ഒരു ചെറിയ ചായക്കട, ഒറ്റപെട്ടുനിൽക്കുന്ന മൺചുവരുകളുള്ള ഒരു നിർമ്മിതി. ഉമ്മറത്തു തൂക്കിയിരിക്കുന്ന തെളിഞ്ഞകടലാസ്സിൽ കൈയക്ഷരംകൊണ്ട് ഇങ്ങനെ അടയാളപ്പെടുത്തിയിരിക്കുന്നു:

അക്ഷര ആർട്സ് & സ്പോർട്സ്

ലൈബ്രറി

ഇരുപ്പുകല്ലക്കുടി

ഇടമലക്കുടി

/static/media/uploads/Articles/P. Sainath/Wilderness_Library/chinnathambi_p1020242.jpg

ഒരു ഗ്രന്ഥശാല? ഈ ഇടുക്കി ജില്ലയിലെ വനത്തിലും വന്യതയിലും? ഇന്ത്യയിലെ ഏറ്റവും സാക്ഷരമായ സംസ്ഥാനമായ കേരളത്തിലെ സാക്ഷരതകുറഞ്ഞ ഒരു പ്രദേശം. സംസ്ഥാനത്തെ ആദ്യത്തെ തിരഞ്ഞെടുക്കപ്പെട്ട ഗോത്രസഭയുള്ള ഈ ചെറുഗ്രാമത്തിൽ 25 കുടുംബങ്ങളേയുള്ളു. മറ്റാർക്കെങ്കിലും ഇവിടെ നിന്നു ഒരു പുസ്‌തകം കടംവാങ്ങണമെങ്കിൽ നിബിഢവനത്തിലൂടെ നീണ്ട ഒരു യാത്ര വേണ്ടിവരും. അവർ അതിനു മുതിരുമോ, ശരിക്കും?

"തീർച്ചയായും," ചായവിൽപ്പനക്കാരനും, കായികസമിതി സംഘാടകനും, പിന്നെ ഗ്രന്ഥശാലാധികാരികൂടിയായ 73 വയസ്സുകാരൻ ചിന്നത്തമ്പി പറയുന്നു. "അവർ വരാറുണ്ട്." അദ്ദേഹത്തിൻറെ ചെറിയ പീടിക - ചായ, 'മിക്‌സ്ചർ', ബിസ്കറ്റ്, തീപ്പെട്ടി പിന്നെ മറ്റു പലചരക്കുകളും വിൽക്കുന്നത് - ഇടമലക്കുടിയുടെ കുന്നിൻപ്രദേശത്തെ നാൽക്കവലയിൽ ആണ് സ്ഥിതിചെയ്യുന്നത്. കേരളത്തിലെ ഏറ്റവും വിദൂരമായ പഞ്ചായത്തായ ഇവിടെ മുതുവാൻ എന്ന ഒരു ആദിവാസിസമൂഹം മാത്രമാണു വസിക്കുന്നത്. മുന്നാറിനടുത്തുള്ള പെട്ടിമുടിയിൽനിന്നും 18 കിലോമീറ്റർ നടക്കേണ്ടി വന്നു ഇവിടെ എത്തിചേരാൻ. ചിന്നത്തമ്പിയുടെ ചായക്കട-ഗ്രന്ഥശാലയിൽ എത്താൻ പിന്നെയും നടക്കണം. ഞങ്ങൾ അദ്ദേഹത്തിൻറെ ഗൃഹത്തിൽ എത്തിയപ്പോൾ അദ്ദേഹത്തിൻറെ ഭാര്യ ജോലിക്കു പോയിരിക്കുകയായിരുന്നു. ഇവരും മുതുവാന്മാർ ആണ്.

"ചിന്നത്തമ്പി, ഞാൻ ചായ കുടിച്ചു. പലചരക്കുക്കൾ കണ്ടു. പക്ഷെ, താങ്കളുടെ ഗ്രന്ഥശാല എവിടെ?," അമ്പരപ്പോടെ ഞാൻ ചോദിക്കുന്നു. അദ്ദേഹം തൻറെ ആകർഷകമായ പുഞ്ചിരിതൂകികൊണ്ട് ഞങ്ങളെ ആ ചെറിയ കെട്ടിനുള്ളിലേക്കു നയിക്കുന്നു. ഒരു ഇരുണ്ട മൂലയിൽ നിന്നും, അദ്ദേഹം രണ്ടു വലിയ ചാക്കുകൾ എടുത്തു - 25 കിലോയിൽ അധികം അരി കൊള്ളുന്ന തരത്തിലുള്ളത്. അദ്ദേഹത്തിൻറെ മുഴുവൻ ശേഖരമായ 160 പുസ്‌തകങ്ങൾ ആയിരുന്നു അവയിൽ. എല്ലാ ദിവസവും ഗ്രന്ഥാശാലയുടെ പ്രവൃത്തിസമയങ്ങളിൽ ചെയ്യുന്നതുപോലെ അദ്ദേഹം അവയെല്ലാം ഒരു പായയിൽ ശ്രദ്ധയോടുകൂടി നിരത്തി.

