“എന്നെ ജോലിക്കെടുക്കാൻ ആരും തയ്യാറായിരുന്നില്ല. ഞാൻ എല്ലാ മുൻകരുതലുകളും എടുത്തിരുന്നു. എന്നിട്ടും അവരെന്നെ വീടിനകത്ത് കയറാൻ അനുവദിക്കുന്നില്ല“. മഹാരാഷ്ട്രയിലെ ലത്തൂർ പട്ടണത്തിലെ വീട്ടുജോലിക്കാരിയായ 68 വയസ്സുള്ള ജെഹെദാബി സയദ് പറയുന്നു. “ഞാൻ ഈ തുണി (മുഖാവരണം) മാറ്റാറേയില്ല. സാമൂഹികാകലം പാലിക്കാറുമുണ്ട്”.
ജോലിചെയ്തിരുന്ന അഞ്ച് കുടുംബങ്ങളിൽ നാലുപേരും, 2020 ഏപ്രിലിലെ കോവിഡ്-19 അടച്ചുപൂട്ടൽ കാലത്ത് അവരോട് ജോലിക്ക് വരേണ്ടെന്ന് പറഞ്ഞു. “ഒരു കുടുംബത്തിൽ മാത്രമായിരുന്നു ജോലി. അവരാണെങ്കിൽ എല്ലുമുറിയെ പണിയെടുപ്പിക്കുകയും ചെയ്തു”.
മുപ്പത് വർഷമായി പാത്രം കഴുകലും, നിലം തുടയ്ക്കലുമൊക്കെയായി വീട്ടുവേല ചെയ്യുന്ന വീടുകളിൽനിന്നാണ് കഴിഞ്ഞ വർഷം അവരെ പുറത്താക്കിയത്. കഴിഞ്ഞ വർഷം ദില്ലിയിലെ ഒരു പള്ളിയിൽ നടന്ന തബ്‌ലീഗി ജമാഅത്ത് സമ്മേളനം കോവിഡ് വ്യാപനത്തിനിടയാക്കിയെന്ന വാർത്ത ആ വീട്ടുകാരെ സ്വാധീനിച്ചിട്ടുണ്ടാവാമെന്നാണ് അവർ വിശ്വസിക്കുന്നത്. “മുസ്ലിമുകളിൽനിന്ന് അകന്നുനിൽക്കണമെന്ന സ്വകാര്യമായ പറച്ചിൽ കാട്ടുതീപോലെ പടർന്നു” എന്ന് അവർ ഓർക്കുന്നു. “ജമാഅത്ത് കാരണമാണ് എനിക്ക് ജോലി നഷ്ടപ്പെട്ടതെന്ന് എന്‍റെ മകളുടെ ഭർത്താവ് പറഞ്ഞു. ഞാനും അതുമായിട്ട് എന്താണ് ബന്ധം?”
മാസം 5,000 രൂപ കിട്ടിയിരുന്നത് 1,000 രൂപയായി കുറഞ്ഞു. “എന്നെ പുറത്താക്കിയ വീട്ടുകാർ എന്നെ തിരിച്ച് വിളിക്കുമോ?” അവർ ചോദിക്കുന്നു. “എത്ര വർഷങ്ങൾ ഞാൻ അവർക്കുവേണ്ടി ജോലി ചെയ്തു. എന്നിട്ട് പെട്ടെന്നൊരു ദിവസം എന്നെ പുറത്താക്കി, മറ്റൊരാളെ ജോലിക്കെടുത്തു”.
കഴിഞ്ഞ ഒരുവർഷത്തിനുള്ളിൽ അവരുടെ സ്ഥിതിക്ക് ഒരു മാറ്റവുമുണ്ടായിട്ടില്ല. “കൂടുതൽ ദുരിതമായി സ്ഥിതി”, ജെഹെദാബി പറയുന്നു. 2021 മാർച്ചിൽ മൂന്ന് വീടുകളിൽ അവർ ജോലി ചെയ്യുന്നുണ്ടായിരുന്നു. ഏപ്രിൽ മാസത്തിൽ കോവിഡ്-19-ന്‍റെ രണ്ടാം തരംഗം മഹാരാഷ്ട്രയിൽ വ്യാപിച്ചപ്പോൾ രണ്ട് വീട്ടുകാർ അവരെ പറഞ്ഞുവിട്ടു. “ഞങ്ങൾ ചേരിയിൽ താമസിക്കുന്നവരായതുകൊണ്ട്, കോവിഡ് നിയമങ്ങളൊന്നും അനുസരിക്കുന്നുണ്ടാവില്ല എന്നാണ് അവർ പറയുന്നത്”.
വേറെ ജോലി കണ്ടെത്തുന്നതുവരെ 700 രൂപ ശമ്പളത്തിൽ ജീവിക്കാൻ നിർബന്ധിതയായിരിക്കുകയാണ് ഇപ്പോളവർ.





