ഏപ്രിലില്‍ നടന്ന ഉത്തര്‍ പ്രദേശ് പഞ്ചായത്ത് തിരഞ്ഞെടുപ്പിന്‍റെ ചുമതലയില്‍ നിര്‍ബ്ബന്ധിതമായി നിയോഗിക്കപ്പെട്ടതിനെ തുടര്‍ന്ന് കോവിഡ്-19 മൂലം മരിച്ച അദ്ധ്യാപകരുടെ എണ്ണം 1,621 ആയി ഉയര്‍ന്നിരിക്കുന്നു - 1,181 പുരുഷന്മാരും 440 സ്ത്രീകളും ഉള്‍പ്പെടെ. ഉത്തര്‍ പ്രദേശ് ശിക്ഷക് മഹാസംഘും (അദ്ധ്യാപക ഫെഡറേഷന്‍) അതിനോടു ബന്ധപ്പെട്ടു പ്രവര്‍ത്തിക്കുന്ന യൂണിയനുകളും നല്‍കിയ പുതിയ വിവരമാണിത്. ഇംഗ്ലീഷിലും ഹിന്ദിയിലുമായി പാരിയില്‍ അതിന്‍റെ മുഴുവന്‍ പട്ടികയും ലഭ്യമാണ്.
മെയ് 10-ന് ഞങ്ങള്‍ ഒരു വിവരണം പ്രസിദ്ധീകരിച്ചിരുന്നു – താഴെ അത് ലഭ്യമാണ്. എങ്ങനെയാണ് ഈ മനുഷ്യ നിര്‍മ്മിത ദുരന്തം സംഭവിച്ചതെന്ന സമഗ്രമായ വിവരണം അതു നല്‍കുന്നുണ്ട്. വോട്ടെടുപ്പ് നീട്ടിവയ്ക്കാനുള്ള അദ്ധ്യാപക യൂണിയനുകളുടെ ആവര്‍ത്തിച്ചുള്ള അപേക്ഷ സംസ്ഥാന ഇലക്ഷന്‍ കമ്മീഷനും (എസ്.എ.സി.) യു.പി. സര്‍ക്കാരും നിസ്സാരമായി അവഗണിച്ചു. ആ സമയത്ത് തിരഞ്ഞെടുപ്പു ചുമതലകള്‍ നിര്‍വ്വഹിച്ചതിനെത്തുടര്‍ന്നു കോവിഡ്-19 മൂലം മരിച്ച അദ്ധ്യാപകരുടെ എണ്ണം 713 ആയിരുന്നു - 540 പുരുഷന്മാരും 173 സ്ത്രീകളും.
ഈ സംസ്ഥാനത്ത് 8 ലക്ഷത്തിനടുത്ത് അദ്ധ്യാപകർ സർക്കാർ വക പ്രാഥമിക വിദ്യാലയങ്ങളിൽ ജോലി ചെയ്യുന്നു - അവരിൽ നിന്നും പതിനായിരക്കണക്കിന് അദ്ധ്യാപകരെയാണ് തിരഞ്ഞെടുപ്പ് ചുമതല നിര്‍വ്വഹിക്കാന്‍ അയച്ചത്. തിരഞ്ഞെടുപ്പ് വളരെ ബൃഹത്തായ ഒന്നാണ്. 1.3 ദശലക്ഷം സ്ഥാനാര്‍ത്ഥികള്‍ 8 ലക്ഷം സീറ്റുകളില്‍ മത്സരിക്കുമ്പോള്‍ യോഗ്യരായ സമ്മതിദായകരുടെ എണ്ണം 130 ദശലക്ഷമാണ്. വസ്തുതയെന്തെന്നാല്‍ പരിമിതമായ പെരുമാറ്റ ചട്ടങ്ങള്‍ മാത്രം ഉണ്ടായിരുന്നപ്പോഴും തിരഞ്ഞെടുപ്പുദ്യോഗസ്ഥര്‍ക്ക് (അദ്ധ്യാപകരും മറ്റുള്ളവരും) ആയിരക്കണക്കിന് ആളുകളുമായി ഇടപഴകേണ്ടതുണ്ടായിരുന്നു എന്നുള്ളതാണ്.