ഞങ്ങളുടെ എട്ടംഗ പര്യടനസംഘം വിസ്മയത്തോടെ പുസ്‌തകങ്ങൾ മറിച്ചുനോക്കി. എല്ലാം, രാഷ്ട്രീയ രചനകൾ വരെ, ഓരോന്നും സാഹിത്യകൃതിയും വിശിഷ്ടവുമാണ്. അത്യന്തം ഉദ്വെഗജനകമായ കൃതികളോ, ധാരാളം വിപണനമുള്ളവയോ, യുവാക്കൾക്കു പ്രിയമുള്ളവയോ ആയ ഒന്നും ഇവിടെയില്ല. "ചിലപ്പതികാരം" എന്ന തമിഴ് ഇതിഹാസകാവ്യത്തിൻറെ ഒരു മലയാളതർജ്ജമ ഉണ്ട്. വൈക്കം മുഹമ്മദ് ബഷീർ, എം. ടി. വാസുദേവൻ നായർ, കമലാ ദാസ് എന്നിവരുടെ പുസ്‌തകങ്ങൾ ഉണ്ട്. എം. മുകുന്ദൻ, ലളിതാംബിക അന്തർജനം പിന്നെ മറ്റുചിലരുടെയും കൃതികൾ ഉണ്ട്. മഹാത്മാഗാന്ധിയുടെ ലഘുഗ്രന്ഥങൾക്കൊപ്പം തോപ്പിൽ ഭാസിയുടെ "നിങ്ങളെന്നെ കമ്മ്യൂണിസ്റ്റാക്കി" എന്ന പ്രസിദ്ധമായ നവോത്ഥാനപരവും വിവാദവുമായ കൃതിയുമുണ്ട്.

"പക്ഷെ, ചിന്നത്തമ്പി, ഇവിടെയുള്ളവർ ശരിക്കും ഇങ്ങനെയുള്ള കൃതികൾ വായിക്കുമോ?" പുറത്തു ഇരുന്നുകൊണ്ട് ഞങ്ങൾ ചോദിചു. മിക്ക ആദിവാസി സമൂഹങ്ങളെപോലെ മുതുവന്മാരും മറ്റു ഭാരതീയരേക്കാളും വളരെയധികം ദാരിദ്ര്യംകൊണ്ടു വലയുന്നവരും വിദ്യാഭ്യാസം ഉപേക്ഷിക്കുന്ന നിരക്ക് കൂടുതലുള്ളവരും ആണ്. ഉത്തരം നൽകുന്നതിനായി, അദ്ദേഹം തൻറെ ഗ്രന്ഥശാല പട്ടിക തപ്പിയെടുത്തു. ഇതു വളരെ കുറ്റമറ്റരീതിയിൽ സൂക്ഷിച്ചിരിക്കുന്ന പുസ്‌തകങ്ങൾ കടംനൽകിയതിൻറെയും തിരിച്ചുലഭിച്ചതിൻറെയും രേഖയാണ്. ഈ ചെറുഗ്രാമത്തിൽ 25 കുടുംബങ്ങളേയുള്ളുവെങ്കിലും, 2013-ൽ 37 പുസ്‌തകങ്ങൾ കടമെടുത്തിരുന്നു. അത് മൊത്തം ശേഖരത്തിൻറെ കാൽഭാഗത്തോളം വരും - ഒരു സാമാന്യം നല്ല കടമെടുക്കൽ നിരക്കാണ്. ഈ ഗ്രന്ഥാശാലയ്‌ക്കു ഒറ്റതവണത്തെ അംഗത്വവരിയായി 25 രൂപയും മാസവരിയായി 2 രൂപയും ഉണ്ട്. കടമെടുക്കുന്ന പുസ്‌തകത്തിനു വേറെ പണം കൊടുക്കേണ്ടതില്ല. ചായ സൗജന്യമാണ്. പഞ്ചസാരയില്ലാത്ത കട്ടൻ. "മലകളിൽ നിന്നും ആൾക്കാർ ക്ഷീണിച്ചാണ്‌ വരുക." ബിസ്ക്കറ്റുകൾക്കും, 'മിക്സ്ചർ' പിന്നെ മറ്റു സാധനങ്ങൾക്കുമാണ് പണം കൊടുക്കേണ്ടത്. ചിലപ്പോൾ, ഒരു സന്ദർശകനു ഒരു ലളിതമായ ഊണ് സൗജന്യമായി ലഭിച്ചെന്നുവരാം.

