമീറ്റർ നടന്നാൽ, ചിലപ്പോൾ ആശുപത്രിയിലെത്താൻ പൊതുഗതാഗതം എന്തെങ്കിലും ലഭിക്കും. അര കിലോമീറ്റർ നടന്നാൽ സ്വകാര്യവാഹനം കിട്ടുമെങ്കിലും, അതിന് ചിലവേറെയാണ്.

"രണ്ടാമത് ഗർഭിണിയായിരിക്കുമ്പോൾ, അവസാനത്തെ ത്രൈമാസത്തിൽ ഷമീന ഏറെ ക്ഷീണിതയായി.", ജാനി പറയുന്നു. "ഇവിടത്തെ അങ്കണവാടി ജീവനക്കാരിയുടെ നിർദ്ദേശമനുസരിച്ച് ആശുപത്രിയിൽ പോകാൻ ഞങ്ങൾ ആലോചിച്ചതാണ്; പക്ഷെ എന്റെ മകളുടെ ഭർത്താവ് ജോലി തേടി ഗ്രാമത്തിന് പുറത്തേയ്ക്ക് പോയിരിക്കുകയായിരുന്നു. ഈ പ്രദേശത്ത് ഒരു വാഹനം കിട്ടുക അത്ര എളുപ്പമല്ല. ഇനി കിട്ടിയാലും, ഗർഭിണിയായ സ്ത്രീയെ വാഹനംവരെ ചുമന്ന് കൊണ്ടുപോകേണ്ട സ്ഥിതിയാണ്.", അവർ കൂട്ടിച്ചേർത്തു.

"ഇവർ മരിച്ചുകഴിഞ്ഞാൽ പിന്നെ ഞങ്ങളുടെ ഗ്രാമത്തിലെ സ്ത്രീകൾക്ക് എന്ത് സംഭവിക്കും? ആരെയാണ് ഞങ്ങൾ ആശ്രയിക്കുക?", ജാനിയെ പരാമർശിച്ചുകൊണ്ട് ആഫ്രീൻ ഉറക്കെ ചോദിക്കുന്നു. സമയം വൈകുന്നേരമായിരിക്കുന്നു. വീടിന് പുറത്തെ കുറ്റിച്ചെടികൾക്കിടയിൽ അത്താഴത്തിന് പാകം ചെയ്യേണ്ട മുട്ടകൾ തിരയുകയാണ് ഷമീന. "കോഴികൾ മുട്ടകൾ ഒളിപ്പിച്ചുവെക്കും. അവ കണ്ടുപിടിച്ചാലേ എനിക്ക് മുട്ടക്കറി ഉണ്ടാക്കാനാകൂ. അല്ലെങ്കിൽ ഇന്ന് രാത്രിയും ചോറും രാജ്മ കറിയും കഴിക്കേണ്ടിവരും. ഇവിടെ ഒന്നും എളുപ്പത്തിൽ കിട്ടില്ല. ദൂരെനിന്ന് നോക്കുമ്പോൾ, കാടിന് നടുവിലുള്ള കുറച്ച് വീടുകൾ ചേർന്ന ഈ ഗ്രാമം ഏറെ സുന്ദരമാണ്. പക്ഷെ അടുത്ത് വന്നാൽ മാത്രമേ ഞങ്ങളുടെ ജീവിതം ശരിക്കും എങ്ങനെയാണെന്ന് മനസ്സിലാക്കാനാകൂ.", അവർ പറഞ്ഞു നിർത്തുന്നു.

ഗ്രാമീണ ഇന്ത്യയിലെ കൗമാരക്കാരായ പെൺകുട്ടികളെയും യുവതികളെയും കുറിച്ച് പ്രോജക്ട് പോപുലേഷൻ ഫൗണ്ടേഷൻ ഓഫ് ഇന്ത്യയുടെ പിന്തുണയോടെ പാരിയും കൗണ്ടർ മീഡിയ ട്രസ്റ്റും രാജ്യവ്യാപകമായി റിപ്പോര്‍ട്ട് ചെയ്യുന്നുണ്ട്. പ്രധാനപ്പെട്ട ജനവിഭാഗവും എന്നാൽ പാര്‍ശ്വവത്കൃതരുമായ മേല്‍പ്പറഞ്ഞ വിഭാഗങ്ങളുടെ അവസ്ഥ സാധാരണക്കാരുടെ ശബ്ദത്തിലൂടെയും ജീവിതാനുഭവങ്ങളിലൂടെയും മനസ്സിലാക്കുന്നതിനുള്ള ഒരു ഉദ്യമത്തിന്‍റെ ഭാഗമാണ് ഈ പ്രോജക്ട്.

ഈ ലേഖനം പുനഃപ്രസിദ്ധീകരിക്കണമെന്നുണ്ടെങ്കിൽ [email protected] എന്ന മെയിലിലേക്ക് , [email protected] എന്ന മെയിൽ ഐഡി കൂടി കാർബൺ കോപ്പി ചെയ്ത്, എഴുതുക

പരിഭാഷ: പ്രതിഭ ആർ.കെ.

Jigyasa Mishra

ਜਗਿਆਸਾ ਮਿਸ਼ਰਾ ਉੱਤਰ ਪ੍ਰਦੇਸ਼ ਦੇ ਚਿਤਰਾਕੂਟ ਅਧਾਰਤ ਸੁਤੰਤਰ ਪੱਤਰਕਾਰ ਹਨ।

Other stories by Jigyasa Mishra
Editor : Pratishtha Pandya

ਪ੍ਰਤਿਸ਼ਠਾ ਪਾਂਡਿਆ PARI ਵਿੱਚ ਇੱਕ ਸੀਨੀਅਰ ਸੰਪਾਦਕ ਹਨ ਜਿੱਥੇ ਉਹ PARI ਦੇ ਰਚਨਾਤਮਕ ਲੇਖਣ ਭਾਗ ਦੀ ਅਗਵਾਈ ਕਰਦੀ ਹਨ। ਉਹ ਪਾਰੀਭਾਸ਼ਾ ਟੀਮ ਦੀ ਮੈਂਬਰ ਵੀ ਹਨ ਅਤੇ ਗੁਜਰਾਤੀ ਵਿੱਚ ਕਹਾਣੀਆਂ ਦਾ ਅਨੁਵਾਦ ਅਤੇ ਸੰਪਾਦਨ ਵੀ ਕਰਦੀ ਹਨ। ਪ੍ਰਤਿਸ਼ਠਾ ਦੀਆਂ ਕਵਿਤਾਵਾਂ ਗੁਜਰਾਤੀ ਅਤੇ ਅੰਗਰੇਜ਼ੀ ਵਿੱਚ ਪ੍ਰਕਾਸ਼ਿਤ ਹੋ ਚੁੱਕਿਆਂ ਹਨ।

Other stories by Pratishtha Pandya
Translator : Prathibha R. K.

Pratibha R K is a post graduate in English from the Central University of Hyderabad and works as a translator.

Other stories by Prathibha R. K.