യു.പി. പഞ്ചായത്ത് തിരഞ്ഞെടുപ്പുകള്‍ മുന്‍കാലങ്ങളില്‍ നീട്ടിവച്ചിട്ടുണ്ട് – ഉദാഹരണത്തിന് 1994 സെപ്തംബറില്‍ നിന്നും 1995 ഏപ്രിലിലേക്ക്. അങ്ങനെയെങ്കില്‍ അഭൂതപൂര്‍വ്വമായ ഒരു മഹാമാരിയും മാനുഷികത നേരിട്ട ഒരു പ്രതിസന്ധിയും നമ്മെ തുറിച്ചു നോക്കുന്നതിനിടയില്‍ എന്തിനായിരുന്നു ഈ തിടുക്കം? മുന്‍ സംസ്ഥാന തിരഞ്ഞെടുപ്പു കമ്മീഷണര്‍ സതീഷ് കുമാര്‍ അഗര്‍വാള്‍ ചോദിച്ചു.
സ്ക്കൂള്‍ അദ്ധ്യാപകരുടെയും മറ്റു സര്‍ക്കാര്‍ ഉദ്യോഗസ്ഥരുടെയും മരണത്തിന് തിരഞ്ഞെടുപ്പു നടത്തിയതുമായുള്ള ഏതു ബന്ധത്തെയും യു.പി. മുഖ്യമന്ത്രി യോഗി ആദിത്യനാഥ് തള്ളിക്കളയുന്നു. “ഡല്‍ഹിയില്‍ എന്തെങ്കിലും തിരഞ്ഞെടുപ്പ് ഉണ്ടായിരുന്നോ? മഹാരാഷ്ട്രയില്‍ തിരഞ്ഞെടുപ്പ് ഉണ്ടായിരുന്നോ? മാര്‍ച്ച് 21-ന് അദ്ദേഹം നോയിഡയില്‍ വച്ച് റിപ്പോര്‍ട്ടര്‍മാരോടു ചോദിച്ചു. ഇതിനിടയില്‍ അലഹാബാദ് ഹൈക്കോടതിയുടെ മേല്‍ കുറ്റം ചാര്‍ത്താനുള്ള ശ്രമവും നടത്തി. മുഖ്യമന്ത്രി ആദിത്യനാഥ് റിപ്പോര്‍ട്ടര്‍മാരോട് ഇങ്ങനെ പറഞ്ഞിരുന്നു: “ഹൈക്കോടതിയുടെ നിര്‍ദ്ദേശങ്ങള്‍ക്കനുസരിച്ചാണ് പഞ്ചായത്ത് തിരഞ്ഞെടുപ്പ് നടന്നത്.”
ഇത് ഭാഗികമായ സത്യമാണ്. തിരഞ്ഞെടുപ്പ് നീട്ടി വയ്ക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ടുള്ള ഒരു ഹര്‍ജി കോടതി തള്ളിയിരുന്നു. എന്നാല്‍ അതൊരു സ്വകാര്യ ഹര്‍ജി ആയിരുന്നു, സംസ്ഥാനം സമര്‍പ്പിച്ചതായിരുന്നില്ല. (ഭരണഘടനാപരമായ ആവശ്യം നിറവേറ്റുന്നതിനായി 2021 ജനുവരി 21-നു മുമ്പ് പഞ്ചായത്ത് തിരഞ്ഞെടുപ്പ് പൂര്‍ത്തീകരിക്കേണ്ടതുണ്ടായിരുന്നു). പക്ഷെ കോടതി ഉത്തരവിട്ടത് കോവിഡ്-19 പെരുമാറ്റ ചട്ടങ്ങള്‍ കര്‍ശനമായി പാലിച്ചു കൊണ്ടായിരിക്കണം തിരഞ്ഞെടുപ്പു നടത്തേണ്ടത് എന്നാണ്.
അലഹാബാദ് ഹൈക്കോടതി ഏപ്രില്‍ 6-നു പറഞ്ഞത് സംസ്ഥാനം എല്ലാ സുരക്ഷാ പെരുമാറ്റ ചട്ടങ്ങളും പാലിക്കുമെന്നു വിശ്വസിക്കുന്നു എന്നാണ്. യു.പി. സര്‍ക്കാര്‍ യഥാര്‍ത്ഥത്തില്‍ “തിരഞ്ഞെടുപ്പ് പ്രചരണ സമയത്ത് പാലിക്കേണ്ട പെരുമാറ്റ ചട്ടങ്ങള്‍ നേരത്തെ തന്നെ പ്രഖ്യാപിച്ചിരുന്നു.” കോടതി ഇങ്ങനെകൂടി പറഞ്ഞു: “ആളുകള്‍ കൂട്ടം ചേരാത്ത തരത്തില്‍ പഞ്ചായത്തിരാജ് തിരഞ്ഞെടുപ്പു നടത്തണം. നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിക്കുമ്പോഴാകട്ടെ വോട്ടഭ്യര്‍ത്ഥനയുടെ സമയത്താകട്ടെ യഥാര്‍ത്ഥ വോട്ടെടുപ്പിന്‍റെ സമയത്താകട്ടെ, എപ്പോഴായാലും കോവിഡ്-19 പെരുമാറ്റ ചട്ടങ്ങള്‍ പാലിക്കണം.” മറ്റു വാക്കുകളില്‍ പറഞ്ഞാല്‍ “ഹൈക്കോടതിയുടെ നിര്‍ദ്ദേശങ്ങളനുസരിച്ച്” അല്ല തിരഞ്ഞെടുപ്പ് നടന്നത്. പ്രസ്തുത കോടതി ഉത്തരവുകളുടെ ലംഘനം അദ്ധ്യാപകരെ സംബന്ധിച്ചിടത്തോളം വിനാശകരമായിരുന്നുവെന്ന് അവരുടെ യൂണിയനുകള്‍ പറഞ്ഞു.