/static/media/uploads/Articles/P. Sainath/Wilderness_Library/chinnathambi_p1020233.jpg

കടമെടുത്തതിൻറെയും തിരിച്ചുലഭിച്ചതിൻറെയും തീയതികൾ, കടമെടുത്തവരുടെ പേരുകൾ എല്ലാം വൃത്തിയായി അദ്ദേഹത്തിൻറെ പട്ടികയിൽ രേഖപെടുത്തിയിട്ടുണ്ട്. ഇളങ്കോയുടെ 'ചിലപ്പതികാരം' ഒന്നിൽകൂടുതൽ തവണ എടുത്തിട്ടുണ്ട്. ഈ വർഷം ഇതുവരെ കൂടുതൽ പുസ്‌തകങ്ങൾ കടമെടുത്തിട്ടുണ്ട്. പാർശ്വവൽക്കരിക്കപ്പെട്ട ഒരു ആദിവാസിസമൂഹം സൂക്ഷ്മമായി വായിക്കുന്നതിനാൽ ഈ വനങ്ങളിൽ ഉൽക്കൃഷ്ടസാഹിത്യം അഭിവൃദ്ധിപ്രാപിക്കുന്നു. ഇതു ബോധമുളവാക്കുന്നതാണ്. ഞങ്ങളിൽ ചിലർ, എനിക്കു തോന്നുന്നു, സ്വന്തം നാഗരികമായ ചുറ്റുപാടുകളിലെ പരിതാപകരമായ വായനാശീലങ്ങളെക്കുറിച്ചു ചിന്തിക്കുകയായിരുന്നു.

എഴുത്ത്‌  ഉപജീവനമാക്കിയ പലരും അടങ്ങിയ ഞങ്ങളുടെ സംഘത്തിൻറെ അഹംഭാവം ഒന്നുംകൂടി കെടാനിരിക്കുകയായിരുന്നു. ഞങ്ങളുടെ ഒപ്പം യാത്രചെയ്യുന്ന കേരള പ്രസ് അക്കാദമിയിലെ മൂന്ന് വിദ്യാർത്ഥികളിൽ ഒരാളായ വിഷ്ണു എസ്. ഒരു വിഭിന്നമായ പുസ്‌തകം ആ ശേഖരത്തിൽനിന്നും കണ്ടെടുത്തു. കുറെ കൈയെഴുത്തുള്ള താളുകളുള്ള ഒരു വരയിട്ട നോട്ടുപുസ്‌തകം. ഇതുവരെ പേരിടാത്ത അത്, ചിന്നത്തമ്പിയുടെ ആത്മകഥയായിരുന്നു. താൻ അതിൽ അധികം പുരോഗമിച്ചിട്ടില്ല, അദ്ദേഹം ഖേദത്തോടെ പറയുന്നു. എന്നാൽ അദ്ദേഹം അതിൽ ശ്രമങ്ങൾ തുടരുകയാണ്. "ശരി , ചിന്നത്തമ്പി. അതിൽ നിന്നും എന്തെങ്കിലും ഞങ്ങളെ വായിച്ചുകേൾപ്പിക്കു." ഹ്രസ്വവും അപൂർണവുമാണെങ്കിലും, വൃത്തിയായി പറഞ്ഞ ഒരു കഥയായിരുന്നു. അദ്ദേഹത്തിൻറെ സാമൂഹികവും രാഷ്ട്രീയവുമായ അവബോധത്തിൻറെ ആദ്യചലനങ്ങൾ സൂചിപ്പിക്കുന്നത് ആയിരുന്നു അവ. അത് തുടങ്ങുന്നതുതന്നെ അദ്ദേഹത്തിനു ഒൻപതു വയസ്സുമാത്രമുള്ളപ്പോൾ സംഭവിച്ച മഹാത്മാഗാന്ധിയുടെ വധത്തിൽനിന്നാണ് - ആ സംഭവം അദ്ദേഹത്തിൽ ഉണ്ടാക്കിയ പ്രഭാവവും.

മുരളി 'മാഷ്' (ഗുരു അല്ലെങ്കിൽ അധ്യാപകൻ) ആണ് തന്നെ ഇടമലക്കുടിയിലേക്കു തിരിച്ചുവരാനും ഈ ഗ്രന്ഥശാല സ്ഥാപിക്കാനും പ്രേരിപ്പിച്ചതെന്നു ചിന്നത്തമ്പി പറയുന്നു. മുരളി 'മാഷ്' ഈയിടങ്ങളിൽ പ്രസിദ്ധനും ഒരു അധ്യാപകനും ആണ്. അദ്ദേഹവും ആദിവാസിയാണ്, പക്ഷെ മറ്റൊരു ഗോത്രക്കാരനാണ്. ഈ പഞ്ചായത്തിനുപുറത്തു മാങ്കുളത്തുതാമസിക്കുന്ന ഒരു ഗോത്രം. അദ്ദേഹം തൻറെ ജീവിതത്തിൻറെ കുറെ ഭാഗം മുതുവാന്മാരുടെയൊപ്പവും അവർക്കുവേണ്ടിയും ഉഴിഞ്ഞുവച്ചിരിക്കുകയാണ്. "മാഷാണ് എന്നെ ഈ ദിശയിലേക്കു നയിച്ചത്," വിനയാന്വിതനായ ചിന്നത്തമ്പി പറയുന്നു.

