മുഖ്യ കവാടത്തിനു മുമ്പിലെ വലിയ ആള്‍ക്കൂട്ടം നിശ്ശബ്ദമായി. ഇവിടെയും നൂറുകണക്കിന് കിലോമീറ്ററുകള്‍ അകലെ ഓരോ വ്യക്തിയുടെയും സംസ്ഥാനത്തും ദശലക്ഷക്കണക്കിന് ഹൃദയങ്ങള്‍ ഒരുമിച്ചുചേര്‍ന്ന് സ്പന്ദിക്കുന്നതിന്‍റേതായിരുന്നു അപ്പോൾ അവശേഷിച്ചിരുന്ന കേള്‍ക്കാന്‍ പറ്റാത്ത ഒരേയൊരു ശബ്ദം. നേതാക്കന്മാര്‍ ആദരവോടെ ശിരസ്സ് നമിച്ചുനിന്നു. അവര്‍ വലിയ ആവേശത്തിലായിരുന്നു. വൈകാരികത മുറ്റിനിന്ന അന്തരീക്ഷത്തില്‍ എട്ട് യുവാക്കള്‍ സിംഘു അതിര്‍ത്തിയിലെ സംയുക്ത കിസാന്‍ മോര്‍ച്ചയുടെ വേദിയിലേക്ക് തലയില്‍ മണ്‍കുടങ്ങളുമേന്തി കടന്നുവരുന്നത് വര്‍ദ്ധിതമായ ഉദ്വേഗത്തോടെ എല്ലാവരും വീക്ഷിച്ചു.
2021 മാര്‍ച്ച് 23-ന് ഭഗത് സിംഗ്, രാജ്‌ഗുരു, സുഖ്ദേവ് എന്നിവരുടെ 90-ാം രക്തസാക്ഷിത്വം ആചരിക്കുന്നതിന് ഡല്‍ഹിയുടെ അതിര്‍ത്തികളില്‍ സമരം ചെയ്യുന്ന കര്‍ഷകരോടൊപ്പമായിരിക്കാന്‍ അനേകം മൈലുകള്‍ താണ്ടിയാണ് ഓര്‍മ്മകളും വിശുദ്ധ മണ്ണും നിറഞ്ഞ ഓരോ കുടങ്ങളും അവിടെത്തിയത്.
"പഞ്ചാബിൽ നിന്നുള്ള ഈ യുവാക്കൾ എട്ട് ചരിത്രപ്രധാനമായ സ്ഥലങ്ങളിൽ നിന്നാണ് മണ്ണ് കൊണ്ടുവന്നത്. ഞങ്ങൾക്ക്, ഞങ്ങളുടെ ഹൃദയങ്ങളിൽ, വളരെ പ്രത്യേകതയുളള സ്ഥലങ്ങൾ - ഞങ്ങളവയെ സ്വഗതം ചെയ്യുന്നു”, ഒരു കർഷക നേതാവായ ജതീന്ദർ സിംഗ് വേദിയിൽ നിന്നും പ്രഖ്യാപിച്ചു.
കർഷകരുടെ ജീവിതത്തിൽ എല്ലായ്പ്പോഴും ഭൗതികവും സാംസ്കാരികവുമായ പ്രാധാന്യമുള്ള മണ്ണ് ഈ രക്തസാക്ഷി ദിനത്തിൽ രാഷ്ട്രീയവും ചരിത്രപരവും ആലങ്കാരികവുമായ പുതിയൊരു അർത്ഥം കൈവരിച്ചിരിക്കുന്നു. സമരം ചെയ്യുന്ന കർഷകർക്ക് ആവേശവും പ്രചോദനവും നൽകുന്നതിനുള്ള ഒരു മാർഗ്ഗമായിരുന്നു വിവിധ രക്തസാക്ഷികളുടെ ഗ്രാമത്തിൽ നിന്നും അവരുടെ ഹൃദയങ്ങൾക്ക് വിശുദ്ധമായ മണ്ണ് കൊണ്ടുവരികയെന്നത്. കർഷക യൂണിയനുകളുടെയും പ്രവർത്തകരുടെയും ജില്ലാതല യോഗങ്ങളിൽ വച്ച് സാധാരണക്കാരിൽ നിന്നാണ് ഇങ്ങനൊരു ആശയം ഉയർന്നു വന്നത്.