അദ്ധ്യാപക യൂണിയനുകള്‍ യു.പി. മുഖ്യമന്ത്രി യോഗി ആദിത്യനാഥിനു സമര്‍പ്പിച്ച ഏറ്റവും അവസാനത്തെ കത്ത് പറയുന്നത് ഇങ്ങനെയാണ്: “ബഹുമാനപ്പെട്ട സുപ്രീം കോടതി വാദം കേട്ട ഒരു സമയത്തു പോലും ഫെഡറേഷന്‍ അതിന്‍റെ നിലപാട് അഭിഭാഷകരിലൂടെ വിശദീകരിച്ചതാണ്. എന്നിരിക്കിലും, കോവിഡ് ബാധയില്‍ നിന്നും ആളുകളെ സംരക്ഷിക്കുന്നതിനായി വോട്ടെണ്ണല്‍ സമയത്ത് സുപ്രീം കോടതി നിര്‍ദ്ദേശങ്ങള്‍ കര്‍ശനമായി പാലിച്ചു കൊള്ളാമെന്ന് സര്‍ക്കാര്‍ വക്കീല്‍ ബഹുമാനപ്പെട്ട സുപ്രീം കോടതിക്ക് ഉറപ്പു കൊടുത്തിരുന്നു.”
ഹൃദയ ഭേദകമായ ഒരു വാചകത്തില്‍ കത്ത് ഇങ്ങനെ നിരീക്ഷിക്കുന്നു: “ഇത്രയധികം അദ്ധ്യാപകര്‍ മരിച്ചിട്ടും അടിസ്ഥാന വിദ്യാഭ്യാസ വകുപ്പോ ഉത്തര്‍ പ്രദേശ് സര്‍ക്കാരോ ഇതുവരെ ഒരു ദുഃഖവും പ്രകടിപ്പിച്ചിട്ടില്ല എന്നത് നിര്‍ഭാഗ്യകരമാണ്.”
“കൃത്യമായി അനുസരിക്കേണ്ടതായ” മുഖാവരണം ധരിക്കല്‍, സാമൂഹ്യാകലം പാലിക്കല്‍ എന്നിവയുള്‍പ്പെടെയുള്ള പ്രസ്തുത പെരുമാറ്റ ചട്ടങ്ങള്‍ ”അനുസരിക്കാതിരുന്നതിന്”ഏപ്രില്‍ 26-ന് കോടതി സംസ്ഥാന തിരഞ്ഞെടുപ്പു കമ്മീഷന് നോട്ടീസ് അയച്ചു. സംസ്ഥാന സര്‍ക്കാരോ തിരഞ്ഞെടുപ്പു കമ്മീഷനോ കോടതിയുത്തരവില്‍ അതൃപ്തരായിരുന്നെങ്കില്‍ അവര്‍ക്ക് സുപ്രീം കോടതിയില്‍ പോകാന്‍ കഴിയുമായിരുന്നു. പക്ഷെ അവര്‍ ചെയ്തില്ല. നേരത്തെ തന്നെ, മാര്‍ച്ച് അവസാന ആഴ്ച, വലിയ രീതിയില്‍ ഹോളി ആഘോഷിച്ചപ്പോഴും സംസ്ഥാനം കോവിഡ്-19 പെരുമാറ്റച്ചട്ടം ഒരുതരത്തിലും നടപ്പാക്കാന്‍ ശ്രമിച്ചില്ല.