2,500-ൽ താഴെ ജനങ്ങളുള്ള ഇടമലക്കുടിയിലെ ഈ ചെറുഗ്രാമം 28 എണ്ണത്തിൽ ഒന്നു മാത്രമാണ്. ലോകത്തുള്ള മുതുവാൻ ജനസംഖ്യയുടെ ഏകദേശം മുഴുവൻ വരും അത്. ഇരുപ്പുകല്ലക്കുടിയിൽ കഷ്ടിച്ചു നൂറുപേർ ജീവിക്കുന്നു. നൂറു ചതുരശ്ര കിലോമീറ്ററുകളിലധികം വനമുൾപ്പെടുന്ന ഇടമലക്കുടി തന്നെയാണ് ഈ സംസ്ഥാനത്തെ ഏറ്റവും കുറവ് വോട്ടുകളുള്ള പഞ്ചായത്തും, കഷ്ടിച്ചു 1,500. ഞങ്ങൾക്ക് ഇവിടെനിന്നു പുറത്തെക്കുള്ള വഴി ഉപേക്ഷിക്കേണ്ടിവന്നു. തമിഴ്നാട്ടിലെ വാൽപ്പാറയിലേക്കു ഞങ്ങൾ തിരഞ്ഞെടുത്ത കുറുക്കുവഴി കാട്ടാനകൾ കൈയേറിയിരുന്നു.

അപ്പോഴും ഇവിടെ ചിന്നത്തമ്പിയിരിക്കുന്നു, ലോകത്തിലെ ഏറ്റവും ഒറ്റപ്പെട്ടതാകാൻ സാധ്യതയുള്ള ഗ്രന്ഥശാല നടത്തുന്നു. തൻറെ ദരിദ്രരായ ഇടപാടുകാരുടെ വായനയോടും സാഹിത്യത്തിനോടും ഉള്ള ആർത്തി തൃപ്തിപെടുത്തിക്കൊണ്ടു അദ്ദേഹം അതിനെ സജീവമാക്കുന്നു. അവർക്കു ചായയും മിക്സ്ച്ചറും തീപെട്ടികളും നൽകിക്കൊണ്ടും. ആ കൂടിക്കാഴ്ച മനസ്സിൽതട്ടിയതുകൊണ്ടും ഹൃദയഹാരിയായതുകൊണ്ടും, അന്യഥാ ബഹളമയമായ ഞങ്ങളുടെ സംഘം അവിടെ നിന്നു കുറച്ചു നിശബ്ദമായാണ് പുറപ്പെട്ടത്. ഇനിയുമുള്ള ദീർഘമായ പദയാത്രയിലെ അപായം നിറഞ്ഞ വഴിയിൽ കണ്ണുകൾ പതിപ്പിച്. ഞങ്ങളുടെ മനസ്സുകൾ അപ്പോഴും ആശ്ചരിപ്പിക്കുന്ന ഗ്രന്ഥശാലാധികാരി പി. വി. ചിന്നത്തമ്പിയിലായിരുന്നു.

ഈ ലേഖനം പ്രഥമമായി പ്രസിദ്ധീകരിച്ചത്: http://psainath.org/the-wilderness-library/

ਪੀ ਸਾਈਨਾਥ People’s Archive of Rural India ਦੇ ਮੋਢੀ-ਸੰਪਾਦਕ ਹਨ। ਉਹ ਕਈ ਦਹਾਕਿਆਂ ਤੋਂ ਦਿਹਾਤੀ ਭਾਰਤ ਨੂੰ ਪਾਠਕਾਂ ਦੇ ਰੂ-ਬ-ਰੂ ਕਰਵਾ ਰਹੇ ਹਨ। Everybody Loves a Good Drought ਉਨ੍ਹਾਂ ਦੀ ਪ੍ਰਸਿੱਧ ਕਿਤਾਬ ਹੈ। ਅਮਰਤਿਆ ਸੇਨ ਨੇ ਉਨ੍ਹਾਂ ਨੂੰ ਕਾਲ (famine) ਅਤੇ ਭੁੱਖਮਰੀ (hunger) ਬਾਰੇ ਸੰਸਾਰ ਦੇ ਮਹਾਂ ਮਾਹਿਰਾਂ ਵਿਚ ਸ਼ੁਮਾਰ ਕੀਤਾ ਹੈ।

Other stories by P. Sainath