12 വയസുകാരനായ ഇളയ സഹോദരൻ ശങ്കർ ലാൽ സൈക്കിളിൽ അടുത്തുള്ള ഒരു വേപ്പ്മരം വരെ അന്നത്തെ അവസാന സവാരി നടത്തുമ്പോൾ ഫൂൽവതിയ തന്‍റെ സമയത്തിനായി കാത്തിരിക്കുകയായിരുന്നു. “ഞാൻ ഇന്ന് ഒരു ചെറിയ സൈക്കിൾ സവാരി നടത്തുകയും വേഗത്തിൽ മടങ്ങിവരുകയും ചെയ്യും”, ആ 16-കാരി പറഞ്ഞു. “നാളെ മുതൽ അഞ്ച് ദിവസത്തേക്ക് എനിക്ക് എന്തായാലും സൈക്കിൾ ഓടിക്കാൻ കഴിയില്ല. തുണി ഉപയോഗിക്കുമ്പോൾ അത് അപകടകരമായിരിക്കും.” റോഡരികിൽ ഒരു നായ്ക്കുട്ടിയെ തലോടിക്കൊണ്ട് അവൾ നിരീക്ഷിച്ചു.
തന്‍റെ ആർത്തവചക്രം അടുത്തദിവസം മുതൽ ആരംഭിക്കുമെന്ന് ഫൂൽവതിയ (പേര് മാറ്റിയിരിക്കുന്നു) പ്രതീക്ഷിക്കുന്നു. എന്നാൽ ഇത്തവണ, മുൻ മാസങ്ങളിൽ നിന്ന് വ്യത്യസ്തമായി, അവൾക്ക് സ്‌കൂളിൽ നിന്ന് സാനിറ്ററി നാപ്കിനുകൾ സൗജന്യമായി ലഭിക്കില്ല. “ഞങ്ങളുടെ ആർത്തവം ആരംഭിക്കുമ്പോൾ ഞങ്ങൾക്ക് സാധാരണയായി പാഡുകൾ ലഭിക്കും. എന്നാൽ ഇപ്പോൾ കൈവശമുള്ള ഏതെങ്കിലും തുണിയാണ് ഞാൻ ഉപയോഗിക്കുന്നത്.”
കോവിഡ്-19 ലോക്ക്ഡൗൺ കാരണം രാജ്യത്തെ മറ്റെല്ലാവരുടേതും പോലെ പോലെ ഉത്തർപ്രദേശിലെ ചിത്രകൂട്ട് ജില്ലയിലുള്ള അവളുടെ സ്‌കൂളും അടച്ചിരിക്കുന്നു.
കർവി തഹസിലിലെ തരോഹ ഗ്രാമത്തിലെ സോന്‍പൂര്‍ എന്ന സ്ഥലത്താണ് ഫൂൽവതിയ മാതാപിതാക്കളോടും രണ്ട് സഹോദരങ്ങളോടുമൊപ്പം താമസിക്കുന്നത്. വിവാഹിതരും മറ്റിടങ്ങളിൽ താമസിക്കുന്നവരുമായ രണ്ട് സഹോദരിമാരും അവള്‍ക്കുണ്ട്. മാർച്ച് 24-ന് ലോക്ക്ഡൗൺ പ്രഖ്യാപിച്ചപ്പോൾ അവൾ 10-ാം ക്ലാസ് പരീക്ഷകൾ എഴുതി, 10 ദിവസത്തെ ഇടവേളയ്ക്ക് ശേഷം വീണ്ടും സ്‌കൂളിൽ ചേരാൻ തയ്യാറാവുകയായിരുന്നു. കർവി ബ്ലോക്കിലെ രാജകീയ ബാലിക ഇന്‍റെര്‍ കോളേജിലെ വിദ്യാർത്ഥിനിയാണവള്‍.
“മറ്റൊന്നിനും ഉപയോഗിക്കാത്ത ഒരു തുണി ഞാൻ എടുക്കുകയും അത് ഉപയോഗിക്കുകയും ചെയ്യും. രണ്ടാമത് ഉപയോഗിക്കുന്നതിന് മുമ്പ് ഞാൻ ഇവ കഴുകി വൃത്തിയാക്കും”, ഫൂൽവതിയ പറഞ്ഞു. ചെരുപ്പുകൾ ഇല്ലാതെ നടക്കുന്നതിനാൽ അവളുടെ കാലുകളുടെ വിരലുകൾ അലങ്കരിക്കുന്ന നെയിൽ പോളിഷിൽ പൊടി നിറഞ്ഞിരുന്നു.








