നവംബർ മാസത്തോടടുപ്പിച്ച് മൂന്ന് ദിവസം, മജുലി ദ്വീപിലെ ഗരാമൂർ അങ്ങാടി വൈദ്യുതാലങ്കാരങ്ങളുടെയും മൺചിരാതുകളുടെയും ദീപപ്രഭയിൽ വെട്ടിത്തിളങ്ങും. ശൈത്യകാലത്തിന്റെ ആദ്യനാളുകളില്‍ അന്തി ചായവേ, ഖോൽ വാദ്യത്തിന്റെ മേളവും കൈമണികളുടെ താളവും അനേകം ഉച്ചഭാഷിണികളിലൂടെ പരിസരമാകെ ഉയർന്ന് വ്യാപിക്കും.
രാസ് മഹോത്സവം തുടങ്ങിക്കഴിഞ്ഞു.
അസമീസ് മാസങ്ങളായ കതി-അഘുനിലെ പൂർണ്ണിമ അഥവാ പൂർണ്ണ ചന്ദ്രദിനത്തിലാണ് ഈ ഉത്സവം കൊണ്ടാടുന്നത്. ഒക്ടോബർ-നവംബർ മാസങ്ങളിലായി നടക്കുന്ന ഈ ആഘോഷത്തിൽ പങ്കെടുക്കാൻ എല്ലാ വർഷവും തീർത്ഥാടകരും വിനോദസഞ്ചാരികളും ഈ ദ്വീപിലെത്തുന്നു. പ്രധാന ഉത്സവ ദിനത്തിനുശേഷം രണ്ടുദിവസം കൂടി ആഘോഷപരിപാടികൾ തുടരും.
"ഈ ആഘോഷം നടത്തിയില്ലെങ്കിൽ ഞങ്ങൾക്ക് എന്തോ നഷ്ടപ്പെട്ടുപോയതുപോലെ തോന്നും. ഇത് (രാസ് മഹോത്സവം) ഞങ്ങളുടെ സംസ്കാരമാണ്," ബോരുൺ ചിതാദർ ചുക് ഗ്രാമത്തിൽ ഉത്സവപരിപാടികൾ സംഘടിപ്പിക്കുന്ന കമ്മിറ്റിയുടെ സെക്രട്ടറിയായ രാജാ പായെങ് പറയുന്നു. "ആളുകൾ വർഷം മുഴുവൻ ആകാംക്ഷയോടെ കാത്തിരിക്കുന്ന ഒരു അവസരമാണിത്," അദ്ദേഹം കൂട്ടിച്ചേർക്കുന്നു.
നൂറുക്കണക്കിന് പ്രദേശവാസികൾ അവരുടെ ഏറ്റവും നല്ല വസ്ത്രങ്ങളണിഞ്ഞ് അസമിലെ അനേകം വൈഷ്‌ണവ ആശ്രമങ്ങളിലൊന്നായ ഗരാമൂർ സാരു സത്രയ്ക്ക് സമീപം ഒത്തുചേർന്നിരിക്കുകയാണ്.





