അലഹാബാദ് ഹൈക്കോടതി മെയ് 12-ന് പറഞ്ഞത് പഞ്ചായത്ത് തിരഞ്ഞെടുപ്പില്‍ ചുമതല നിര്‍വ്വഹിക്കുന്നതിനായി നിയോഗിക്കപ്പെട്ട ശേഷം കോവിഡ്-19 മൂലം മരണമടഞ്ഞ പോളിംഗ് ഉദ്യോഗസ്ഥരുടെ (അദ്ധ്യാപകരുടെയും മറ്റു സര്‍ക്കാര്‍ ജീവനക്കാരുടെയും) കുടുംബങ്ങള്‍ക്ക് സംസ്ഥാനം നഷ്ടപരിഹാരം എന്ന നിലയിലുള്ള സഹായധനമായി കുറഞ്ഞത് ഒരുകോടി രൂപയെങ്കിലും നലികിയിരിക്കണം എന്നാണ്. ജസ്റ്റിസുമാരായ സിദ്ധാര്‍ത്ഥ വര്‍മ്മയും അജിത് കുമാറും ഉള്‍പ്പെടുന്ന ഡിവിഷന്‍ ബെഞ്ച് ഇങ്ങനെ പറഞ്ഞു: “തിരഞ്ഞെടുപ്പു സമയത്ത് ആരെങ്കിലും അവരുടെ സേവനങ്ങള്‍ സ്വയംസന്നദ്ധമായി നല്‍കിയ കേസല്ല ഇത്. മറിച്ച്, തിരഞ്ഞെടുപ്പു സമയത്ത് ചുമതല നിറവേറ്റാനായി നിയോഗിക്കപ്പെട്ടവര്‍ അവരുടെ താല്‍പ്പര്യമില്ലായ്മ പ്രകടിപ്പിച്ചിട്ടുപോലും അവരെ ചുമതല നിറവേറ്റുന്നതിനു ബാദ്ധ്യസ്ഥരാക്കിയതുമായി ബന്ധപ്പെട്ടുള്ള കേസാണ്.”
ശ്രദ്ധിക്കേണ്ട കാര്യം: രാജ്യത്തെ ഒരു കോടതിയും ഉത്തരാഖണ്ടിലേയോ ഉത്തര്‍ പ്രദേശിലേയോ സര്‍ക്കാരിനോട് കുംഭമേള ഒരുവര്‍ഷം മുന്നോട്ടാക്കാന്‍ കല്‍പ്പിച്ചിട്ടില്ല. ഹരിദ്വാറിലെ കുംഭമേള എല്ലാ പന്ത്രണ്ടു വര്‍ഷത്തിലൊരിക്കലും നടക്കുന്നതാണ്. അടുത്തത് നടക്കേണ്ടത് 2022-ലായിരുന്നു. എന്നിരിക്കിലും കുംഭമേളയായിരുന്നു മറ്റൊരു പ്രധാന ജനകീയ സംഭവം. പഞ്ചായത്തു തിരഞ്ഞെടുപ്പിന്‍റെ സമയത്തുതന്നെ നിരവധി ദിവസങ്ങള്‍ ഇതും ആഘോഷിക്കപ്പെട്ടു. 2022-ല്‍ നിന്നും 2021-ലേക്ക് കുംഭമേള ആക്കുന്നതിനു പിന്നില്‍ ജ്യോതിഷ സംബന്ധിയും മതപരവുമായ തീക്ഷണ യുക്തികള്‍ ഉണ്ടായിരുന്നു. പക്ഷെ അടുത്ത വര്‍ഷം ഫെബ്രുവരി-മാര്‍ച്ച് മാസങ്ങളില്‍ നടക്കേണ്ട ഉത്തര്‍ പ്രദേശ് അസ്സംബ്ലി തിരഞ്ഞെടുപ്പിനു മുന്‍പ് ‘വിജയകരമായി’ കുംഭമേളയും പഞ്ചായത്തു തിരഞ്ഞെടുപ്പും നടത്തേണ്ടതിന്‍റെ രാഷ്ട്രീയ ആവശ്യത്തെപ്പറ്റി വളരെ കുറച്ചു ചര്‍ച്ചകളെ ഉണ്ടായുള്ളൂ. ഇത്രത്തോളം വിനാശകരമായിരുന്നില്ലെങ്കില്‍ ഈ രണ്ടു സംഭവങ്ങളേയും അന്ന് മഹത്തായ നേട്ടങ്ങള്‍ ആയി എടുത്തു കാണിക്കുമായിരുന്നു.
ഇതാണ് ദുരന്തത്തെക്കുറിച്ചുള്ള പാരിയുടെ മുഖ്യ വിവരണം (മെയ് 10-നു പ്രസിദ്ധീകരിച്ചത്):













